പൻഡോറയാണ് (Pandora, Greek-Πανδώρα) ഭൂലോകത്തിലെ ആദ്യത്തെ മനുഷ്യസ്ത്രീ എന്നാണ് ഗ്രീക്കു പുരാണത്തിലെ സങ്കല്പം. പൻഡോറ എന്ന ഗ്രീക്കു പദത്തെ പല വിധത്തിൽ വ്യാഖ്യാനിക്കാം. Pan എന്നാൽ എല്ലാവരും എന്നും Doron എന്നാൽ സമ്മാനം എന്നുമാണ് വിവക്ഷ. അതുകൊണ്ട് സർവരാലും സമ്മാനിത അഥവാ സർവർക്കും സമ്മാനം നല്കുന്നവൾ എന്നുമാവാം. പ്രോമീഥ്യൂസിനോടും മനുഷ്യ(പുരുഷ) വർഗത്തോടുമുള്ള ക്രോധം കാരണമാണത്രെ സ്യൂസ് മനുഷ്യസ്ത്രീയെ സൃഷ്ടിച്ചത്.

പൻഡോറ (ലൂവ്ര് മ്യൂസിയം, ശില്പി പിയർ ലോയ്സാ(1861))

പ്രോമീഥ്യുസിന്റെ ഔദ്ധത്യം

തിരുത്തുക

അനന്തഭൂതകാലത്തിൽ ഒരുപാട് കാലത്തേക്ക് ഭൂമിയിൽ പുരുഷന്മാർ മാത്രമേ ഉണ്ടായിരുന്നുള്ളു. സ്യൂസിന്റെ നിർദ്ദേശപ്രകാരം അവരെ സൃഷ്ടിച്ചത് പ്രോമീഥ്യൂസ് ആയിരുന്നു. അതിനാൽ, പ്രോമീഥ്യൂസിന് മനുഷ്യരോട് വല്ലാത്ത വാത്സല്യം ഉണ്ടായിരുന്നു. അതുകൊണ്ടാണ് ദേവൻമാർക്കു മാത്രം അവകാശപ്പെട്ട അഗ്നി ദേവലോകത്തു നിന്ന് മോഷ്ടിച്ചെടുത്ത് മനുഷ്യർക്കു നല്കിയത്. ഇതു മാത്രമായിരുന്നില്ല പ്രോമീഥ്യൂസിന്റെ ഔദ്ധത്യം. സ്യൂസിന് വേണ്ടി മനുഷ്യന്മാർ ഒരുക്കിയ മൃഗബലിയിലും പ്രോമീഥ്യൂസ് കൃത്രിമം കാണിച്ചു. മനുഷ്യരോട് ബലിയിറച്ചി രണ്ടു ഭാഗങ്ങളായി പകുക്കാൻ പറഞ്ഞു. ഒരു കൂനയിൽ നല്ല കൊഴുപ്പുള്ള ഇറച്ചിക്കഷണങ്ങളെ കുടലും മറ്റും കൊണ്ട് മൂടി മറച്ചു മറ്റൊന്നിൽ എല്ലുകഷണങ്ങളെ കൊഴുപ്പുകൊണ്ടും മറച്ചു. സ്യൂസ് കൊഴുപ്പുകൂന തിരഞ്ഞെടുത്തു അന്നു മുതൽ അതായി സ്യൂസിന് മനുഷ്യരുടെ വക ബലിയർപ്പണം. ക്രുദ്ധനായ സ്യൂസ് പ്രോമീഥ്യൂസിനോടും പുരുഷന്മാരോടും പ്രതികാരം ചെയ്യാൻ തീരുമാനിച്ചു.[1] കോക്കസ് നിരകളിലെവിടേയെോ ഒരു പാറക്കെട്ടിൽ പ്രോമീഥ്യൂസ് തളച്ചിടപ്പെട്ടു. പുരുഷന്മാർക്കുളള ശിക്ഷ സ്ത്രീ ആയിരുന്നു.

സ്ത്രീ സൃഷ്ടിക്കപ്പെടുന്നു

തിരുത്തുക

സ്യൂസിന്റെ നിർദ്ദേശപ്രകാരം ഹെഫസ്റ്റസ് മണ്ണിൽ നിന്ന് സ്ത്രീയെ മെനഞ്ഞെടുത്തു. അഥീന അവളെ കമനീയമാം വിധം അണിയിച്ചൊരുക്കുകയും ചെയ്തുവെന്ന് ഹെസിയോഡ് പറയുന്നു. അവളും അവളുടെ വംശജകളും പുരുഷന്മാരുടെ ജീവിതം നരകതുല്യമാക്കുമെന്ന് സ്യൂസിന് ഉറപ്പുണ്ടായിരുന്നു. സ്യൂസിന്റെ അനുമാനം തെറ്റിയില്ല. അവളുടെ വശ്യതക്കു മുന്നിൽ ദേവന്മാരും മനുഷ്യരും ഒരു പോലെ ബലഹീനരായിത്തീർന്നെന്ന് ഹെസിയോഡ് വിവരിക്കുന്നു.[2].

