കേരളത്തിലെ സംരക്ഷിതപ്രദേശങ്ങൾ

കേരളത്തിലെ സംരക്ഷിതപ്രദേശങ്ങൾ
(കേരളത്തിലെ വന്യജീവി സംരക്ഷണകേന്ദ്രങ്ങൾ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ഇന്ത്യയിൽ വംശനാശഭീക്ഷണി നേരിടുന്ന വന്യജീവികളെ സംരക്ഷിക്കുവാനായി ഭാരതസർക്കാർ പ്രത്യേക പരിരക്ഷാ നിയമങ്ങൾ നടപ്പാക്കുന്നു. ഇത് കേരളത്തിലും നടപ്പാക്കി വരുന്നു. 1970 മുതലാണ് കേരളത്തിൽ വനനിയമം പ്രാബല്യത്തിലായത്. 104 ദേശീയ ഉദ്യാനങ്ങളും 551 വന്യജീവി സംരക്ഷണകേന്ദ്രങ്ങളും ഇന്ത്യയിലുണ്ട്. കേരളത്തിൽ 18 വന്യജീവി സംരക്ഷണകേന്ദ്രങ്ങളും 5 ദേശീയ ഉദ്യാനങ്ങളുമാണുള്ളത്[1].

ഇരവികുളം ദേശീയോദ്യാനം

ദേശീയ ഉദ്യാനങ്ങൾ

തിരുത്തുക

ഇരവികുളം ദേശീയോദ്യാനം

തിരുത്തുക
 
ഇരവികുളം ദേശീയോദ്യാനം

മൂന്നാറിൽ നിന്ന് 17 കിലോമീറ്റർ അകലെയായി വംശനാശം നേരിടുന്ന വരയാടുകളുടെ സംരക്ഷണം പ്രധാന ലക്ഷ്യമാക്കി നിലവിൽ വന്ന ദേശീയോദ്യാനമാണ് ഇരവികുളം ദേശീയോദ്യാനം. പശ്ചിമഘട്ടത്തിന്റെ ചെരുവിൽ 2000 മീറ്റർ ഉയരത്തിൽ സ്ഥിതിചെയ്യുന്ന ഈ പ്രദേശം കേരളത്തിലെ ഏറ്റവും ഉയരത്തിൽ സ്ഥിതിചെയ്യുന്ന ദേശിയോദ്യാനമാണ്‌[2]. കണ്ണൻ ദേവൻ ഹിൽ പ്രൊഡ്യൂസ്‌ കമ്പനിയുടെ വേട്ടയാടൽ കേന്ദ്രമായിരുന്ന ഇവിടം 1895-ൽ ഹൈറേഞ്ച് ഗെയിം പ്രിസർവേഷൻ അസോസിയേഷൻ സംരക്ഷിതപ്രദേശമാക്കി മാറ്റി. 1971-ൽ കേരള സർക്കാർ മിച്ചഭൂമിയായി ഏറ്റെടുത്ത ഇവിടത്തിന്റെ പ്രത്യേകത മൂലം വന്യജീവി സംരക്ഷിത പ്രദേശമായി പ്രഖ്യാപിച്ചു. 1975-ൽ ദേശീയോദ്യാനമായി പ്രഖ്യാപിക്കുകയും[3] 1978-ൽ ഇരവികുളം ദേശീയോദ്യാനം എന്നു പേരു നൽകുകയും ചെയ്തു.

