അടിസ്ഥാന പശ്ചാത്തല സൌകര്യം വികസിപ്പിക്കുകയും അതുവഴി വ്യവസായ വികസനത്തിനാവശ്യമായ അനുയോജ്യമായ പരിസ്ഥിതി സൃഷ്ടിക്കുന്നതിനായി 1993-ൽ കേരളസർക്കാർ കേരള വ്യവസായ പശ്ചാത്തല വികസന കോർപ്പറേഷൻ (കേരള ഇൻഡസ്ട്രിയൽ ഇൻഫ്രാസ്ട്രക്ചർ ഡെവലപ്പ്‌മെന്റ് കോർപ്പറേഷൻ - കിൻഫ്ര) സ്ഥാപിച്ചു. ഫാക്ടിന്റെ മുൻ സി‌എം‌ഡി ജി.സി. ഗോപാലപിള്ള ആയിരുന്നു കിൻഫ്രയുടെ ആദ്യ ചെയർമാൻ. ആദ്യത്തെ 12 വർഷക്കാലം അദ്ദേഹം കിൻഫ്രയുടെ ചെയർമാനായിരുന്നു. [1] സംസ്ഥാനത്തിന്റെ വിവിധ സ്ഥലങ്ങളിൽ മൂവായിരത്തോളം ഏക്കറിലായി 24 വ്യവസായ പാർക്കുകളാണ് ഇപ്പോൾ പ്രവർത്തിക്കുന്നത്. സംസ്ഥാനത്ത് വ്യവസായ വളർച്ചയ്ക്ക് ആവശ്യമായ അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കുന്നതിനും പ്രോൽസാഹിപ്പിക്കുന്നതിനും, സംരക്ഷിക്കുന്നതിനും മാത്രമല്ല, ചെറുകിട വ്യവസായങ്ങളെ ആകർഷിച്ച് വിജയകരമായ യൂണിറ്റുകൾ സ്ഥാപിക്കുന്നതിനും കേരള സർക്കാർ രൂപീകരിച്ച നിയമപ്രകാരമുള്ള സംഘടനയാണ് കിൻഫ്ര. വിവിധ മേഖലകളിലെ മൽസരാധിഷ്ഠിത വിപണികൾ കണ്ടെത്തി വ്യവസായങ്ങൾ പരിപോഷിപ്പിക്കുന്നതിനൊപ്പം മികച്ച സംരംഭകരിലൂടെ സംസ്ഥാനത്ത് മെച്ചപ്പെട്ട ആവാസവ്യവസ്ഥ രൂപപ്പെടുത്താനും സാഹചര്യമൊരുക്കുന്നു. നിക്ഷേപകർക്ക് ഭൂമി, വൈദ്യുതി, ജലം, റോഡ് തുടങ്ങിയ സൗകര്യങ്ങൾ ലഭ്യമാക്കുക എന്നതും കിൻഫ്രയുടെ ദൗത്യങ്ങളിൽ ഉൾപ്പെടുന്നു.

ലക്ഷ്യം

തിരുത്തുക

സംസ്ഥാനത്തിന്റെ വ്യാവസായിക വളർച്ചയ്ക്ക് ഉതകുന്ന തരത്തിലുള്ള വ്യവസായ പാർക്കുകൾ, ടൌൺഷിപ്പുകൾ, സോണുകൾ എന്നിവ സംസ്ഥാനത്ത് വ്യാവസായികമായി പിന്നോക്കം നിൽക്കുന്ന പ്രദേശങ്ങളിൽ സ്ഥാപിക്കുന്നതിലൂടെ സംസ്ഥാനത്ത് വ്യവസായ പശ്ചാത്തല വികസനം സാധ്യമാക്കുക എന്നതാണ് കിൻഫ്രയുടെ ലക്ഷ്യം. കേരളത്തെ സംരംഭക സൗഹാർദ സംസ്ഥാനമായി ഉയർത്തുന്നതിനാവശ്യമായ പ്രവർത്തനങ്ങളാണ് കിൻഫ്ര ഏറ്റെടുത്തു നടത്തിവരുന്നത്. ഇത് സംസ്ഥാനത്തേക്ക് കൂടുതൽ മൂലധന നിക്ഷേപമെത്തുന്നതിനും സംരംഭങ്ങളുടെ എണ്ണം വർധിപ്പിക്കുന്നതിനുമൊപ്പം മികച്ച അവസരങ്ങൾ സൃഷ്ടിക്കുന്നതിനും വഴിയൊരുക്കും. അത്തരത്തിൽ സംരംഭകർക്കൊപ്പം നിരവധി തൊഴിലവസരങ്ങൾ സൃഷ്ടിക്കാനാണ് കിൻഫ്ര മുൻകൈയെടുക്കുന്നത്.

