ജിം തോംസൺ

അമേരിക്കന്‍ എഴുത്തുകാരന്‍

ജിം തോംസൺ അമേരിക്കൻ നോവലിസ്റ്റായിരുന്നു. 1906 സെപ്റ്റംബർ 27-ന് ഓക്ലഹോമയിൽ ജനിച്ചു.

ജിം തോംസൺ
ജനനം(1906-09-27)സെപ്റ്റംബർ 27, 1906
Anadarko, Oklahoma Territory, United States
മരണംഏപ്രിൽ 7, 1977(1977-04-07) (പ്രായം 70)
Los Angeles
തൊഴിൽNovelist
GenreCrime, pulp, autobiography, suspense, literary fiction
ശ്രദ്ധേയമായ രചന(കൾ)The Grifters
After Dark, My Sweet
The Killer Inside Me

ജീവിതരേഖ

തിരുത്തുക

നെബ്രാസ്ക യൂണിവേഴ്സിറ്റിയിലായിരുന്നു അദ്ദേഹത്തിൻറെ വിദ്യാഭ്യാസം. എണ്ണക്കിണർ തൊഴിലാളിയായി ജീവിതം ആരംഭിച്ചു. 1930-കളിലെ സാമ്പത്തികമാന്ദ്യകാലത്ത് ഓക്ലഹോമയിലെ ഫെഡറൽ റൈറ്റേഴ്സ് പ്രോജക്റ്റുമായി ബന്ധപ്പെടുകയും ഗൈഡ് ബുക്കുകൾ എഴുതാനാരംഭിക്കുകയും ചെയ്തു. ഇക്കാലത്ത് സമൂഹത്തിലെ എല്ലാത്തരത്തിലുള്ള ആളുകളുമായും അടുത്തിടപഴകാൻ അവസരം ലഭിക്കുകയും പിൽക്കാലത്ത് ഇവരുടെ ജീവിതം നോവലുകളിൽ ചിത്രീകരിക്കുകയും ചെയ്തിട്ടുണ്ട്. 1931-ൽ ആൽബെർട്ടാ തോംസണിനെ വിവാഹം ചെയ്തു. ഇക്കാലത്ത് തോംസൺ അമേരിക്കൻ കമ്യൂണിസ്റ്റ് പാർട്ടിയിൽ അംഗമാവുകയും വുഡി ഗുത്രി തുടങ്ങിയ നാടോടിഗായകരുമായി സൗഹൃദത്തിലാവുകയും ചെയ്തു.

കുറ്റകൃത്യകഥാരചന

തിരുത്തുക

1940-കളിൽ തോംസൺ സാമ്പത്തിക നേട്ടം ലക്ഷ്യമാക്കി കുറ്റകൃത്യകഥാരചനയിലേക്കു തിരിഞ്ഞു. ആദ്യനോവലായ നൗ ആൻഡ് ഓൺ എർത് 1942-ൽ പുറത്തുവന്നു. നായകന്റെ പിതാവ് ഒരു ഭ്രാന്താശുപത്രിയിൽ ആത്മഹത്യ ചെയ്യുന്നതായാണ് ഇതിൽ ചിത്രീകരിക്കുന്നത്. തന്റെ പിതാവിന്റെ അന്ത്യവും ഇതുപോലെയായിരുന്നുവെന്ന് തോംസൺ ഒരിക്കൽ സൂചിപ്പിക്കുകയുണ്ടായി. 1953-ൽ ഇദ്ദേഹത്തിന്റെ ആത്മകഥ ബാഡ് ബോയ് എന്ന പേരിൽ പ്രസിദ്ധീകരിക്കപ്പെട്ടു. 1950-കളിൽ ന്യൂയോർക്ക് ഡെയ്‌ലി ന്യൂസ്, ലോസ് ഏഞ്ചലസ് ടൈംസ് മിറർ എന്നീ ആനുകാലികങ്ങളിൽ ജോലി ചെയ്യാൻ തോംസണിന് അവസരം ലഭിച്ചു. ജോസഫ് മക്കാർത്തിയുടെ കമ്യൂണിസ്റ്റ് വേട്ട ഇക്കാലത്തായിരുന്നു. മറ്റു പലരുടെയും കൂട്ടത്തിൽ തോംസണും സർക്കാരിന് അനഭിമതനായിത്തീർന്നു. എന്നാൽ സാഹിത്യരചനയ്ക്ക് ഇതൊന്നും തടസ്സമായില്ല. കൊള്ളയും കൊലപാതകവും വിഷയമാക്കിക്കൊണ്ടുള്ള ദ് കില്ലിങ് എന്ന നോവൽ 1956-ൽ പ്രസിദ്ധീകരിച്ചു. ഒന്നാം ലോകമഹായുദ്ധകാലത്ത് ഫ്രഞ്ച് മുന്നണിയിൽ നടക്കുന്ന ചില സംഭവങ്ങളാണ് 1957-ൽ പുറത്തുവന്ന പാത്സ് ഒഫ് ഗ്ലോറിയിലെ വിഷയം.

മികച്ചകൃതികൾ

തിരുത്തുക

1950-കളിൽ ഇരുപതോളം നോവലുകൾ തോംസൺ രചിക്കുകയുണ്ടായി.

  • ദ് കില്ലർ ഇൻസൈഡ് മി (1952)
  • ദ് നത്തിങ് മാൻ (1954)
  • ദി ആൽക്കഹോളിക്ക്സ് (1953)

എന്നിവയാണ് ഇക്കാലത്തെ നോവലുകളിൽ പ്രധാനം. പല നോവലുകളുടെയും പശ്ചാത്തലം അമേരിക്കൻ ഐക്യനാടുകളിലെ ദക്ഷിണദേശത്തിന്റെ ഉൾപ്രദേശങ്ങളാണ്. ഫോക്നറുടെ നോവലുകളിലെപ്പോലെ ദക്ഷിണദേശത്തിന്റെ അപചയവും ബീഭത്സാന്തരീക്ഷവുമാണ് തോംസണിന്റെ കൃതികളിലും ചിത്രീകരിക്കപ്പെടുന്നത്.

  • ദ് ഗ്രിഫ്റ്റേഴ്സ് (1963)
  • സൗത്ത് ഒഫ് ഹെവൻ (1967)
  • ചൈൽഡ് ഒഫ് റെയ്ജ് (1972)
  • ഹാർഡ് കോർ (1986)

എന്നിവ ഇദ്ദേഹത്തിന്റെ പിൽക്കാല കൃതികളിൽ മികച്ചുനിൽക്കുന്നു.

1977 ഏപ്രിൽ 7-ന് ലോസ് ആഞ്ചലസിൽ തോംസൺ അന്തരിച്ചു.

 കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർ‌വ്വവിജ്ഞാനകോശത്തിലെ തോംസൺ, ജിം (1906 - 77) എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം.
"https://ml.wikipedia.org/w/index.php?title=ജിം_തോംസൺ&oldid=3796387" എന്ന താളിൽനിന്ന് ശേഖരിച്ചത്