ഗ്രിഗോറിയസ് ഒന്നാമൻ മാർപ്പാപ്പ

(ഗ്രിഗറി ഒന്നാമൻ മാർപ്പാപ്പ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ക്രിസ്തുവർഷം 590 സെപ്തംബർ 3 മുതൽ മരണം വരെ റോം ആസ്ഥാനമായുള്ള കത്തോലിക്കാ സഭയുടെ തലവനായിരുന്നു മഹാനായ ഗ്രിഗോറിയോസ് എന്ന പേരിൽ അറിയപ്പെട്ടിരുന്ന ഗ്രിഗറി ഒന്നാമൻ മാർപ്പാപ്പ അഥവാ ഗ്രിഗോറിയോസ് ഒന്നാമൻ മാർപ്പാപ്പാ (ജനനം ക്രി.വ. 540-നടുത്ത്; മരണം 604 മാർച്ച് 12). സംവാദകനായ വിശുദ്ധ ഗ്രിഗോറിയോസ് എന്ന് കിഴക്കൻ ഓർത്തഡോക്സ് സഭ ഇദ്ദേഹത്തെ വിശേഷിപ്പിക്കുന്നു.

ഗ്രിഗോറിയോസ് ഒന്നാമൻ മാർപ്പാപ്പാ
മഹാനായ ഗ്രിഗോറിയോസ് എന്ന പേരിൽ പ്രസിദ്ധനായ ഗ്രിഗോറിയോസ് ഒന്നാമൻ മാർപ്പാപ്പ
സ്ഥാനാരോഹണം590 സെപ്റ്റംബർ 3
ഭരണം അവസാനിച്ചത്12 March 604
മുൻഗാമിPelagius II
പിൻഗാമിSabinian
മെത്രാഭിഷേകം590 സെപ്റ്റംബർ 3
വ്യക്തി വിവരങ്ങൾ
ജനന നാമംGregorius
ജനനംc. 540
റോം, Ostrogothic Kingdom
മരണം604 മാർച്ച് 12 (age 64)
റോം, Byzantine Empire
BuriedSt. Peter's Basilica (1606)
വിഭാഗംറോമൻ കത്തോലിക്ക, Eastern Orthodoxy
ഭവനംRome
മാതാപിതാക്കൾGordianus, Silvia
വിശുദ്ധപദവി
തിരുനാൾ ദിനംസെപ്റ്റംബർ 3,മാർച്ച് 12
Gregory എന്ന പേരിൽ Pope പദവി വഹിച്ച മറ്റുള്ളവർ

റോമിലെ മെത്രാന്മാരായ മാർപ്പാപ്പാമാരുടെ സ്ഥാനത്തെ, ആഗോളതലത്തിൽ പ്രാധാന്യമുള്ള ധാർമ്മിക-രാഷ്ട്രീയ അധികാരസ്ഥാനമെന്ന പിൽക്കാലപദവിയിലേയ്ക്ക് ഉയർത്തുന്നതിൽ ഏറ്റവും പ്രധാന പങ്കുവഹിച്ചത് ഗ്രിഗോറിയോസാണ്.[1] മറ്റേതൊരു മാർപ്പാപ്പായുടേതിനേക്കാളും വിപുലമായ തന്റെ രചനകളുടെ പേരിലും അദ്ദേഹം പ്രത്യേകം അറിയപ്പെടുന്നു.[2]

അത്ഭുതസംഭവങ്ങളും രോഗശാന്തികളും ദൈവികചിഹ്നങ്ങളും വർണ്ണിക്കുന്ന "സംഭാഷണങ്ങൾ"‍(Dialogues) എന്ന പ്രഖ്യാതരചനയുടെ പേരിൽ, പൗരസ്ത്യസഭയിൽ അദ്ദേഹം സംഭാഷകനായ ഗ്രിഗോറിയോസ് എന്നും അറിയപ്പെടുന്നു. സന്യാസപശ്ചാത്തലത്തിൽ നിന്നു വന്ന ആദ്യത്തെ മാർപ്പാപ്പയായിരുന്നു ഗ്രിഗോറിയോസ്. വേദപാരംഗതനും, ലത്തീൻ സഭയിലെ അഞ്ചു പിതാക്കന്മാരിൽ ഒരാളുമായി അദ്ദേഹം കണക്കാക്കപ്പെടുന്നു. റോമൻ കത്തോലിക്കാ സഭയും പൗരസ്ത്യ ഓർത്തൊഡോക്സ് സഭയും ഗ്രിഗോറിയോസിനെ വിശുദ്ധനായി അംഗീകരിക്കുന്നു. മരണത്തിനു തൊട്ടുപിന്നാലെ, ജനാഭിലാഷം മാനിച്ച് അദ്ദേഹത്തെ വിശുദ്ധപദവിയിലേയ്ക്കുയർത്തുകയാണുണ്ടായത്.[3] പ്രൊട്ടസ്റ്റന്റ് വിപ്ലവത്തിന്റെ നായകന്മാരിൽ ഒരുവനായ ജോൺ കാൽവിൽ പോലും ഗ്രിഗോറിയോസിനെ ബഹുമാനിച്ചിരുന്നു. "ഇൻസ്റ്റിട്യൂട്ടുകൾ" എന്ന പ്രഖ്യാതകൃതിയിൽ കാൽവിൽ ഗ്രിഗോറിയോസിനെ, "അവസാനത്തെ നല്ല മാർപ്പാപ്പ" എന്നു വിശേഷിപ്പിച്ചു.[4] സംഗീതജ്ഞന്മാരുടേയും, ഗായകരുടേയും, വിദ്യാർത്ഥികളുടേയും, അദ്ധ്യാപകരുടേയും മദ്ധ്യസ്ഥനായ വിശുദ്ധനാണ്(Patron Saint) ഗ്രിഗോറിയോസ്.[5]

