കൂത്താട്ടുകുളം മേരി
കേരളത്തിലെ ആദ്യകാല കമ്മ്യൂണിസ്റ്റ് പ്രവർത്തകരിൽ ഒരാളായിരുന്നു പി.ടി.മേരി എന്ന കൂത്താട്ടുകുളം മേരി (24 സെപ്തംബർ 1921 - 22 ജൂൺ 2014). സ്റ്റേറ്റ് കോൺഗ്രസ്സിലൂടെയാണ് മേരി രാഷ്ട്രീയരംഗത്ത് പ്രവേശിക്കുന്നത്. സ്കൂൾ വിദ്യാഭ്യാസകാലത്തു തന്നെ രാഷ്ട്രീയപ്രവർത്തനം തുടങ്ങി.[1] വിദ്യാഭ്യാസത്തിനുശേഷം ലഭിച്ച സർക്കാർ ജോലിയിൽ പ്രവേശിക്കാതെ , സാമൂഹ്യപ്രവർത്തനത്തിനായി ഇറങ്ങിത്തിരിച്ചു. ഈ സമയത്താണ് കമ്മ്യൂണിസ്റ്റ് നേതാക്കളായ പി. കൃഷ്ണപിള്ള, ഇ.എം.എസ്സ്. നമ്പൂതിരിപ്പാട് എന്നിവരെ പരിചയപ്പെടുന്നത്.
കൂത്താട്ടുകുളം മേരി | |
---|---|
വ്യക്തിഗത വിവരങ്ങൾ | |
ജനനം | പി.ടി.മേരി സെപ്റ്റംബർ 24, 1921 കൂത്താട്ടുകുളം, തിരുവിതാംകൂർ |
മരണം | 22 ജൂൺ 2014 മുളന്തുരുത്തി |
രാഷ്ട്രീയ കക്ഷി | സ്റ്റേറ്റ് കോൺഗ്രസ്സ് കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ |
പങ്കാളി | സി.എസ്സ്. ജോർജ്ജ് |
കുട്ടികൾ | ഗിരിജ, ഷൈല ഐഷ, സുലേഖ |
1948-ൽ ഔദ്യോഗികമായി കമ്മ്യൂണിസ്റ്റ് പാർട്ടി അംഗമായി. പാർട്ടിയുടെ നേതാക്കളുമായി ബന്ധം പുലർത്തുകയും, ഒപ്പം തന്നെ ഒളിവിൽ കഴിയുന്നവർക്ക് രഹസ്യസന്ദേശങ്ങൾ എത്തിക്കുന്ന 'ടെക്' ആയി പ്രവർത്തിക്കാനും തുടങ്ങി. കമ്മ്യൂണിസ്റ്റ് പാർട്ടി നേതാവായിരുന്ന സി.എസ്സ്. ജോർജ്ജിനേയാണ് വിവാഹം ചെയ്തത്. 1951-ൽ പോലീസ് പിടിയിലായി. പാർട്ടിയുടെ രഹസ്യങ്ങൾ സൂക്ഷിക്കാൻ വേണ്ടി പോലീസിന്റെ ക്രൂരമർദ്ദനങ്ങൾക്കിരയായി.
ആദ്യകാല ജീവിതം
തിരുത്തുക1921 സെപ്തംബർ 24-നാണ് പി.ടി.മേരി ജനിച്ചത്. കൊച്ചുപറമ്പിൽ പള്ളിപ്പാട്ട് പത്രോസ് മാത്യു, കൂത്താട്ടുകുളം ചൊള്ളമ്പേൽ എലീശ്ബ എന്നിവരായിരുന്നു മാതാപിതാക്കൾ.[2] (അപ്പന്റെ അനിയൻ പള്ളിപ്പാട്ടിൽ തോമസ് ആണ് സ്കൂളിൽ ചേർത്തത്. അങ്ങനെ ഇനിഷ്യൽ പി.ടി. ആയി.) കൂത്താട്ടുകുളത്തിനടുത്തുള്ള വടകര സെന്റ് ജോൺസ് സ്കൂളിലായിരുന്നു സ്കൂൾ വിദ്യാഭ്യാസം. അമ്മയുടെ സഹോദരനായിരുന്നു പ്രശസ്ത നാടകകൃത്തായ സി.ജെ. തോമസ്.
