ക്രിസ്തുദേവാനുകരണം
ഈ ലേഖനം ഏതെങ്കിലും സ്രോതസ്സുകളിൽ നിന്നുള്ള വേണ്ടത്ര തെളിവുകൾ ഉൾക്കൊള്ളുന്നില്ല. ദയവായി യോഗ്യങ്ങളായ സ്രോതസ്സുകളിൽ നിന്നുമുള്ള അവലംബങ്ങൾ ചേർത്ത് ലേഖനം മെച്ചപ്പെടുത്തുക. അവലംബമില്ലാത്ത വസ്തുതകൾ ചോദ്യം ചെയ്യപ്പെടുകയും നീക്കപ്പെടുകയും ചെയ്തേക്കാം. |
വിഖ്യാത റോമൻ കത്തോലിക്കാ സന്യാസിയായിരുന്ന തോമസ് അക്കെമ്പിസ് പതിനഞ്ചാം നൂറ്റാണ്ടിൽ ലത്തീൻ ഭാഷയിൽ എഴുതിയ De imitatione Christi (ആംഗലഭാഷയിൽ ഇമിറ്റേഷൻ ഓഫ് ക്രൈസ്റ്റ്) എന്ന ക്രിസ്തീയ ധ്യാനാത്മക കൃതിയ്ക്കു് മലയാളത്തിലുണ്ടായ നിരവധി പരിഭാഷകളിലൊന്നാണു് ക്രിസ്തുദേവാനുകരണം. 1937-ൽ മയ്യനാട്ട് ഏ. ജോൺ എഴുതിയ ഇതു് ശ്രദ്ധിയ്ക്കപ്പെട്ടതു് അതിലെ ചില പദപ്രയോഗങ്ങൾ വിവാദമായതിന്റെ പേരിലാണു്. 1942-ൽ രണ്ടാം പതിപ്പു് പ്രസിദ്ധീകരിച്ചു. 1990-കളിൽ എറണാകുളം ബ്രോഡ്വേയിലെ സെയിന്റ് പോൾസ് പ്രസാധകർ ഈ കൃതിയുടെ പുനഃപ്രസിദ്ധീകരണം നടത്തി.
1948-ൽ മത്തായിയുടെ സുവിശേഷത്തിന്റെ പരിഭാഷ പ്രസിദ്ധീകരിച്ചും പിന്നീടു് പുതിയനിയമം മുഴുവനായിത്തന്നെ പരിഭാഷ ചെയ്തു് പ്രസിദ്ധീകരിച്ചും വേദപുസ്തക പരിഭാഷാചരിത്രത്തിൽ സ്ഥാനം നേടിയ മയ്യനാട്ട് ജോൺ[1] ഈ പരിഭാഷ നടത്തിയതു് ഇന്ത്യയിൽ നിന്നു സിംഗപ്പൂരിലേക്കുള്ള ഒരു കപ്പൽ യാത്രക്കിടെയാണു്. പിൽക്കാല ലത്തീൻ ഭാഷയിലുള്ള മൂലകൃതിയുടെ ഇംഗ്ലീഷ് വിവർത്തനത്തെ ആധാരമാക്കിയുള്ള പരിഭാഷയാണിതു്.