ആദ്യകാലജീവിതം

തിരുത്തുക

റോമാ നഗരം കേന്ദ്രമാക്കിയിരുന്ന പാശ്ചാത്യറോമാസാമ്രാജ്യത്തിന്റെ പതനത്തെ തുടർന്നുള്ള അരാജകത്വത്തിന്റെ കാലഘട്ടത്തിൽ റോമിലെ സമ്പന്ന പ്രഭുകുടുംബങ്ങളിൽ ഒന്നിലാണ് ഗ്രിഗോറിയോസ് ജനിച്ചത്. ഗോർഡിയാനോസും സിൽവിയായും [ക] ആയിരുന്നു മാതാപിതാക്കൾ.[6] റോമൻ രാഷ്ടീയത്തിലേയും ക്രിസ്തീയസഭയിലേയും അധികാരസ്ഥാനങ്ങളുമായി അദ്ദേഹത്തിന്റെ കുടുംബം ബന്ധപ്പെട്ടിരുന്നു. ഗോത്രജനതകളുടെ ആക്രമണത്തിൽ റോമിന്റെ പതനം നടന്നതിന് തൊട്ടുപിന്നാലെ ഒരു പതിറ്റാണ്ട് (483-92) മാർപ്പാപ്പയായിരുന്ന ഫെലിക്സ് മൂന്നാമൻ ഗ്രിഗോറിയോസിന്റെ മുതു-മുതു-മുത്തച്ഛനായിരുന്നു. ഗ്രിഗോറിയോസ് ബാല്യയൗവനങ്ങൾ ചെലവഴിച്ചത് റോമിൽ സീലിയൻ മലകളിലെ ഒരു കൊട്ടാരത്തിലാണ്. ഗ്രീക്ക് ഭാഷയിൽ പ്രാവീണ്യം നേടാനായില്ലെന്നതൊഴിച്ചാൽ[ഖ] സാമാന്യം നല്ല വിദ്യാഭ്യാസമാണ് അദ്ദേഹത്തിന് ലഭിച്ചത്.[7] പിതാവിന്റെ മരണത്തെ തുടർന്ന് ഗ്രിഗോറിയോസ് വലിയ സ്വത്തിന് അവകാശിയായി. രാഷ്ട്രീയാധികാരത്തിൽ ഉയർന്ന അദ്ദേഹം റോമിലെ നഗരപിതാവിന്റെ പദവിയോളമെത്തി. എന്നാൽ, ഇറ്റലിയിൽ നിലനിന്നിരുന്ന അരാജകത്വം കണ്ട് ലോകത്തിന്റെ അവസാനം അടുക്കാറായെന്നു കരുതിയ അദ്ദേഹത്തിന് ഭൗതികമായ അധികാരത്തിലും പദവികളിലും താത്പര്യമില്ലാതായി. നഗരപിതാവിന്റെ പദവിയിലെത്തി ഒരു വർഷം കഴിഞ്ഞ് ഗ്രിഗോറിയോസ് തന്റെ സമ്പത്തിൽ ഗണ്യമായ ഭാഗം ഏഴു സന്യാസാശ്രമങ്ങൾ സ്ഥാപിക്കാൻ ഉപയോഗിക്കുകയും അവശേഷിച്ചത് ദരിദ്രർക്ക് ദാനം ചെയ്യുകയും ചെയ്തു. സീലിയൻ കുന്നുകളിലെ തന്റെ കൊട്ടാരം വിശുദ്ധ അന്ത്രയോസിന്റെ പേരിൽ ഒരു ബെനഡിക്ടൻ സന്യാസാശ്രമമാക്കി മാറ്റി അദ്ദേഹം അവിടത്തെ ആദ്യസന്യാസിയായി. പാകം ചെയ്യാത്ത പച്ചക്കറികളും പഴങ്ങളും മാത്രം കഴിച്ചായിരുന്നു ജീവിതം. കഠിനമായ തപശ്ചര്യകൾ അദ്ദേഹത്തിന്റെ ആരോഗ്യം തകർത്തു. എങ്കിലും സന്യാസിയായി കഴിഞ്ഞ ഈ കാലത്തെ അദ്ദേഹം പിന്നീട് അനുസ്മരിച്ചത്, തന്റെ ജീവിതത്തിലെ ഏറ്റവും സന്തോഷം നിറഞ്ഞ കാലമായാണ്.[8]

