ജോൺസ് ജേക്കബ് ബെർസിലിയസ്
സ്വീഡിഷ് രസതന്ത്രജ്ഞനായിരിന്നു ജോൺസ് ജേക്കബ് ബെർസിലിയസ് (1779-1848). റോബർട്ട് ബോയിൽ, ജോൺ ഡാൽട്ടൺ , ആന്റ്വാൻ ലാവോസിയെ എന്നിവരുടെ കൂടെ ആധുനിക രസതന്ത്രത്തിന് അടിത്തറയിട്ടവരുടെ കൂട്ടത്തിലാണ് ബെർസിലിയസ് ഗണിക്കപ്പെടുന്നത്.
ജോൺസ് ജേക്കബ് ബെർസിലിയസ് Jons J. Berzelius | |
---|---|
ജനനം | Väversunda, Östergötland, സ്വീഡൻ | 20 ഓഗസ്റ്റ് 1779
മരണം | 7 ഓഗസ്റ്റ് 1848 സ്റ്റോക്ക്ഹോം, സ്വീഡൻ | (പ്രായം 68)
ദേശീയത | സ്വീഡൻ |
കലാലയം | Uppsala University |
അറിയപ്പെടുന്നത് | പിണ്ഡസംഖ്യ രാസസൂത്രം ഉൽപ്രേരകം സിലിക്കൺ സെലീനിയം തോറിയം സീറിയം |
പുരസ്കാരങ്ങൾ | Copley medal (1836) |
ശാസ്ത്രീയ ജീവിതം | |
പ്രവർത്തനതലം | രസതന്ത്രം |
സ്ഥാപനങ്ങൾ | Karolinska Institute |
ശാസ്ത്ര നേട്ടങ്ങർ
തിരുത്തുകവൈദ്യശാസ്ത്രത്തിൽ ബിരുദമെടുത്തശേഷം ബെർസിലിയസ് ഒരു ഭിഷഗ്വരനായി ജോലി ആരംഭിച്ചു. എന്നാൽ രസതന്ത്രത്തിൽ അദ്ദേഹം നടത്തിയ ഗവേഷണങ്ങൾ ആ ശാസ്ത്ര ശാഖയുടെ വളർച്ചയ്ക്ക് നിർണായക പങ്ക് വഹിച്ചു. മൂലകങ്ങളുടെ അണുഭാരം പിണ്ഡസംഖ്യ ആദ്യമായി ഏകദേശം കൃത്യമായി കണക്കാക്കിയതും മൂലകങ്ങൾക്ക് അവയുടെ ലാറ്റിൻ ഭാഷയിലെ പേരിലെ ആദ്യാക്ഷരങ്ങൾ പ്രതീകമായി നല്കാൻ നിർദ്ദേശിച്ചതും ഡാൾട്ടന്റെ അണു സിദ്ധാന്തം സാധുവാണെന്ന് രസതന്ത്രലോകത്തെ ബോധ്യപ്പെടുത്താൻ സാധിച്ചതും ബെർസിലിയസിന്റെ ശ്രദ്ധേയമായ നേട്ടങ്ങളാണ്. സ്റ്റോയ്ക്യോമെട്രിയുടെ സിദ്ധാന്തങ്ങൾക്ക് കൂടുതൽ വ്യക്തത വരുത്തി. സിലിക്കൺ, സെലീനിയം, തോറിയം, സീറിയം എന്നീ മൂലകങ്ങൾ കണ്ടെത്തി. ഇന്ന് രസതന്ത്രജ്ഞർ ഉപയോഗിക്കുന്ന പല പദങ്ങളും ബെർസിലിയസിന്റെ സംഭാവനയാണ്. ഉൽപ്രേരകം, ഐസോമെറിസം, റാഡിക്കൽ , രൂപാന്തരങ്ങൾ എന്നീ ആശയങ്ങൾ ആവിഷ്കരിച്ചു. പ്രോട്ടീൻ, പോളിമർ എന്നീ പദങ്ങൾ ആദ്യമായി ഉപയോഗിച്ചത് ബെർസിലിയസ് ആണ്.[1]
രസതന്ത്രത്തിൽ ഗവേഷണം നടത്താൻ ബെർസീലിയസിനെ ആദ്യമായി പ്രേരിപ്പിച്ചത് ആൻഡെർസ് എക്ബെർഗ് ആണ്. 1802ൽ സ്വീഡനിൽവച്ച് ആൻഡെർസ് എക്ബെർഗ് ആണ് ആദ്യമായി ടാന്റലം കണ്ടെത്തിയത്. 1802ൽ ജോൺസ് ജേക്കബ് ബെർസിലിയസ് ആദ്യമായി ഈ ലോഹം വേർതിരിച്ചെടുത്തു. 1803-ൽ വിൽഹം ഹീഡിംഗർ എന്ന ശാസ്ത്രജ്ഞനുമായി സഹകരിച്ച് എല്ലാ ലവണങ്ങളും (salts) വൈദ്യതി ഉപയോഗിച്ച് വിഘടിപ്പിക്കാമെന്ന് ബെർസിലിയസ് കണ്ടുപിടിച്ചു. എല്ലാ സംയുക്തങ്ങളിലും പോസീറ്റീവ് ചാർജ്ജുള്ളതും നെഗറ്റീവ് ചാർജ്ജുള്ളതുമായ രണ്ടുഘടകങ്ങളുണ്ടെന്ന് ബെർസിലിയസ് കണ്ടെത്തി. സിലിക്കൺ, സിർകോണിയം, ടൈറ്റാനിയം എന്നീ മൂലകങ്ങളെ ആദ്യമായി വേർതിരിച്ചെടുത്തത് ബെർസിലിയസ് ആയിരുന്നു.
