പ്രമുഖ ഭാഷാശാസ്ത്രജ്ഞനും മലയാള കവിയുമാണ് കാരാട്ടുപറമ്പിൽ അച്ച്യുതൻ ജയശീലൻ എന്ന കെ. എ. ജയശീലൻ. ചോംസ്കിയൻ ഭാഷാശാസ്ത്രം ഉപയോഗിച്ച് ദ്രാവിഡഭാഷകളെ വിശകലനം ചെയ്തിട്ടുള്ള ഭാഷാശാസ്ത്രജ്ഞനാണ് കെ.എ. ജയശീലൻ. മലയാള വ്യാകരണത്തിൻറെ പല സവിശേഷതകളും സാർവ്വലൌകിക വ്യാകരണം (Universal Grammar), സംക്ഷേപസിദ്ധാന്തം (Minimalist theory) എന്നിവ ഉപയോഗിച്ച് ജയശീലൻ വിശദീകരിച്ചിട്ടുണ്ട്. ആധുനിക ഭാഷാശാസ്ത്ര പുരോഗതിയ്ക്ക് ഈ വിശകലനങ്ങളും മലയാളം മുതലായ ഭാരതീയ ഭാഷകളുടെ ഉദാഹരണങ്ങളും മുതൽക്കൂട്ടായി. പിന്നീട് നടന്ന പല ഗവേഷണങ്ങൾക്കും ജയശീലന്റെ പഠനങ്ങൾ അടിത്തറയായി [1]. 1940 ജൂലൈ 27-ന് കോഴിക്കോട് ജനിച്ചു [2] .ഹൈദരാബാദിലെ സെൻട്രൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇംഗ്ലീഷ് ആൻഡ് ഫോറിൻ ലാങ്ങ്ഗ്വജസിൽ (CIEFL) പ്രൊഫസർ ആയിരുന്നു.

കെ.എ. ജയശീലൻ
കെ.എ. ജയശീലൻ, ഭാഷാശാസ്ത്രജ്ഞനും മലയാള കവിയും
ജനനം
കാരാട്ടുപറമ്പിൽ അച്ച്യുതൻ ജയശീലൻ

(1940-07-27) ജൂലൈ 27, 1940  (84 വയസ്സ്)
ജീവിതപങ്കാളി(കൾ)ഡോ. അമൃതവല്ലി
കുട്ടികൾഅന്നപൂർണ്ണ, മൈത്രേയി

വിദ്യാഭ്യാസം, അധ്യാപകവൃത്തി

തിരുത്തുക

ഫറോക്ക് ഗവ. ഗണപത് സ്കൂൾ , ഫറൂക്ക് കോളേജ്, മദ്രാസ് ക്രിസ്ത്യൻ കോളേജ് എന്നിവിടങ്ങളിലെ വിദ്യാഭ്യാസത്തിനു ശേഷം മദ്രാസ് യൂണിവേഴ്സിറ്റിയിൽ നിന്ന് ഇംഗ്ലീഷ് സാഹിത്യത്തിൽ എം.എ. യും (1960), എം.ലിറ്റും (1963) ശാന്തിനികേതനിലെ വിശ്വഭാരതി സർവ്വകലാശാലയിൽ നിന്ന് ഇംഗ്ലീഷ് സാഹിത്യത്തിൽ ഡോക്ടറേറ്റും (1970) നേടി. മദ്രാസ് ക്രിസ്ത്യൻ കോളേജ്, പി.എസ്.ജി കോളേജ് കോയമ്പത്തൂർ , സെന്റ് തോമസ് കോളേജ്, തൃശൂർ , റീജിയണൽ കോളേജ് ഓഫ് എഡ്യുക്കേഷൻ, ഭോപ്പാൽ എന്നിവിടങ്ങളിൽ ലക്ചററായും ജോലി ചെയ്തു. 1970-ൽ ഹൈദരബാദിലെ സെൻട്രൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇംഗ്ലീഷ് ആന്റ് ഫോറിൻ ലാംഗ്വേജസ് (സി.ഐ.ഇ.എഫ്.എൽ ) എന്ന സ്ഥാപനത്തിൽ ലക്ചറർ ആയി ചേർന്നു. സി.ഐ.ഇ.എഫ്.എൽ-ൽ അധ്യാപകനായി ജോലി നോക്കവെ ഭാഷാശാസ്ത്രത്തിൽ താത്പര്യം ജനിച്ചതിനെത്തുടർന്ന് 1973-ൽ ഇംഗ്ലണ്ടിലെ ലങ്കാസ്റ്റർ യൂണിവേഴ്സിറ്റിയിൽ നിന്നും ഭാഷാശാസ്ത്രത്തിൽ എം. എ.യും 1980-ൽ കാനഡയിലെ സൈമൺ ഫ്രേസർ സർവ്വകലാശാലയിൽ നിന്നും ഭാഷാശാസ്ത്രത്തിൽ ഡോക്ടറേറ്റും കരസ്ഥമാക്കി.[2]. ഇപ്പോൾ ദ ഇംഗ്ലീഷ് ആൻഡ് ഫോറിൻ ലാങ്വേജസ് യൂണിവേഴ്സിറ്റി (ഇ.എഫ്.എൽ.യു) എന്ന പേരിൽ കേന്ദ്രസർവ്വകലാശാലയായി ഉയർത്തപ്പെട്ട[3][4] പഴയ സി.ഐ.ഇ.എഫ്.എൽ-ൽ തന്നെ പ്രൊഫസറായി വിരമിച്ചതിനുശേഷവും ഭാഷാശാസ്ത്രം പഠിപ്പിക്കുന്നു.