തിരുവിതാംകൂർ സ്റ്റേറ്റ് കോൺഗ്രസ്സിന്റെ സ്കൂളിലെ നേതൃത്വം മേരി സ്വമേധയാ ഏറ്റെടുത്തു. 1938-ൽ ദേശീയനേതൃത്വത്തിന്റെ ആഹ്വാനപ്രകാരം നടത്തിയ സമരത്തിൽ പങ്കെടുത്തതിന് മാപ്പെഴുതിക്കൊടുക്കാൻ സ്കൂൾ അധികൃതർ ആവശ്യപ്പെട്ടുവെങ്കിലും മേരി അനുസരിച്ചില്ല. ദിവാൻ സി.പി.രാമസ്വാമി അയ്യരുടെ ഷഷ്ഠിപൂർത്തിയുമായി ബന്ധപ്പെട്ട് സ്കൂളിൽ നടത്തിയ നിർബന്ധിത പിരിവിനെ എതിർത്ത മേരിയെ സ്കൂളിൽ നിന്നും പുറത്താക്കി.[3] പിന്നീട് സ്കൂളിൽ തിരികെ പ്രവേശിച്ച് പഠനം പൂർത്തിയാക്കിയ മേരി, ടി.ടി.സി. പഠനത്തിനായി തിരുവനന്തപുരത്തെ സെന്റ് റോക്സ് കോൺവെന്റിൽ ചേർന്നു.
കോട്ടയം മഹിളാ സദനത്തിൽ സന്നദ്ധപ്രവർത്തനത്തിൽ ഏർപ്പെടുന്നതിനിടെ പി.എസ്.സി. വഴി ടെലികോം വകുപ്പിൽ ജോലി ലഭിച്ചുവെങ്കിലും, അതു നിരസിച്ച് സാമൂഹ്യസേവനം തുടർന്നു. കോൺഗ്രസ്സ് നേതൃത്വത്തിൽ പ്രവർത്തിച്ചിരുന്ന സ്ഥാപനമായിരുന്നുവെങ്കിലും, പി.കൃഷ്ണപിള്ള, ഇ.എം.എസ്സ് തുടങ്ങിയ കമ്മ്യൂണിസ്റ്റ് നേതാക്കളാണ് അവിടെ ക്ലാസെടുക്കാൻ വന്നിരുന്നത്.
രാഷ്ട്രീയ ജീവിതം
തിരുത്തുകഅമ്മാവൻ സി. ജെ. തോമസ് നേരത്തെ തന്നെ മേരിയുടെ മനസ്സിൽ സോഷ്യലിസത്തിന്റെ വിത്തുപാകിയിരുന്നു. സദനത്തിലെ ക്ലാസുകൾ അവരുടെ കമ്മ്യൂണിസ്റ്റ് അനുഭാവം വളർത്തി. കമ്മ്യൂണിസ്റ്റ് പ്രവർത്തകനായിരുന്ന കോട്ടയം ഭാസിയെ പോലീസ് മർദ്ദിച്ചതിനെതിരെ പ്രതിഷേധജാഥ നടത്താൻ അനുവാദം നൽകാതിരുന്നതിനാൽ മേരി സദനം വിട്ടു. 1945-ൽ തിരുനെൽവേലിയിൽ വിമൻസ് വെൽഫെയർ ഓർഗനൈസർ ഉദ്യോഗത്തിൽ പ്രവേശിച്ചു. തിരുനെൽവേലിയിലെ താമസത്തിനിടക്കാണ് നാട്ടിൽ ഉമ്മൻ കൊലക്കേസ് നടക്കുന്നത്[4]. സംഭവവുമായി ബന്ധപ്പെട്ട് കുറ്റാരോപിതനായിരുന്ന മേരിയുടെ ബന്ധുകൂടിയായിരുന്ന ഡേവിഡ് രാജൻ ഒളിവിൽ താമസിച്ചത് മേരിയുടെ കൂടെയായിരുന്നു. ഈ സന്ദർഭത്തിലാണ് വെച്ചാണ് മേരി മാർക്സിസത്തിന്റെ ലോകവീക്ഷണങ്ങളും, ശാസ്ത്രീയ ചിന്തകളും കൂടുതൽ മനസ്സിലാക്കുന്നത്.[5]
