അലങ്കാരം (വ്യാകരണം)

ഒരു കാവ്യത്തിന്റെ ഭംഗി കൂട്ടാനായി ചേർക്കുന്ന പ്രയോഗങ്ങൾ
(ചമത്കാരം എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
അലങ്കാരം എന്ന വാക്കാൽ വിവക്ഷിക്കാവുന്ന ഒന്നിലധികം കാര്യങ്ങളുണ്ട്. അവയെക്കുറിച്ചറിയാൻ അലങ്കാരം (വിവക്ഷകൾ) എന്ന താൾ കാണുക. അലങ്കാരം (വിവക്ഷകൾ)

ഒരു കാവ്യത്തിന്റെ ഭംഗി കൂട്ടാനായി ചേർക്കുന്ന പ്രയോഗങ്ങളെ മലയാളവ്യാകരണത്തിൽ അലങ്കാരങ്ങൾ എന്നു പറയുന്നു. അലങ്കാരം എന്ന സംജ്ഞയും സങ്കല്പവും സംസ്കൃതകാവ്യശാസ്ത്രത്തിൽ നിന്നും മലയാളത്തിൽ എത്തിയതാണ്.

അലങ്കാരലക്ഷണവും വർഗ്ഗവും

തിരുത്തുക

കാവ്യലക്ഷണങ്ങളെക്കുറിച്ചു പ്രതിപാദിക്കുന്ന കേരളപാണിനിയുടെ ഭാഷാഭൂഷണം എന്ന ഗ്രന്ഥത്തിൽ അലങ്കാരത്തിനെ നിർവ്വചിക്കുന്നതു് ഇപ്രകാരമാണു്:

ശബ്ദാർത്ഥങ്ങളിൽവച്ചൊന്നിൽ
വാച്യമായിട്ടിരുന്നീടും
ചമത്കാരം ചമയ്ക്കുന്ന
മട്ടലങ്കാരമായത്.

[1]

ഉത്തമമായ കാവ്യം വായിക്കുമ്പോൾ അനുവാചകനു് അവാച്യമായ ഒരാനന്ദം അനുഭവപ്പെടുന്നു. ഉത്തമകാവ്യത്തിൽ നിന്നും അങ്ങനെ ആഹ്ലാദം അനുഭവിക്കുന്നതിനു് അനുകൂലമായ ബുദ്ധിയോടുകൂടിയവനാണു് സഹൃദയൻ. സഹൃദയനിൽ ആഹ്ലാദം ജനിപ്പിക്കുന്നതിനു കാരണമായ കവിതാധർമ്മമാണു് ചമത്ക്കാരം. ഈ ആഹ്ലാദം രണ്ടുപാധികളെ ആശ്രയിച്ചിരിക്കുന്നു:

  1. ആഹ്ലാദം ജനിപ്പിക്കാൻ കാവ്യത്തിനുള്ള കഴിവു്
  2. ആഹ്ലാദം അനുഭവിക്കാൻ അനുവാചകനുള്ള കഴിവു്

ഇത്തരം ചമത്കാരം തന്നെ വാച്യം (അഭിധ,ലക്ഷണ,വ്യഞ്ജന എന്നീ തരം അർത്ഥങ്ങളിലൂടെ വാക്കിൽ നിന്നും തിരിച്ചറിയാവുന്നതു്, ലക്ഷ്യം (വാഗർത്ഥങ്ങളിൽ നിന്നല്ലാതെ അതുച്ചരിക്കുന്ന രീതി തുടങ്ങിയ പ്രയോഗലക്ഷണങ്ങൾ കൊണ്ടു് തിരിച്ചറിയാവുന്നതു്, വ്യംഗ്യം (ആംഗ്യം, മുദ്ര, ഭാവം തുടങ്ങിയവ കൊണ്ടു് തിരിച്ചറിയാവുന്നതു്) എന്നിങ്ങനെ മൂന്നു വിധത്തിലാവാം. ഇവയിൽ ലക്ഷ്യവും വ്യംഗ്യവും കാവ്യാലങ്കാരങ്ങളായി കണക്കാക്കുന്നില്ല. അതുകൊണ്ടു് വാച്യമായ ചമത്‌കാരങ്ങളാണു് അലങ്കാരങ്ങൾ.

അലങ്കാരങ്ങൾ രണ്ട് വിധത്തിലുണ്ട്: (1) ശബ്ദാലങ്കാരം (2) അർത്ഥാലങ്കാരം.