സൈലന്റ്‌വാലി ദേശീയോദ്യാനം

തിരുത്തുക
 
സൈലന്റ്‌വാലി ദേശീയോദ്യാനം

പാലക്കാട് ജില്ലയിൽ പശ്ചിമഘട്ടത്തിൽ സ്ഥിതി ചെയ്യുന്ന ദേശീയോദ്യാനമാണ്‌ സൈലന്റ്‌വാലി ദേശീയോദ്യാനം. പ്രാദേശികമായി ഇവിടുത്തെ വനങ്ങളെ സൈരന്ധ്രി വനം എന്നു വിളിക്കുന്നു. 89 ചതുരശ്ര കിലോമീറ്റർ വിസ്തീർണ്ണമുള്ള ഇവിടം ദേശീയോദ്യാനങ്ങളിൽ താരതമ്യേന ചെറുതാണ്. വളരെ പഴക്കമുള്ള വനങ്ങളായതിനാൽ തിരിച്ചറിയപ്പെട്ട ആയിരക്കണക്കിനു ജൈവജാലങ്ങൾക്കൊപ്പം തിരിച്ചറിയപ്പെടാത്തവയും ഇവിടെ ഉണ്ടാകാം എന്നാണ് പരിസ്ഥിതി ശാസ്ത്രജ്ഞരുടെ കണക്കുകൂട്ടൽ. 1000 സസ്യവംശങ്ങളെ ഇവിടുത്തെ മലബാർ മഴക്കാടുകളിൽ കണ്ടെത്തിയിട്ടുണ്ട്. 966 ഇനം സസ്യങ്ങളും പുഷ്പിക്കുന്നവയാണ്. 108 ഇനം ഓർക്കിഡുകളും അവയിൽ പെടുന്നു. 170 ഇനം പക്ഷികളെ കണ്ടെത്തിയിട്ടുള്ളവയിൽ 31 ഇനം ദേശാടകർ ആണെന്നാണ് അനുമാനം. 100 ഇനം ചിത്രശലഭങ്ങളേയും, 400 ഇനം മറ്റു ശലഭങ്ങളേയും ഇവിടെ കണ്ടെത്തിയിട്ടുണ്ട്. സൈലന്റ് വാലിയെ ദേശീയ ഉദ്യാനമായി പ്രഖ്യാപിച്ചത് 1984 നവംബർ 15 ആണ്. സിംഹവാലൻ കുരങ്ങുകളാണ് ഇവിടുത്തെ പ്രധാന ആകർഷണം. സിംഹവാലൻ കുരങ്ങുകൾ സൈലന്റ് വാലിയിൽ കാണാൻ കാരണം വെടി പ്ലാവിന്റെ സാന്നിധ്യമാണ്. പാലക്കാട് ജില്ലയിൽ മണ്ണാർക്കാട് താലൂക്കിൽ സ്ഥിതിചെയ്യുന്നു. ചീവീടുകൾ ഇല്ലാത്ത ദേശീയ ഉദ്യാനമാണ് ഇത്. സൈലൻറ് വാലി എന്ന് പേര് നിർദ്ദേശിച്ച ബ്രിട്ടീഷുകാരനാണ് റോബർട്ട് വൈറ്റ്. കേരളത്തിലെ ഏക കന്യാവനം എന്നറിയപ്പെടുന്നതും സൈലന്റ് വാലിയാണ്.

പാമ്പാടുംചോല

തിരുത്തുക
 
പാമ്പാടുംചോല നാഷണൽ പാർക്കിലൂടെയുള്ള വഴി

കേരളത്തിലെ ഏറ്റവും ചെറിയ ദേശീയോദ്യാനമാണ്‌ പാമ്പാടും ചോല ദേശീയോദ്യാനം[4] [5]. 2004-ലാണ് ദേശീയോദ്യാനമായി പ്രഖ്യാപിച്ചത്. 1.318 ചതുരശ്ര കിലോമീറ്റർ ആണ്‌ വിസ്തൃതിയുള്ള ഈ ഉദ്യാനം ഇടുക്കി ജില്ലയിലെ മറയൂർ വില്ലേജിൽ സ്ഥിതിചെയ്യുന്നു. ചോലപ്പുൽമേട് ആവാസവ്യവസ്ഥയാണ്‌ ഇവിടുത്തെ പ്രത്യേകത. കേരള വനംവകുപ്പിന്റെ കീഴിലെ മൂന്നാർ ഡിവിഷനാണ് ഇതിന്റെ മേൽനോട്ടത്തിന്റെ ചുമതല.

മതികെട്ടാൻ ചോല

തിരുത്തുക

ഇടുക്കി ജില്ലയിലെ ഉടുമ്പൻചോല താലൂക്കിലെ പൂപ്പാറ വില്ലേജിലാണ് മതികെട്ടാൻ ചോല സ്ഥിതി ചെയ്യുന്നത്. 12.817 ചതുരശ്ര കിലോമീറ്റർ ആണ് ഇതിന്റെ വിസ്തീർണ്ണം. 2003 നവംബർ 21 നാണ്‌ ഈ പ്രദേശം ദേശിയോദ്യാനമായി പ്രഖ്യാപിക്കപ്പെട്ടത്. [6] 1897 ൽ തന്നെ തിരുവിതാം കൂർ സർക്കാർ ഈ പ്രദേശത്തെ റിസർവ്വ് വനമായി പ്രഖ്യാപിച്ചിരുന്നു. അത്യപൂർവ്വമായ ചോലപ്പുൽമേട് ആവാസവ്യവസ്ഥ മതികെട്ടാൻ ചോലയുടെ പ്രത്യേകതയാണ്‌.

