കോയക്കുഞ്ഞി നഹ
മലപ്പുറം ജില്ലയിലെ പ്രസിദ്ധനായ സ്വാതന്ത്ര്യസമര സേനാനിയും കമ്മ്യൂണിസ്റ്റ് നേതാവുമായിരുന്നു കോയക്കുഞ്ഞി നഹ. മുഴുവൻ പേര് പരപ്പനങ്ങാടി മലയമ്പാട്ട് തറവാട്ടിലെ കിഴക്കിനിയകത്ത് കോയക്കുഞ്ഞി നഹ. കോയ ഉമ്മർകോയ എന്ന കോയക്കുട്ടി മരക്കാരുടെയും പാത്തുക്കുട്ടിയുടെയും മകനായി 1909ൽ ജനിച്ച നഹ 1930ലാണ് പൊതുരംഗത്തേക്ക് കടന്നുവന്നത്. നൂറ്റി രണ്ടാം വയസ്സിൽ 2011 ആഗസ്ത് 3 അന്തരിച്ചു.[1]
കോയക്കുഞ്ഞി നഹ | |
---|---|
ഓഫീസിൽ 1930-2011 | |
വ്യക്തിഗത വിവരങ്ങൾ | |
ജനനം | 1909 പരപ്പനങ്ങാടി,മലപ്പുറം, |
മരണം | 2011 ഓഗസ്റ്റ് 03 പരപ്പനങ്ങാടി |
ദേശീയത | ഇന്ത്യൻ |
രാഷ്ട്രീയ കക്ഷി | കോൺഗ്രസ്(1930-41) സി.പി.എം (1941-64), സി.പി.ഐ (1964-2011) |
പങ്കാളി | കുഞ്ഞീവി |
വസതി | പരപ്പനങ്ങാടി |
ജീവിതരേഖ
തിരുത്തുകപരപ്പനങ്ങാടി ബി.ഇ.എം എൽ.പി സ്‌കുൾ, നെടുവ ഗവ. യു.പി സ്‌കുൾ, കോഴിക്കോട് ഗണപത് ഹൈസ്‌കുൾ എന്നിവിടങ്ങളിലായിരുന്നു പഠനം.മദ്രാസ് കേംബ്രിഡ്ജിൽ തുടർപഠനം നടത്തി.[2] മുഹമ്മദ് അബ്ദുർറഹ‌്മാൻ സാഹിബും കെ.സി.കെ. നഹയും സഹപാഠികളായിരുന്നു. 1930 ൽ ഇവരുടെ കൂടെ കോഴിക്കോട് കടപ്പുറത്തേക്ക് ഉപ്പുസത്യാഗ്രഹസമരത്തിൽ പങ്കെടുക്കാൻ പോയതായിരുന്നു കോയക്കുഞ്ഞിനഹ. മുഹമ്മദ് അബ്ദുറഹിമാൻ സാഹിബിന്റെ പങ്കാളിത്തം വീക്ഷിക്കലായിരുന്നു ലക്ഷ്യം. എന്നാൽ അബ്ദുറഹിമാൻ സാഹിബിനെ ബ്രിട്ടീഷ് പോലീസ് ക്രൂരമായി മർദിക്കുന്നതാണ് നഹ കണ്ടത്. ആ കാട്ടുനീതി സഹിക്കാനാകാതെ വീട്ടിൽ തിരിച്ചെത്തിയ നഹ സ്വാതന്ത്ര്യസമര തീച്ചൂളയിലേക്ക് എടുത്തുചാടാൻ തീരുമാനിക്കുകയായിരുന്നു. ഹൈസ്‌കൂൾ പഠനകാലം മുതൽക്കേ ദേശീയ പ്രസ്ഥാനത്തിൽ ആകൃഷ്ടനായിരുന്നു നഹ. മുഹമ്മദ് അബ്ദുറഹിമാൻ സാഹിബിന്റെയും മൊയ്തു മൗലവിയുടെയും ചങ്ങാത്തം പോരാട്ടവീര്യത്തിന് കൂടുതൽ കരുത്തേകി. നാല്പതുകളുടെ തുടക്കമാകുമ്പോഴേക്കും പ്രദേശത്തെ അറിയപ്പെടുന്ന കോൺഗ്രസ് നേതാക്കളിലൊരാളായി നഹ.1952-ൽ മദ്രാസ് സംസ്ഥാനത്തിലേക്കുള്ള തിരഞ്ഞെടുപ്പിൽ കോട്ടയ്ക്കൽ ഫർക്ക (മണ്ഡലം) യിൽ നിന്ന് മത്സരിച്ചിരുന്നു. 