കുടുംബം

തിരുത്തുക

അച്ഛൻ, കോളേജദ്ധ്യാപകനായിരുന്ന കെ. ആർ അച്യുതൻ. അമ്മ,‘മിതവാദി’ പത്രാധിപരായിരുന്ന സി.കൃഷ്ണന്റെ, മൂത്തമകൾ ഉമ്പൂലി. ഇംഗ്ലീഷ് ആന്റ് ഫോറിൻ ലാങ്ഗ്വേജസ് യൂണിവേഴ്സിറ്റിയിലെ തന്നെ പ്രൊഫസറായ ഡോ.അമൃതവല്ലി ആണ് ഭാര്യ. അന്നപൂർണ്ണ, മൈത്രേയി എന്നിവർ മക്കൾ.

ഭാഷാശാസ്ത്ര രംഗത്തെ സംഭാവനകൾ

തിരുത്തുക

ആധുനിക ഭാഷാശാസ്ത്രത്തിൽ നോം ചോംസ്കിയുടെ പ്രജനക വ്യാകരണ (generative grammar) സമീപനം പിന്തുടരുന്ന ജയശീലൻ ഇന്ത്യയിലെ തന്നെ ഈ രംഗത്തെ ആദ്യകാല പ്രയോക്താക്കളിൽ ഒരാളാണ്. ചോംസ്കിയുടെ സാർവലൗകിക വ്യാകരണ സിദ്ധാന്തത്തിനു (universal grammar) ദക്ഷിണേഷ്യൻ ഭാഷകളിൽനിന്ന്, പ്രത്യേകിച്ചു മലയാളത്തിൽനിന്ന് പരീക്ഷണജന്യ തെളിവുകൾ ലഭ്യമാക്കുന്നതിനു ജയശീലൻ തുടങ്ങിവെച്ച ദക്ഷിണേഷ്യൻ ഭാഷകളിലെ ഭാഷാശാസ്ത്ര ഗവേഷണങ്ങൾ വലിയൊരളവിൽ സഹായിച്ചു. ഭാഷാശാസ്ത്രത്തിന്റെ വിവിധ തലങ്ങളിൽ ദക്ഷിണേഷ്യൻ ഭാഷകളുടെ താരതമ്യ പഠനം നടക്കുന്നത് ജയശീലൻ ഉൾപ്പെടെയുള്ളവരുടെ ശ്രമഫലമായാണ്. ഗവേഷണതല്പരരായ വിദ്യാർഥികളെ അവരവരുടെ മാതൃഭാഷയുടെ ഘടനയും പ്രത്യേകതകളും പഠിക്കാനും രേഖപ്പെടുത്തിവെക്കാനും അദ്ദേഹം പ്രേരിപ്പിച്ചു.