ആനമുടി ചോല

തിരുത്തുക
 
ആനമുടി ചോല

ഇടുക്കി ജില്ലയിലെ ദേവികുളം താലൂക്കിലെ മറയൂർ വില്ലേജിൽ സ്ഥിതി ചെയ്യുന്ന ദേശീയ ഉദ്യാനമാണ് ആനമുടി ചോല. 7.5 ചതുരശ്ര കിലോമീറ്ററാണ്‌ വിസ്തീർണ്ണമുള്ള ആനമുടി 2004-ലാണ്‌ ദേശീയോദ്യാനമായി തിരഞ്ഞെടുക്കപ്പെട്ടത്. 2003 നവംബർ 21 നാണ് ഇത് ദേശീയോദ്യാനമാക്കാനുള്ള ആദ്യ നിർദ്ദേശം വന്നത്. [7]

വന്യജീവി സംരക്ഷണകേന്ദ്രങ്ങൾ

തിരുത്തുക

പെരിയാർ കടുവ സംരക്ഷിത പ്രദേശം

തിരുത്തുക
 
പെരിയാർ കടുവ സംരക്ഷിത പ്രദേശം

കടുവകളുടെ സംരക്ഷണത്തിനായി ഇന്ത്യയിലുള്ള 27 പ്രദേശങ്ങളിലൊന്നാണ്‌ പെരിയാർ കടുവ സംരക്ഷിത പ്രദേശം. 777 ച.കി.മീ വിസ്തൃതിയുള്ള ഈ പ്രദേശത്ത് നിരവധി തദ്ദേശീയങ്ങളായ സസ്യങ്ങളും ജീവികളും ഉൾക്കൊള്ളുന്നു. പ്രതിവർഷം 3000 മില്ലിമീറ്റർ മഴവരെയും ലഭിക്കാറുണ്ട്‌. ആന സംരക്ഷണ പദ്ധതി പ്രദേശമായും ഈ സ്ഥലത്തെ നിർവചിച്ചിരിക്കുന്നു.

നെയ്യാർ വന്യജീവി സം‌രക്ഷണകേന്ദ്രം

തിരുത്തുക

തിരുവനന്തപുരം ജില്ലയിലാണ് നെയ്യാർ വന്യജീവി സം‌രക്ഷണകേന്ദ്രം സ്ഥിതി ചെയ്യുന്നത്. തിരുവനന്തപുരം നഗരകേന്ദ്രത്തിൽ നിന്നും ഏകദേശം 32 കിലോമീറ്റർ അകലെയായി നെയ്യാർ അണക്കെട്ടിന്റെ സംഭരണ മേഖലയിൽ ഏകദേശം 128 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയിൽ വ്യാപിച്ചുകിടക്കുന്ന വനഭൂമിയാണ്‌ ഇത്. 1958-ലാണ്‌ ഇതിനെ ഒരു വന്യജീവി സം‌രക്ഷണകേന്ദ്രമായി പ്രഖ്യാപിച്ചത്. കേരളത്തിലെ ഏക ലയൺ സഫാരി പാർക്ക് സ്ഥിതി ചെയ്യുന്നത് നെയ്യാറിലെ മരക്കുന്നം ദ്വീപിലാണ്. കേരളത്തിൽ പശ്ചിമഘട്ടം അവസാനിക്കുന്നത് ഇവിടെയാണ്.

പീച്ചി-വാഴാനി വന്യജീവി സംരക്ഷണ കേന്ദ്രം

തിരുത്തുക

തൃശ്ശൂർ ജില്ലയിലാണ് പീച്ചി-വാഴാനി വന്യജീവി സങ്കേതം സ്ഥിതി ചെയ്യുന്നത്.