1965-ലും 1980-ലും തിരൂരങ്ങാടിയിൽ നിന്ന് കേരള നിയമസഭയിലേക്ക് മത്സരിച്ചു.പരമ്പര്യമായിക്കിട്ടിയ അസ്ഥിചികിത്സാ വൈദഗ്ദ്ധ്യവും കോയക്കുഞ്ഞിനഹയ്ക്കുണ്ടായിരുന്നു. പച്ചിലമരുന്നുകൾ അരച്ചുകെട്ടി നടത്തിയിരുന്ന ചികിത്സ തികച്ചും സൗജന്യമായിരുന്നു. തന്റെ പ്രവർത്തനംകൊണ്ട് സകലരുടെയും ആദരം നേടിയ വ്യക്തിയായിരുന്നു കോയക്കുഞ്ഞിനഹ. 2010ൽ കോയക്കുഞ്ഞിനഹയ്‍ക്ക് മാതൃഭൂമിയുടെ ആദരവും ലഭിച്ചിരുന്നു. നൂറ് വയസ്സ് തികഞ്ഞ കോയക്കുഞ്ഞി നഹയെ 2009 ഒക്‌ടോബർ 11ന് പരപ്പനങ്ങാടിയിൽ പൗരസമൂഹം ആദരിച്ചിരുന്നു.
രാഷ്ട്രീയരംഗം
തിരുത്തുക1941ലാണ് നഹ കോൺഗ്രസ് വിട്ട് അവിഭക്ത കമ്യൂണിസ്റ്റ് പാർട്ടിയിൽ അംഗമാകുന്നത്. മദ്രാസ് അസംബ്ലിയിലേക്ക് ഉൾപ്പെടെ മൂന്നുതവണ നിയമസഭാ തെരഞ്ഞെടുപ്പിൽ എൽ.ഡി.എഫ് സ്ഥാനാർഥിയായി മത്സരിച്ചിട്ടുണ്ട്. ഏറനാട് കേന്ദ്രീകരിച്ച് കമ്യൂണിസ്റ്റ് പാർട്ടി കെട്ടിപ്പടുക്കുന്നതിൽ നേതൃപരമായ പങ്കുവഹിച്ച കോയക്കുഞ്ഞി നഹ പാർട്ടി പിളർന്നതോടെ സി.പി.ഐയിൽ ചേർന്നു.1942ൽ തോട്ടംതൊഴിലാളി സമരവുമായി ബന്ധപ്പെട്ട് ആദ്യം കണ്ണൂർ സെൻട്രൽ ജയിലിലും 1946ൽ വെല്ലൂർ സെൻട്രൽ ജയിലിലും തടവുശിക്ഷ അനുഭവിച്ചിട്ടുണ്ട്. ഒളിവുകാല ജീവിതവും ജയിൽവാസവും നഹയുടെ പോരാട്ട ജീവിതത്തിലെ ചരിത്രമുഹൂർത്തങ്ങളാണ്.കമ്യൂണിസ്റ്റ് പാർട്ടി നിരോധിച്ച 1948 മുതൽ 51 വരെയുള്ള കാലയളവിൽ കോഴിക്കോട്, മാഹി തുടങ്ങിയ സ്ഥലങ്ങളിൽ ഒളിവിലുമായിരുന്നു.1964ൽ പാർട്ടി പിളർന്നപ്പോൾ സി.പി.എമ്മിൽ ചേരാൻ കടുത്ത സമ്മർദമുണ്ടായിരുന്നു. ഇ.എം.എസ്. അടക്കമുള്ളവർ നിർബന്ധിച്ചിട്ടും സി.പി.ഐയിൽത്തന്നെ ഉറച്ച് നിൽക്കുകയായിരുന്നു. 1950ൽ കോട്ടയ്ക്കൽ പറപ്പൂരിൽ നടന്ന 11-ാം പാർട്ടി സമ്മേളനത്തിന് സ്വാഗതസംഘം ചെയർമാനായി തിരഞ്ഞെടുക്കപ്പെട്ടു. മുഹമ്മദ് അബ്‌ദുറഹ്‌മാൻ സാഹിബ്, എ.കെ.ജി, ഇ.എം.എസ്, ഇ.കെ നായനാർ, മൊയ്‌തു മൗലവി, എൻ. കെ കേളു, എം.കുമാരൻ, കെ.സി ജോർജ്, കേരളീയൻ, കെ.പി ഗോപാലൻ, ചാത്തുണ്ണി, എം. കണാരൻ, എ.