ജയശീലൻറെ ഗവേഷണങ്ങൾ മുഖ്യമായും ഭാഷയിലെ പദവാക്യഘടനാ ശാഖയെ (Syntax) കേന്ദ്രീകരിച്ചാണ് നടന്നിട്ടുള്ളത്. ആധുനിക ഭാഷാശാസ്ത്രത്തിൽ പടി പടിയായി വികസിച്ചു വന്ന പ്രജനക വ്യാകരണ സിദ്ധാന്തം (generative grammar), സാർവ്വലൌകിക വ്യാകരണ സിദ്ധാന്തം (Universal grammar), സംക്ഷേപസിദ്ധാന്തം (Minimalist theory) എന്നിവയിൽ ജയശീലൻ അദ്ദേഹത്തിൻറെ സംഭാവനകൾ നൽകിയിട്ടുണ്ട്.

ആദ്യകാലത്തെ ഗവേഷണ വിഷയങ്ങൾ ഭാഷയിലെ ഉപവാക്യ ലോപ പ്രതിഭാസത്തിൻറെ ഇനങ്ങൾ ആയ ഡിലീഷൻ, ഗാപ്പിംഗ് എന്നിവ ആയിരുന്നു. അവയിൽ നിന്ന് പുരോഗമിച്ച് ഇന്ത്യയിലെ ഇൻഡോ യൂറോപ്യൻ, ദ്രാവിഡ ഭാഷകളുടെ പല പ്രത്യേകതകളും അദ്ദേഹം പ്രധാനമായ പല സിദ്ധാന്തങ്ങളും ഖണ്ഡിക്കുവാനോ പിന്താങ്ങുവാനോ ഉപയോഗിച്ചിട്ടുണ്ട്. റിച്ചാർഡ്‌ കെയ്ൻ എന്ന ഭാഷാ ശാസ്ത്രജ്ഞന്റെ വിരുദ്ധചേർച്ച (anti-symmetry) എന്ന സിദ്ധാന്തം ഉപയോഗിച്ച് ജയശീലൻ മലയാളത്തിൻറെ വാക്യ/ക്രിയ/ഉപവാക്യ വ്യവഹാരങ്ങളെ വിശദമാക്കിയിട്ടുണ്ട്.വാക്യഘടനയുടെ മിശ്രിത രൂപ (Scrambling) വ്യവഹാരങ്ങൾ നടക്കുന്നത് കേന്ദ്രീകരണം (focus) മൂലമോ പ്രതിപാദ്യം (topic) മൂലമോ ആണെന്ന് ജയശീലൻ സൈദ്ധാന്തികമായി വിശദീകരിക്കുന്നു.

(1) അപ്പു അമ്മുവിന് ഇന്നലെ പുസ്തകം കൊടുത്തു.

എന്ന വാക്യം

(2) അമ്മുവിന് ഇന്നലെ പുസ്തകം കൊടുത്തു, അപ്പു.

എന്ന വാക്യം ആക്കി മാറ്റുമ്പോൾ അതിലെ “അമ്മുവിന്" എന്ന കർമ്മ ധാതു വാക്യത്തിന്റെ തുടക്കത്തിലേക്ക് വ്യവഹരിച്ചത് അതിനു പ്രതിപാദ്യ സ്വഭാവം കൈവരിക്കുന്നത് കൊണ്ടാണ് എന്നും, ക്രിയയുടെ പിന്നിൽ വരുന്ന ധാതുക്കൾക്ക് ഒരിക്കലും പ്രതിപാദ്യ സ്വഭാവമോ, കേന്ദ്രീകൃത സ്വഭാവമോ ലഭിക്കുന്നില്ല എന്നും ജയശീലൻ സമർഥിക്കുന്നു. ഇവിടെ “അപ്പു" എന്ന കർത്താവ് ധാതു ഊന്നൽ നഷ്ടപ്പെട്ട ഒരു അധികം വരുന്ന വിവരണം മാത്രമായി ചുരുങ്ങുന്നു എന്നും അദ്ദേഹം വിശദീകരിക്കുന്നു.