വിവാദം
തോമസ് അക്കെമ്പിസിന്റെ പരാമൃഷ്ടകൃതിയ്ക്കു് വേറെ പരിഭാഷകൾ നേരത്തേ തന്നെ മലയാളത്തിൽ ഉണ്ടായിരുന്നു. എന്നാൽ പരമ്പരാഗത ക്രിസ്തീയ ശൈലിയിൽ നിന്നു് വ്യത്യസ്തമായ ക്രിസ്തുദേവാനുകരണം എന്ന മയ്യനാട്ട് ജോണിന്റെ പരിഭാഷ പ്രസിദ്ധീകരിക്കപ്പെട്ടപ്പോൾ അക്കാരണം കൊണ്ടുതന്നെ ശ്രദ്ധനേടി. കേരള ക്രൈസ്തവർ പൊതുവേ അവരുടെ ദൈവശാസ്ത്രവുമായി പൂർണമായി യോജിച്ചുപോകാത്തതാണെന്നു കരുതിയ ചില പദപ്രയോഗങ്ങൾ അന്നു് ക്രിസ്തുദേവാനുകരണത്തിൽ സമൃദ്ധമായി ഉപയോഗിച്ചതാണു് വിവാദങ്ങൾക്കിടയാക്കിയത്.[2]
ഗ്രന്ഥനാമത്തെച്ചൊല്ലി
പ്രധാന തർക്കം പരിഭാഷക്ക് ഗ്രന്ഥകർത്താവ് കൊടുത്ത പേരിനെച്ചൊല്ലിത്തന്നെയായിരുന്നു. പഴയ വിവർത്തനങ്ങൾ ക്രിസ്താനുകരണം, ക്രിസ്‌ത്വാനുകരണം എന്നീ പേരുകളിൽ ആയിരുന്നു. ക്രിസ്താനുകരണം എന്ന പേര് വ്യാകരണത്തിലെ സന്ധിനിയമങ്ങളെ അനുസരിക്കാത്തതിന്റെ പേരിൽ വിമർശിക്കപ്പെട്ടിരുന്നു. [3]
ക്രിസ്ത്വനുകരണം എന്ന പേരാകട്ടെ ശ്രവണസുഖം തരാത്തതാണെന്നു് പലർക്കും പരാതിയുണ്ടായിരുന്നത്രേ. പക്ഷേ, ഈ പരാതികളുമായി തന്റെ പരിഭാഷക്ക് മയ്യനാട് ജോൺ സ്വീകരിച്ച ക്രിസ്തുദേവാനുകരണമെന്ന പേരിലെ ദേവൻ എന്ന വാക്കു്തന്നെ വിമർശിക്കപ്പെട്ടു. ക്രിസ്തുദേവൻ എന്ന പ്രയോഗം ബഹുദൈവവിശ്വാസത്തെ പിന്തുടർന്ന് ക്രിസ്തുവിനെ പല ദേവന്മാരിൽ ഒരാൾ മാത്രമായി തരംതാഴ്ത്തുന്നതിന് തുല്യമായിരിയ്ക്കുമെന്ന് ചിലർക്ക് തോന്നി (ഈ പ്രയോഗം ഹൈന്ദവമാണെന്ന് കടുത്ത യാഥാസ്ഥിതികർ വിമർശിച്ചുവെന്നായിരുന്നു മയ്യനാട് ജോണിന്റെ ആക്ഷേപം). പ്രമുഖ മലയാള പണ്ഡിതനും വിമർശകനുമായിരുന്ന ഐ.സി. ചാക്കോ പോലും ഈ വിമർശനത്തോട് ഒരളവു വരെ സഹമതി പ്രകടിപ്പിച്ചു.[4]
ക്രിസ്തുദേവൻ എന്ന പ്രയോഗത്തിലെ ദേവൻ എന്ന പരാമർശം മൂലകൃതിയുടെ പേരിന്റെ ഭാഗമായിരുന്നില്ല; ഒരുശൈലിയായാണതു് കൂട്ടിച്ചേർത്തതു് (പദാനുപദ വിവർത്തനശൈലിയല്ല മയ്യനാട് ജോൺ പരിഭാഷയിൽ സ്വീകരിച്ചതും). ക്രിസ്തുവിന്റെ മനുഷ്യ വ്യക്തിത്വത്തെ ചെറുതാക്കി കാണിയ്ക്കുന്നതായതിനാൽ ക്രിസ്തുദേവൻ എന്ന പ്രയോഗം ക്രിസ്തുശാസ്ത്രത്തിനു് നിരക്കുന്നതുമായിരുന്നില്ല.[5]
ഉള്ളടക്കത്തിന്റെ പേരിൽ
ഗ്രന്ഥത്തിന്റെ ഉള്ളടക്കത്തിൽ സാധാരണ ക്രിസ്തീയ രചനകളിൽ ഉപയോഗിക്കാറില്ലാത്ത വാക്കുകൾ പരിഭാഷകൻ ധാരാളമായി ഉപയോഗിച്ചിരുന്നതും വിമർശനത്തിനിടയാക്കി. ഭഗവാൻ, ഈശ്വരൻ, വിശ്വരൂപം തുടങ്ങിയ സംസ്കൃതജന്യ മലയാള പദങ്ങളുടെ പേരിലായിരുന്നു ഈ വിമർശനം. വചനമാകുന്ന ദൈവം എന്നതിന് ശബ്ദബ്രഹ്മം എന്നും, അപ്പസ്തോലൻ എന്നതിനു ധർമ്മദൂതൻ എന്നും ഒക്കെ പ്രയയോഗിച്ചുകണ്ടതും പലരേയും അത്ഭുതപ്പെടുത്തി. ഈശ്വരൻ എന്ന പദം ക്രിസ്ത്യാനികൾ സാധാരണയായി ഉപയോഗിയ്ക്കാത്തതു് അതു് പുല്ലിംഗപദമായതുകൊണ്ടാണു്. ദൈവം എന്ന അലിംഗ പദമാണു് പകരം അവർ ഉപയോഗിയ്ക്കുന്നതു്.