പൂർത്തിയായ പദ്ധതികൾ

തിരുത്തുക

വസ്ത്ര വ്യവസായ കേന്ദ്രമാണ് തിരുവനന്തപുരം തുമ്പയിലെ കിൻഫ്ര ഇന്റർനാഷണൽ അപ്പാരൽ പാർക്ക്. വിവര-വിനോദ സാങ്കേതിക വിദ്യക്കായി സ്ഥാപിച്ച ഫിലിം ആന്റ് വീഡിയോ പാർക്ക് കഴക്കൂട്ടത്താണ് പ്രവർത്തിക്കുന്നത്. സമുദ്രോൽപന്ന കയറ്റുമതിക്കായി സീഫുഡ് പാർക്ക്, റബ്ബർ ബോർഡുമായി ചേർന്ന് റബ്ബർ പാർക്ക് എന്നിവയും കിൻഫ്ര സ്ഥാപിച്ചിട്ടുണ്ട്. കേന്ദ്ര ഭക്ഷ്യ സംസ്കരണ മന്ത്രാലയത്തിൻറെ വ്യവസായത്തിനുള്ള കേരളത്തിലെ നോഡൽ ഏജൻസി കിൻഫ്രയാണ്. [2][3]

പുതിയ പദ്ധതികൾ

തിരുത്തുക

പൂർത്തീകരിക്കേണ്ട നിരവധി പദ്ധതികളാണ് അണിയറയിൽ ഒരുങ്ങുന്നത്. ഡിഫൻസ് പാർക്ക്, മെഗാ ഫുഡ് പാർക്ക്, ഗ്ലോബൽ ആയുർവേദ പാർക്ക്, പെട്രോ കെമിക്കൽ പ്ലാന്റ്, [4]സ്‌പൈസസ് പ്രോസസിംഗ് പ്ലാന്റ് എന്നിവ ഇതിൽ പ്രധാനപ്പെട്ടവയാണ്. കൂടാതെ തൃശൂർ ജില്ലയിലെ കൊടകരയിൽ കേരാ പാർക്ക് എന്ന വ്യവസായ പാർക്ക് സ്ഥാപിക്കാൻ കിൻഫ്ര പദ്ധതിയിടുന്നു. [5]

