കേരളത്തിലെ എറണാകുളം ജില്ലയിലെ എളവൂർ പുത്തൻകാവ് ശ്രീഭഗവതീ ക്ഷേത്രത്തിൽ നടന്നിരുന്ന തൂക്കമാണ് എളവൂർ തൂക്കം. എളവൂർ പുത്തൻകാവിൽ കുറേക്കാലം മുമ്പുവരെ പതിവായി തൂക്കം നടന്നിരുന്നു. വിവിധ സംഘടനകളുടെ എതിർപ്പിനെ തുടർന്ന് 1987-ൽ തൂക്കം നിരോധിച്ചു[1].

തൂക്കുന്ന വിധം, അനുഷ്ഠാനം തിരുത്തുക

നീണ്ട തടികൊണ്ടു നിർമിച്ച ചാടിന്റെ അഗ്രഭാഗത്ത് കീഴിലുള്ള കൊളുത്ത് തൂക്കക്കാരനായ ആളിന്റെ മുതുകിലെ തൊലിയിൽ കോർത്ത് അയാളെ ചാടിൽ നിന്ന് തൂക്കിയിടുകയും ചാട് 30 അടിയോളം ആകാശത്തിലേക്ക് ഉയർത്തിയിട്ട് ക്ഷേത്രത്തിനു ചുറ്റും മൂന്ന് തവണ ചുറ്റിക്കൊണ്ടു പോവുകയും ചെയ്യുന്ന ചടങ്ങായിരുന്നു ഇവിടത്തെ തൂക്കം. ദേവിയുടെ ആരാധകർ നേരുന്ന വഴിപാടായിട്ടാണ് ഇവിടെ തൂക്കം നടത്തിപ്പോന്നത്.

നേർച്ചക്കാർ തൂക്കക്കാരായ ആളുകളേയും നിർദ്ദേശിച്ചുവന്നു. അങ്ങനെ നിർദ്ദേശിക്കപ്പെടുന്ന ആളുകൾ മീനമാസം 1-ാം തീയതി മുതൽ മേടം 10-ാം തീയതി വരെ 41 ദിവസം വ്രതം അനുഷ്ഠിക്കണം. ആ വ്രതകാലത്തിന്റെ അവസാനത്തെ 10 ദിവസങ്ങളിൽ പ്രത്യേകതരം ഔഷധച്ചെടികളുടെ സത്ത് ചേർത്ത് തയ്യാറാക്കിയ എണ്ണകൊണ്ട് അവരുടെ ശരീരം തിരുമ്മുക പതിവായിരുന്നു. ഈ തിരുമ്മലിന്റെ ഫലമായി അവരുടെ ചർമം മാംസത്തിൽ നിന്ന് വേർതിരിയും എന്നാണ് കരുതിപ്പോന്നത്. തൂക്കം കഴിഞ്ഞ് 7 ദിവസം തൂക്കക്കാർ ക്ഷേത്രത്തിനു പുറത്ത് വരാറുണ്ടായിരുന്നില്ല. ഈ സമയത്ത് അവരുടെ ശരീരത്തിൽ ക്ഷേത്രത്തിലെ മഞ്ഞൾപ്പൊടി തേച്ച് കച്ചകൊണ്ട് ബന്ധിക്കുമായിരുന്നു.

തൂക്കക്കാരന്റെ ശരീരത്തിൽ ചാടിലെ കൊളുത്ത് കുത്തിക്കയറ്റുമ്പോൾ പുറത്തുവരുന്ന രക്തത്തിന്റെ രൂപത്തിൽ ദേവിക്ക് രക്തം കൊണ്ട് ബലി നടത്തുക എന്നതായിരുന്നു തൂക്കത്തിന്റെ പിന്നിലുള്ള സങ്കല്പം. ഈ രീതിയിൽ ഭക്തന്മാരുടെ ശരീരത്തിൽ കൊളുത്ത് കുത്തികയറ്റി രക്തം ദേവിയുടെ മുമ്പിൽ അർപ്പിച്ച് തൂക്കം നടത്തുക എന്ന പതിവ് കുറേക്കാലം മുമ്പ് കേരളത്തിനു പുറത്തുള്ള പല ക്ഷേത്രങ്ങളോടനുബന്ധിച്ചും നടന്നിരുന്നതായി ചരിത്ര ഗവേഷകർ ചൂണ്ടിക്കാണിച്ചിട്ടുണ്ട്. എന്നാൽ ഇപ്പോൾ ആ പ്രദേശങ്ങളിൽ ബലികർമരൂപത്തിലുള്ള ഇത്തരം തൂക്കം നടക്കുന്നതായി അറിവില്ല. എളവൂർ കാവിലെ തൂക്കത്തിലും തൂക്കക്കാരന്റെ ചർമത്തിനുള്ളിലേക്ക് കൊളുത്ത് കുത്തിക്കയറ്റി വന്നിരുന്നതുകൊണ്ട് അത് ക്രൂരമായ ഒരു പീഡനം ആണെന്ന അഭിപ്രായം കുറേക്കാലം മുമ്പ് ഉയർന്നു. ഇങ്ങനെ രക്തബലി നടത്തുന്നതിനെതിരായി സംഘടിതമായ പ്രതിഷേധം ഉയർന്നു വരികയും അതിന്റെ ഫലമായി ഇളവൂർ കാവിലെ തൂക്കം ഉപേക്ഷിക്കപ്പെടുകയും ചെയ്തു. മൂന്നുതരം തൂക്കങ്ങൾ പണ്ട് അവിടെ നിലവിലിരുന്നു എന്നും തൂക്കക്കാരൻ ശരീരത്തിന്മേൽ നടത്തുന്ന ചമയത്തെ ആസ്പദമാക്കി ഈ മൂന്നു തരം തൂക്കങ്ങളെ മനുഷ്യത്തൂക്കം, ഗരുഡത്തൂക്കം, ദാരികത്തൂക്കം എന്നീ പേരുകളിൽ വിശേഷിപ്പിച്ചിരുന്നു എന്നും പഴമക്കാർ പറയുന്നു.

വീണ്ടൂം തൂക്കം നടത്തുവാനുള്ള ശ്രമങ്ങൾ തിരുത്തുക

ക്ഷേത്രത്തിൽ 2004-ൽ തൂക്കം നടത്തുവാനുള്ള ശ്രമങ്ങൾ നടത്തിയിരുന്നുവെങ്കിലും എറണാകുളം ജില്ലാ കളക്ടർ പുറപ്പെടുവിച്ച നിരോധന ഉത്തരവ് പ്രകാരം പോലിസ് ക്ഷേത്രത്തിൽ പ്രവേശിക്കുകയും തൂക്കത്തിനായി തയ്യാറാക്കിയ ഉപകരണങ്ങൾ എടുത്ത് മാറ്റുകയും ചെയ്തു. [2] [3]

അവലംബം തിരുത്തുക

 കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർ‌വ്വവിജ്ഞാനകോശത്തിലെ തൂക്കം എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം.
"https://ml.wikipedia.org/w/index.php?title=എളവൂർ_തൂക്കം&oldid=2467173" എന്ന താളിൽനിന്ന് ശേഖരിച്ചത്