കൊല്ലങ്കോട് എന്ന വാക്കാൽ വിവക്ഷിക്കാവുന്ന ഒന്നിലധികം കാര്യങ്ങളുണ്ട്. അവയെക്കുറിച്ചറിയാൻ കൊല്ലങ്കോട് (വിവക്ഷകൾ) എന്ന താൾ കാണുക. കൊല്ലങ്കോട് (വിവക്ഷകൾ)

കൊല്ലങ്കോട്‌ വെങ്കഞ്ഞി വട്ടവിള ശ്രീ‌ഭദ്രകാളി ക്ഷേത്രം കന്യാകുമാരി ജില്ലയിലെ കൊല്ലങ്കോട് എന്ന തീരദേശ‌ഗ്രാമത്തിലാണ് നിലകൊള്ളുന്നത്. രണ്ട് മുടികളിലായി കുടികൊള്ളുന്ന കൊല്ലങ്കോട്ടമ്മയ്ക്ക് കൊല്ലങ്കോട്ടിലെ വട്ടവിള വെങ്കഞ്ഞി എന്നീ രണ്ടു ദേശങ്ങളിലായി രണ്ട് മുടിപ്പുരകളുമുണ്ട്. മൂലക്ഷേത്രമായ വട്ടവിള മുടിപ്പുരയിലാണ് നിത്യപൂജ നടക്കുന്നത്. പ്രസിദ്ധമായ 'കൊല്ലങ്കോട് തൂക്ക'മഹോത്സവം നടക്കുന്ന സമയത്തും (10 ദിവസങ്ങൾ) ഒന്നിടവിട്ട വർഷങ്ങളിലെ വൃശ്ചിക ചിറപ്പ് സമയത്തും(41 ദിവസങ്ങൾ) ദേവി വെങ്കഞ്ഞി ക്ഷേത്രത്തിൽ കുടിയിരിക്കും.

ഐതിഹ്യം

തിരുത്തുക

ക്ഷേത്രത്തിന്റെ ആരംഭത്തിനെക്കുറിച്ച്‌ രേഖാമൂലമായ തെളിവുകളൊന്നും ലഭ്യമല്ല. എന്നിരുന്നാലും തലമുറകളായ്‌ കൈമാറുന്ന ചില ഐതിഹ്യങ്ങളാണ്‌ ഏക ആശ്രയം.ഒരു ഐതിഹ്യം ഇവിടെ വിവരിച്ചിരിക്കുന്നു.

കൊടുങ്ങല്ലൂരിൽ നിന്നും കന്യാകുമാരി ദേവീ ക്ഷേത്രം സന്ദർശിക്കാൻ പോകുന്ന യാത്രക്കിടയിൽ ഒരു ബ്രാഹ്മിണ തീർത്ഥാടകൻ വഴിമധ്യേ ഇവിടുത്തെ "പുറക്കാൽ ഭവനം" എന്ന ഒരു വീട്ടിൽ വിശ്രമിക്കാനിടയായി. ആ സമയത്ത്‌ ആ ഭവനത്തിൽ ഉണ്ടായിരുന്നത്‌ ഒരേ ഒരു വൃദ്ധ സ്‌ത്രീയായിരുന്നു. അവൾ "ആനന്ദി" എന്നും "പൊന്നി" എന്നും പേരുള്ള രണ്ടു പരിചാരകരെ ഈ തീർത്ഥാടകനെ പരിചരിക്കാൻ നിയോഗിച്ചു. അവർ അദ്ദേഹത്തെ പാരമ്പര്യമായ രീതിയിൽ തന്നെ പാൽ, പഴം, ഇളനീർ, അവൽ എന്നിവ നൽകി സ്വീകരിച്ചു. പണ്ഡിതനും, ജോത്സ്യനുമായ ആ ബ്രാഹ്മിണൻ ആ സ്‌ത്രീയോട്‌ അവർ അപ്പോൾ ഗർഭിണിയാണെന്നും, അവൾക്ക്‌ പിറക്കുന്ന ശിശു അമാനുഷിക കഴിവുകൾ ഉള്ളവനും, തികഞ്ഞ ബുദ്ധിശാലിയുമായിരിക്കും എന്നു പ്രവചിച്ചു. ഈ പ്രവചനം "ആദിമാർത്താണ്ടൻ അല്ലെങ്കിൽ മാഹിമാർത്താണ്ടന്റെ" ജനനത്തിന്‌ വഴി തെളിച്ചു, കന്യാകുമാരി ദേവീ ക്ഷേത്രത്തിൽ നിന്നും തിരിച്ചു വരുന്ന വഴിയിൽ ഈ ബ്രാഹ്മണൻ തനിക്ക്‌ വിശ്രമസ്ഥലം തന്ന സ്‌ത്രീക്ക്‌ ഒരു അമൂല്യ ഗ്രന്ഥം സമ്മാനിച്ചു. അദ്ദേഹം "പുരക്കൽ" -ലെ ഒരു കിണറ്റിൽ "സാലഗ്രാമം" എന്ന ഈ ഗ്രന്ഥം നിക്ഷേപിക്കുകയും ഭാവിയിൽ ഈ പ്രദേശം അനുഗൃഹീതം ആകുമെന്ന് പ്രവചിക്കുകയും ചെയ്തു. പിൽക്കാലത്ത്‌ ഈ കിണറ്റിൽ വെള്ളം കോരിക്കൊണ്ടിരുന്ന ഒരു സ്‌ത്രീക്ക്‌ ഈ പുസ്‌തകം ഒരു "പാക്ക്‌" -ന്റെ രൂപത്തിൽ കിട്ടുകയും , ആ പാക്ക്‌ അവൾ മുറിക്കാൻ ശ്രമിച്ചപ്പോൾ അതിൽ നിന്നും രക്തം വരുകയും ചെയ്തു. അതിനാൻ ദേവപ്രശ്നം വച്ചപ്പോൾ, അ സ്‌ഥലത്ത്‌ ഭദ്രകാളിയുടെ പ്രസന്നം തെളിയുകയും, അവിടെ ഒരു ഭദ്രകാളീ ക്ഷേത്രം നിർമ്മിക്കണമെന്നും നിർദ്ദേശിക്കപ്പെട്ടു. ഇന്ന് കാണുന്ന മൂലക്ഷേത്രമായ "പഴയ മുടിപ്പുര" എന്നറിയപ്പെടുന്ന കൊല്ലങ്കോട്‌ വട്ടവിള ഭദ്രകാളീ ക്ഷേത്രം ഇപ്രകാരമാണ്‌ ഉണ്ടായതെന്ന് ഐതിഹ്യം.