ഡിഫൻസ് പാർക്ക്

തിരുത്തുക

ഇന്ത്യയിലെ തന്നെ ആദ്യത്തെ ഡിഫൻസ് പാർക്കാണ് മേക്ക് ഇൻ ഇൻഡ്യ പദ്ധതിയുടെ അടിസ്ഥാനത്തിൽ കിൻഫ്ര സജ്ജമാക്കുന്നത്. പിഎസ്‌യു, ബിഎൻഎൽ, എച്ച്എഎൽ, കൊച്ചിൻ ഷിപ്പ്‌യാർഡ് എന്നിവയ്ക്കായുള്ള പാർട്‌സ് വിതരണമായിരിക്കും പ്രധാനമായും ഇവിടെ നിർവഹിക്കപ്പെടുക. അതിനൊപ്പം തന്നെ ഇതര ചെറുകിട സംരംഭങ്ങൾക്കായുള്ളവയും സജ്ജമായിരിക്കും. പാലക്കാട് ഒറ്റപ്പാലത്ത് 60 ഏക്കറിൽ തയ്യാറാവുന്ന ഡിഫൻസ് പാർക്ക് പ്രതിരോധ രംഗത്തേക്കുള്ള സേവനങ്ങൾ ഒരു കുടക്കീഴിൽ അണിയിച്ചൊരുക്കും. 191 കോടി ചെലവിൽ പടുത്തുയർത്തുന്ന പദ്ധതിക്കായി, കേന്ദ്ര സർക്കാർ അനുവദിച്ചു നൽകിയ 50 കോടിയും സംസ്ഥാന സർക്കാരിന്റെ 141 കോടി രൂപയുമാണ് വിനിയോഗിക്കുന്നത്. സൈനിക വാഹനങ്ങളുടെ പാർട്‌സുകൾ, വിമാന ഭാഗങ്ങൾ, തീരദേശ കെട്ടിടങ്ങൾക്കായുള്ള നിർമ്മാണ സാമഗ്രികൾ, യുദ്ധക്കപ്പലുകളുടെ ഭാഗങ്ങൾ, പ്രതിരോധ രംഗത്തെ ഐടി സേവനങ്ങൾ, കമ്യൂണിക്കേഷൻ സംവിധാനം, സുരക്ഷയ്ക്കായുള്ള വസ്ത്രങ്ങൾ എന്നിവയെല്ലാമായിരിക്കും പ്രധാനമായും ഇവിടെ ലഭ്യമാകുന്നത്. [6]

മെഗാഫുഡ് പാർക്ക്

തിരുത്തുക

പാലക്കാട് ആസ്ഥാനമായി തയ്യാറാവുന്ന പദ്ധതി കേന്ദ്രസർക്കാരിന്റെ 50 കോടിയുടെ ഗ്രാന്റോടെയാണ് പൂർത്തിയാക്കപ്പെടുന്നത്. കേന്ദ്രതലത്തിലും സംസ്ഥാന തലത്തിലും പ്രഥമ പ്രാതിനിധ്യമുള്ള മേഖലയാണ് ഫുഡ് പ്രോസസിംഗിന്റേത്. അതിനാൽ തന്നെ മെഗാഫുഡ് പാർക്കിന് പ്രസക്തി ഏറെയാണ്. അതിനൊപ്പം സാധാരണക്കാരനെയും വൻകിട കമ്പനികളെയും ഒരേപോലെ സ്പർശിച്ചാണ് ഇതിന്റെ പ്രവർത്തനങ്ങൾ വിന്യസിക്കപ്പെടുന്നത്. കൃഷിക്കാരന് അവന്റെ ഉൽപ്പന്നങ്ങൾക്ക് മികച്ച വിപണന സാധ്യതകൾ ലഭിക്കുന്നതിനൊപ്പം ഉപഭോക്താക്കൾക്ക് മികച്ച നിലവാരത്തിലുള്ള ഭക്ഷണ പദാർത്ഥങ്ങൾ ലഭിക്കാനും സാഹചര്യം ഒരുങ്ങുന്നു. അത്തരത്തിൽ സമൂഹത്തിന്റെ വിവിധ തലങ്ങളെ പരസ്പരം ബന്ധപ്പെടുത്തിക്കൊണ്ടാണ് ഫുഡ്പാർക്ക് പ്രവർത്തിക്കുക. പാർക്ക് തയ്യാറാക്കുന്നതിനായി ആകെ 119.02 കോടി രൂപയാണ് വകയിരുത്തിയിട്ടുള്ളത്. പാലക്കാടിന് പുറമെ വയനാട്, കോഴിക്കോട്, മലപ്പുറം, തൃശൂർ, എറണാകുളം എന്നീ ജില്ലകൾ കൂടി കേന്ദ്രീകരിച്ചായിരിക്കും ഫുഡ്പാർക്കിന്റെ പ്രവർത്തനം. ഇതിന് പുറമെ തമിഴ്‌നാട്ടിലെ ഒഡൻചത്രം മാർക്കറ്റിൽ നിന്നും പച്ചക്കറികൾ എത്തിക്കും. സംരംഭകർക്കായി എല്ലാവിധ സജ്ജീകരണങ്ങളും ഇവിടെ ഒരുക്കിയിരിക്കും. ലീസ് കാലവധി 30 വർഷമായാണ് നിജപ്പെടുത്തിയിരിക്കുന്നത്. കാലാവധിക്ക് ശേഷം 90 വർഷം വരെ ഇത് പുതുക്കാവുന്നതുമാണ്. [7]

