കാവാരികുളം കണ്ടൻ കുമാരൻ

ഇന്ത്യൻ സാമൂഹ്യ പരിഷ്കർത്താവ്

ജാതിവർണ്ണ വിവേചനത്തിനെതിരെ പോരാടിയ കേരളത്തിലെ നവോത്ഥാന നായകരിൽ ഒരാളാണ് ശ്രീ കാവാരികുളം കണ്ടൻ കുമാരൻ.[1]

ജീവിതരേഖ

തിരുത്തുക

1863 ഒക്ടോബർ 25 ന് കൊല്ലം ജില്ലയിലെ തിരുവല്ലാ താലൂക്കിൽ (ഇന്നത്തെ പത്തനംതിട്ടയിലെ മല്ലപ്പള്ളി താലൂക്ക്) പെരുമ്പെട്ടി ഗ്രാമത്തിൽ കാവാരികുളം എന്ന പറയ ഗൃഹത്തിൽ കണ്ടന്റെയും മാണിയുടെയും മകനായി ജനനം.[2]

തലമുറകളായി  കുടികിടപ്പുകാരും ആശ്രിതരുമായിരുന്നു കുമാരന്റെ കുടുംബം. കൃഷിപ്പണിയും ഈറ്റപ്പണിയുമായിരുന്നു മാതാപിതാക്കളുടെ ജോലി. മാതാപിതാക്കൾ വയലിൽ പണിക്കിറങ്ങുമ്പോൾ കരയിൽ ഇളയ കുട്ടികൾക്ക് കാവലിരിക്കുകയാണ് മൂത്തകുട്ടികൾക്കുള്ള ജോലി. കുമാരന്റെ ബാല്യവും മാറ്റമില്ലാത്തതായിരുന്നു.

അക്ഷരം പഠിക്കണമെന്ന് മാതാപിതാക്കളെ അറിയിച്ചെങ്കിലും അവർ നിസഹായരായിരുന്നു. അയൽവാസി കിട്ടുപിള്ള ആശാൻ ആണ് അദ്ദേഹത്തെ രഹസ്യമായി മലയാളം ,സംസ്കൃതം, പരൽപ്പേർ എന്നിവ പഠിപ്പിച്ചത്. മറ്റുള്ളവർ അത് തടയാൻ ശ്രമിച്ചെങ്കിലും കുമാരൻ പിൻതിരിഞ്ഞില്ല സ്വപരിശ്രമത്താൽ നന്നായി എഴുതാനും വായിക്കാനും പ്രസംഗിക്കാനും പഠിച്ചു.

തൻ്റെ ജനവിഭാഗമായ പറയർ ഗ്രാമത്തിനു വെളിയിൽ അപ്രാപ്യമായ സ്ഥലങ്ങളിൽ വഴിയും വഴിത്താരയും ഇല്ലാത്തതും വാസയോഗ്യം അല്ലാത്ത കുടിലുകളിലുമാണ് ജീവിച്ചിരുന്നത് എന്നത് മനസ്സിലാക്കിയ കുമാരൻ ക്ലേശകരമായ യാത്രകൾ നടത്തി അവരുടെ കുടിലുകളിൽ എത്തി എല്ലാവരെയും ഒത്തുകൂട്ടി അവർക്ക് വിദ്യാഭ്യാസവും സംഘടനാ ബോധവും പകർന്നു നൽകി.