ഒന്നാം പുസ്തകം ഒന്നാം അദ്ധ്യായത്തിലെ പ്രസിദ്ധമായ ഒന്നാം ഖണ്ഡികയുടെ പരിഭാഷ ഇങ്ങനെയായിരുന്നു:
എന്നെ പിന്തുടരുന്നവൻ ഇരുട്ടിൽ നടക്കുന്നില്ല എന്നു ഭഗവാൻ പറയുന്നു(യോഹ 8-12). ഇത് ക്രിസ്തുവിന്റെ വചനമാണ്. നമുക്ക് യഥാർഥ പ്രബുദ്ധതയും ഹൃദയത്തിന്റെ അന്ധതയിൽ നിന്ന് മോചനവും സിദ്ധിക്കണമെങ്കിൽ അദ്ദേഹത്തിന്റെ ജീവിതത്തെയും രീതികളെയും അനുകരിക്കണമെന്ന് അത് നമ്മോടുപദേശിക്കുന്നു.
ക്രിസ്ത്വനുകരണം എന്ന പേരിൽ ക്രൈസ്തവ സാഹിത്യ സമിതി (തിരുവല്ല)1996-ലും 2000-ലും പ്രസിദ്ധീകരിച്ച പ്രഫ.കെ വി തമ്പിയുടെ പരിഭാഷയിൽ ഇങ്ങനെയാണാ ഭാഗം:- "എന്നെ അനുഗമിയ്ക്കുന്നവൻ ഒരിയ്ക്കലും ഇരുട്ടിൽ നടക്കുന്നില്ല" എന്നു് നാഥൻ പറയുന്നു. ഈ വാക്കകളിലൂടെ നമ്മുടെ ജീവിതങ്ങളും സ്വഭാവങ്ങളും അവന്റെ പ്രതിരൂപത്തിൽ വാർത്തെടുക്കുവാൻ ക്രിസ്തു നമ്മെ പ്രേരിപ്പിയ്ക്കുന്നു; നാം യഥാർത്ഥത്തിൽ പ്രബുദ്ധരാകുവാനും സകല ഹൃദയാന്ധതകളിൽ നിന്നും മുക്തരാകുവാനും അഭിലഷിയ്ക്കുന്നുവെങ്കിൽ അതുകൊണ്ടു് എല്ലാറ്റിനും ഉപരിയായി യേശു ക്രിസ്തുവിന്റെ ജന്മത്തെ ധ്യാനിയ്ക്കുവാൻ നാം യത്നിയ്ക്കുമെന്നു് ഉറപ്പാക്കുക.[6]
മൂന്നാം പുസ്തകം പത്താം അദ്ധ്യായത്തിന്റെ തുടക്കം മയ്യനാട്ട് ജോൺ പരിഭാഷപ്പെടുത്തിയത് ഇങ്ങനെ:
ഭഗവാനേ, ഇപ്പോൾ ഞാൻ സംസാരിക്കും. ഞാൻ നിശ്ശബ്ദനായിരിക്കുകയില്ല. ഉന്നതനായ എന്റെ ഈശ്വരൻ, എന്റെ ഭഗവാൻ, എന്റെ രാജാവ് കേൾക്കത്തക്കവണ്ണം ഞാൻ ഇപ്രകാരം പറയും. "ഭഗവാനേ, അങ്ങയെ ഭയപ്പെടുന്നവർക്കായി അങ്ങു ഗൂഢമായി സൂക്ഷിച്ചുവച്ചിരിക്കുന്ന അങ്ങയുടെ മാധുര്യം എത്ര മഹത്താകുന്നു."