പറമ്പിക്കുളം വന്യജീവി സംരക്ഷണ കേന്ദ്രം

തിരുത്തുക
 
പറമ്പിക്കുളം വന്യജീവി സംരക്ഷണ കേന്ദ്രം

പാലക്കാട് ജില്ലയിലാണ് പറമ്പിക്കുളം വന്യജീവി സംരക്ഷണ കേന്ദ്രം സ്ഥിതി ചെയ്യുന്നത്. 285 ചതുരശ്ര കിലോമീറ്ററാണ് വിസ്തീർണ്ണം. പാലക്കാട് പട്ടണത്തിൽ നിന്നും 90 കിലോമീറ്റർ ദൂരെയാണ് ഇത്. തമിഴ്നാട്ടിലെ സേത്തുമട എന്ന സ്ഥലത്തുകൂടിയാണ് പറമ്പിക്കുളത്തേക്കുള്ള പ്രധാനപാത കടന്നുപോകുന്നത്. തമിഴ്‌നാട് സംസ്ഥാനത്തിലെ അണ്ണാമലൈ വന്യജീവി സംരക്ഷണകേന്ദ്രവുമായി ഇത് ചേർന്നുകിടക്കുന്നു. ആനകളുടെ താവളം എന്നതിനു ഉപരി കാട്ടുപോത്ത്, മ്ലാവ്, വരയാട്, മുതല എന്നിവയും ചുരുക്കം കടുവകൾ, പുള്ളിപ്പുലികൾ എന്നിവയും ഈ വന്യജീവി സംരക്ഷണകേന്ദ്രത്തിൽ ഉണ്ട്.ഏഷ്യയിലെ ഏറ്റവും വലിയ തേക്ക് മരമായ കന്നിമരം ഇവിടെയുള്ള തൂണക്കടവ് എന്ന സ്ഥലത്താണ്.

വയനാട് വന്യജീവി സം‌രക്ഷണകേന്ദ്രം

തിരുത്തുക

വയനാട് ജില്ലയിൽ സഹ്യപർവ്വതത്തോടു ചേർന്നുകിടക്കുന്ന സംരക്ഷണ കേന്ദ്രമാണ് വയനാട് വന്യജീവി സം‌രക്ഷണകേന്ദ്രം. നീലഗിരി ജൈവമണ്ഡലത്തിന്റെ ഭാഗമായ ഇത് 1973-ലാണ് ഒരു വന്യജീവി സംരക്ഷണ കേന്ദ്രമായി പ്രഖ്യാപിക്കപ്പെട്ടത്. വയനാട് ജില്ലയിൽ സുൽത്താൻ ബത്തേരിക്കും മൈസൂരിനും ഇടയ്ക്കായാണ് ഈ വന്യജീവി സം‌രക്ഷണകേന്ദ്രം സ്ഥിതി ചെയ്യുന്നത്. വലിപ്പത്തിൽ കേരളത്തിലെ വന്യജീവി സം‌രക്ഷണകേന്ദ്രങ്ങളിൽ രണ്ടാം സ്ഥാനമാണ് വയനാടിന്. 1973-ലാണ്‌ വയനാട് വന്യജീവി സം‌രക്ഷണകേന്ദ്രം സ്ഥാപിതമായത്. 1991-92 കാലഘട്ടത്തിൽ ഈ കേന്ദ്രത്തെ പ്രൊജക്ട് എലിഫന്റ് പദ്ധതിയിൽ ഉൾപ്പെടുത്തി. 345 ചതുരശ്ര കിലോമീറ്റർ വരുന്ന വന്യജീവി സം‌രക്ഷണകേന്ദ്രം അപ്പർ വയനാട്, ലോവർ വയനാട് എന്നിങ്ങനെ രണ്ട് ഭാഗങ്ങളായി തിരിച്ചിട്ടുണ്ട്.

ഇടുക്കി വന്യജീവിസങ്കേതം

തിരുത്തുക

ഇടുക്കി ജലസംഭരണിക്ക് ചുറ്റുമുള്ള വനപ്രദേശമാണ് ഇടുക്കി വന്യജീവിസങ്കേതത്തിലുൾപ്പെട്ടിരിക്കുന്നത്. തൊടുപുഴ, ഉടുമ്പൻചോല താലൂക്കുകളിലായി വ്യാപിച്ച് കിടക്കുന്ന ഈ പ്രദേശത്തിന് ഏതാണ്ട് 70 ചതുരശ്രകിലോമീറ്റർ വിസ്ത്രിതിയുണ്ട്. 1976 ഫെബ്രുവരി 9-നാണ് ഇവിടം വന്യജീവി സങ്കേതമാക്കിയത്. സമുദ്രനിരപ്പിൽ നിന്നും അഞ്ഞൂറ് മുതൽ ആയിരം അടി വരെ മുകളിലാണ് ഈ വന്യജീവി സങ്കേതം സ്ഥിതിചെയ്യുന്നത്.