കുമാരൻ തന്റെ സമപ്രായക്കാരെയും സമാന ചിന്താഗതിക്കാരെയും ചേർത്തുകൊണ്ട് 1911 ആഗസ്റ്റ്‌ 29 ന് (1087 ചിങ്ങം 13) ബ്രഹ്മപ്രത്യക്ഷ സാധുജന സഭ എന്ന പറയ (സാംബവ) സമുദായ സംഘടന സ്ഥാപിച്ചു.[3] ആരുകാട്ട് ഊപ്പ, പഴൂർ കുഞ്ഞാണി, നാരകത്തറ എൻ.ഐ.കുഞ്ഞയ്യപ്പൻ, നാരകത്തറ ഇട്ട്യാതി, പഴയ കോണത്ത് കുഞ്ഞിരാമൻ, മoത്തിൽ കറുമ്പൻ, മണലോടി ചേന്നൻ നാരായണൻ, മലേത്തറ കറുമ്പൻ എന്നിവർക്കൊപ്പം ചങ്ങനാശ്ശേരി ചന്തയ്ക്കു സമീപമുള്ള മണലാട്ടി എന്ന പറയ ഗൃഹത്തിലെ കോത എന്ന പെൺകുട്ടി അഞ്ചു തിരിയിട്ടു കൊളുത്തിയ മഞ്ചിരാത് കൊളുത്തി ആയിരുന്നു ഉത്ഘാടനം .1913- ൽ സംഘടനയുടെ പേർ ബ്രഹ്മ പ്രത്യക്ഷ സാധുജന പരിപാലന സംഘം എന്നാക്കി. കാവാരികുളം കണ്ടൻ കുമാരൻ ആദ്യ പ്രസിഡന്റും ആരുകാട്ട് ഊപ്പ ജനറൽ സെക്രട്ടറിയുമായി, പഴൂർ കുഞ്ഞാണി ഖജാൻജിയും. ഇതിലൂടെ കേരള നവോത്ഥാന ചരിത്രത്തിൽ ആദ്യമായി സാമുദായികപരമായി സംഘടിച്ചവർ പറയർ(സാംബവർ) ആയി മാറി. ശാഖകൾ തോറും പള്ളിക്കൂടങ്ങളും നിശാപാഠശാലകളും തുടങ്ങി. സംഘടന തിരുവിതാംകൂറിന്റെ വിവിധ ദേശങ്ങളിൽ അതിശീഘ്രം വളർന്നു. സ്വസമുദായത്തിനു “സമുദായ കോടതിയും" സ്ഥാപിച്ചു. പ്രാകൃത ആചാരങ്ങൾക്കും അസമത്വങ്ങൾക്കുമെതിരെ കുമാരൻ പോരാടി.

അടിസ്ഥാന വിഭാഗങ്ങളുടെ അപരിഷ്കൃതമായ ഭക്ഷണശീലം, വൃത്തിയില്ലായ്മ, ജീവിതത്തിനു ദിശാബോധം ഇല്ലായ്മ എന്നിവയുടെ ദുരീകരണം ആയിരുന്നു കാവാരികുളം കണ്ടൻ കുമാരൻ ലക്ഷ്യമിട്ടത്. സ്വയം പരിഷ്കരണം കൊണ്ടുമാത്രം നടക്കുന്നതല്ല അധ:സ്ഥിത അവസ്ഥയിൽ കഴിയുന്ന സമൂഹങ്ങളുടെ മോചനം. സമ്പത്ത് ഇല്ലായ്മ പ്രശ്നമായിരുന്നു. അക്കാലത്ത് സമ്പത്ത് ഭൂകേന്ദ്രീകൃതം ആയിരുന്നു. അതുമനസ്സിലാക്കിയാണ് സർക്കർ ഭൂമി "ദാനപ്പതിവിലൂടെ" എന്ന ആശയം രൂപം കൊണ്ടത്. ആ ആശയം യാഥാർഥ്യമാക്കാനുള്ള കഠിനാധ്വാനം ആയിരുന്നു കണ്ടൻകുമാരൻ അന്നുമുതൽ ജീവിതാവസാനംവരെ നടത്തിക്കൊണ്ടിരുന്നത്. ഇന്ന് തിരുവിതാംകൂർ ഭാഗത്തുള്ള അടിസ്ഥാന വിഭാഗങ്ങളുടെ  ആവാസ മേഖലകളിൽ പലതും അത്തരം ശ്രമഫലമായി ലഭിച്ചതാണ്.പുറമ്പോക്ക് ഭൂമി, പുതുവൽ ഭൂമി എന്നിവ വൻതോതിൽ പതിച്ചു കിട്ടുന്നതിനായി, ലഭിക്കേണ്ട ഭൂമിയുടെ സർവ്വേ നമ്പർ, എലുക, വിസ്തീർണ്ണം എന്നിവ കൃത്യമായി കണ്ടെത്തി സർക്കാരിൽ അപേക്ഷ നല്കി തന്റെ ആളുകൾക്ക് പതിച്ചു വാങ്ങുന്നതിൽ ബദ്ധശ്രദ്ധനായിരുന്നു കണ്ടൻ കുമാരൻ. ജനാധിപത്യ കേരളം ഭൂപരിഷ്കരണം നടപ്പിലാക്കുന്നതിനും എത്രയോ കാലം മുമ്പ് തൻറെ സമുദായത്തിൽ പെട്ട പാവപ്പെട്ടവർക്ക് ഇത്തിരി മണ്ണ് നേടിക്കൊടുക്കാൻ കുമാരന് കഴിഞ്ഞു .