ബാന്ധവ സിദ്ധാന്തപ്പ്രകാരം (binding theory) മലയാളത്തിൻറെ ക്രമക്രിയകൾ (serial verbs), സ്വവാവിസർവ്വനാമം (reflexive pronoun), എന്നിവയും ജയശീലന്റെ പഠനവിഷയങ്ങൾ ആയിരുന്നു. അദ്ദേഹം ചോദ്യ ധാതുക്കളുടെ വ്യവഹാരം (wh-Movement) മിശ്രിതഘടന എന്നിവയെ പറ്റിയും നിരവധി ലേഖനങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ആധുനിക ഭാഷാശാസ്ത്രത്തിൻറെ സിദ്ധാന്തങ്ങൾക്ക്‌ പലതിനും ജയശീലന്റെ നേതൃത്വത്തിൽ പരീക്ഷണജന്യ തെളിവുകൾ ഭാരതീയ ഭാഷകളിൽ നിന്നും നൽകപ്പെട്ടിട്ടുണ്ട്.

വാക്യഘടനയിൽ ഗവേഷണം ചെയ്യുന്ന ഭാഷാശാസ്ത്രജ്ഞരെ ഏറെ കുഴക്കിയിട്ടുള്ള വിഷയങ്ങളിൽ ഒന്നാണു വിഭിന്ന ഭാഷകളിൽ കാണുന്ന വാക്കുകളുടെ ക്രമീകരണത്തിലെ ഐകരൂപ്യമില്ലായ്മ. സാർവലൗകിക വ്യാകരണ സിദ്ധാന്തം അനുസരിച്ച് ഭാഷകളുടെയെല്ലാം അടിസ്ഥാനമായുള്ള തത്ത്വങ്ങൾ സമാനമാണ്. അവയുടെ വൈവിധ്യത്തിനു കാരണമാകട്ടെ, പരാമെട്രിക് മൂല്യങ്ങളിലുള്ള (parametric values) വ്യത്യാസവും.ഇതനുസരിച്ചു വാക്കുകളുടെ ക്രമീകരണത്തിലുള്ള ഐകരൂപ്യമില്ലായ്മക്ക് കാരണമായി കരുതപ്പെട്ടിരുന്നത് പരാമെട്രിക് മൂല്യങ്ങളിലുള്ള വ്യത്യാസമാണ്. ഉദാഹരണമായി ഇംഗ്ലീഷ് പോലുള്ള ഭാഷകളിൽ വാക്കുകളുടെ ക്രമീകരണം കർത്താവ്, ക്രിയ, കർമ്മം എന്ന ക്രമത്തിലാണ്. എന്നാൽ മലയാളമുൾപ്പെടെയുള്ള മിക്കവാറും എല്ലാ ഇന്ത്യൻ ഭാഷകളിലും വാക്കുകളുടെ ക്രമീകരണം കർത്താവ്,കർമം, ക്രിയ എന്ന ക്രമത്തിലാണ്. ഇവയിൽ ഏതാണു അടിസ്ഥാന ക്രമം എന്നത് ഭാഷാശാസ്ത്രജ്ഞരുടെ ഇടയിലെ തർക്കവിഷയമാണ്. ജയശീലന്റെ വാക്യഘടനാപരമായ പഠനങ്ങൾ ഈ മേഖലയിൽ കൂടുതൽ ഉൾക്കാഴ്ച്ച നൽകുന്നു.