നയതന്ത്രജ്ഞൻ

തിരുത്തുക

സന്യാസാവസ്ഥയിൽ മൂന്നു വർഷം കഴിഞ്ഞപ്പോൾ, അന്ന് മാർപ്പാപ്പയായിരുന്ന ഒന്നാം ബെനഡിക്ട്, ഗ്രിഗൊറിയോസിനെ തന്റെ സഹായികളിൽ ഒരാളായി നിയമിച്ചു. ബെനഡിക്ടിന്റെ പിൻഗാമിയായി വന്ന പെലാജിയസ് രാണ്ടാമൻ ക്രി.വ. 579-ൽ അദ്ദേഹത്തെ തന്റെ പ്രതിനിധിയായി ബൈസാന്തിയസാമ്രാജ്യത്തിന്റെ തലസ്ഥാനമായ കോൺസ്റ്റാന്റിനോപ്പിളിലേക്കയച്ചു. ആ തലസ്ഥാനനഗരിയിലെ ആഡംബരങ്ങൾക്കു നടുവിലും അദ്ദേഹം സന്യാസിയുടെ ലാളിത്യത്തിൽ ജീവിച്ചു.[8] ഗ്രിഗോറിയോസിനെ ഏല്പിച്ചിരുന്ന ദൗത്യങ്ങളിലൊന്ന് റോമിനെ ആക്രമിച്ചുകൊണ്ടിരുന്ന ലൊംബാർഡുകൾക്കെതിരെ ബൈസാന്തിയ സാമ്രാജ്യത്തിന്റെ സൈനിക സഹായം നേടുക എന്നതായിരുന്നു. ആ ദൗത്യത്തിൽ അദ്ദേഹം വിജയിച്ചില്ല. എന്നാൽ, കോൺസ്റ്റാന്റിനോപ്പിളിൽ, പൗരസ്ത്യസാമ്രാജ്യത്തിലെ രാജകുടുംബാംഗങ്ങൾ ഉൾപ്പെടെയുള്ള പ്രമുഖരുമായി അദ്ദേഹം അടുത്ത ബന്ധം സ്ഥാപിച്ചു. നയതന്ത്രജ്ഞനെന്ന നിലയിൽ നേടിയ പരിചയം മാർപ്പാപ്പയായിരിക്കെ രാഷ്ട്രനീതിയും നയതന്ത്രവുമായി ബന്ധപ്പെട്ട സങ്കീർണ്ണസമസ്യകൾ കൈകാര്യം ചെയ്യുന്നതിൽ അദ്ദേഹത്തെ സഹായിച്ചു.

നയതന്ത്രദൗത്യത്തിനിടെ ഗ്രിഗോറിയോസ് ദൈവശാസ്ത്രപരമായ ഒരു സം‌വാദത്തിലും ചെന്നുപെട്ടു. മരണാനന്തരം, പരലോകപ്രാപ്തിക്കായി ഉയിർത്തെഴുന്നേൽക്കുന്ന മനുഷ്യശരീരങ്ങൾ അമൂർത്തമായിരിക്കുമെന്ന് (incorporeal) കോൺസ്റ്റാന്റിനോപ്പിളിലെ അന്നു പാത്രിയർക്കീസായിരുന്ന യൂത്തിക്കിയസ് പഠിപ്പിച്ചിരുന്നു. ഗ്രിഗോറിയോസ് ഇതിനെ എതിർത്തു. ഉയിർത്തെഴുന്നേല്പിൽ മനുഷ്യശരീരങ്ങൾ മൂർത്തമായിരിക്കുമെന്ന് അദ്ദേഹം വാദിച്ചു. ഉയിർത്തെഴുന്നേറ്റ ക്രിസ്തുവിന്റെ ശരീരം തോമസ് അപ്പൊസ്തോലൻ സ്പർശിച്ചതും മറ്റും അദ്ദേഹം തന്റെ നിലപാടിന് തെളിവായി അവതരിപ്പിച്ചതിനാൽ ചക്രവർത്തി ഗ്രിഗോറിയോസിന്റെ നിലപാട് അംഗീകരിച്ചു.[7] ബൈബിളിലെ ഇയ്യോബിന്റെ പുസ്തകത്തിന്റെ ഒരു വ്യാഖ്യാനം അദ്ദേഹം എഴുതിത്തുടങ്ങിയതും കോൺസ്റ്റാന്റിനോപ്പിളിൽ വച്ചാണ്.

റോമിൽ തിരികെ

തിരുത്തുക

കോൺസ്റ്റാന്റിനോപ്പിളിൽ ആറുവർഷത്തെ നയതന്ത്രദൗത്യം പൂർത്തിയാക്കി ക്രി.വ. 585-ൽ ഗ്രിഗോറിയോസ് റോമിൽ മടങ്ങി വന്നു. ഒരിക്കൽ കൂടി അദ്ദേഹം താൻ സ്ഥാപിച്ച സന്യാസാശ്രമത്തിന്റെ അധിപനായി. ഇക്കാലത്ത് ഇയ്യോബിന്റെ പുസ്തകത്തെക്കുറിച്ചുള്ള തന്റെ രചന അദ്ദേഹം പൂർത്തിയാക്കി.

ഇംഗ്ലീഷ് സഭയിൽ പ്രചാരത്തിലുള്ളതും ബീഡിന്റെ സഭാചരിത്രത്തിൽ രേഖപ്പെടുത്തിയിരിക്കുന്നതുമായ ഒരു പാരമ്പര്യമനുസരിച്ച്, ഇക്കാലത്ത് റോമിലെ അടിമച്ചന്തയിൽ വില്പനയ്ക്ക് നിർത്തിയിരുന്ന കുറേ ഇംഗ്ലീഷ് യുവാക്കളെ കണ്ടുമുട്ടാനിടയായത്, പിൽക്കാലത്ത് ഇംഗ്ലണ്ടിന്റെ ക്രൈസ്തവീകരണത്തിന് മുൻകൈയ്യെടുക്കാൻ ഗ്രിഗോറിയോസിനെ പ്രേരിപ്പിച്ചു. കോമളന്മാരായ ആ യുവാക്കൾ ഏതു നാട്ടുകാരാണെന്ന ഗ്രിഗറിയോസിന്റെ അന്വേഷണത്തിന് 'ആംഗിളുകൾ' (Angles) എന്ന് യുവാക്കൾ മറുപടി പറഞ്ഞപ്പോൾ അവർ ആംഗിളുകൾ അല്ല എയ്ഞ്ജലുകൾ (Angels - മാലാഖമാർ) ആണെന്ന് ഗ്രിഗോറിയോസ് പ്രതികരിച്ചതായാണ് കഥ. ഈ കഥയനുസരിച്ച്, മാർപ്പാപ്പയുടെ അനുവാദത്തോടെ ഇംഗ്ലണ്ടിലേയ്ക്ക് വേദപ്രചാരത്തിന് പോകാനൊരുങ്ങിയ ഗ്രിഗോറിയോസിന് റോമിലെ പൗരജനങ്ങളുടെ നിർബ്ബന്ധം മൂലം ദൗത്യം ഉപേക്ഷിച്ച് മടങ്ങേണ്ടി വന്നു.[9][ഗ] പിന്നീട് മാർപ്പാപ്പയായിരിക്കെ അദ്ദേഹം റോമിൽ തന്റെ ആശ്രമത്തിന്റെ അധിപനായിരുന്ന ആഗസ്തീനോസിന്റെ നേതൃത്വത്തിൽ ഒരു വേദപ്രചാരകസംഘത്തെ ഇംഗ്ലണ്ടിലേയ്ക്ക് അയച്ചു.

