ചെറിയ മീൻപരുന്ത്

ഒരിനം പരുന്ത്
(ചെറിയ മീൻ പരുന്ത്‌ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ചോലവനങ്ങളിലെ മത്സ്യസമ്പന്നമായ വെള്ളക്കെട്ടുകൾക്കു സമീപം കാണപ്പെടുന്ന വംശനാശഭീഷണി നേരിടുന്ന പക്ഷിയാണ് ചെറിയ മീൻപരുന്ത്[2] [3][4][5] (ഇംഗ്ലീഷ് : Lesser Fish Eagle / Himalayan Grey-Headed Fish Eagle, ശാസ്ത്രീയ നാമം: Ichthyophaga humilis [6]). ആഹാരകാര്യത്തിൽ കടൽപ്പരുന്തുകളോടു സാമീപ്യമുള്ള ഇവ Ichthyophaga എന്ന ജെനുസ്സിലെ രണ്ടു പക്ഷികളിൽ ഒന്നാണ്. (മറ്റൊരിനമാണ് മീൻ പരുന്ത് - Haliaeetus humilis)

ചെറിയ മീൻ പരുന്ത്‌
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
Phylum:
Class:
Order:
Family:
Genus:
Species:
H. humilis
Binomial name
Haliaeetus humilis
(Müller & Schlegel, 1841)
Synonyms

Ichthyophaga humilis

പ്രധാനമായും തെക്കുകിഴക്കൻ ഏഷ്യൻ രാജ്യങ്ങളിൽ കാണപ്പെടുന്ന ഒരു പക്ഷിയാണിത്. ഹിമാലയസാനുക്കളിലും, ഇന്ത്യയുടെ വടക്കു കിഴക്കൻ സംസ്ഥാനങ്ങളിലും സഹ്യന്റെ താഴ്വരയിലും ഒക്കെ ഇന്ത്യയിൽ ഇവയെ കാണാം. ഇന്ത്യക്ക് പുറമേ ബംഗ്ലാദേശ്, നേപ്പാൾ, ചൈന, വിയറ്റ്നാം, ഇന്തോനേഷ്യ, കമ്പോഡിയ, മലേഷ്യ, ബ്രൂണൈ, മ്യാന്മാർ തുടങ്ങിയ രാജ്യങ്ങളിലും ഇവയെ കണ്ടെത്തിയിട്ടുണ്ട്. 1,000 മീറ്ററിനു മേൽ 2,400 മീറ്ററിനു താഴെയുള്ള ചോലവനങ്ങളിലാണ് സാധാരണയായി ഇവയെ കാണാൻ കഴിയുക. എന്നാലും ഹിമാലയ സാനുക്കളിൽ നേപ്പാൾ ഭാഗത്ത് 4,250 മീറ്റർ വരെ ഉയരത്തിൽ ഇവയെ കണ്ടെത്തിയിട്ടുണ്ട് [7] . കേരളത്തിൽ നെല്ലിയാമ്പതി കാട്ടിലെ കുളത്തിനു സമീപം കഴിഞ്ഞ മൂന്നു വർഷത്തോളമായി ഒരേ സ്ഥലത്ത് ഈ പക്ഷിയെ കാണുന്നുണ്ട്. വാഴച്ചാൽ, ഉമയാർ, മലക്കപ്പാറ തുടങ്ങിയ പ്രദേശങ്ങളിലും ഇവയെ കണ്ടതായി പക്ഷിനിരീക്ഷകർ രേഖപ്പെടുത്തിയിട്ടുണ്ട്.

പ്രത്യേകതകൾ

തിരുത്തുക

തലയും കഴുത്തും പുറം തൂവലുകളും തവിട്ടു നിറത്തിൽ കാണപ്പെടുന്ന ഈ പക്ഷിയുടെ മുഖത്തും മുൻനിരയിലെ തൂവലുകളിലും കറുപ്പു രേഖകൾ കാണാം. ചിറകുകളിലെ പ്രധാന വലിയ തൂവലുകൾ കറുപ്പു നിറമുള്ളതായിരിക്കും. നെഞ്ച് ഇളം തവിട്ട് നിറത്തിലുള്ള ചെറു തൂവലുകളാലും വയറ്, വാൽ, കാലുകൾ എന്നിവ ചെറിയ വെളുത്ത തൂവലുകളാലും മൂടപ്പെട്ടിരിക്കുന്നു. ഉരുണ്ടു കുറുകിയ വാലിൽ വെള്ളയും കറുപ്പും മധ്യത്തിൽ തവിട്ടു നിറവും കൊണ്ടുള്ള വർണ്ണപ്പൊലിമ കാണാൻ കഴിയും. ഉരുണ്ടു കുറുകിയ വാലിന്റെ ഈ വർണ്ണശബളിമയും ചെറിയ തലയും അല്പം നീണ്ട കഴുത്തും ഇവയെ എളുപ്പത്തിൽ തിരിച്ചറിയുവാൻ സഹായാകമാകുന്നു. കുറുകിയ രോമരഹിതമായ കാലുകൾ വെളുപ്പോ വിളറിയ നീല നിറമോ ഉള്ളവയാണ്. മീൻ പിടിക്കാനും പിടിച്ച മീൻ വഴുതിപ്പോകാതെ പിടിക്കാനും തക്കവിധം വളഞ്ഞ നഖമാണ് ഇവയ്ക്കുള്ളത്. തെന്നിപ്പോകുന്ന മത്സ്യങ്ങളെ ഭദ്രമായി പിടിക്കുവാൻ സഹായിക്കുന്ന തരത്തിൽ പാദങ്ങളുടെ അടിഭാഗത്ത് ചെറു മുള്ളുകളും ഉണ്ടായിരിക്കും. പ്രായപൂർത്തിയായ ചെറിയ മീൻ പരുന്തിന്റെ കണ്ണുകൾ മഞ്ഞ നിറമുള്ളതാണ്. (പ്രായപൂർത്തിയാകാത്ത ചെറിയ മീൻ പരുന്തിന്റെ കണ്ണുകൾ തവിട്ടു നിറമുള്ളവയാണ്‌.) കണ്ണുകൾക്കുള്ളിൽ ചാര നിറമാണ്. പ്രായപൂർത്തിയായ ചെറിയ മീൻ പരുന്തിന് ഏകദേശം 750 – 800 ഗ്രാം തൂക്കമുണ്ടാകാറുണ്ട്.