'ഒരേ സംയുക്തത്തിൽ എല്ലായ്പ്പോഴും ഒരേ മൂലങ്ങളുടെ ആറ്റങ്ങൾ ഒരേ അനുപാതത്തിൽ സംയോജിച്ചിരിക്കുന്നു' എന്ന സ്ഥിരാനുപാത നിയമം (Law of constant proportion) ശരിയാണെന്ന് തെളിയിച്ചത് ബെർസിലിയസ് ആണ്. അങ്ങനെ അദ്ദേഹം ഡാൾട്ടന്റെ അണുസിദ്ധാന്തത്തിന് ശാസ്ത്രലോകത്ത് അംഗീകാരം നേടിക്കൊടുത്തു. സ്ഥിരാനുപാത നിയമം തെളിയിക്കാൻ വേണ്ടി 1807-നും 1817-നുമിടയിൽ 2000 സംയുക്തങ്ങളെയാണ് അദ്ദേഹം പഠനവിധേയമാക്കിയത്. അന്ന് അറിവുണ്ടായിരുന്ന മിക്കവാറും മൂലകങ്ങളുടെ അണുഭാരം ചെറിയ ചില പിഴവുകളൊഴിച്ചാൽ കൃത്യമായിത്തന്നെ ബെർസിലിയസ് കണ്ടുപിടിച്ചു. 1818- ൽ മൂലകങ്ങളുടെ അണുഭാരമടങ്ങുന്ന ഒരു പട്ടിക അദ്ദേഹം പ്രസിദ്ധീകരിച്ചു. അന്നറിവുണ്ടായിരുന്ന 49 മൂലകങ്ങളിൽ 45 എണ്ണത്തിന്റെയും അണുഭാരങ്ങൾ ഇതിലുണ്ടായിരുന്നു.1828-ൽ ഈ പട്ടിക പരിഷ്ക്കരിച്ചു.
മൂലകങ്ങങ്ങൾക്കും സംയുക്തങ്ങൾക്കും ഇന്നുപയോഗിക്കുന്ന പ്രതീകങ്ങൾ (symbols) നൽകാനുള്ള നിയമമുണ്ടാക്കിയത് ബെർസിലിയസ് ആണ്. അന്ന് അറിയപ്പെടുന്നവയ്ക്ക് പ്രതീകങ്ങൾ നല്കിയതും ബെർസീലിയസ് തന്നെ. മൂലകത്തിന്റെ ലാറ്റിൻപേരിലെ ആദ്യാക്ഷരം അല്ലെങ്കിൽ ആദ്യാക്ഷരവും രണ്ടാമത്തെ അക്ഷരവുമുപയോഗിച്ച് പ്രതീകമുണ്ടാക്കാമെന്ന് 1813-ൽ ബെർസീലിയസ് നിർദ്ദേശിച്ചു. അതനുസരിച്ച് സോഡിയം എന്ന മൂലകത്തിന്റെ ലാറ്റിൻനാമം നാറ്റിയം. ഇതിന്റെ ആദ്യാക്ഷരങ്ങളായ 'Na' ആണ് സോഡിയത്തിന്റെ പ്രതീകം .ഹൈഡ്രജന് 'H',ഓക്സിജന് 'o', കാർബണിന് 'C',നൈട്രജന് 'N',ഫോസ്ഫറസിന് 'P', കാൽസ്യത്തിന് 'Ca' തുടങ്ങിയ പ്രതീകങ്ങൾ നല്കിയത് ബെർസിലിയസ് ആണ്.
വൈദ്യശാസ്ത്രത്തിൽ ബിരുദം നേടി രസതന്ത്രജ്ഞനായി മാറിയ ബെർസിലിയസിന് ജൈവസംയുക്തങ്ങളും (organic compounds) അന്യമായിരുന്നില്ല. ജൈവാമ്ലങ്ങളുടെ(organic acids) പഠനം വഴി ഓർഗാനിക് കെമിസ്ട്രി ക്കും ബെർസീലിയസിന്റെ സേവനം ലഭിച്ചിട്ടുണ്ട്. ഐസോമെറിസം,രാസത്വരണം എന്നിവയെക്കുറിച്ചദ്ദേഹം പഠനം നടത്തി. 'ഗ്രാവിമെട്രിക് അനാലിസിസ്' എന്ന ശാഖയിൽ ബെർസീലിയസിനെ വെല്ലാൻ അക്കാലത്ത് ആരുമുണ്ടായിരുന്നില്ല.
