ഗുണ്ടർട്ട് ചെയർ
ജർമ്മനിയിലെ ട്യൂബിങ്ങൻ സർവ്വകലാശാലയിൽ മലയാള ഭാഷാപഠനത്തിനായി രൂപീകരിക്കപ്പെട്ട ചെയറാണ് ഗുണ്ടർട്ട് ചെയർ (ഇംഗ്ലീഷിൽ : Gundert Chair)[1]. തുഞ്ചത്തെഴുത്തച്ഛൻ മലയാളസർവകലാശാലയുടെ സഹകരണത്തോടെ രൂപീകരിക്കപ്പെട്ട ഈ പഠനവിഭാഗത്തിന്റെ ഉദ്ഘാടനം നടന്നത് 2015 ഒക്ടോബർ 9-നായിരുന്നു.[1] ഇതാദ്യമായാണ് ഒരു ഇന്ത്യൻ സർവ്വകലാശാല ഒരു വിദേശ സർവ്വകലാശാലയുമായി ചേർന്ന് മലയാളം ചെയർ ആരംഭിക്കുന്നത്.[2] ഈ രണ്ടു സർവ്വകലാശാലകളും തമ്മിൽ രൂപീകരിച്ച ധാരണാപത്രത്തിന്റെ അടിസ്ഥാനത്തിൽ വർഷത്തിൽ രണ്ടു തവണ കേരളത്തിൽ നിന്നുള്ള രണ്ടു പ്രൊഫസർമാരെ ട്യൂബിങ്ങനിലേക്ക് മലയാളം പഠിപ്പിക്കുവാൻ അയയ്ക്കണം.[1] കേന്ദ്രസർക്കാരിന്റെയും യു.ജി.സി.യുടെയും അംഗീകാരത്തോടെ ഗുണ്ടർട്ട് ചെയറിന്റെ ആദ്യത്തെ അധ്യക്ഷനായി ഡോ. സക്റിയ സക്കറിയയെ തെരഞ്ഞെടുത്തു.[3]
ജർമ്മനിയിൽ ജനിച്ച് പിന്നീട് കേരളത്തിലെത്തി മലയാള ഭാഷ പഠിച്ച് വ്യാകരണവും നിഘണ്ടുവും തയ്യാറാക്കിയ ഡോക്ടർ ഹെർമൻ ഗുണ്ടർട്ടിനോടുള്ള ആദരസൂചകമായാണ് ചെയറിന് അദ്ദേഹത്തിന്റെ പേരു നൽകിയിരിക്കുന്നത്.[1]
ഡോ. ഹെർമൻ ഗുണ്ടർട്ട്
തിരുത്തുകമലയാള ഭാഷയ്ക്കു വിലപ്പെട്ട സംഭാവനകൾ നൽകിയ ഭാഷാ പണ്ഡിതനായിരുന്നു ഡോ. ഹെർമൻ ഗുണ്ടർട്ട്. ജർമ്മനിയിൽ ജനിച്ച ഇദ്ദേഹം മിഷനറി പ്രവർത്തനങ്ങൾക്കായി കേരളത്തിലെത്തി തലശ്ശേരിയിലെ ഇല്ലിക്കുന്നിൽ താമസിച്ചു. മലയാള ഭാഷയും കേരളീയ സംസ്കാരവും പഠിക്കുവാൻ ശ്രമിച്ചു. 1859-ൽ മലയാള ഭാഷാവ്യാകരണവും 1872-ൽ മലയാളം-ഇംഗ്ലീഷ് നിഘണ്ടുവും തയ്യാറാക്കി. അദ്ദേഹത്തോടുള്ള ആദരസൂചകമായാണ് മലയാളം ചെയറിന് 'ഗുണ്ടർട്ട് ചെയർ' എന്ന പേരു നൽകിയത്.
ട്യൂബിങ്ങൻ സർവ്വകലാശാല
തിരുത്തുകട്യൂബിങ്ങൻ സർവ്വകലാശാലയുടെ ലോഗോ.
ജർമ്മനിയിലെ പഴക്കം ചെന്ന സർവകലാശാലകളിലൊന്നാണ് ട്യൂബിങ്ങൻ ഏബർ ഹാർഡ് കാൾസ് സർവ്വകലാശാല. 1477-ലാണ് ഇത് സ്ഥാപിക്കപ്പെട്ടത്.[2] ഈ സർവ്വകലാശാലയിൽ നിന്നാണ് ഹെർമൻ ഗുണ്ടർട്ട് തന്റെ ഡോക്ടറേറ്റ് നേടിയത്.[4] അദ്ദേഹം കേരളത്തിൽ നിന്നും സമ്പാദിച്ച താളിയോലകൾ, കൈയെഴുത്തു പ്രതികൾ തുടങ്ങിയ ചില രേഖകൾ ഈ സർവ്വകലാശാലയിൽ ഇപ്പോഴും സൂക്ഷിച്ചുവച്ചിട്ടുണ്ട്. ഏതാണ്ട് നാൽപ്പതിനായിരത്തോളം താളുകളുള്ള അറിവിന്റെ അമൂല്യമായ ശേഖരമാണിത്.[3]
ഈ സർവകലാശാലയിലെ ഏഷ്യൻ ആൻഡ് ഓറിയെന്റൽ സ്റ്റഡീസിനു കീഴിലാണ് ഗുണ്ടർട്ട് ചെയർ പ്രവർത്തിക്കുന്നത്.[4] ഇൻഡോളജി വകുപ്പിനു കീഴിലാണ് മലയാളം ഭാഷാ പാഠങ്ങൾ ഉൾപ്പെടുത്തിയിരിക്കുന്നത്.[2] കൊളോൺ സർവ്വകലാശാലയിൽ ഇൻഡോളജി വകുപ്പും ബോൺ സർവകലാശാലയിൽ മലയാളം വകുപ്പും മുമ്പ് തന്നെ നിലവിലുണ്ടായിരുന്നു.[2]