ക്രിസ്ത്വനുകരണം എന്ന പരിഭാഷയിൽ ഇപ്രകാരമാണതു്: ഞാനെന്റെ നാഥനോടു് വീണ്ടും സംസാരിയ്ക്കും; മാത്രമല്ല, ഞാൻ ഒരിയ്ക്കലും മൗനം ഭജിയ്ക്കുകയില്ല. എന്റെ ദൈവം കേൾക്കത്തക്കവണ്ണം ഞാൻ ഉറക്കെ നിലവിളിയ്ക്കും. സ്വർഗങ്ങളിലെ എന്റെ രാജാവു്, എന്റെ നാഥൻ! നിന്നെ ഭയപ്പെടുന്ന മനുഷ്യർക്കായി, നാഥാ, അങ്ങു് സ്നേഹകാരുണ്യത്തിന്റെ ഏതു് നിധിയാണു് കരുതിവച്ചിരിയ്ക്കുന്നതു്?
മൂന്നാം പുസ്തകത്തിലെ ഇരുപതാം അദ്ധ്യായത്തിന്റെ ഒരു ഭാഗം മയ്യനാട്ട് ജോൺ ഇങ്ങനെയാണു് പരിഭാഷപ്പെടുത്തിയതു്:
പാപത്തിന്റെ രസപ്രദത്വം ലോകാസക്തനായ മനുഷ്യന്റെ ഹൃദയത്തെ കീഴടക്കുകയും മുള്ളുകളുടെ ഇടയിൽ ആനന്ദമുണ്ടെന്ന് അവൻ ഭ്രമിക്കുകയു ചെയ്യുന്നു; എന്തുകൊണ്ടെന്നാൽ, അവൻ ഈശ്വരമാധുര്യമോ പുണ്യത്തിന്റെ ആന്തരമായ ആനന്ദമോ കാണുകയോ ആസ്വദിക്കുകയോ ചെയ്തിട്ടില്ല. എന്നാൽ ലോകത്തെ നിശ്ശേഷം വെറുക്കുകയും ഈശ്വരന്റെ പരിശുദ്ധ ശിക്ഷണത്തിനു വശംവദരായി ജീവിക്കാൻ യത്നിക്കുകയും ചെയ്യുന്നവർക്ക് സർവസംഗപരിത്യാഗികൾക്കു പ്രതിശ്രുതമായിരിക്കുന്ന ദിവ്യമാധുര്യം അനുഭവവേദ്യമാകുന്നു"
ക്രിസ്ത്വനുകരണം എന്ന പരിഭാഷയിൽ അതു് ഇപ്രകാരമാണു്:എന്നാലും ജഡത്തിന്റെ ദുഷ്ടാഭിലാഷങ്ങൾക്കു് ഏറെ കരുത്തുള്ളതിനാൽ അവയെ സംത്യജിയ്ക്കുക കഠിനമെന്നു് നാം കാണുന്നു. ചിലകാര്യങ്ങൾ ലോകത്തെ സ്നേഹിയ്ക്കാൻ നമ്മെ പ്രേരിപ്പിയ്ക്കുന്നു; അതേസമയം മറ്റുചിലവ വെറുക്കാനും . ദുഷ്ടപ്രകൃതിയുടെ സന്ദർപ്പണവും നയന സാഫല്യവും, ജീവനത്തിന്റെ ശൂന്യാർഭാടവും നമ്മെക്കൊണ്ടു് ലോകത്തെ സ്നേഹിപ്പിയ്ക്കുന്നു. എന്നാൽ ഇവയൊക്കെത്തന്നെ എല്ലാ യാതനകളോടെ അവയുടേതായശിക്ഷയെ കൊണ്ടുവരുന്നു; അപ്പോൾ നമുക്കു് ലോകത്തോടു് ദ്വേഷവും ജുഗുപ്സയും തോന്നുന്നു. എന്നാൽ ദുഃഖകരമായ സത്യം ഇതാകുന്നു; ലൗകികമായ മനസ്സിൽ ഇപ്പോഴും അധമമോദങ്ങൾ അവയുടെ ദിനത്തെ വെട്ടിപ്പിടിയ്ക്കുന്നു. മാത്രമല്ല മുള്ളുകൾ മധുരമായ എന്തിനെയോ മൂടിവയ്ക്കുന്നു എന്നു് സങ്കല്പിച്ചുപോകുന്നു. ദൈവമാധുര്യത്തിന്റെ സ്വാദും നന്മയുടെഅന്തർമുഖമായ സന്തോഷവും രുചിയ്ക്കുവാനും അവയുടെ നൈമിഷികദർശനം നേടുവാനും അതിനു് ഒരിയ്ക്കലും കഴിഞ്ഞില്ല എന്നതുകൊണ്ടാണിതു്.