പേപ്പാറ വന്യജീവിസംരക്ഷണകേന്ദ്രം

തിരുത്തുക
 
പേപ്പാറ വന്യജീവിസംരക്ഷണകേന്ദ്രം

തിരുവനന്തപുരം ജില്ലയിലെ പേപ്പാറ ഡാമിനോടനുബന്ധിച്ചുള്ള മേഖലയാണ് പേപ്പാറ വന്യജീവിസംരക്ഷണകേന്ദ്രം. 1983-ലാണ് സംരക്ഷണകേന്ദ്രം നിലവിൽ വന്നത്. ഈ സംരക്ഷണമേഖലയിൽ പ്രധാനമായും കാണപ്പെടുന്നത് കടുവ, ആന, മാൻ, വരയാട് എന്നീ സസ്തനികളാണ്. 43 തരം സസ്തനികളും, 233 തരം പക്ഷികളും, 46 തരം ഉരഗങ്ങളും, 13 തരം ഉഭയജീവികളും 27 തരം മത്സ്യങ്ങളും ഉള്ളതായി രേഖപ്പെടുത്തിയിട്ടുണ്ട്.

ചെന്തുരുണി വന്യജീവി സങ്കേതം

തിരുത്തുക

കൊല്ലം ജില്ലയിൽ പത്തനാപുരം താലൂക്കിൽ സ്ഥിതി ചെയ്യുന്ന വന്യജീവി സങ്കേതമാണ് ചെന്തുരുണി. 1984 ലാണ് ഈ വന്യജീവിസങ്കേതം നിലവിൽ വന്നത്. തെന്മലയാണ്‌ ഇതിന്റെ ആസ്ഥാനം. 171 ച.കി.മീറ്ററാണ് ചെന്തുരുണിയുടെ വിസ്തീർണ്ണം.

ചിന്നാർ വന്യജീവി സംരക്ഷണകേന്ദ്രം

തിരുത്തുക

ഇടുക്കി ജില്ലയിലെ ദേവികുളം താലൂക്കിൽ പെടുന്ന മറയൂരിനടുത്താണ് ചിന്നാർ വന്യജീവി സംരക്ഷണകേന്ദ്രം സ്ഥിതി ചെയ്യുന്നത്. 90.44 ചതുരശ്ര കിലോമീറ്ററാണ് പ്രദേശത്തിന്റെ വിസ്തീർണ്ണം.

ചിമ്മിണി വന്യജീവി സംരക്ഷണകേന്ദ്രം

തിരുത്തുക

തൃശൂർ ജില്ലയിലെ മുകുന്ദപുരം താലൂക്കിലുള്ള ആമ്പല്ലൂരിനടുത്താണ് ചിമ്മിണി വന്യജീവി സംരക്ഷണ കേന്ദ്രം. 100 ച.കി.മീ വിസ്തീർണ്ണമുള്ള ചിമ്മിണി വന്യജീവി സംരക്ഷണകേന്ദ്രം 1984-ലാണ് സ്ഥാപിതമായത്. ആമ്പല്ലൂർ ഗ്രാമത്തിൽ നിന്ന് 28 കിലോമീറ്റർ ദൂരെ സ്ഥിതിചെയ്യുന്ന എച്ചിപ്പാറയാണ്‌ വന്യജീവിസങ്കേതത്തിന്റെ ആസ്ഥാനം. പശ്ചിമഘട്ടത്തിലെ നെല്ലിയാമ്പതി മലകളുടെ പടിഞ്ഞാറേ ചരിവിലാണ് ഈ വന്യജീവി സംരക്ഷണ കേന്ദ്രം സ്ഥിതി ചെയ്യുന്നത്.

ആറളം വന്യജീവി സംരക്ഷണ കേന്ദ്രം

തിരുത്തുക
 
ആറളം വന്യജീവി സംരക്ഷണകേന്ദ്രത്തിൽ നിന്നും ചീങ്കണ്ണിപ്പുഴ

കണ്ണൂർ ജില്ലയിലാണ് ആറളം വന്യജീവി സംരക്ഷണ കേന്ദ്രം സ്ഥിതി ചെയ്യുന്നത്. 55 ചതുരശ്ര കിലോമീറ്ററാണ് ആറളത്തിന്റെ വിസ്തൃതി. 1984 ൽ ആണ് ഈ വന്യജീവിസങ്കേതം രൂപികരിക്കപ്പെട്ടത്. ഇരിട്ടിയിലാണ് വന്യജീവി സങ്കേതത്തിന്റെ വൈൽഡ് ലൈഫ് വാർഡന്റെ കാര്യാലയം സ്ഥിതി ചെയ്യുന്നത്.