ഗുണ്ടർട്ട് ചെയറിന്റെ രൂപീകരണം
തിരുത്തുക1980-ൽ ബെർലിനിൽ വച്ചു നടന്ന ലോക മലയാള സമ്മേളനത്തിലാണ് ഗുണ്ടർട്ട് ചെയർ രൂപീകരിക്കണമെന്ന ആശയം ആദ്യം ഉയർന്നുവന്നത്. എന്നാൽ 2013 മുതൽ മലയാള സർവ്വകലാശാലയും ട്യൂബിങ്ങൻ സർവ്വകലാശാലയും തമ്മിൽ നടന്നു വന്ന ചർച്ചകൾക്കു ശേഷമാണ് ചെയറിന്റെ രൂപീകരണം സംബന്ധിച്ച അന്തിമ തീരുമാനമുണ്ടായത്.[1]
2015-ൽ ജർമ്മൻ ചാൻസിലറായ ഏൻജല മെർക്കലിന്റെ ഇന്ത്യാ സന്ദർശനത്തോടനുബന്ധിച്ച് ജർമ്മനിയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഇന്ത്യൻ ഭാഷകളും, ഇന്ത്യയിലെ കേന്ദ്രീയ വിദ്യാലയങ്ങളിൽ ജർമ്മൻ ഭാഷയും പഠിപ്പിക്കുന്നതു സംബന്ധിച്ച കരാർ രൂപീകരിച്ചിരുന്നു.[5] ഈ സമയത്താണ് ഗുണ്ടർട്ട് ചെയറിന്റെ ഉദ്ഘാടനം നടന്നത്. 2015 ഒക്ടോബർ 9-നു നടന്ന ഉദ്ഘാടനച്ചടങ്ങിൽ മലയാളം സർവ്വകലാശാലയുടെ വൈസ് ചാൻസിലർ കെ. ജയകുമാറും പങ്കെടുത്തിരുന്നു.
ചങ്ങനാശ്ശേരി സെന്റ് ബെർക്കുമാൻസ് കോളേജിൽ മലയാളം പ്രൊഫസറായും കാലടിയിലെ ശ്രീ ശങ്കരാചാര്യ സംസ്കൃത സർവകലാശാലയിൽ മലയാളം വിഭാഗം മേധാവിയായും പ്രവർത്തിച്ച ഡോ. സ്കറിയ സക്കറിയയെയാണ് ഗുണ്ടർട്ട് ചെയറിന്റെ ആദ്യത്തെ അധ്യക്ഷനായി നിയമിച്ചത്.[3] ഇദ്ദേഹം ഹെർമൻ ഗുണ്ടർട്ടിന്റെ രചനകളെ ആസ്പദമാക്കി ഗവേഷണങ്ങൾ നടത്തിയിട്ടുണ്ട്.[3]
ലക്ഷ്യങ്ങൾ
തിരുത്തുകഗുണ്ടർട്ട് ചെയറിന്റെ ലക്ഷ്യങ്ങൾ [6]
- ജർമ്മനിയിൽ മലയാളം പഠിക്കാനാഗ്രഹിക്കുന്നവർക്കായി പഠന പദ്ധതി തയ്യാറാക്കുക.
- ഓൺലൈൻ മലയാള പാഠ്യപദ്ധതി ആരംഭിക്കുക
- രണ്ടു സർവ്വകലാശാലകളും തമ്മിൽ സ്റ്റുഡന്റ് എക്സ്ചേഞ്ച് പരിപാടികൾ തയ്യാറാക്കുക.
അവലംബം
തിരുത്തുക- ↑ 1.0 1.1 1.2 1.3 1.4 'ഗുണ്ടർട്ട് ചെയറിന് ഇന്ന് ജർമ്മനിയിൽ തുടക്കം', മലയാള മനോരമ, 2015 ഒക്ടോബർ 9, കൊല്ലം എഡിഷൻ, പേജ്-9.
- ↑ 2.0 2.1 2.2 2.3 "ജർമ്മൻ യൂണിവേഴ്സിറ്റിയിൽ ഗുണ്ടർട്ട് ചെയർ ഉദ്ഘാടനം ഒക്ടോബർ 9ന്". മംഗളം. 2015 ഒക്ടോബർ 2. Retrieved 2015 ഒക്ടോബർ 6.
{{cite web}}
: Check date values in:|accessdate=
and|date=
(help) - ↑ 3.0 3.1 3.2 3.3 "ഡോ. സ്കറിയ സഖറിയാ ട്യൂബിങ്ങൻ യൂണിവേഴ്സിറ്റിയിൽ ഗുണ്ടർട്ട് ചെയർ". മംഗളം. 2015 സെപ്റ്റംബർ 1. Retrieved 2015 ഒക്ടോബർ 6.
{{cite web}}
: Check date values in:|accessdate=
and|date=
(help) - ↑ 4.0 4.1 'ജർമ്മനിയിൽ മലയാളത്തിനൊരിടം', മലയാള മനോരമ, 2015 ഒക്ടോബർ 7, പേജ്-16, കൊല്ലം എഡിഷൻ.
- ↑ 'ഇന്ത്യയിൽ ജർമ്മൻ അധികഭാഷയായി പഠിക്കാം', മലയാള മനോരമ, 2015 ഒക്ടോബർ 7, പേജ്-16.
- ↑ 'ജർമ്മനിയിൽ ഗുണ്ടർട്ട് ചെയർ തുടങ്ങി', മലയാള മനോരമ, 2015 ഒക്ടോബർ 11, പേജ്-5.