മയ്യനാട്ടിന്റെ പ്രതികരണം
1942-ൽ ഇറങ്ങിയ പുസ്തകത്തിന്റെ രണ്ടാം പതിപ്പിന്റെ മുഖവുരയിൽ, മയ്യനാട് ജോൺ, വിമർശനങ്ങൾക്കു മറുപടി പറഞ്ഞ് ഇങ്ങനെ എഴുതി:-
"മലയാളഭാഷയെ ഹൈന്ദവമെന്നും ക്രൈസ്തവമെന്നും വിഭജിക്കാവുന്നതല്ല. ഈശ്വരൻ, ഭഗവാൻ, ശബ്ദബ്രഹ്മം മുതലായ സുന്ദരങ്ങളും അർത്ഥഗർഭങ്ങളുമായ ഒന്നാം തരം ശബ്ദങ്ങളെ ഹൈന്ദവങ്ങളെന്ന് ആക്ഷേപിച്ചുകൊണ്ട് ക്രിസ്ത്യാനികൾ രണ്ടാം തരമോ മൂന്നാം തരമോ ആയ വിലക്ഷണപദങ്ങൾ തേടിപ്പോകുന്ന സമ്പ്രദായം ഗർഹണീയമാണ്. മറ്റെല്ലാ ഭാഷകളിലുമെന്നപോലെ മലയാളത്തിലും നല്ല ഭാഷയും ഹീനഭാഷയുമുണ്ട്. നല്ല ഭാഷയെ സ്വീകരിക്കുകയും ഹീനഭാഷയെ തിരസ്കരിക്കുകയും ചെയ്യണം. രാജ ഇങ്ഗ്ലീഷ്(King's English) എന്ന മാതിരി 'രാജമലയാളം' എന്നു പറയാവുന്ന സർവസമ്മതമായ ഒരു ഭാഷ മലയാളിക്കുമുണ്ട്. അത് ക്രിസ്ത്യാനിക്കുള്ളതല്ല, അവന്റെ അധ്യാത്മികങ്ങളായ തത്ത്വങ്ങളെയും ആശയങ്ങളെയും പ്രകാശിപ്പിന്നതിൻ അതുപയോഗിക്കാൻ പാടില്ല എന്നൊക്ക ശഠിച്ചുകൊണ്ടിരിക്കുന്നവരിൽ നിന്നു കേരളീയ ക്രൈസ്തവസാഹിത്യത്തെ രക്ഷിക്കണമേയെന്നു പ്രാർഥിക്കേണ്ടിയിരിക്കുന്നു".
അവസാനിയ്ക്കാത്ത വിവാദം
ഏറെ വിമർശിക്കപ്പെട്ടിട്ടും ക്രിസ്തുദേവാനുകരണം, അക്കെമ്പിസ്സിന്റെ പ്രഖ്യാതകൃതിയുടെ മലയാളത്തിലെ പ്രധാന വിവർത്തനങ്ങളിലൊന്നായി പരിഗണിയ്ക്കപ്പെട്ടു. 1990-കളിൽ ഈ കൃതി പുനഃപ്രസിദ്ധീകരിക്കപ്പെട്ടതു് അതിന്റെ തെളിവാണു്. അതേസമയം പരിഭാഷയുടെ ശൈലിയുമായി പൊരുത്തപ്പെടാൻ കേരളക്രൈസ്തവരുടെ സംവേദനശീലത്തിനുള്ള ബുദ്ധിമുട്ട് പുതിയ പതിപ്പുകളോടുള്ള പ്രതികരണത്തിലൂടെ വീണ്ടും ശ്രദ്ധയിൽ കൊണ്ടുവന്നുവെന്നതും അവശേഷിയ്ക്കുന്നു.