ഗ്ലോബൽ ആയുർവേദ വില്ലേജ്

തിരുത്തുക

ഫെബ്രുവരി ആദ്യവാരം പ്രവർത്തനമാരംഭിക്കാവുന്ന വിധത്തിലാണ് കിൻഫ്രയുടെ ഗ്ലോബൽ ആയുർവേദ വില്ലേജിന്റെ സജ്ജീകരണങ്ങൾ പുരോഗമിക്കുന്നത്. കേരളത്തെ ആയുർവേദത്തിന്റെ ലോക തലസ്ഥാനമാക്കി മാറ്റുക എന്നതാണ് ആയുർവേദ വില്ലേജിന്റെ പ്രഥമ ലക്ഷ്യം. ഇതിന്റെ ഭാഗമായി നിലവിലെ പോരായ്മകൾ പരിഹരിച്ചുകൊണ്ട് ആയുർവേദ രംഗത്ത് നവ സാധ്യതകളും പരിഷ്‌കാരങ്ങളുമെല്ലാം സമന്വയിപ്പിച്ചുകൊണ്ടാണ് വില്ലേജ് ഒരുങ്ങുന്നത്. ആധുനിക ചികിൽസാ രീതികളെ ആയുർവേദവുമായി സമ്മേളിപ്പിച്ചുകൊണ്ടുള്ള രീതിക്കാണ് ഇവിടെ തുടക്കം കുറിക്കുന്നത്. അതുവഴി നിലവിലെ പ്രതികൂല സാഹചര്യങ്ങൾ മാറി ആഗോളതലത്തിൽ കൂടുതൽ കാര്യക്ഷമമായ പ്രവർത്തനങ്ങൾ കാഴ്ചവെക്കാൻ സാധിക്കുമെന്നാണ് പ്രതീക്ഷ. തിരുവനന്തപുരം ജില്ലയിലെ തോന്നയ്ക്കലിൽ പണിതുയർത്തുന്ന വില്ലേജ്, ആയുർവേദത്തിന്റെ വിവിധ തലങ്ങളെ കൈകാര്യം ചെയ്യുന്നുണ്ട്. ആയുർവേദിക് വെൽനെസ് സെന്റർ, ട്രാൻസ്‌ളേഷണൽ റിസർച്ച് സെന്റർ, ഫിനിഷിംഗ് സ്‌കൂൾ, ഇന്റർനാഷണൽ അക്കാഡമി, ഡിജിറ്റൽ ലൈബ്രറി, ടെലി ഹെൽത്ത്, ഇൻകുബേഷൻ സെന്റർ, മെഡിറ്റേഷൻ- യോഗ ഹാളുകൾ, വാട്ടർ സ്‌പോർട്‌സ് സംവിധാനങ്ങൾ, ആയുർവേദ ഭക്ഷണശാലകൾ, കൺവെൻഷണൽ സെന്റർ തുടങ്ങി നിരവധി സജ്ജീകരണങ്ങൾ ഏർപ്പെടുത്തിക്കൊണ്ടാണ് വില്ലേജ് പ്രവർത്തനസജ്ജമാകുന്നത്. [8]