മലബാർ വന്യജീവി സങ്കേതം

തിരുത്തുക

2010 ഓഗസ്റ്റ് 8-നാണ് മലബാർ വന്യജീവി സങ്കേതം സ്ഥാപിക്കപ്പെട്ടത്. കോഴിക്കോട് നിന്നും 65 കി.മി ദൂരത്തായി സ്ഥിതി ചെയ്യുന്നു. സം‌രക്ഷണമേഖലയ്ക്ക് 74.22 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയുണ്ട്. കൽ‌പ്പറ്റയിലെ കുറിച്ചി വനമേഖലയും പെരുവണ്ണാമൂഴിയിലെ ഏതാനും വനമേഖലയും താമരശേരി റെയിഞ്ചിലെയും കോഴിക്കോടിലെയും ചില വനമേഖലകളും ചേരുന്നതാണ്‌ ഇതിന്റെ അതിർത്തികൾ.

കൊട്ടിയൂർ വന്യജീവി സങ്കേതം

തിരുത്തുക

കൊട്ടിയൂർ വന്യജീവി സങ്കേതം കണ്ണൂർ ജില്ലയിൽ സ്ഥിതി ചെയ്യുന്നു.[8] ഇത് കേരളത്തിലെ ഇരുപത്തിമൂന്നാമത്തെ വന്യജീവി സങ്കേതമാണ്.[9] വന്യജീവി സങ്കേതത്തിന്റെ മൊത്തം വിസ്തീർണ്ണം 3,037.98 ഹെക്ടർ ആണ്. ഇത് കണ്ണൂർ ജില്ലയിലെ തന്നെ മറ്റൊരു വന്യജീവി സങ്കേതമായ ആറളം വന്യജീവി സങ്കേതമായി ചേർന്നുകിടക്കുന്നു. അതിനുപുറമേ കർണാടക അതിർത്തിയിൽ സ്ഥിതി ചെയ്യുന്ന കടുവ സംരക്ഷണ കേന്ദ്രമായ ബന്ദിപ്പൂർ ദേശീയോദ്യാനവും ഇതിനോട് ചേർന്ന് കിടക്കുന്നു.

കരിമ്പുഴ വന്യജീവി സങ്കേതം

തിരുത്തുക

കേരളത്തിൽ ഏറ്റവും ഒടുവിൽ രൂപീകൃതമായ വന്യജീവി സങ്കേതമാണ്‌ കരിമ്പുഴ വന്യജീവി സങ്കേതം. 2020 ജൂലൈ 3-നാണ് ഈ വന്യജീവി സങ്കേതം നിലവിൽ വന്നത്.

പക്ഷി സങ്കേതങ്ങൾ

തിരുത്തുക

തട്ടേക്കാട് പക്ഷിസങ്കേതം

തിരുത്തുക
 
കോഴിവേഴാമ്പൽ - തട്ടേക്കാടു നിന്നും

1983 ഓഗസ്റ്റ്‌ 27-നാണ് ഡോ. സാലിം അലി പക്ഷിസങ്കേതം അഥവാ തട്ടേക്കാട് പക്ഷിസങ്കേതം നിലവിൽ വന്നത്. 25.16 ച.കി.മി വിസ്തീർണ്ണമുള്ള[10] ഈ പ്രദേശം പലവംശത്തിലുള്ള നാട്ടുപക്ഷികളുടെ ആവാസവ്യവസ്ഥയും കേരളത്തിലെ പ്രശസ്തമായ പക്ഷിസങ്കേതവുമാണ്‌. അവകൂടാതെ പലതരം ദേശാടനപക്ഷികളും കാലാകാലങ്ങളിൽ ഇവിടെ എത്തുന്നു. പ്രശസ്ത ഇന്ത്യൻ പക്ഷിശാസ്ത്രജ്ഞനായ ഡോ. സാലിം അലി പക്ഷിനിരീക്ഷണത്തിനായി പലതവണ ഇവിടെ എത്തിയിരുന്നു. 1950 കളിൽ തന്നെ ഇവിടം ഒരു പക്ഷിസങ്കേതമാക്കണം എന്ന് അദ്ദേഹം ശുപാർശ ചെയ്തിരുന്നു. 1970-കളിൽ സാലിം അലി പ്രദേശത്തു നടത്തിയ സർവേയ്ക്കു ശേഷമാണ് പക്ഷിസങ്കേതമാക്കാനുള്ള പ്രവർത്തനങ്ങൾ വേഗം പ്രാപിച്ചത്. അദ്ദേഹത്തോടുള്ള ബഹുമാനാർത്ഥമാണ്‌ പക്ഷിസങ്കേതത്തിന്‌ ഡോ. സാലിം അലി പക്ഷിസങ്കേതം എന്ന് നാമകരണം ചെയ്തിരിക്കുന്നത്‌. ഇന്ന് ഇവിടെ ദേശാടകരടക്കം 330 ഇനം പക്ഷികൾ ഉണ്ടെന്നു കരുതപ്പെടുന്നു.