ക്ഷേത്രഭരണം

തിരുത്തുക

ഇന്ന് വലിയവീട്‌, കാടാക്കുറിച്ചി,കോവിൽ വിളാകം ഇടവിളാകം, കടയാംതോട്ടം, റാവം, കുറ്ററ, നെടുവിള,കുട്ടമംഗലം, പള്ളിത്തോട്ടം,ചാത്തറ എന്നീ 11 കുടുംബത്തിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ടവരാണ്‌ ക്ഷേത്രഭരണം നിർവ്വഹിക്കുന്നത്‌.

ചരിത്രം

തിരുത്തുക

ഇന്നത്തെ തിരുവനന്തപുരം ജില്ലയിലെ പൂവ്വാർ മുതൽ കന്യാകുമാരി ജില്ലയിലെ തേങ്ങാപ്പട്ടണം വരെ ഉള്ള കടലോര പ്രദേശം കലിംഗരാജപുരം എന്ന പേരിൽ അറിയപ്പെട്ടിരുന്നു.

കലിംഗ യുദ്ധത്തിൽ പരാജയപ്പെട്ട ചിലർ അഭയംതേടി ഇവിടെ വന്നു ചേർന്നു . അന്ന് ഇവിടത്തെ മഹാരാജാവ് അവർക്ക് താമസിക്കാനുള്ള സ്ഥലം ഈ പ്രദേശത്തു അനുവദിച്ചു നൽകി. അതിനുശേഷം ഈ പ്രദേശം 'കലിംഗരാജപുരം' എന്ന പേരിൽ അറിയപ്പെടാൻ തുടങ്ങി.ഇവർ തങ്ങളുടെ കുല ദൈവമായ കാളിയെ ആരാധിച്ചിരുന്നുവത്രെ. പിന്നീട് ഈ പ്രദേശത്ത് ഉണ്ടായ ശക്തമായ കടൽ ക്ഷോഭം കാരണം ഈ പ്രദേശം മുഴുവൻ മണ്ണിനടിയിൽ അകപ്പെട്ടു.കൊല്ലങ്കോടിനടുത്തുള്ള ഒരു സ്ഥലം ഇപ്പോഴും കലിംഗരാജപുരം എന്നറിയപ്പെടുന്നുണ്ട്. അവരുടെ കുല ദൈവമായിരുന്ന കാളിയാണു ഇപ്പോൾ കൊല്ലങ്കോട് വാണരുളുന്ന ശ്രീ ഭദ്രകാളി ദേവി എന്നും പറയുന്നുണ്ട്.ശ്രീ പട്ടം ജി രാമചന്ദ്രൻ നായർ രചിച്ച 'തിരുവനന്തപുരത്തിന്റെ ഇതിഹാസം' എന്ന പുസ്തകത്തിലാണ് ഇതിനെക്കുറിച്ച് പ്രതിപാദിച്ചിരിക്കുന്നത്.