വി കുഞ്ഞമ്പു, കുഞ്ഞാലി തുടങ്ങിയവർ സഹപ്രവർത്തകരായിരുന്നു. ഇവരിൽ പലരും ഒളിവിൽ താമസിച്ചിരുന്നത് നഹയുടെ വീട്ടിലായിരുന്നു. ഇ.എം.എസ്, എ.കെ. ജി. തുടങ്ങിയവർ നഹ ഒളിവിൽ താമസിച്ച സമയത്തു നമസ്‌കാരത്തിനുള്ള സൗകര്യം ചെയ്‌തു നൽകിയിരുന്നു. നേതാക്കൾക്കിടയിൽ മുല്ല സഖാവ് എന്നറിയപ്പെട്ടു.കൽക്കട്ട, പാലക്കാട് എന്നിവിടങ്ങളിൽ നടന്ന പാർട്ടി കോൺഗ്രസിലും വിജയവാഡയിലും ആസാമിലെ നേത്രകോണ്ടയിൽ നടന്ന കിസാൻസഭ ദേശീയ സമ്മേളനത്തിലും കോയക്കുഞ്ഞി നഹ പങ്കെടുത്തിട്ടുണ്ട്.[3]
സമരരംഗം
തിരുത്തുകമലബാറിലെ കർഷക സമരങ്ങളായ കരിവള്ളൂർ, കാവുമ്പായി, ഓഞ്ചിയം സമരങ്ങളിൽ മുന്നിൽനിന്ന് പ്രവർത്തിച്ചിരുന്നു. കർഷകപ്രക്ഷോഭങ്ങൾ സംഘടിപ്പിക്കുന്നതിൽ പ്രത്യേക താത്പര്യം കാണിച്ചിരുന്ന നഹ കമ്യൂണിസ്റ്റ് പാർട്ടിയുടെ കർഷകവിഭാഗമായ അഖിലേന്ത്യാ കിസാൻസഭയിലാണ് കൂടുതൽ കാലവും പ്രവർത്തിച്ചത്. 40കളിൽ തോട്ടം തൊഴിലാളിസമരവുമായി ഏറനാട്ടിൽനിന്ന് കോഴിക്കോട് കളക്ടറേറ്റിലേക്ക് ജാഥ നയിച്ച നഹയെയും സഹപ്രവർത്തകരെയും കല്ലായിയിൽ പോലീസ് തടഞ്ഞിട്ടും അത് മറികടന്ന് മറ്റൊരു വഴിയിലൂടെ കളക്ടറേറ്റിൽ കയറിയ പോരാട്ടവീര്യവും നഹയ്ക്ക് സ്വന്തം.പരപ്പനങ്ങാടിയിലെ മുസ്‌ലിം ജന്മി കുടുംബത്തിലെ കാരണവരായ കോയക്കുഞ്ഞി നഹ ഭൂപരിഷ്‌കരണ നിയമംവഴി അഞ്ച് ഏക്കറോളം ഭൂമി നഷ്ടപ്പെട്ടിട്ടും കൃഷിഭൂമി കർഷകനെന്ന നയം പ്രാവർത്തികമാക്കാൻ മുൻനിരയിലുണ്ടായിരുന്നു. ദലിതുകളിൽ രാഷ്ട്രീയ ശാക്തീകരണമേകാനും നടത്തിയ ജനകീയ സമരങ്ങളും ഇടപെടലുകളും ശ്രദ്ധേയമാണ്.[4]
സ്ഥാനങ്ങൾ
തിരുത്തുകസി.പി.ഐ കോഴിക്കോട് ജില്ലാ കമ്മിറ്റിയംഗം, മലപ്പുറം ജില്ലാസെക്രട്ടേറിയറ്റംഗം എന്നീ നിലകളിൽ പ്രവർത്തിച്ചിരുന്നു. ലാൻഡ്‌ബോർഡ് മെമ്പർ, പരപ്പനങ്ങാടി സഹകരണ ബാങ്ക് ഡയറക്ടർ, ഫ്രീഡം ഫൈറ്റേഴ്‌സ് ജില്ലാ കമ്മിറ്റി അംഗം, മലബാർ കോ-ഓപ്പറേറ്റീവ് സെൻട്രൽ ബാങ്ക് എക്‌സിക്യൂട്ടീവ് ഡയറക്ടർ, കേരള ഫിനാൻഷ്യൽ എന്റർപ്രൈസസിന്റെ ഡയറക്ടർ തുടങ്ങിയ ഒട്ടേറെ സ്ഥാനങ്ങൾ വഹിച്ചിരുന്നു.നഹ കുടുംബാംഗങ്ങളുടെ കൂട്ടായ്മയുടെ രക്ഷാധികാരിയുമായിരുന്നു കോയക്കുഞ്ഞി നഹ.
