കെ.കെ. അരൂർ

(കെ. കുഞ്ചുനായർ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

മലയാളത്തിലെ ആദ്യത്തെ ശബ്ദചലച്ചിത്രമായ ബാലനിലെ നായകനാണ് കെ.കെ. അരൂർ എന്ന കെ. കുഞ്ചുനായർ[1].

കെ.കെ. അരൂർ
കെ. കുഞ്ചുനായർ
തൊഴിൽഅഭിനേതാവ്

ജീവിതരേഖ

തിരുത്തുക

1907-ൽ ചേർത്തല താലൂക്കിൽ അരൂർ വില്ലേജിൽ മരയ്ക്കാൻ പറമ്പുവീട്ടിൽ കെ. കേശവപിള്ളയുടെയും ഭാര്യ പാർവതിയമ്മയുടെയും മകനായി ജനിച്ചു. ഇദ്ദേഹത്തിന്റെ പൂർണമായ പേര് കെ. കുഞ്ചുനായർ എന്നാണ്. കോട്ടയ്ക്കൽ വൈദ്യരത്നം പി.എസ്.വാര്യർ സംഘടിപ്പിച്ച പരമശിവവിലാസം നാടകക്കമ്പനിയിൽ 1919 മുതൽ 1937 വരെ നടൻ എന്ന നിലയിൽ സഹകരിച്ചു.

സംഗീതത്തിലും നടനകലയിലും ശാസ്ത്രീയ പരിജ്ഞാനവും പ്രായോഗികപരിശീലനവും 'കുഞ്ചു' എന്ന് അറിയപ്പെട്ടിരുന്ന കെ. കുഞ്ചുനായർ നേടിയത് ഈ കാലഘട്ടത്തിലാണ്. 1938-ൽ മലയാളത്തിലെ ആദ്യത്തെ ശബ്ദചലച്ചിത്രമായ ബാലൻ സേലം മോഡേൺ തിയെറ്റേഴ്സ് നിർമിച്ചപ്പോൾ നായകനായി അഭിനയിച്ച ഇദ്ദേഹം കെ.കെ. അരൂർ എന്ന പേരിൽ അറിയപ്പെട്ടു. രണ്ടാമത്തെ മലയാള ശബ്ദചിത്രമായ ജ്ഞാനാംബികയിലെ (1940) നായകനായി അഭിനയിച്ചതും അരൂർ തന്നെയായിരുന്നു. അതിനുശേഷം കുറേനാൾ സ്വന്തം നിലയിൽ ഒരു സംഗീതാധ്യാപകനായി കഴിഞ്ഞു.

1943 മുതൽ കടയ്ക്കാവൂർ എസ്.എസ്. നടനസഭ, വൈക്കം ഓം ശിവാനന്ദ സംഗീത നടനസഭ, ചെങ്ങന്നൂർ സുകുമാര കലാസമിതി, ഓച്ചിറ പരബ്രഹ്മോദയനടനസഭ തുടങ്ങിയ നാടകക്കമ്പനികൾ നടത്തിയ നാടകങ്ങളിൽ അഭിനേതാവ് ആയിരുന്നു. 1949 മുതൽ ഹരികഥാപ്രസ്ഥാനത്തിലേക്കു തിരിഞ്ഞു. കേരള കേസരി, കുടുംബിനി തുടങ്ങിയ ചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്. 1968-ൽ കെ.കെ. അരൂർ അന്തരിച്ചു. കുടുംബിനിയിലാണ് ഇദ്ദേഹം അവസാനമായി അഭിനയിച്ചത്.

 കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർ‌വ്വവിജ്ഞാനകോശത്തിലെ കെ.കെ. (1907 - 68) അരൂർ, കെ.കെ. (1907 - 68) എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം.
"https://ml.wikipedia.org/w/index.php?title=കെ.കെ._അരൂർ&oldid=2819290" എന്ന താളിൽനിന്ന് ശേഖരിച്ചത്