പൻഡോറ ഭൂമിയിലേക്ക്

തിരുത്തുക

അതിമനോഹരിയായ സ്ത്രീക്ക് ദേവന്മാർ ഒരു പേടകം (കലശം എന്നാണ് പഴങ്കഥ) സമ്മാനിച്ചു . ഭദ്രമായി മൂടിക്കെട്ടിയ ആ കലശം ഒരിക്കലും തുറക്കരുതെന്ന് അവളോട് പറയുകയും ചെയ്തു. സ്യൂസ് പൻഡോറയെ എപിമെത്യൂസിന്റെ സമീപത്തേക്കയച്ചു. പ്രോമീഥ്യൂസിന്റെ മന്ദബുദ്ധിയായ സഹോദരനായിരുന്നു എപിമെഥ്യൂസ്. യാതോരു കാരണവശാലും സ്യൂസിൽ നിന്ന് ഒന്നും സ്വീകരിക്കരുതെന്ന് പ്രോമീഥ്യൂസ് സഹോദരനെ താക്കീതു ചെയ്തിരുന്നു. പക്ഷെ എപിമെത്യൂസിന് ഈ സമ്മാനം നിരസിക്കാനായില്ല.

കലശത്തിന്റെ(പേടകത്തിന്റെ) കഥ

തിരുത്തുക

തനിക്കു സമ്മാനമായി ലഭിച്ച പേടകത്തിനകത്ത് എന്താണെന്നറിയാനുള്ള കൗതുകം സഹിക്കവയ്യാതെ ഒരു നാൾ പൻഡോറ പേടകം തുറന്നു. പേടകത്തിനകത്ത് തളച്ചിടപ്പെട്ടിരുന്ന ഒട്ടനേകം വിപത്തുകൾ സ്വതന്ത്രമാക്കപ്പെട്ടു. -ദുഃഖം, ദുർഭാഗ്യം, അനർഥം... അങ്ങനെയങ്ങനെ പലതും. കൂടുതലൊന്നും പുറത്തു പോകാതിരിക്കാനായി ഭയഭീതയായ പൻഡോറ, ഉടൻതന്നെ കലശമടച്ചു. അതിനകത്ത് മറ്റു വിപത്തുകളോടൊപ്പം ഒരു നല്ലകാര്യവും ഉണ്ടായിരുന്നു- പ്രതീക്ഷ. അങ്ങനെ മനുഷ്യ വംശത്തിന് പ്രതീക്ഷ മാത്രം ബാക്കിയായി.

പൈറ, പൻഡോറയുടെ മകൾ

തിരുത്തുക

പൻഡോറയുടേയും എപിമെത്യൂസിന്റേയും മകളാണ് പൈറ. പ്രൊമീഥ്യൂസിന്റെ മകൻ ഡൂകാലിയണാണ് പൈറയെ വിവാഹം ചെയ്തത്. പിന്നീടെപ്പോഴോ ഏതോ കാരണവശാൽ ക്രുദ്ധനായ സ്യൂസ് ഭൂമിയിൽ പ്രളയം സൃഷ്ടിച്ചു. ഇക്കാര്യം മുൻകൂട്ടി അറിയാമായിരുന്ന പ്രൊമീഥ്യൂസ് മകനോട് ഒരു പേടകം നിർമ്മിക്കാനും അതിനകത്ത് അവശ്യസാധനങ്ങൾ സംഭരിച്ചു വെക്കാനും വേണ്ടസമയത്ത് അതിനകത്തു കയറിപ്പറ്റി രക്ഷപ്പെടാനും ഉപദേശിച്ചു. പർണസ്സസ് പർവതത്തിന്റെ കൊടുമുടിയൊഴിച്ച് മറ്റെല്ലായിടത്തും വെള്ളം നിറഞ്ഞു. സർവജീവജാലങ്ങളും മരിച്ചു പോയെങ്കിലും പൈറയും ഭർത്താവും പേടകത്തിലേറി രക്ഷപ്പെട്ടു. സ്യൂസിന്റെ കോപം ശമിച്ചപ്പോൾ വെള്ളവും പിൻവാങ്ങി. പൈറയും ഡ്യുക്കാലിയണും പുതിയ മനുഷ്യവംശത്തിന് ജന്മം നല്കി. ഇവരായിരുന്നത്രെ ശിലാ മനുഷ്യർ[3]

  1. Theogony, പുറം. LinesII.503-584.
  2. Theogony, പുറം. LinesII.585-589.
  3. Hamilton, Edith (1969). Mythology: Timeless tales of Gods and Heroes. The New American Library. p. 70, 74. {{cite book}}: Cite has empty unknown parameter: |1= (help)

ഗ്രന്ഥസൂചി

തിരുത്തുക
"https://ml.wikipedia.org/w/index.php?title=പൻഡോറ&oldid=3903186" എന്ന താളിൽനിന്ന് ശേഖരിച്ചത്