മംഗളവനം പക്ഷിസങ്കേതം

തിരുത്തുക

കൊച്ചി നഗരത്തിന്റെ ഹൃദയഭാഗത്തുള്ള ദ്വീപിലാണ് മംഗളവനം പക്ഷിസങ്കേതം സ്ഥിതി ചെയ്യുന്നത്. 0.0274 ചതുരശ്ര കിലോമീറ്റർ ആണ് ഇതിന്റെ വിസ്തൃതി. 2004ൽ നിലവിൽ വന്ന മംഗളവനം പക്ഷി സങ്കേതം സംസ്ഥാന വനംവകുപ്പിന്റെ കീഴിലുള്ള ഏറ്റവും ചെറിയ സംരക്ഷിത പ്രദേശമാണ്. കണ്ടൽ വനങ്ങളിൽ സ്ഥിതി ചെയ്യുന്ന കേരളത്തിലെ ഏക പക്ഷിസങ്കേതവുമാണിത്.

ചൂലന്നൂർ മയിൽ സംരക്ഷണ കേന്ദ്രം

തിരുത്തുക
 
ചൂലന്നൂർ മയിൽ സംരക്ഷണകേന്ദ്രത്തിലെ ഇൻഫർമേഷൻ സെന്റർ

കേരളത്തിലെ ഏക മയിൽ സംരക്ഷണകേന്ദ്രമാണ് ചൂലന്നൂർ മയിൽ സംരക്ഷണകേന്ദ്രം. 3.420 ച.കി.മീറ്റർ[11] നിബിഢ വനങ്ങളാണ് ഇവിടെയുള്ളത്. ഗായത്രിപ്പുഴയുടെ തീരത്തുള്ള 342 ഹെക്ടർ സ്ഥലം ഇതിനായി വേർതിരിച്ചിരിക്കുന്നു. 100-ഓളം വിവിധയിനം പക്ഷികളെ ഇവിടെ കണ്ടെത്തിയിട്ടുണ്ട്. 2007 ലാണ് കേന്ദ്ര- കേരള സർക്കാരുകൾ മയിൽ സങ്കേതമാക്കിയത്.

കടലുണ്ടി പക്ഷിസങ്കേതം

തിരുത്തുക
  • കേരളത്തിലെ മലപ്പുറം ജില്ലയിൽ വള്ളിക്കുന്ന് പഞ്ചായത്തിൽ സ്ഥിതി ചെയ്യുന്ന പക്ഷിസങ്കേതമാണ് കടലുണ്ടി പക്ഷിസങ്കേതം.
  • കടലുണ്ടിപ്പുഴ അറബിക്കടലിൽ ചേരുന്ന ഭാഗത്ത് ചെറുദ്വീപുകളിലായി ഈ പക്ഷിസങ്കേതം സ്ഥിതി ചെയ്യുന്നു.
  • നൂറിലേറെ ഇനം തദ്ദേശീയ പക്ഷികളെയും അറുപതിലേറെ ഇനം ദേശാടന പക്ഷികളെയും ഇവിടെ കാണാം.

മുണ്ടേരിക്കടവ് പക്ഷി സങ്കേതം

തിരുത്തുക
  • കണ്ണൂർ ജില്ലയിലെ മുണ്ടേരി ഗ്രാമ പഞ്ചായത്തിൽ ആണ് ഈ പക്ഷി സങ്കേതം സ്ഥിതിചെയ്യുന്നത്.
  • കേരളത്തിൽ നാലാമത് സ്ഥാപിതമായ പക്ഷിസങ്കേതം ആണിത്.
  • 2012-ലാണ് പക്ഷി സങ്കേതമായി പ്രഖ്യാപിച്ചത്.
  • വിവിധയിനം ദേശാടനപ്പക്ഷികളുടെ കേന്ദ്രമാണ് ഈ പക്ഷിസങ്കേതം.
  • ഇരുന്നൂറിലധികം സ്പീഷീസുകളിലായി ലക്ഷക്കണക്കിന് പക്ഷികൾ വർഷംതോറും ഇവിടെ സന്ദർശകരായി എത്താറുണ്ട്. ഇവിടുത്തെ ജൈവവൈവിധ്യവും കാലാവസ്ഥയുടെ പ്രത്യേകതകളുമാണ് പ്രധാനമായും പക്ഷികളെ ഇവിടേക്ക് ആകർഷിക്കുന്നത്.