തിരുനെൽവേലിയിലെ ഉദ്യോഗം ഉപേക്ഷിച്ച് പരിപൂർണ്ണ രാഷ്ട്രീയപ്രവർത്തനത്തിനായി കേരളത്തിലേക്കു തിരിച്ചു. പാർട്ടി നിർദ്ദേശമനുസരിച്ച് ഒളിവിൽ കഴിയുന്നവർക്ക് രഹസ്യസന്ദേശങ്ങൾ എത്തിക്കുകയും അവരിൽ നിന്നുള്ള വിവരങ്ങൾ നേതാക്കളെ അറിയിക്കുകയും ചെയ്യുന്ന 'ടെക്' ആയി പ്രവർത്തിച്ചു. കെ. ആർ. എന്നായിരുന്നു രഹസ്യപ്പേര്. അക്കാലത്ത് കൂത്താട്ടുകുളത്തെ 'ഷെൽട്ടറി'ൽ ഒളിവിൽ ആയിരുന്ന സി.എസ്. ജോർജ്ജിനെ വിവാഹം കഴിച്ചു. പാർട്ടിയുടെ കൂത്താട്ടുകുളം ലോക്കൽ സെക്രട്ടറിയായി മേരി തിരഞ്ഞെടുക്കപ്പെട്ടു. 1951-ൽ ഒരു രാത്രി കമ്മിറ്റി യോഗം കഴിഞ്ഞു വരുന്ന വഴി പോലീസ് പിടിയിലായി.
അറസ്റ്റ്, ജയിൽവാസം
തിരുത്തുകലോക്കപ്പിൽ വെച്ച് മേരിയെ ക്രൂരമായ മർദ്ദനത്തിനു വിധേയമാക്കി. ഭർത്താവിനെ കൺമുമ്പിൽ കൊണ്ടുവന്ന് മർദ്ദിച്ചു കൊലപ്പെടുത്തുമെന്ന് പോലീസുകാർ ഭീഷണിപ്പെടുത്തിയിട്ടുപോലും മേരി പാർട്ടി രഹസ്യങ്ങൾ പുറത്തു പറയാൻ തയ്യാറായില്ല. മേരിയുടെ ഗുഹ്യഭാഗങ്ങളിൽ പോലീസ് ലാത്തിപ്രയോഗം നടത്തിയെന്ന് 'ഒളിവിലെ ഓർമ്മകൾ' എന്ന ആത്മകഥയിൽ തോപ്പിൽ ഭാസി രേഖപ്പെടുത്തിയിരിക്കുന്നു.[6] എന്നാൽ, സ്ത്രീത്വത്തെ അവഹേളിക്കുന്നതരത്തിലുള്ള ഒരു ക്രൂരതയും പോലീസുകാർ തന്നോട് ചെയ്തില്ല എന്ന് മേരി തന്റെ ആത്മകഥയായ 'കനലെരിയും കാല'ത്തിൽ എഴുതിയിട്ടുണ്ട്.[7]
ആറുമാസം നീണ്ട പീഡനങ്ങൾക്കൊടുവിൽ രഹസ്യങ്ങളുടെ തരിമ്പു പോലും കിട്ടാതായപ്പോൾ പോലീസ് മേരിയെ ആശുപത്രിയിൽ കൊണ്ടു ചെന്നാക്കി. പീഡനങ്ങൾക്കൊടുവിൽ വന്നു ചേർന്ന ടൈഫോയിഡായിരുന്നു കാരണം. ആശുപത്രിയിൽ കാവലിരുന്ന പോലീസുകാരനെ വെട്ടിച്ച് പുറത്തു ചാടാൻ ശ്രമിച്ചുവെങ്കിലും, ആരോഗ്യപ്രശ്നങ്ങളാൽ പിന്നീടു വേണ്ടെന്നു വച്ചു.[8]
രണ്ടു വർഷത്തെ ജയിൽവാസമായിരുന്നു കോടതി വിധിച്ച ശിക്ഷ. പറവൂർ സബ് ജയിലിലും, തിരുവനന്തപുരം സെൻട്രൽ ജയിലിലുമായിരുന്നു തടവ്. സഹോദരൻ ശിക്ഷക്കെതിരേ അപ്പീൽ നൽകിയിരുന്നുവെങ്കിലും, കോടതി ശിക്ഷ ശരിവക്കുകയായിരുന്നു.[9]
മേരിയും കുടുംബവും പിന്നീട് മലബാറിലേക്ക് പോയി. പെരിന്തൽമണ്ണയിൽ അവർ അധ്യാപനജീവിതം ആരംഭിച്ചു. 1964-ലെ ഇന്ത്യൻ കമ്മ്യൂണിസ്റ്റ് പാർട്ടി പിളർപ്പിനെ തുടർന്ന്, മേരിയും ജോർജും സി.പി.ഐ.ക്കൊപ്പം നിലകൊണ്ടു. ഉദ്യോഗവും സാമൂഹ്യപ്രവർത്തനവും ഒരുമിച്ചു കൊണ്ടുപോയ മേരി, പെരിന്തൽമണ്ണയിൽ ഒട്ടേറെ സാമൂഹ്യക്ഷേമ പദ്ധതികൾക്ക് തുടക്കമിട്ടു.
