ഒരു ജീവകോശത്തിന്റെ നിർമ്മാണ ഘടകങ്ങളായ എല്ലാ രാസഘടകങ്ങളേയും ചേർത്ത് വിളിക്കുന്ന പേരാണ് ജീവദ്രവ്യം അഥവാ പ്രോട്ടോപ്ലാസം. ജലം, അയോണുകൾ അഥവാ ഇലക്ട്രോലൈറ്റുകൾ, മാംസ്യങ്ങൾ, കൊഴുപ്പുകൾ, ധാന്യകങ്ങൾ എന്നിവയാണ് ജീവദ്രവ്യത്തിനുകാരണമാകുന്ന അഞ്ച് ഘടകങ്ങൾ.[1]പ്ലാസ്മാസ്തരം കൊണ്ട് പൊതിഞ്ഞിട്ടുള്ള എല്ലാ കോശഘടകങ്ങളേയും ജീവദ്രവ്യം എന്ന് വിവക്ഷിക്കാം. യൂക്കാരിയോട്ടുകളിൽ മർമ്മത്തിനുപുറത്തുള്ള പ്രോട്ടോപ്ലാസം കോശദ്രവ്യം അഥവാ സൈറ്റോപ്ലാസം എന്നും മർമ്മത്തിനകത്തെ ജീവദ്രവ്യം മർമ്മദ്രവ്യം അഥവാ ന്യൂക്ലിയോപ്ലാസം എന്നും അറിയപ്പെടുന്നു. പ്രോകാരിയോട്ടുകളിൽ പ്ലാസ്മാസ്തരത്തിനുള്ളിലുള്ളവ ബാക്ടീരിയൽ കോശദ്രവ്യം എന്നും ഗ്രാം നെഗറ്റീവ് ബാക്ടീരിയകളിൽ പ്ലാസ്മാസ്തരത്തിനുപുറത്തുള്ളതും പുറംചട്ടയ്ക്കകത്തുള്ളതുമായ ദ്രവ്യമാണ് പെരിപ്ലാസം. തോമസ് ഹക്സിലി ഇതിനെ ജീവന്റെ ഭൗതികഅടിസ്ഥാനമെന്നാണ് വിശേഷിപ്പിച്ചത്.[2]

പ്രോട്ടോപ്ലാസത്തിലെ ഘടകങ്ങൾതിരുത്തുക

ജലംതിരുത്തുക

കൊഴുപ്പുകലകൾ ഒഴിവാക്കിയാൽ മറ്റെല്ലാ കോശങ്ങളിലും 70 മുതൽ 85 ശതമാനം വരെ ജലമാണ്. മിക്ക കോശരാസവസ്തുക്കളും ജലത്തിൽ ലയിച്ചാണ് സ്ഥിതി ചെയ്യുന്നത് എന്നത് ജലത്തിന്റെ സാർവ്വികലായകസ്വഭാവം നൽകുന്ന ഗുണവിശേഷതയാണ്. ജലമാധ്യമത്തിൽ ലയിച്ചിട്ടുള്ളതോ മുങ്ങിക്കിടക്കുന്നതോ ആയ തൻമാത്രകൾക്ക് രാസപ്രവർത്തനത്തിലേർപ്പെടുക വഴി കോശത്തെ സജീവമാക്കി നിലനിർത്താൻ കഴിയുന്നു.

അയോണുകൾതിരുത്തുക

പൊട്ടാസ്യം, മഗ്നീഷ്യം, ഫോസ്ഫേറ്റ്, സൾഫേറ്റ്, ബൈകാർബണേറ്റ്, സോഡിയം, ക്ലോറൈഡ്, കാൽസിയം തുടങ്ങിയ എല്ലാ അയോണുകളും പ്രോട്ടോപ്ലാസത്തിന്റെ ഭാഗമാണ്. ആവേഗങ്ങളുടെ പ്രസരണം തുടങ്ങിയ എല്ലാ കോശധർമ്മങ്ങൾക്കും ഇവ ആവശ്യമാണ്.