കൊല്ലങ്കോട്‌ ഇലുപ്പമൂട്ടിൽ ശ്രീ.നാരായണ പിള്ള:

കൊല്ലങ്കോട് മുടിപ്പുരയുടെ ഭരണകാര്യങ്ങൾ കൈകാര്യം ചെയ്തിരുന്ന മുൻ കാല സ്ഥാനിമാരിൽ പ്രമുഖനായിരുന്നു നാരായണപിള്ള. വളരെ വർഷങ്ങൾക്കു മുൻപ് കൊല്ലങ്കോട് പഴയ മുടിപ്പുര അഗ്നിക്കിരയായത്രേ.തുടർന്ന് ഇലുപ്പമൂട്ടിൽ ശ്രീ നാരായണ പിള്ളയുടെ നേതൃത്വത്തിൽ മുടിപ്പുര നവീകരിച്ചതെന്ന് പറയപ്പെടുന്നു. കൊല്ലങ്കോട് മുടിപ്പുരയിൽ ലിഖിതമായ ഒരു ഭരണഘടന നിലവിൽ വന്നതും ഇദ്ദേഹത്തിന്റെ കാലഘട്ടത്തിലാണ്. കൊല്ലവർഷം 1126 ചിങ്ങമാസം 17 ആം തിയതി കൊല്ലങ്കോട് സബ് രജിസ്റ്റർ ഓഫീസിൽ ഭരണ ഉടമ്പടി രജിസ്റ്റർ ചെയ്തു. ശ്രീ നാരായണ പിള്ളയുടെ പൗത്രി കൂടിയായ ശ്രീമതി കരുത്തിലവാടി ഓമന അമ്മ(Omana Amma) രചിച്ച് സകേതം പബ്ലിക്കേഷൻ പ്രസദ്ധീകരിച്ച 'കൊല്ലങ്കോട്ടമ്മ' എന്ന പുസ്തകത്തിൽ ഇദ്ദേഹത്തെക്കുറിച്ച് വിവരിക്കുന്നുണ്ട്.

പ്രസിദ്ധമായ "വില്ലിന്മേൽ തൂക്കം" ദേവിയുടെ ജന്മദിനമായ മീനഭരണി നാളിൽ നടക്കുന്നു.തെക്കൻ തിരുവിതാംകൂറിലെ ഏറ്റവും പ്രസിദ്ധമായ ഉത്സവങ്ങളിലൊന്നാണ് കൊല്ലങ്കോട് തൂക്കം. ഇതിനായി വട്ടവിള ക്ഷേത്രത്തിൽ നിന്നും ദേവി വെങ്കഞ്ഞി മുടിപ്പുരയിലേയ്ക്ക് എഴുന്നള്ളുന്നു. തുടർന്ന് 10 ദിവസങ്ങൾ അവിടെ ഉത്സവം നടക്കുന്നു. പത്താം ഉത്സവദിനമായ മീന ഭരണി നാളിലാണ് തൂക്ക മഹോത്സവം.

വട്ടവിള മുടിപ്പുരയിൽ പത്താമുദയത്തിനു നിരവധി ഭക്തജനങ്ങൾ ദേവിക്ക് പൊങ്കാല നൈവേധ്യം അർപ്പിക്കുന്നു.അന്ന് ദേവിക്ക് ലക്ഷാർച്ചനയും നടക്കുന്നു.

12 വർഷത്തിലൊരിക്കലാണ് കൊല്ലങ്കോട് കാളിയൂട്ട് നടക്കുന്നത്. വട്ടവിള മുടിപ്പുരയ്ക്കടുത്തുള്ള കരിവട്ടം വയലിൽ താത്കാലിക മുടിപ്പുര നിർമ്മിച്ചാണ് കാളിയൂട്ട് മഹോത്സവം നടക്കുന്നത്.

തിരുവനന്തപുരത്തിന്റെ ഇതിഹാസം - പട്ടം ജി രാമചന്ദ്രൻ നായർ

കൊല്ലങ്കോട്ടമ്മ - ഓമന അമ്മ

http://kollemcodeonline.blogspot.com http://www.kollemcodedevi.com/ Archived 2019-07-06 at the Wayback Machine.


"https://ml.wikipedia.org/w/index.php?title=കൊല്ലങ്കോട്_ക്ഷേത്രം&oldid=3900393" എന്ന താളിൽനിന്ന് ശേഖരിച്ചത്