കൊച്ചിയിൽ പെട്രോകെമിക്കൽ പ്ലാന്റ്

തിരുത്തുക

കൊച്ചിയിൽ അമ്പലമുഗൾ കേന്ദ്രീകരിച്ച് നടപ്പിലാക്കുന്ന പെട്രോകെമിക്കൽ പ്ലാന്റ് ആണ് കിൻഫ്രയിൽ നിന്നും പുറത്തെത്തുന്ന മറ്റൊരു മേഖല. 486 ഏക്കർ സ്ഥലത്ത് ആരംഭിക്കുന്ന പ്ലാന്റ് വിവിധ മേഖലകളിലേക്ക് സേവനത്തെ വിന്യസിച്ചുകൊണ്ടായിരിക്കും പ്രവർത്തിക്കുക. സംരംഭകർക്കായി നിരവധി സജ്ജീകരണങ്ങളും ഇവിടെ ഒരുക്കിയിരിക്കും. ഇന്റേണൽ റോഡുകൾ, ഡ്രെയിനേജ് വാട്ടർ ട്രീറ്റ്‌മെന്റ് പ്ലാന്റ്, ഇന്റേണൽ വാട്ടർ സപ്ലൈ സിസ്റ്റം, ഇന്റേണൽ ഇലക്ട്രിഫിക്കേഷൻ, സോളിഡ് വേസ്റ്റ് മാനേജ്‌മെന്റ് തുടങ്ങി നിരവധി സജ്ജീകരണങ്ങൾ ഇതിൽപ്പെടും. ഇന്ധന മേഖലയിലെ വൻകിട കമ്പനികൾക്കും ചെറുകിട സ്ഥാപനങ്ങൾക്കുമെല്ലാം പിന്തുണയാവുന്ന വിധത്തിലായിരിക്കും പ്ലാന്റിന്റെ പ്രവർത്തനം. ഇതിനുപുറമെ കൊല്ലം കേന്ദ്രീകരിച്ച് കശുവണ്ടി പ്രോസസിംഗ് യൂണിറ്റും സജ്ജമാകുന്നു. ഇതര സ്ഥാപനങ്ങളെ അപേക്ഷിച്ച് കശുവണ്ടിയുടെ എല്ലാവിധ പ്രക്രിയകളും നടപ്പിലാക്കാവുന്ന വിധത്തിലായിരിക്കും പ്ലാന്റ് സജ്ജമാക്കുക. ഇതിനായി ഓപ്പറേഷൻ കോസ്റ്റ് മാത്രം സംരംഭകൻ മുടക്കിയാൽ മതിയാകും. [9]

സംയോജിത വെബ്‌സൈറ്റ്

തിരുത്തുക

കിൻഫ്രയുടെ കീഴിലുള്ള പ്രവർത്തനങ്ങളെയും അവയുടെ സേവനങ്ങളെയും കുറിച്ചുള്ള പൂർണവിവരങ്ങൾ വെബ്‌സൈറ്റുകൾ വഴി ലഭ്യമാക്കുന്നുണ്ട്. ഇത് നവീകരിക്കാനുള്ള പദ്ധതികളും നടന്നുവരികയാണ്. ഇതുവഴി നിക്ഷേപകന് സ്ഥലത്തിന്റെ വില, കണക്ടിവിറ്റി, ലഭ്യത, രജിസ്‌ട്രേഷൻ ചെലവ്, സർക്കാർ പോളിസി, തുടങ്ങിയവയെല്ലാം മനസ്സിലാക്കാൻ സാധിക്കും. ഓരോ യൂണിറ്റിനെ സംബന്ധിച്ച വിവരങ്ങളും ഇതിൽ ലഭ്യമായിരിക്കും.

  1. "ആർക്കൈവ് പകർപ്പ്". Archived from the original on 2019-08-01. Retrieved 2019-08-01.
  2. https://economictimes.indiatimes.com/topic/Kinfra
  3. https://economictimes.indiatimes.com/topic/Kinfra
  4. https://www.thehindubusinessline.com/news/national/kinfra-setsup-petrochemical-park-in-kochi/article9255821.ece
  5. https://www.asianetnews.com/topic/kinfra
  6. https://www.business-standard.com/article/economy-policy/kinfra-to-set-up-7-small-industrial-parks-104011601098_1.html
  7. "ആർക്കൈവ് പകർപ്പ്". Archived from the original on 2019-08-01. Retrieved 2019-08-01.
  8. https://www.prd.kerala.gov.in/ml/node/50586
  9. https://www.mathrubhumi.com/ernakulam/nagaram/kochi-nagaram-1.3986373[പ്രവർത്തിക്കാത്ത കണ്ണി]
"https://ml.wikipedia.org/w/index.php?title=കിൻഫ്ര&oldid=3958569" എന്ന താളിൽനിന്ന് ശേഖരിച്ചത്