താൻ അധിവസിക്കുന്ന പ്രദേശത്ത് മറ്റു പക്ഷികളെ ഇരപിടിക്കുവാൻ അനുവദിക്കാത്ത പ്രകൃതമാണ് ഇവയുടേത്.

പ്രജനനം

തിരുത്തുക

ഭാരതത്തിൽ മാർച്ച് മുതൽ ആഗസ്റ്റ്‌ വരെയാണ് ഇവയുടെ പ്രജനനകാലം. ഇരതേടുന്ന നീർത്തടങ്ങൾക്ക് സമീപമുള്ള ഉയർന്ന വൃക്ഷങ്ങൾക്ക് മുകളിലായാണ് ഇവ കൂടൊരുക്കുക. ഒരു മീറ്റർ മുതൽ ഒന്നര മീറ്റർ വരെ വലിപ്പമുള്ള വലിയ കൂടുകളാണ് ഇവ ഉണ്ടാക്കുക. ചുള്ളിക്കമ്പുകൾ കൊണ്ടുണ്ടാക്കുന്ന കൂടുകളിൽ പച്ചിലകൾ കൊണ്ട് മെത്തയൊരുക്കി അതിൽ രണ്ടു മുതൽ മൂന്നു വരെ മുട്ടകൾ ഇടുന്നു. അടയിരിക്കൽ / മുട്ട വിരിയാനെടുക്കുന്ന സമയം എന്നിവയെപ്പറ്റിയുള്ള വ്യക്തമായ വിവരങ്ങൾ ലഭ്യമല്ല. [വിശദമായ കൂട്ടിച്ചേർക്കൽ ആവശ്യമാണ്‌].

ഐ.യു.സി.എന്നിന്റെ ചുവന്ന പട്ടികയിൽ[8] അടുത്തു തന്നെ വംശനാശം സംഭവിച്ചേക്കാവുന്ന പക്ഷികളുടെ കൂട്ടത്തിലാണ് ചെറിയ മീൻ പരുന്തിന്റെ സ്ഥാനം. പതിനയ്യായിരത്തിനും എഴുപത്തി അയ്യായിരത്തിനും ഇടയിലുള്ള എണ്ണം ചെറിയ മീൻ പരുന്തുകൾ മാത്രമേ ഈ ഭൂമുഖത്ത് ഇന്ന് നിലനിൽക്കുന്നുള്ളൂ എന്നാണ് കരുതപ്പെടുന്നത്. അതിൽ തന്നെ പ്രായപൂർത്തിയായവ അൻപതിനായിരത്തിൽ താഴ മാത്രമാകാം എന്നും കരുതപ്പെടുന്നു. ഇതുതന്നെ കുറയുകയാണത്രേ. വനനശീകരണം മൂലം ആവാസവ്യവസ്ഥയ്ക്ക് വന്ന നാശവും മഴയുടെ കുറവുമൂലം ചോലവനങ്ങളിലെ നീർത്തടങ്ങൾ ഇല്ലാതാകുന്നതും ഇവയുടെ ആഹാരത്തിനും നിലനില്പിനും ഭീഷണിയാകുന്നു.

  1. BirdLife International (2012). "Ichthyophaga humilis". IUCN Red List of Threatened Species. Version 2013.2. International Union for Conservation of Nature. Retrieved 26 November 2013. {{cite web}}: Cite has empty unknown parameters: |last-author-amp= and |authors= (help); Invalid |ref=harv (help)
  2. J, Praveen (17 November 2015). "A checklist of birds of Kerala, India". Journal of Threatened Taxa. 7 (13): 7983–8009. doi:10.11609/JoTT.2001.7.13.7983-8009.
  3. "eBird India- Kerala". eBird.org. Cornell Lab of Ornithology. Retrieved 24 സെപ്റ്റംബർ 2017.
  4. കെ.കെ., നീലകണ്ഠൻ (2017). കേരളത്തിലെ പക്ഷികൾ (5 ed.). കേരള സാഹിത്യ അക്കാദമി. pp. 496–498. ISBN 978-81-7690-251-9. {{cite book}}: |access-date= requires |url= (help)
  5. Grimmett, Richard; Inskipp, Tim; P.O., Nameer (2007). Birds of Southern India [Thekke Indiayile Pakshikal (Malayalam version)]. Mumbai: BNHS. {{cite book}}: |access-date= requires |url= (help); no-break space character in |title= at position 52 (help)
  6. "ബേർഡ് ലൈഫ് എന്ന സൈറ്റിൽ നിന്നും". Archived from the original on 2012-08-19. Retrieved 2013-05-04.
  7. "ആർക്കൈവ് പകർപ്പ്". Archived from the original on 2013-03-27. Retrieved 2013-05-04.
  8. http://www.iucnredlist.org/details/106003367/0

ഇതും കാണുക

തിരുത്തുക
"https://ml.wikipedia.org/w/index.php?title=ചെറിയ_മീൻപരുന്ത്&oldid=3804236" എന്ന താളിൽനിന്ന് ശേഖരിച്ചത്