സെയിന്റ് പോൾസ് അവരുടെ ഒരു പതിപ്പ് രണ്ടാമതു് ഇറക്കിയപ്പോൾ, ഗ്രന്ഥനാമം ക്രിസ്തുദേവാനുകരണം എന്നു തന്നെ വച്ചെങ്കിലും, ഉള്ളടക്കത്തിലെ ഏറെ വിവാദമുണർത്തിയ പദങ്ങളായ ഈശ്വരൻ, ഭഗവാൻ എന്നിവപോലുള്ളവ ഒഴിവാക്കിയെന്നതു് പ്രധാനമാണു്.
അവലംബം
- ↑ ഡോ. റോസി തമ്പി: ബൈബിളും മലയാളവും; ഡി സി ബുക്സ്, കോട്ടയം; 1996 മാർച്ച്.
- ↑ ഏലിയാസ് വി 1941 മാർച്ച് 19, 20, 21, 22, 23 തിയതികളിലെ മലയാളരാജ്യം പത്രത്തിൽ എഴുതിയ ലേഖന പരമ്പര. ക്രിസ്തുദേവാനുകരണം രണ്ടാം പതിപ്പിന്റെ മുഖവുരയിൽ ഇതേപ്പറ്റി പരാമർശമുണ്ടു്.
- ↑ ക്രിസ്തുദേവാനുകരണം -(സംശോധിതസംസ്കരണം ചെയ്തു് 1990-കളിൽ പുനഃപ്രസിദ്ധീകരിച്ചതു്); പ്രസാധകർ : സെയിന്റ് പോൾസ് , ബ്രോഡ്വേ, എറണാകുളം, 682 031; അച്ചടി - രേഖാ പ്രിന്റേഴ്സ് നവ ദില്ലി
- ↑ ക്രിസ്തുദേവാനുകരണം- രണ്ടാം പതിപ്പിനു് മയ്യനാട് ജോൺ എഴുതിയ മുഖവുര: ക്രിസ്തുദേവാനുകരണം(സംശോധിതസംസ്കരണം ചെയ്തു് 1990-കളിൽ പുനഃപ്രസിദ്ധീകരിച്ചതു്); പ്രസാധകർ : സെയിന്റ് പോൾസ് , ബ്രോഡ്‌വെ, എറണാകുളം, 682 031; അച്ചടി - രേഖാ പ്രിന്റേഴ്സ് നവ ദില്ലി
- ↑ ക്രിസ്തുവിനു് മാനുഷ്യവ്യക്തിത്വവും ദൈവവ്യക്തിത്വവും ഉണ്ടെന്ന നെസ്തോറിയൻ വാദം ക്രി വ 431-ലെ ആകമാന സുന്നഹദോസ് തള്ളിയതാണു്. നെസ്തോറിയൻ പൗരസ്ത്യ സഭ ക്രി വ 431-ലെ ആകമാന സുന്നഹദോസിനെ അംഗീകരിയ്ക്കുന്നില്ല. ഒറ്റവ്യക്തിത്വമേയുള്ളൂവെങ്കിലും ക്രിസ്തുവിനു് മാനുഷിക പ്രകൃതവും ദൈവിക പ്രകൃതവും ഉണ്ടെന്നാണു് റോമൻ കത്തോലിക്കാ സഭ ഉൾപ്പെടുന്ന പാശ്ചാത്യസഭകൾ അംഗീകരിയ്ക്കുന്ന ക്രി വ 451-ലെ കല്ക്കിദോൻ സുന്നഹദോസ് ഭാഷ്യം. പക്ഷേ ക്രിസ്തുവിന്റെ മാനുഷിക-ദൈവിക പ്രകൃതങ്ങൾ കൂടിക്കലരുന്നില്ലെങ്കിലും രണ്ടായി വിഭജിയ്ക്കാനാവാത്തവിധം ഒന്നായിരിയ്ക്കുന്നുവെന്നു് പ്രാചീന ഓർത്തഡോക്സ് സഭയും വാദിയ്ക്കുന്നു. മൂന്നു് കൂട്ടരും കേരളത്തിലുണ്ടു്.
- ↑ പ്രഫ.കെ വി തമ്പി (പരിഭാഷകൻ): ക്രിസ്ത്വനുകരണം; ക്രൈസ്തവ സാഹിത്യ സമിതി, തിരുവല്ല; 1996.