1915-ൽ അദ്ദേഹം ശ്രീമൂലം പ്രജാസഭാംഗമായി നോമിനേറ്റ് ചെയ്യപ്പെട്ടു. അധ:സ്ഥിത ജനതയിൽ അയ്യൻകാളി കഴിഞ്ഞാൽ ഏറ്റവും കൂടുതൽ കാലം (14 വർഷം) സാമാജികനായിരുന്നത് കണ്ടൻകുമാരനാണ്.[4] ശുചിത്വം ഭാവനപരിസരവൃത്തി എന്നിവയിൽ സമുദായംഗങ്ങളിൽ ബോധവൽക്കരണം നടത്തി. പട്ടിണി നിവാരണ നടപടികൾ സ്വീകരിക്കുന്നതിൽ വൻ താൽപ്പര്യംകാട്ടി 99-ലെ കുപ്രസിദ്ധമായ വെള്ളപ്പൊക്കം ഉണ്ടായപ്പോൾ. കിഴക്കൻ വനങ്ങളിൽ നിന്നും ചങ്ങാടങ്ങളിൽ അതി സാഹസികമായി ഈറ്റ വെട്ടിക്കൊണ്ടുവന്നു സമുദായംഗങ്ങൾക്ക് തൊഴിൽ നൽകി അവരെ പട്ടിണിയിൽ നിന്നുരക്ഷിച്ചു. പ്രജാസഭയിൽ ഞങ്ങൾക്ക് 'പട്ടി കേറാത്ത കൊട്ടില്' വേണമെന്ന് ആവശ്യപ്പെട്ട്    പാർപ്പിട പ്രശ്നത്തിന് പരിഹാരം നേടിയെടുത്തു. വാളെടുത്തവരെ വരുതിയിലാക്കാനും പോരെടുത്തവർക്കെതിരെ പൊരുതി അവരെ തോൽപ്പിക്കാനും കുമാരൻ മുന്നിൽ നിന്നു .

1915-20,1923,1926-32 കാലഘട്ടങ്ങളിൽ കുമാരൻ ശ്രീമൂലം പ്രജാസഭ മെമ്പർ ആയിരുന്നു. പിൽക്കാലത്ത് മകൻ പി.കെ കുമാരനും എം.എൽ.സി ആയി.

ചത്താൽ കുഴിച്ചു മൂടാൻ അനുമതി തേടാതെ സ്വന്തമായി മണ്ണ് വേണം, അന്നം പാകം ചെയ്യാനും അന്തി ഉറങ്ങാനും സ്വന്തമായി അൽപ്പം മണ്ണ് ഓരോ പറയ കുടുംബത്തിനും കിട്ടണം എന്നദ്ദേഹം ശ്രീമൂലം അസംബ്ലിയിൽ ആവശ്യപ്പെട്ടു .സർക്കാർ വക പുറമ്പോക്ക് ഭൂമിയും പുതുവൽ ഭൂമിയും ദാനപ്പതിവ് എന്ന നിലയിൽ പറയർക്ക്(സാംബവർക്ക്) നൽകണം എന്നദ്ദേഹം വാദിച്ചു. തുടർന്നു ആയിരക്കണക്കിന് ഭൂമി സാംബവർക്ക് പതിച്ചു നൽകപ്പെട്ടു.

പിന്നീട് അവരെ സാക്ഷരർ ആക്കുന്നതിൽ ആയി അദ്ദേഹത്തിൻറെ ശ്രദ്ധ. ഓരോ സമുദായ ശാഖയിലും ഓരോ ഏകാധ്യാപക വിദ്യാലയം (മൊത്തം 52 എണ്ണം[2]) അദ്ദേഹം സ്ഥാപിച്ചു, ഒപ്പം ഹോസ്റ്റലും. തന്റ  പ്രജാസഭാ കാലയളവിൽ ഈറ്റ ലഭ്യതയുടെ പ്രശ്നം ഉന്നയിച്ച് ഈറ്റപാസ് നേടിയെടുത്ത  ആളായിരുന്നു അദ്ദേഹം. പാഠപുസ്തകം സൗജന്യമായ് നൽകുക,അവിടെ ജോലി ചെയ്യുന്ന അദ്ധ്യാപകർക്ക് സർക്കാർ ഗ്രാൻ്റ് അനുവദിപ്പിക്കുകയും പഠിക്കുന്ന വിദ്യാർത്ഥികൾക്ക് ഉച്ചക്കഞ്ഞിക്കുള്ള ഏർപ്പാടുകൾ ഗവൺമെന്റിനാൽ സാദ്ധ്യപ്പെടുത്തുകയും ചെയ്തു.

അധ:സ്ഥിത വിഭാഗങ്ങളിൽ, പറയർക്ക് ഏറ്റവും ഉയർന്ന സാക്ഷരത (23ശതമാനം) 1931 കാലത്ത് കൈവരിക്കാൻ കഴിഞ്ഞത് കുമാരൻറെ ഈ നടപടി കാരണമാണ് (ജാതി സെൻസ്സസ് 1931 കാണുക).