മാർപ്പാപ്പാ സ്ഥാനത്തേക്ക്

തിരുത്തുക
 
മാർപ്പാപ്പയുടെ സ്ഥാനവസ്ത്രങ്ങളിൽ ഗ്രിഗോറിയോസിനെ അവതരിപ്പിക്കുന്ന ഒരു ചിത്രം

ക്രി.വ. 589-ൽ ടൈബർ നദി കവിഞ്ഞൊഴുകിയുണ്ടായ വെള്ളപ്പൊക്കത്തെ തുടർന്ന് റോമിൽ പഞ്ഞവും പ്ലേഗ് രോഗവും പടർന്നു. 590 ഫെബ്രുവരിയിൽ പെലാജിയസ് രണ്ടാമൻ മാർപ്പാപ്പ പ്ലേഗു ബാധിച്ചു മരിച്ചതിനെ തുടർന്ന് ഗ്രിഗോറിയോസ്, മാർപ്പാപ്പ സ്ഥാനത്തേക്ക് തെരഞ്ഞെടുക്കപ്പെട്ടു. അക്കാലത്ത് മാർപ്പാപ്പയുടെ തെരഞ്ഞെടുപ്പിന് ബൈസാന്തിയ ചക്രവർത്തിയുടെ അംഗീകാരം ആവശ്യമുണ്ടായിരുന്നു. സന്യാസാവസ്ഥയിൽ നിന്നുള്ള മാറ്റം ആഗ്രഹിക്കാതിരുന്ന ഗ്രിഗോറിയോസ്, മാർപ്പാപ്പയായി തന്നെ അംഗീകരിക്കരുതെന്നാവശ്യപ്പെട്ട് ചക്രവർത്തിക്ക് കത്തെഴുതിയതായി പറയപ്പെടുന്നു. ആ കത്ത് കണ്ടെത്തിയ റോമിലെ നഗരപിതാവ് ജെർമാനസ് അത് കോൺസ്റ്റാന്റിനോപ്പിളിൽ എത്താൻ ഇടയാകാതെ നശിപ്പിച്ചു കളഞ്ഞു. തെരഞ്ഞെടുപ്പിന് ചക്രവർത്തിയുടെ അംഗീകാരം ലഭിക്കുന്നതിനു മുൻപുള്ള ആറുമാസത്തെ ഇടവേളയിൽ ഗ്രിഗോറിയോസ്, രോഗവും ദാരിദ്ര്യവും മൂലം വലഞ്ഞിരുന്ന റോമിൽ അനൗപചാരികമായി നേതൃത്വത്തിന്റെ കടമകൾ നിർവഹിച്ചിരുന്നു. ചക്രവർത്തിയുടെ അംഗീകാരം കിട്ടിയതറിഞ്ഞ ഗ്രിഗോറിയോസ് അധികാരം സ്വീകരിക്കാൻ ഇഷ്ടപ്പെടാതെ ഒളിച്ചോടാൻ ശ്രമിച്ചെന്നും അദ്ദേഹത്തെ പിടികൂടി പത്രോസിന്റെ ബസിലിക്കായിൽ കൊണ്ടുപോയി അധികാരമേല്പിക്കുകയാണുണ്ടായതെന്നും ഒരു കഥയുണ്ട്.[6]

"ദൈവസേവകരുടെ സേവകൻ"