1970-കളിൽ കാവ്യരചന ആരംഭിച്ച ആധുനിക കവികൾക്കൊപ്പമാണ് ജയശീലൻ പരിഗണിക്കപ്പെടുന്നത്.[5] എം. ഗോവിന്ദന്റെ പത്രാധിപത്യത്തിൽ പ്രസിദ്ധീകരിച്ചിരുന്ന 'സമീക്ഷ'യുടെ 1972 സപ്‌തംബർ ലക്കത്തിലായിരുന്നു ജയശീലന്റെ കവിതകൾ ആദ്യം പ്രസിദ്ധീകൃതമായത്.[6] തത്ത്വചിന്തകളുടെയും ദർശനങ്ങളുടെയും നിധി കുഴിച്ചിട്ടിട്ടുള്ള കവിതകൾ എന്ന് ജയശീലന്റെ കവിതകൾ വിശേഷിപ്പിക്കപ്പെട്ടിട്ടുണ്ട്.[7] പിൽക്കാലത്ത് മലയാളത്തിലെ പുതുകവിതകളിൽ സാധാരണമായിത്തീർന്ന വരിമുറിക്കൽ പരീക്ഷണങ്ങൾ [8] ശാസ്ത്രീയമായി 1970-കളിൽത്തന്നെ ജയശീലൻ നടത്തിയിരുന്നു.

ഗവേഷണ പ്രബന്ധങ്ങൾ

തിരുത്തുക
  • TOPIC, FOCUS AND ADVERB POSITIONS IN CLAUSE STRUCTURE [9] (മാർച്ച് 2006)
  • Control in Some Sentential Adjuncts of Malayalam[10] (ബെർക്‌ലി ലിങ്ഗ്വിസ്റ്റിക്സ് സൊസൈറ്റി പ്രസിദ്ധീകരിച്ചത്)
  • Question Movement in Some SOV Languages and the Theory of Feature Checking [11] (2004)
  • IP-internal topic and focus phrases [12] (2002)
  • THE DRAVIDIAN EXPERIENCER CONSTRUCTION AND THE ENGLISH SEEM CONSTRUCTION [13]
  • Anaphors as pronouns.[14] (1997)Studia Linguistica 51:2, 186-234.
  • Lexical anaphors and pronouns in Malayalam. (2000) In: Lust, B.C.,Wali, K., Gair, J. W., Subbarao, K. V. (Eds.), Lexical Anaphors and Pronouns in Selected South Asian Languages: A Principled Typology. Mouton de Gruyter,New York, pp. 113–168.
  • Questions and Question-Word Incorporating Quantifiers in Malayalam.[15] (2001)
  • Question particles and disjunction.[16](2008)
  • Comparative Morphology of Quantifiers. (2011) Lingua (International Review of General Linguistics)

ഭാഷാശാസ്ത്രം

തിരുത്തുക
  • പരാമെട്രിക് സ്റ്റഡീസ് ഇൻ മലയാളം സിന്റാക്സ്
  • ആരോഹണം (1986, വിതരണം: നാഷണൽ ബുക്ക് സ്റ്റാൾ )
  • കവിതകൾ (1997, ചിത്തിര പബ്ലിഷേർസ്)
  • ജയശീലന്റെ കവിതകൾ (2008, കറന്റ്‌ ബുക്‌സ്‌, തൃശ്ശൂർ)