ജീവചരിത്രം
തിരുത്തുകസ്വീഡനിലെ ഓസ്റ്റർഗോട്ട് ലാന്റ് പ്രവിശ്യയിലെ വാവർസൺഡ ഇടവകയിലാണ് ബെർസിലിയസ് ജനിച്ചത്. അദ്ദേഹത്തിന്റെ പിതാവ് തൊട്ടടുത്തുള്ള ലിങ്കോപിങ് പട്ടണത്തിലുള്ള സ്ക്കൂളിലെ അദ്ധ്യാപകനായിരുന്നു. ബെർസീലിയസിന് വളരെ ചെറുപ്പത്തിൽ തന്നെ മാതാപിതാക്കളെ നഷ്ടപ്പെട്ടിരുന്നു.1779-ൽ പിതാവും 1787-ൽ മാതാവും ഇഹലോകവാസം വെടിഞ്ഞു. ലിങ്കോപിങിലുള്ള ബന്ധുക്കൾ ബെർസീലിയസിനെ പ്രാഥമിക വിദ്യാഭ്യാസത്തിന് കറ്റേദ്രൽസ്ക്കോളൻ സ്ക്കൂിളിൽ ചേർത്തു. ഉപ്സാല സർവ്വകലാശാലയിൽനിന്ന് വൈദ്യശാസ്ത്രത്തിൽ ബിരുദമെടുത്തുകൊണ്ടായിരുന്നു അദ്ദേഹത്തിന്റെ ശാസ്ത്രജീവിതത്തിന്റെ ആരംഭം.1807-ൽ സ്റ്റോക്ക് ഹോം മെഡിക്കൽ കോളേജിൽ (കരോലിൻസ്ക ഇൻസ്റ്റിറ്റ്യൂട്ട്) വൈദ്യശാസ്ത്രത്തിന്റെ പ്രൊഫസറായി നിയമിക്കപ്പെട്ടു. 1808-ൽ റോയൽ സ്വീഡിഷ് അക്കാഡമി ഓഫ് സയൻസ് ലെ ഒരു അംഗമായി തെരഞ്ഞെടുക്കപ്പെട്ടു. സയൻസിലുള്ള താല്പര്യം കണക്കിലെടുത്ത് അദ്ദേഹത്തെ 1818-ൽ അക്കാഡമിയുടെ സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ടു. 1848-വരെ സെക്രട്ടറിയായി അക്കാഡമിയിൽ തുടർന്നു. 1835-ൽ സ്വീഡനിലെ രാജാവ് 'പ്രഭു' സ്ഥാനം നൽകി അദ്ദേഹത്തെ ആദരിച്ചു. 1835-ൽ ബെർസീലിയസ് 56-ാംവയസ്സിൽ സ്വീഡിഷ് കാബിനറ്റ് മിനിസ്റ്ററുടെ മകൾ എലിസബത്ത് പോപ്പിയസ് എന്ന 24 കാരിയെ വിവാഹം ചെയ്തു.1848 ആഗസ്റ്റ് 7-ന് അദ്ദേഹം അന്തരിച്ചു.
അവലംബം
തിരുത്തുക- ↑ ശാസ്ത്രചരിത്രം ജീവചരിത്രങ്ങളിലൂടെ, പേജ്: 168, കേരള ശാസ്ത്രസാഹിത്യ പരിഷത്ത്. ISBN: 978-93-83330-15-7
പുറത്തേയ്ക്കുള്ള കണ്ണി
തിരുത്തുക- List of works by Berzelius (301 items as of access date 2011-12-29)
- Online works at Project Runeberg (in Latin)
- Jöns Jakob Berzelius എന്ന വ്യക്തിയുടെ രചനകൾ പ്രോജക്ട് ഗുട്ടൻബർഗിൽനിന്ന്
- Works by or about ജോൺസ് ജേക്കബ് ബെർസിലിയസ് at Internet Archive
- Online correspondence between Berzelius and Sir Humphry Davy on Wikisource (in English) (in French)
- Online works on Gallica (in French) (in Swedish) (27 items as of access date 2011-12-29)
- Nordisk familjebok (1905), band 3, s. 90–96 (in Swedish)
- Poliakoff, Martyn. Jöns Jacob Berzelius. University of Nottingham: The Periodic Table of Videos.
- Digital edition of "Lehrbuch der Chemie" 1823/1824 by the University and State Library Düsseldorf
- Digital edition of "Das saidschitzer Bitterwasser : chemisch untersucht" 1840 by the University and State Library Düsseldorf
- Digital edition of "Aus Jac. Berzelius' und Gustav Magnus' Briefwechsel in den Jahren 1828 - 1847" 1900 by the University and State Library Düsseldorf
- "Berzelius, Johan Jakob". The American Cyclopædia. 1879.