മതരംഗം
തിരുത്തുകരാഷ്ട്രീയത്തോടൊപ്പം മതകാര്യങ്ങളിലും നഹ താത്പര്യം കാണിച്ചിരുന്നു.ഉറച്ച കമ്മ്യൂണിസ്റ്റുകാരനായിരിക്കെത്തന്നെ തന്റെ മതവിശ്വാസവും അവസാന നിമിഷംവരെ നഹ കാത്തുസൂക്ഷിച്ചു. പരപ്പനങ്ങാടി മഹല്ല് ജുമാമസ്ജിദിന്റെ ആജീവനാന്ത അധ്യക്ഷൻ, ഹൈദ്രൂസ് പള്ളിയുടെ കാര്യദർശി, നഹ അനുബന്ധ കുടുംബകൂട്ടായ്മയുടെ മുഖ്യരക്ഷാധികാരി, മഞ്ചേരി ദാറുസ്സുന്ന അറബിക് കോളജ് ഭരണസമിതിയംഗം, വണ്ടൂർ ജാമിഅ വഹബിയ്യ കോളജ് ഭരണസമിതി അംഗം, സംസ്ഥാന ജംഇയ്യത്തുൽ ഉലമ സംസ്ഥാന എക്‌സിക്യുട്ടീവ് അംഗം തുടങ്ങിയ സ്ഥാനങ്ങളും വഹിച്ചിട്ടുണ്ട്.
കുടുബം
തിരുത്തുകഭാര്യ: പരേതയായ പാത്തുട്ടി എന്ന കുഞ്ഞീവി. മക്കൾ: പ്രഫ. ഇ.പി. മുഹമ്മദലി (സി.പി.ഐ മലപ്പുറം ജില്ലാ എക്‌സിക്യുട്ടീവംഗം) ഡോ. സൈനുൽ ആബിദീൻ (ഡയറക്ടർ, ഫാറൂഖ് കോളജ്) ഉമ്മർ (നഹാസ് ആശുപത്രി, പരപ്പനങ്ങാടി) മുഹമ്മദ്കുട്ടി (ലണ്ടൻ) കുഞ്ഞാലിക്കുട്ടി, ഉസാമത്ത് (ഇരുവരും റിയാദ്), പാത്തക്കുട്ടി, ഖദീജ, സുഹറ, ആയിശ, നൂറുന്നിസ.
അവലംബം
തിരുത്തുക- ↑ "കോയക്കുഞ്ഞി നഹ നിര്യാതനായി". മാധ്യമം ദിനപത്രം. Retrieved 03 ഓഗസ്റ്റ് 2011.
{{cite web}}
: Check date values in:|accessdate=
(help)[പ്രവർത്തിക്കാത്ത കണ്ണി] - ↑ ദിനപത്രം%5d%5d "പോരാട്ടത്തിന്റെ കനൽ പാതയിൽ". Retrieved 04 ഓഗസ്റ്റ് 2011.
{{cite web}}
: Check|url=
value (help); Check date values in:|accessdate=
(help) - ↑ ദിനപത്രം%5d%5d "രാഷ്ട്രീയ തീച്ചൂളയിൽ". Retrieved 04 ഓഗസ്റ്റ് 2011.
{{cite web}}
: Check|url=
value (help); Check date values in:|accessdate=
(help) - ↑ മനോരമ ദിനപത്രം|മനോരമ ദിനപത്രം%5d%5d "കമ്മ്യൂണിസ്റ്റ് കാരണവർ". Retrieved 04 ഓഗസ്റ്റ് 2011.
{{cite web}}
: Check|url=
value (help); Check date values in:|accessdate=
(help)