ശബ്ദാലങ്കാരങ്ങൾ

തിരുത്തുക

ശബ്ദത്തെ അതായത് ഉച്ചരിച്ചുകേൾക്കുന്ന അക്ഷരത്തെ ആശ്രയിച്ച് നിൽക്കുന്ന അലങ്കാരത്തെ ശബ്ദാലങ്കാരമെന്ന് പറയുന്നു. പ്രാസം, യമകം തുടങ്ങിയവ ശബ്ദാലങ്കാരത്തിന് ഉദാഹരണങ്ങളാണ്. ഏതെങ്കിലും രീതിയിൽ ക്രമനിബദ്ധമായ ശബ്ദവിന്യാസമാണു് ശബ്ദാലങ്കാരങ്ങളിലെ ആഹ്ലാദജനകഹേതു. അതായതു്, പുനരുക്തവദാഭാസത്തിൽ ഒഴികെ, ശബ്ദങ്ങളേയോ പദങ്ങളേയോ ആവർത്തിക്കുന്നതുകൊണ്ടു ലഭിയ്ക്കുന്ന കർണ്ണസുഖമാണു് ശബ്ദാലങ്കാരങ്ങളിലെ ചമത്‌കാരത്തിനു കാരണം.

അനുപ്രാസം, ഛേകാനുപ്രാസം, ആദിപ്രാസം, ദ്വിതീയാക്ഷരപ്രാസം, തൃതീയാക്ഷരപ്രാസം,ചതുർത്ഥാക്ഷരപ്രാസം, പഞ്ചമാക്ഷരപ്രാസം, അന്ത്യപ്രാസം, അഷ്ടപ്രാസം ദ്വാദശപ്രാസം, ഷോഡശപ്രാസം, ലാടാനുപ്രാസം, യമകം, പുനരുക്തവദാഭാസം എന്നിവയാണു് പ്രധാനപ്പെട്ട ശബ്ദാലങ്കാരങ്ങൾ.

അർത്ഥാലങ്കാരങ്ങൾ

തിരുത്തുക

കാവ്യത്തിൽ ഉപയോഗിച്ചിരിക്കുന്ന വാക്കുകളുടെ അർത്ഥത്തിൽനിന്നും ഉളവാകുന്ന ചമത്‌കാരങ്ങളാണു് അർത്ഥാലങ്കാരങ്ങൾ. അവ ശ്രവണസുഖത്തേക്കാൾ ആലോചനാസുഖമാണു നൽകുന്നതു്. അതുകൊണ്ടു് കാവ്യധർമ്മപ്രകാരം ശബ്ദാലങ്കാരത്തിനേക്കാൾ പ്രാധാന്യം അർത്ഥാലങ്കാരങ്ങൾക്കുണ്ടു്.

എല്ലാ തരം അർത്ഥാലങ്കാരങ്ങളേയും അതിശയം, സാമ്യം, വാസ്തവം, ശ്ലേഷം എന്നിങ്ങനെ നാലിൽ ഏതെങ്കിലും ഒന്നു് അടിസ്ഥാനഘടകമായതു് എന്ന നിലയിൽ തരം തിരിക്കാനാവും. ഇതനുസരിച്ച് അർത്ഥാലങ്കാരങ്ങളെ നാലു വർഗ്ഗമായി വിഭജിച്ചിരിക്കുന്നു:

  1. അതിശയോക്തി
  2. സാമ്യോക്തി
  3. വാസ്തവോക്തി
  4. ശ്ലേഷോക്തി

ഓർത്താലതിശയം സാമ്യം വാസ്തവം ശ്ളേഷമിങ്ങനെ അലങ്കാരങ്ങളെ തീർപ്പാൻ നാലുതാനിഹ സാധനം ഇവയെ കൊണ്ട് തീർക്കുന്നു കവീന്ത്രരുപമാദിയെ തങ്കം കൊണ്ടിഹ തട്ടാന്മാർ കങ്കണാദിയെയെന്ന പോൽ

  1. ഏ.ആർ.രാജരാജവർമ്മ. ഭാഷാഭൂഷണം.ഡി.സി.ബുക്സ് കോട്ടയം. 2nd Impression July-2012. താൾ 17
"https://ml.wikipedia.org/w/index.php?title=അലങ്കാരം_(വ്യാകരണം)&oldid=4093928" എന്ന താളിൽനിന്ന് ശേഖരിച്ചത്