തിരുത്തുക

തനിക്കു കിട്ടിയ ചുമതലയുടെ കാഠിന്യം മനസ്സിലാക്കിയിരുന്ന അദ്ദേഹം, കർത്താവ് തന്നെ എല്പിച്ചത്, ദ്രവിച്ച ഒരു പഴഞ്ചൻ തോണിയാണെന്ന് പരാതിപ്പെടുകകൂടി ചെയ്തു.[1] അൻപതാമത്തെ വയസ്സിൽ മാർപ്പാപ്പായാകുമ്പോൾ ഗ്രിഗോറിയോസ് പലതരം രോഗങ്ങൾ കൊണ്ട് വലഞ്ഞിരുന്നു. ഉദരരോഗവും, ചെറിയ പനിയും, സന്ധിവാതവും അദ്ദേഹത്തെ വിട്ടുമാറിയില്ല. കഠിനമായ തപശ്ചര്യകൾ ഗ്രിഗോറിയോസ് അകാലത്തിൽ വൃദ്ധനാക്കിയിരുന്നു. എന്നാൽ അടുത്ത പതിനാലു വർഷക്കാലം അദ്ദേഹം പുതിയ സ്ഥാനത്തിന്റെ നിർവഹണത്തിൽ കഠിനാദ്ധ്വാനം ചെയ്തു. വ്യാധികളും ദാരിദ്ര്യവും കൊണ്ടു വലഞ്ഞിരുന്ന റോമിൽ ദുരിതാശ്വാസപ്രവർത്തനങ്ങൾക്ക് ഗ്രിഗോറിയോസ് മുൻകൈയ്യെടുത്തു. ദരിദ്രകുടുംബങ്ങൾക്ക് മാസം തോറും ഒരളവ് ധാന്യവും, വീഞ്ഞും, പച്ചക്കറികളും, എണ്ണയും, മത്സ്യവും വസ്ത്രങ്ങളും രോഗികൾക്കും അംഗവിഹീനർക്കും ദിവസേന പാകം ചെയ്ത ഭക്ഷണവും വിതരണം ചെയ്യാൻ ഏർപ്പാടു ചെയ്തു. അലസരും അഴിമതിക്കാരുമായ വൈദികമേലദ്ധ്യക്ഷന്മാരോടും സിവിൽ അധികാരികളോടും നിർദ്ദയം പെരുമാറിയ അദ്ദേഹം കഷ്ടപ്പടുകളുമായി തന്നെ സമീപിച്ചവരോട് ദയാവാത്സല്യങ്ങളോടെ പെരുമാറി. "ദൈവസേവകന്മാരുടെ സേവകൻ" (Servus Servorum Dei) എന്ന് അദ്ദേഹം സ്വയം വിശേഷിപ്പിച്ചു. പിൽക്കാലത്തെ മാർപ്പാപ്പമാരും ഇത് തങ്ങളുടെ സ്വയം വിശേഷണമാക്കി.

റോമിലും മറ്റുമുള്ള സഭയുടെ സ്വത്തുവകകളെ സംരക്ഷിക്കുന്നതിലും കേടുപാടുകൾ തീർത്തു നിലനിർത്തുന്നതിലും അവയിൽ നിന്നു കിട്ടാവുന്ന വരുമാനം സ്വരുക്കൂട്ടി സഭയുടെ സമ്പത്തുവർദ്ധിപ്പിക്കുന്നതിലും താത്പര്യം കാട്ടിയ അദ്ദേഹം, അങ്ങനെ കിട്ടിയ പണം ദരിദ്രരെ സംരക്ഷിക്കാനും റോമിനെ ആക്രമണത്തിൽ നിന്ന് രക്ഷിക്കാൻ വേണ്ട സൈനികശക്തി ആർജ്ജിക്കുന്നതിനും ചെലവഴിച്ചു. ലൊംബാർഡുകളുടെ ആക്രമണത്തിൽ നിന്ന് നഗരത്തെ രക്ഷിക്കാനായി കോൺസ്റ്റാന്റിനോപ്പിളിലെ സാമ്രാജ്യാധികാരികളുമായും ലൊംബാർഡുകളുമായി തന്നെയും ചർച്ചകളിൽ ഏർപ്പെട്ട ഗ്രിഗോറിയോസ് ഒടുവിൽ അവരുമായി സ്വകാര്യസന്ധിയിലേർപ്പെട്ടു.

 
ഗ്രിഗോറിയോസ് ഒന്നാമൻ മാർപ്പാപ്പ - ഫ്രാൻസിസ്കോ ഡി സുർബാൻ വരച്ച ചിത്രം

തന്റെ ഭരണകാലത്ത് മതരാഷ്ട്രീയരംഗങ്ങളിൽ ഇറ്റലിയിലെ ഏറ്റവും തലയെടുപ്പുള്ള വ്യക്തിയായിരുന്നു ഗ്രിഗോറിയോസ്. പാശ്ചാത്യറോമാസാമ്രാജ്യത്തിന്റെ പതനത്തെ തുടർന്നുവന്ന അരാജകത്വ്വത്തിന്റെ ആ യുഗത്തിൽ, ക്രമത്തിനും നീതിക്കും ആത്മീയമൂല്യങ്ങൾക്കും വേണ്ടി നിലകൊള്ളുന്നതും രാഷ്ട്രീയമാനങ്ങൾ ഉള്ളതുമായ ഒരു ദേശാന്തര ധാർമ്മികസാമ്രാജ്യമായി ക്രിസ്തീയസഭയെ അദ്ദേഹം സംഘടിപ്പിച്ചു. അടുത്ത ഒൻപതു നൂറ്റാണ്ടുകാലം റോമൻ സഭയ്ക്ക് പശ്ചിമയൂറോപ്പിൽ കയ്യാളാനായ വ്യാപകമായ അധികാരത്തിന് അടിത്തറ പാകിയത് അദ്ദേഹമായിരുന്നു. മാർപ്പാപ്പയുടെ അധികാരസീമയെക്കുറിച്ച് വലിയ സങ്കല്പമാണ് ഗ്രിഗോറിയോസ് പുലർത്തിയിരുന്നത്. ക്രിസ്തീയസഭയുടെ ആഗോളതലത്തിലെ നേതാവായി അദ്ദേഹം സ്വയം കണ്ടു. പശ്ചിമദിക്കിന്റെ പാത്രിയർക്കീസായ മാർപ്പാപ്പ കോൺസ്റ്റാന്റിനോപ്പിളിലേയും മറ്റിടങ്ങളിലേയും സഭാധികാരികളുടേയും കൂടി തലവനാണെന്നു കരുതിയ അദ്ദേഹം ആ അധികാരത്തിന്റെ പ്രയോഗത്തിനായി അവരെല്ലാവരുമായി നിരന്തരം കത്തിടപാടുകൾ നടത്തി നിർദ്ദേശങ്ങളും ഉത്തരവുകളും എത്തിച്ചു.[1]