പാതിരാമണൽ പക്ഷി സങ്കേതം

തിരുത്തുക
  • വേമ്പനാട്ട് കായലിൽ സ്ഥിതി ചെയ്യുന്ന ഒരു ചെറിയ ദ്വീപാണ് പാതിരാമണൽ.
  • ആലപ്പുഴ ജില്ലയിലെ മുഹമ്മ പഞ്ചായത്തിലെ പത്താം വാർഡിന്റെ ഭാഗമാണ് പാതിരാമണൽ.
  • നൂറുകണക്കിന് ദേശാടന പക്ഷികളുടെ വാസസ്ഥലം ആണ് ഈ ദ്വീപ്.

പന്ത്രണ്ടാം ചാൽ പക്ഷി സങ്കേതം

തിരുത്തുക
 
പന്ത്രണ്ടാം ചാൽ പക്ഷി സങ്കേതം

സസ്യ സരംക്ഷണകേന്ദ്രം

തിരുത്തുക

കുറിഞ്ഞിമല സംരക്ഷണകേന്ദ്രം

തിരുത്തുക

ഇന്ത്യയിൽ പ്രത്യേക സസ്യത്തിന് വേണ്ടി നിലവിൽവന്ന ഒരു ഉദ്യാനമാണ് കുറിഞ്ഞിമല. ഇടുക്കി ജില്ലയിലാണ് കുറിഞ്ഞിമല സംരക്ഷണകേന്ദ്രം സ്ഥിതി ചെയ്യുന്നത്. 32 ചതുരശ്ര കിലോമീറ്ററാണ് ഇതിന്റെ വിസ്തീർണ്ണം. 2006-ലാണ് ഇത് സംരക്ഷണകേന്ദ്രമായി പ്രഖ്യാപിക്കപ്പെട്ടത്.

  1. "Protected Area Network of Kerala". Archived from the original on 2017-01-28. Retrieved 2013-03-08.
  2. "INTRODUCTION TO THE AREA". Archived from the original on 2010-04-04. Retrieved 2013-03-08.
  3. "History of Eravikulam national park". Archived from the original on 2011-10-04. Retrieved 2013-03-08.
  4. Envis Kerala (2009). "Forest". Kerala State Council for Science, Technology and Environment. Archived from the original on 2008-03-11. Retrieved 2009-09-18.{{cite web}}: CS1 maint: bot: original URL status unknown (link)
  5. Online Highways LLC. (2004) India | Kerala | Devikulam Pambadum Shola National Park, retrieved 6/4/2007[1]
  6. (Nov 21, 2003) The Hindu, retrieved 6/21/2007Mathikettan declared National Park Archived 2004-03-28 at the Wayback Machine.
  7. Mathikettan declared National Park (Nov 21, 2003) The Hindu, retrieved on Jun 8, 2007[2] Archived 2004-03-28 at the Wayback Machine.
  8. "Kottiyoor declared wild life sanctuary". Archived from the original on 2021-04-21. Retrieved 13 June 2015. {{cite news}}: Unknown parameter |wbsite= ignored (help)
  9. "Kottiyur is 23rd Wildlife Sanctuary in Kerala". www.touristlink.com/. Retrieved 16 ജനുവരി 2021.[പ്രവർത്തിക്കാത്ത കണ്ണി]
  10. "THATTEKKAD BIRD SANCTUARY" (in ഇംഗ്ലീഷ്). പൊതുജന സമ്പർക്ക വകുപ്പ്, കേരള സർക്കാർ. Archived from the original on 2013-04-09. Retrieved 19 - സെപ്റ്റംബർ -2009. {{cite web}}: Check date values in: |accessdate= (help)
  11. "ഹാരിസൺ മലയാളം, കൊച്ചിൻ-മലബാർ എസ്റ്റേറ്റുകളെ പാരിസ്ഥിതിക സംവേദക മേഖലയിലാക്കും, മാതേഭൂമി ഓൺലൈൻ, Posted on: 25 Jan 2013". Archived from the original on 2013-01-26. Retrieved 2013-03-09.

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക