കൊളംബിയൻ കൈമാറ്റം
ലോകത്തിന്റെ സംസ്കാരം, ജൈവവ്യവസ്ഥ, കൃഷി, എന്നിവയെ നിർണായകമായി സ്വാധീനിച്ച സംഭവങ്ങളിലൊന്നാണ് കൊളംബിയൻ കൈമാറ്റം. അടിമകൾ, ചെടികൾ, ജന്തുക്കൾ, ഭക്ഷ്യവസ്തുക്കൾ, പകർച്ചവ്യാധികൾ, ആശയങ്ങൾ, എന്നിവ പതിനാറാം നൂറ്റാണ്ടു മുതൽ ഭൂമിയിലെ രണ്ട് അർധഗോളങ്ങൾക്കിടയിൽ പരക്കാൻ തുടങ്ങിയതിനെയാണ് ഈ വാക്കു കൊണ്ട് വിശേഷിപ്പിക്കുന്നത്. 1492 ൽ ക്രിസ്റ്റഫർ കൊളംബസ് അമേരിക്കയിൽ എത്തിയതിനു ശേഷം കോളനിവാഴ്ചയ്ക്കൊപ്പമാണ് ഈ കൈമാറ്റം അരങ്ങേറിയത്. ഗുണത്തിനായാലും ദോഷത്തിനായാലും ലോകത്തെ എല്ലാ സമൂഹങ്ങളെയും അത് സ്വാധീനിച്ചു. ജൈവവ്യവസ്ഥയിലാണ് ഇതിന്റെ ഫലമായി ഏറ്റവുമധികം മാറ്റമുണ്ടായത്. അസംഖ്യം സസ്യജാതികൾ, മൃഗജാതികൾ എന്നിവ മറുനാടുകളിൽ പ്രചരിച്ചു. ഉരുളക്കിഴങ്ങ്, ചോളം, തക്കാളി, എരിവില്ലാത്ത ചുവന്ന മുളകായ പപ്രിക്ക, റബ്ബർ, പൈനാപ്പിൾ, മരച്ചീനി, പപ്പായ, അമരപ്പയർ, ബീൻസ്, കശുമാവ്, കൊക്കോ, നിലക്കടല, മത്തൻ, സൂര്യകാന്തി, മധുരക്കിഴങ്ങ്, പുകയില, വാനില തുടങ്ങിയവയെല്ലാം ലാറ്റിനമേരിക്കയിൽ നിന്ന് മറ്റു ഭൂഖണ്ഡങ്ങളിലെത്തി. ബാർലി, വാഴ, കാബേജ്, കോളിഫ്ലവർ, കാപ്പി, നാരങ്ങ, വെളുത്തുള്ളി, മുതിര, ഉള്ളി, നെല്ല്, കരിമ്പ്, ഗോതമ്പ് തുടങ്ങിയവ ലാറ്റിനമേരിക്കയിലുമെത്തി. കുതിര, കന്നുകാലികൾ, ആട്, ഒട്ടകം, മുയൽ, എലി തുടങ്ങിയ ജന്തുക്കളും കോളറ, ഇൻഫ്ലുവെൻസ. മലേറിയ, മീസ്ൽസ്, നിദ്രാമാരി, വസൂരി, ക്ഷയം, ടൈഫോയ്ഡ് തുടങ്ങിയ രോഗങ്ങളും ലാറ്റിനമേരിക്കയിലെത്തി. ഇങ്ങനെ വന്ന രോഗങ്ങൾ അസംഖ്യം തദ്ദേശീയരെ കൊന്നൊടുക്കുകയും ചെയ്തു.