ബഹുമതികൾ / പുരസ്കാരങ്ങൾ

തിരുത്തുക
  • ജയശീലന്റെ ബഹുമാനാർത്ഥം "Linguistic theory and South Asian Languages" (ഭാഷാശാസ്ത്ര സിദ്ധാന്തം തെക്കേ ഏഷ്യൻ ഭാഷകളിൽ) എന്ന പുസ്തകം പുറത്തിറക്കിയിട്ടുണ്ട്.[2].
  • സീഫെലിന്റെ ഒക്കേഷണൽ പേപ്പേഴ്സ് ഇൻ ലിങ്ങ്ഗ്വിസ്റ്റിക്സ് 10-ആം വാല്യം ജയശീലനായി സമർപ്പിച്ചിരിക്കുന്നു [17] .
  • ബ്ലാക്ക്‌വെൽ പ്രസിദ്ധീകരിക്കുന്ന സിന്റാക്സ് എന്ന ഇന്റർനാഷണൽ ജേർണലിന്റെ എഡിറ്റോറിയൽ ബോർഡ് അംഗം[18] .
  • യൂണിവേഴ്സിറ്റി ഓഫ് വാഷിംഗ്ടൺ പ്രസിദ്ധീകരിക്കുന്ന ലിങ്ഗ്വിസ്റ്റിക് അനാലിസിസ് എന്ന ഇന്റർനാഷണൽ ജേർണലിന്റെ എഡിറ്റോറിയൽ ബോർഡ് അംഗം.[19]
  • അങ്കണം കലാസാംസ്കാരിക വേദി, തൃപ്രയാർ ഏർപ്പെടുത്തിയ അങ്കണം പുരസ്കാരം ലഭിച്ചു (1998)
  • വി.ടി കുമാരൻ ഫൗണ്ടേഷന്റെ പ്രഥമ കാവ്യപുരസ്‌കാരം 2012 ൽ ലഭിച്ചു [20]
  1. http://www.languageinindia.com/nov2003/ciefl10.html#chapter1
  2. 2.0 2.1 2.2 Josef Bayer Tanmoy Bhattacharya M.T. Hany Babu (16). Linguistic Theory and South Asian Languages: Essays in honour of K. A. Jayaseelan. John Benjamins Publishing. p. 1,2. ISBN 9789027233660. Retrieved 2013 നവംബർ 11. {{cite book}}: Check date values in: |accessdate=, |date=, and |year= / |date= mismatch (help); Unknown parameter |month= ignored (help)
  3. IT industry welcomes new varsity Archived 2013-12-05 at the Wayback Machine. Times of India
  4. EFLU to have regular VC soon Archived 2013-09-14 at the Wayback Machine. EDU
  5. http://www.nalamidam.com/archives/11782
  6. കെ. സി. നാരായണൻ, ആനന്ദ് : കത്തുകൾ, ശിൽപങ്ങൾ, കവിതകൾ‘ എന്ന പുസ്തകത്തിന്റെ അവതാരികയിൽ, കറന്റ് ബുക്സ്, തൃശ്ശൂർ 2005
  7. കെ. എം. പ്രമോദ്, മാധ്യമം ആഴ്ചപ്പതിപ്പ്, 13 സെപ്റ്റംബർ 2010, പേജ് 68
  8. എസ്. ജോസഫ്, ‘എന്റെ കാവ്യജീവിതം‘, മാതൃഭൂമി ആഴ്ചപ്പതിപ്പ്, 27 മാർച്ച് 2010, പേജ് 41
  9. http://www.ic.nanzan-u.ac.jp/LINGUISTICS/publication/pdf/NL4-3-jayaseelan.pdf
  10. http://elanguage.net/journals/bls/article/download/2355/2317
  11. "ആർക്കൈവ് പകർപ്പ്" (PDF). Archived from the original (PDF) on 2016-03-05. Retrieved 2013-11-11.
  12. http://onlinelibrary.wiley.com/doi/10.1111/1467-9582.00074/abstract
  13. http://www.ic.nanzan-u.ac.jp/LINGUISTICS/publication/pdf/NL2-1-jayaseelan.pdf
  14. http://onlinelibrary.wiley.com/doi/10.1111/1467-9582.00012/abstract
  15. "ആർക്കൈവ് പകർപ്പ്" (PDF). Archived from the original (PDF) on 2016-03-05. Retrieved 2013-11-11.
  16. http://ling.auf.net/lingbuzz/000644
  17. M. S. Thirumalai. "OCCASIONAL PAPERS IN LINGUISTICS, Vol. 10". Language in India.Com (Centre for Linguistics CENTRAL INSTITUTE OF ENGLISH AND FOREIGN LANGUAGES Hyderabad-500 007, India). Archived from the original on 2013-11-12. Retrieved 2013 നവംബർ 12. {{cite web}}: Check date values in: |accessdate= (help); Unknown parameter |coauthors= ignored (|author= suggested) (help)
  18. Suzanne Flynn. "Syntax - Editorial Board". Syntax. ISSN 1467-9612. {{cite journal}}: Unknown parameter |coauthors= ignored (|author= suggested) (help)
  19. http://www.linguisticanalysis.com/editors
  20. "ആർക്കൈവ് പകർപ്പ്". Archived from the original on 2012-10-12. Retrieved 2013-11-12.
"https://ml.wikipedia.org/w/index.php?title=കെ.എ._ജയശീലൻ&oldid=3830723" എന്ന താളിൽനിന്ന് ശേഖരിച്ചത്