മാംസ്യങ്ങൾതിരുത്തുക

കോശസ്തരങ്ങൾക്കും മറ്റുള്ള ഭാഗങ്ങൾക്കും നിയതമായ ഘടന നൽകുന്ന സ്ട്രക്ചറൽ പ്രോട്ടീനുകളും രാസാഗ്നികൾ പോലെയുള്ള, ധർമ്മങ്ങൾ നിർവ്വഹിക്കുന്ന ഫംഗ്ഷണൽ പ്രോട്ടീനുകളുമുണ്ട്. ആകെ കോശപിണ്ഡത്തിന്റെ 10 മുതൽ 20 വരെ ശതമാനം മാംസ്യങ്ങളാണ്.

കൊഴുപ്പുകൾതിരുത്തുക

ഫോസ്ഫോലിപ്പിഡ്, കൊളസ്ട്രോൾ എന്നിവ ഉൾപ്പെടുന്ന ജീവൽപ്രധാന പദാർത്ഥങ്ങളാണ് കൊഴുപ്പുകളിലുൾക്കൊള്ളുന്നത്. കോശസ്തരത്തിന്റെ അവിഭാജ്യഘടകമാണിവ. കോശപിണ്ഡത്തിൽ ഓകദേശം 2 ശതമാനം വരുമിത്. കൊഴുപ്പുകോശങ്ങളിൽ 95 ശതമാനത്തോളം ട്രൈഗ്ലിസറൈഡുകൾ അഥവാ ന്യൂട്രൽ ഫാറ്റുകൾ വരാം.[3]

ധാന്യകങ്ങൾതിരുത്തുക

ധാന്യകങ്ങൾ സാധാരണ കോശങ്ങളുടെ 1 ശതമാനം മാത്രമേ ഉള്ളൂ എങ്കിലും കോശത്തിന്റെയും അതുവഴി ശരീരത്തിന്റേയും പോഷണാവശ്യങ്ങളും ഊർജ്ജലഭ്യതയും ഉറപ്പുവരുത്തുന്നത് ധാന്യകങ്ങളാണ്. കോശശ്വസനം എന്ന പ്രക്രിയയാലാണ് ധാന്യകങ്ങളിൽ നിന്നും, പ്രധാനമായും ഗ്ലൂക്കോസിൽ നിന്ന് ഊർജ്ജോത്പാദനം നടക്കുന്നത്.

 
ജന്തുകോശം(യൂക്കാരിയോട്ടിക്ക്), കോശാന്തരഭാഗങ്ങളോടുകൂടി.

കോശാംഗങ്ങൾ:
(1) മർമ്മകം
(2) മർമ്മം
(3) റൈബോസോം
(4) കണിക
(5) അന്തർദ്രവ്യജാലിക
(6) ഗോൾഗി വസ്തു
(7) മൃദു അന്തർദ്രവ്യജാലിക
(8) മൈറ്റോകോൺട്രിയ
(9) ഫേനം
(10) കോശദ്രവ്യം
(11) ലൈസോസോം
(12) സെൻട്രോസോം

അവലംബംതിരുത്തുക

  1. Textbook of Medical Physiology, Eleventh Ed., Guyton and Hall, Elsevier, 2006, page- 11
  2. Harvey, E. N. (2004), "Some Physical Properties of Protoplasm", Journal of Applied Physics, 9 (2): 68, doi:10.1063/1.1710397, മൂലതാളിൽ നിന്നും 2013-01-12-ന് ആർക്കൈവ് ചെയ്തത്, ശേഖരിച്ചത് 2021-08-13
  3. Textbook of Medical Physiology, Eleventh Ed., Guyton and Hall, Elsevier, 2006, page- 12
"https://ml.wikipedia.org/w/index.php?title=ജീവദ്രവ്യം&oldid=3632001" എന്ന താളിൽനിന്ന് ശേഖരിച്ചത്