റോമിൽ തന്റെ പഴയ കൊട്ടാരത്തിൽ സ്ഥാപിച്ച വിശുദ്ധ അന്ത്രയോസിന്റെ ആശ്രമത്തിന്റെ അധിപൻ, പിൽക്കാലത്ത് ഇംഗ്ലണ്ടിന്റെ സുവിശേഷവൽക്കരണത്തിന്റെ പേരിൽ പ്രസിദ്ധനായിത്തീർന്ന കാന്റബറിയിലെ ആഗസ്തീനോസിന്റെ നേതൃത്വത്തിലുള്ള വേദപ്രചാരസംഘത്തെ ഇംഗ്ലണ്ടിലേക്കയച്ചത് ഗ്രിഗോറിയോസാണ്. ആംഗലസഭയുടെ ചരിത്രകാരൻ "സംപൂജ്യനായ" ബീഡ്, ഗ്രിഗോറിയോസിനെ ഇംഗ്ണ്ടിന്റെ അപ്പൊസ്തോലൻ എന്നു വിളിക്കുന്നു[9] ഗോൾ (ഇന്നത്തെ ഫ്രാൻസും, ബെൽജിയവും) തുടങ്ങിയ മറ്റു പ്രദേശങ്ങളിൽ ക്രിസ്തുമതം പ്രചരിപ്പിക്കുന്നതിനും ആഫ്രിക്കയിലും വടക്കൻ ഇറ്റലിയിലും നിലനിന്നിരുന്ന വിശ്വാസഭംഗങ്ങളെ യാഥാസ്ഥിതികതയുമായി ഇണക്കുന്നതിനും അദ്ദേഹം പരിശ്രമിച്ചു.[6]

ഭരണാധികാരിയെന്ന നിലയിലെ തിരക്കിട്ട ജീവിതത്തിനിടെ ബൃഹത്തായൊരു രചനാസമുച്ചയം ഗ്രിഗോറിയോസ് സൃഷ്ടിച്ചു. അദ്ദേഹത്തിന്റെ രചനകൾക്ക് മദ്ധ്യയുഗത്തിലെ ക്രൈസ്തവലോകത്ത് ഏറെ പ്രചാരമുണ്ടായിരുന്നു.

കത്തുകൾ

തിരുത്തുക
 
സെവിലിലെ മെത്രാൻ വിശുദ്ധ ലിയാണ്ടറിന് ഗ്രിഗോറിയോസ് അയച്ച ഒരു കത്തിന്റെ പന്ത്രണ്ടാം നൂറ്റാണ്ടിലെ കൈയെഴുത്തുപകർപ്പിലുള്ള അലങ്കാരച്ചിത്രം

ഗ്രിഗോറിയോസിന്റെ ഏറ്റവും ശ്രദ്ധേയമായ സാഹിത്യപൈതൃകം അദ്ദേഹം എഴുതിയ എണ്ണൂറോളം കത്തുകളാണ്. ഈ കത്തുകളിൽ അദ്ദേഹത്തിന്റെ ബഹുമുഖമായ വ്യക്തിത്വത്തിന്റേയും അദ്ദേഹം ജീവിച്ച കാലഘട്ടത്തിന്റേയും ഭാവങ്ങൾ പ്രകടമാകുന്നു. നർമ്മം കലർന്ന അധികാരഭാവത്തിലുള്ള ശകാരമാണ് ചില കത്തുകളിൽ. 599ൽ സാർഡീനിയയിൽ കാഗ്ലിയാരിയിലെ വൃദ്ധനായ മെത്രാന്റെ അനീതിയെ വിമർശിച്ച് അയച്ച കത്തിലെ ഒരു ഭാഗം ഇങ്ങനെയായിരുന്നു:

  • "ഒരു ഞായറാഴ്ച വിശുദ്ധകുർബ്ബാന അർപ്പിക്കുന്നതിനു മുൻപ് താങ്കൾ, ഈ കത്തുമായി വരുന്ന മനുഷ്യന്റെ പറമ്പിലെ വിളവ് ഉഴുതുമറിച്ചു എന്ന് ഞാൻ കേട്ടിരിക്കുന്നു....കുർബ്ബാന ചൊല്ലിക്കഴിഞ്ഞ് ആ പറമ്പിന്റെ അതിരുകൾ പിഴുതുമാറ്റാനും താങ്കൾ മടിച്ചില്ല.....എന്നിട്ടും താങ്കളുടെ നരച്ച തലയെ ഞാൻ വെറുതേവിടുന്നുവെന്നോർത്ത്, ഇത്തരം വേണ്ടാധീനങ്ങളിലും പെരുമാറ്റദൂഷ്യത്തിലും നിന്ന് വിട്ടുനിൽക്കാൻ ശ്രദ്ധിക്കുക."