വ്യക്തിജീവിതം
തിരുത്തുകവനംമന്ത്രിയായിരുന്ന ബിനോയ് വിശ്വത്തിന്റെ ഭാര്യ ഷൈല സി ജോർജ്ജ് ഇവരുടെ മകളാണ്. ഗിരിജ, ഐഷ, സുലേഖ എന്നിവരാണ് മറ്റ് മക്കൾ. മേരിയുടെ മാതൃസഹോദരിയായിരുന്നു കവയിത്രിയായിരുന്ന മേരി ജോൺ കൂത്താട്ടുകുളം.[10]
ആത്മകഥ
തിരുത്തുകകനലെരിയും കാലം
അവലംബം
തിരുത്തുക- എ.വി., അനിൽകുമാർ. സ്വാതന്ത്ര്യത്തിന്റെ പെണ്ണകങ്ങൾ. നാഷണൽ ബുക്ക് സ്റ്റാൾ. ISBN 978-0000-235299.
- ↑ ജെ., ദീപ (15-ഡിസംബർ-2012). "വിത്ത് ഫയർ ഇൻ ഹെർ ബെല്ലി". ദഹിന്ദു. Archived from the original on 2014-03-04. Retrieved 04-മാർച്ച്-2014.
{{cite news}}
: Check date values in:|accessdate=
and|date=
(help)CS1 maint: bot: original URL status unknown (link) - ↑ സ്വാതന്ത്ര്യത്തിന്റെ പെണ്ണകങ്ങൾ - എ.വി.അനിൽകുമാർ പുറം 229
- ↑ സ്വാതന്ത്ര്യത്തിന്റെ പെണ്ണകങ്ങൾ - എ.വി.അനിൽകുമാർ പുറം 230
- ↑ മേരി, കൂത്താട്ടുകുളം (2019). കനലെരിയും കാലം. Thiruvananthapuram: പ്രഭാത് ബുക്ക് ഹൌസ്. pp. 46–47.
- ↑ സ്വാതന്ത്ര്യത്തിന്റെ പെണ്ണകങ്ങൾ - എ.വി.അനിൽകുമാർ പുറം 231
- ↑ ടി.ജി., ബിജു (20-ഒക്ടോബർ-2002). "നെഞ്ചിൽ കനവുമായി ഒരു നിശ്ശബ്ദ വിപ്ലവം". സൺഡേ മംഗളം.
{{cite news}}
: Check date values in:|date=
(help) - ↑ മേരി, കൂത്താട്ടുകുളം. കനലെരിയും കാലം.
- ↑ ജോളി, എ (മേയ്-1997). "ഒരു തീജ്ജ്വാലയുടെ ഓർമ്മക്ക്". ഗൃഹലക്ഷ്മി.
{{cite news}}
: Check date values in:|date=
(help) - ↑ സ്വാതന്ത്ര്യത്തിന്റെ പെണ്ണകങ്ങൾ - എ.വി.അനിൽകുമാർ പുറം 228
- ↑ സ്വാതന്ത്ര്യത്തിന്റെ പെണ്ണകങ്ങൾ - എ.വി.അനിൽകുമാർ പുറം 229