ഡാൽമേഷ്യയിലെ ദേശാധികാരിക്കെഴുതിയ കത്തിൽ ഇങ്ങനെ വായിക്കാം:

  • "ദൈവത്തിനോ മനുഷ്യർക്കോ നിന്നിൽ എന്തു നന്മയാണ് കാണാൻ കഴിയുകയെന്ന് എനിക്ക് മനസ്സിലാകുന്നില്ല.....എന്നെ പ്രീതിപ്പെടുത്താൻ ശ്രമിക്കുന്നതിനു പകരം പൂർണ്ണഹൃദയത്തോടും ആത്മാവോടും കണ്ണീരോടും കൂടെ, രക്ഷകനായ കർത്താവിന്റെ മുൻപിൽ നിന്റെ ചെയ്തികൾക്ക് സമാധാനം പറയാൻ ശ്രമിക്കുകയാണ് വേണ്ടത്."[7]

അഴിമതിക്കാരും അലസന്മാരുമായ പുരോഹിതശ്രേഷ്ഠന്മാർക്കും ഭരണാധികാരികൾക്കും മയമില്ലാത്ത ഭാഷയിൽ എഴുതിയ അദ്ദേഹം, ആകുലതകളുമായി തന്നെ സമീപിച്ചവർക്കെഴുതിയ കത്തുകൾ ദയയുടെ മുത്തുകളാണ്. സഭയുടെ വക ഭൂമിയിൽ ചൂഷണത്തിനു വിധേയയായ ഒരു കർഷകനും, സന്യാസാവസ്ഥയിൽ പ്രവേശിക്കാൻ ആഗ്രഹം പ്രകടിപ്പിച്ച ഒരടിമപ്പെണ്ണിനും, സ്വന്തം പാപങ്ങളെക്കുറിച്ച് ആകുലപ്പെട്ടിരുന്ന ഒരു പ്രഭുവനിതയ്ക്കും എല്ലാം അദ്ദേഹം എഴുതിയത് ആശ്വാസത്തിന്റെ വചനങ്ങളായിരുന്നു.[8]

മറ്റു രചനകൾ

തിരുത്തുക
 
ദൈവപ്രചോദിതനായി എഴുതുന്ന ഗ്രിഗോറിയോസ്- "സമ്പൂജ്യനായ" ബീഡിന്റെ പേരിൽ അറിയപ്പെടുന്ന ഈ ചിത്രത്തിൽ, ഗ്രിഗോറിയോസിന്റെ വലത്തെ ചെവിയോടുചേർന്ന് ദൈവാത്മാവിന്റെ പ്രതീകമായ പ്രാവിനെ ചിതീകരിച്ചിരിക്കുന്നു

മാർപ്പാപ്പയായിത്തീർന്ന ഉടനെ ഗ്രിഗോറിയോസ് "മെത്രാന്മാർക്കുള്ള ഒരു വഴികാട്ടി" പ്രസിദ്ധീകരിച്ചു. താൻ നേതൃത്വം കൊടുക്കുന്ന ജനങ്ങളുടെ ആത്മീയവൈദ്യൻ എന്ന സ്ഥാനമാണ് ഈ കൃതിയിൽ അദ്ദേഹം മെത്രാന്മാർക്ക് കല്പിച്ചത്. നൂറ്റാണ്ടുകളോളം പാശ്ചാത്യലോകത്ത്, ക്രിസ്തീയവൈദികമേലദ്ധ്യാക്ഷന്മാരുടെ "പാഠപുസ്തകം" എന്ന സ്ഥാനം ഈ കൃതി നിലനിർത്തി. "സംഭാഷണങ്ങൾ"(Dialogues) എന്ന കൃതി വിശുദ്ധന്മാരുമായി ബന്ധപ്പെട്ട അത്ഭുതകഥകളും വെളിപാടുകളും പ്രവചനങ്ങളും ചരിത്രകഥകളെന്ന രൂപത്തിൽ അവതരിപ്പിക്കുന്നു. മദ്ധ്യകാലഭാവനയെ എന്തെന്നില്ലാതെ സ്വാധീനിച്ച ഒരു രചനയാണിത്. പാശ്ചാത്യലോകത്ത് ക്രൈസ്തവസന്യാസത്തിന്റെ പ്രാരംഭകനായിരുന്ന ബെനഡിക്റ്റിൻ്റെ ജീവചരിത്രം ഈ കൃതിയുടെ ഭാഗമാണ്. അവിശ്വനീയമായ കല്പിതകഥകളെ ബെനഡിക്ടിന്റെ ജീവിതത്തിലെ യഥാർത്ഥ സംഭവങ്ങളുമായി കൂട്ടിക്കുഴയ്ക്കുന്ന ആരാധാനാഭാവത്തിലുള്ള രചനായാണിത്. ഗ്രിഗോറിയോസിന്റെ മറ്റൊരു രചനയുടെ വിഷയം ബൈബിളിലെ ഇയ്യോബിന്റെ കഥയാണ്. ആ കഥയിലെ സംഭവങ്ങളെ അക്ഷരാർത്ഥത്തിൽ എടുക്കുന്ന ഈ കൃതി, അതിൽ പ്രതീകാത്മകമായ അർത്ഥം കണ്ടെത്താനും ശ്രമിക്കുന്നു.

ഗ്രിഗോറിയോസിന്റെ രചനകളെക്കുറിച്ച് ചരിത്രകാരനായ വിൽ ഡുറാന്റ് ഇങ്ങനെ അഭിപ്രയപ്പെട്ടിട്ടുണ്ട്:

നുറുങ്ങുകൾ

തിരുത്തുക
  • മാർപ്പാപ്പയായിരിക്കെ തന്റെ കൊട്ടാരത്തിനു മുൻപിൽ എത്തിനോക്കിയ ഒരു കുരങ്ങുകളിക്കാരനെ ഗ്രിഗോറിയോസ് അകത്തു വിളിച്ച് ഭക്ഷണപാനീയങ്ങൾ കൊടുത്തു സൽക്കരിച്ചയച്ചു.[8]
  • മതനിരപേക്ഷമായ അറിവിനെ സംശയത്തോടെ വീക്ഷിച്ച ഗ്രിഗോറിയോസ്, ഫ്രാൻസിൽ വിയെന്നെയിലെ മെത്രാനായിരുന്ന ഡെസിഡേറിയസിന് എഴുതിയ കത്തിലെ ഒരു നിരീക്ഷണം ഇതായിരുന്നു: "നിങ്ങൾക്കിടയിൽ ചിലർ ആർക്കൊക്കെയോ വ്യാകരണം വിശദീകരിച്ചു കൊടുക്കുന്നത് പതിവാക്കിയെന്ന കേൾവി നമ്മുടെ ചെവിയിൽ എത്തിയിരിക്കുന്നുവെന്ന് പറയേണ്ടി വന്നതിൽ ലജ്ജിക്കുന്നു. ഇത് നമുക്ക് വല്ലാത്ത ആശങ്കയ്ക്കും വ്യസനത്തിനും കാരണമായിരിക്കുന്നു. ജൂപ്പിറ്റർ ദേവൻ വാഴ്ത്തപ്പെടുന്നിടത്ത് യേശുവിന്റെ പുകഴ്ച കേൾക്കുക അസാദ്ധ്യമാകയാൽ.....ഇതിനെക്കുറിച്ച് ഗൗരവമായി അന്വേഷിച്ച് സത്യാവസ്ഥ കണ്ടെത്തേണ്ടിയിരിക്കുന്നു."[7]

കുറിപ്പുകൾ

തിരുത്തുക

ക. ^ ഗ്രിഗോറിയോസിന്റെ അമ്മ സിൽവിയായും, പിതൃസഹോദരിമാരായ തർസില്ലാ, എമിലിയാന എന്നിവരും കത്തോലിക്കാ സഭയിലെ വിശുദ്ധരാണ്. വിശുദ്ധർക്കിടയിൽ വളർന്ന വിശുദ്ധനെന്ന് അദ്ദേഹം വിശേഷിപ്പിക്കപ്പെട്ടിട്ടുണ്ട്.[6]

ഖ. ^ ഗ്രീക്ക് സംസാരിക്കുന്ന കോൺസ്റ്റാന്റിനോപ്പിളിൽ മാർപ്പാപ്പയുടെ പ്രതിനിധിയായി ആറു വർഷം കഴിച്ചിട്ടും ഗ്രിഗോറിയോസിന് ഗ്രീക്ക് ഭാഷ വഴങ്ങിയില്ല.[7]

ഗ. ^ സുവിശേഷപ്രചരണത്തിന് ഇംഗ്ലണ്ടിലേയ്ക്ക് പോകാനിറങ്ങിയ ഗ്രിഗോറിയോസ് തിരികെ പോരാനിടയായത്, വഴിക്ക് അദ്ദേഹം വായിച്ചുകൊണ്ടിരുന്ന വേദപുസ്തകത്തിൽ ഒരു വെട്ടുക്കിളി(Locust) വന്നു വീണതു മൂലമാണത്രെ. അപ്പോൾ അദ്ദേഹം അറിയാതെ ലത്തിനിൽ locusta എന്നു വിളിച്ചുപറഞ്ഞുപോയി. ആ വാക്ക് മുറിച്ച് "locus sta" എന്നാക്കിയാൽ "നിൽക്കുന്നിത്ത് തുടരുക" എന്നു അർത്ഥമാകും. അത് ഒരു ദൈവികസന്ദേശമായി കണ്ട അദ്ദേഹം റോമിലെ ജനങ്ങളുടെ ആഗ്രഹത്തെ മാനിച്ച് മടങ്ങിപ്പോന്നത്രെ.[8]

  1. 1.0 1.1 1.2 ക്രിസ്തുമതത്തിന്റെ ചരിത്രം, കെന്നത്ത് സ്കോട്ട് ലാറ്റൂറെറ്റ് (പുറങ്ങൾ 337-41)
  2. ജെ. ആൻഡ്രൂ എക്കോണമൗ. 2007. ബൈസാന്തിയ റോമും ഗ്രീക്ക് മാർപ്പാപ്പമാരും: ഗ്രിഗറി മുതൽ സക്കറിയാ വരെയുള്ളവരുടെ കാലത്ത്(590-572), റോമിന്റെയും മാർപ്പാപ്പാസ്ഥാനത്തിന്റേയും മേലുള്ള പൗരസ്ത്യ സ്വാധീനം - ലെക്സിങ്ങ്ടൻ ബുക്ക്സ്.
  3. F.L. Cross, ed. (2005). "Gregory I". The Oxford Dictionary of the Christian Church. New York: Oxford University Press.
  4. F.L. Cross, ed. (1515). "Institutes of the Christian Religion Book IV". Institutes of the Christian Religion Book IV. New York: Oxford University Press.
  5. "ആർക്കൈവ് പകർപ്പ്". Archived from the original on 2008-03-24. Retrieved 2009-11-02.
  6. 6.0 6.1 6.2 6.3 മഹാനായ ഗ്രിഗോറിയോസ്, കത്തോലിക്കാ വിജ്ഞാനകോശം
  7. 7.0 7.1 7.2 7.3 7.4 പാശ്ചാത്യ തത്ത്വചിന്തയുടെ ചരിത്രം, ബെർട്രാൻഡ് റസ്സൽ(പുറങ്ങൾ 381-87)
  8. 8.0 8.1 8.2 8.3 8.4 8.5 വിശ്വാസത്തിന്റെ യുഗം, സംസ്കാരത്തിന്റെ കഥ നാലാം ഭാഗം, വിൽ ഡുറാന്റ്(പുറങ്ങൾ 519-524)
  9. 9.0 9.1 ബീഡ്: ആംഗലജനതയുടെ സഭാചരിത്രം രണ്ടാം ഭാഗം ഒന്നാം അദ്ധ്യായം[പ്രവർത്തിക്കാത്ത കണ്ണി]