1921- ൽ കവിയൂരിൽ വച്ച് ശ്രീനാരായണ ഗുരുവുമായി കൂടിക്കാഴ്ച നടത്തി.ചങ്ങനാശ്ശേരി പരമേശ്വരൻ പിള്ള,അയ്യങ്കാളി, മൂലൂർ പത്മനാഭപ്പണിക്കർ, സി.വി.കുഞ്ഞുരാമൻ എന്നിവരുമായി ഉറ്റബന്ധം പുലർത്തിയിരുന്നു.

അവസാനകാലം ചെങ്ങന്നൂരിൽ മൂത്തമകൻ പി കെ കുമാരന്റെ കൂടെയായിരുന്നു. ഒരു  തിരുവനന്തപുരം യാത്ര കഴിഞ്ഞു വന്നപ്പോൾ പിടിപെട്ട ചെറിയ പനി കടുത്തപ്പോൾ മാവേലിക്കര ഗവൺമെൻറ് ആശുപത്രിയിൽ അഡ്മിറ്റ് ആയി. പനിക്കൊപ്പം കാസ രോഗവും കലശലായി.

40 ദിവസം കിടന്നിട്ടും കാര്യമായ ശമനം ഉണ്ടായില്ല അവസാനനാളുകളിൽ അതിസാരം കൂടി പിടിപെട്ടപ്പോൾ രോഗിയുടെ  അനുവാദത്തിനു കാത്തു നിൽക്കാതെ  ആശുപത്രിയിൽ നിന്നും ഡിസ്ചാർജ് ചെയ്യുകയാണ് ഉണ്ടായത്.

മക്കളും കുടുംബവും ഉള്ള പെരുമ്പട്ടിയിലേക്ക് തന്നെ പോകണമെന്നായിരുന്നു അദ്ദേഹത്തിൻറെ അന്ത്യാഭിലാഷം. എന്നാൽ വാഹനസൗകര്യം അപര്യാപ്തമായ ആ കാലത്ത് മലയോര പ്രദേശമായ മാവേലിക്കരയിൽ നിന്ന് പെരുമ്പട്ടിയിലേക്കുള്ള യാത്ര ദുഷ്കരമായിരുന്നു.

എന്നിട്ടു കൂടി അദ്ദേഹത്തിൻറെ അനുയായികൾ അതിനു തയ്യാറായി. ചെങ്ങന്നൂരിനടുത്തുള്ള പുത്തൻകാവിൽ എത്തിയപ്പോഴേക്കും അസ്വസ്ഥത വർദ്ധിച്ചു. അവിടെ അമ്മൂമ്മേത്തു  എന്ന കുടുംബത്തിൽ തങ്ങി വിശ്രമിച്ചു. വെളുപ്പിനു തന്നെ പെരുമ്പട്ടിക്കുള്ള യാത്രതുടർന്നു ആറാട്ടുപുഴയിൽ എത്തുമ്പോഴേക്കും രോഗം വീണ്ടും മൂർച്ഛിച്ചു.യാത്ര തുടരാനാവാതെ  നല്ലുമല എന്ന കുടുംബത്തിൽ അദ്ദേഹത്തെ എത്തിച്ചു.   സൂര്യോദയത്തിന് മുൻപ് തന്നെ തന്റെ എഴുപത്തി ഒന്നാമത്തെ വയസ്സിൽ 1934 ഒക്ടോബർ 16-നു സംഭവബഹുലമായ ആ ജീവിതത്തിന് അന്ത്യമായി. കുടുംബാംഗങ്ങളുടെ സാന്നിധ്യമില്ലാതെ സംസ്കാരം ആറാട്ടുപുഴയിൽ നടന്നു. വാർത്ത നാട്ടിലെത്തിയത് ദിവസങ്ങൾക്കുശേഷം മാത്രം.

മല്ലപ്പള്ളിയിലെ കൊറ്റനാട് പഞ്ചായത്ത് സമതി അദ്ദേഹത്തിന്റെ ഛായാചിത്രം പഞ്ചായത്ത് ഹാളിൽ സ്ഥാപിച്ചു അദ്ദേഹത്തിൻറെ സ്മരണ നില നിർത്തുന്നു.

കൂടുതൽ വായനക്ക്

തിരുത്തുക
  • കാവാരികുളം കണ്ടൻ കുമാരൻ, ഒരു ചരിത്ര പഠനം - പ്രൊഫസർ എസ് കൊച്ചു കുഞ്ഞ്
  • മഹാത്മാ കാവാരികുളം കണ്ടൻ കുമാരൻ - അഡ്വക്കേറ്റ് മുന്തൂർ കൃഷ്ണൻ
  1. "കാവാരിക്കുളം കണ്ഠൻ കുമാരന്റെ ജന്മദിനാഘോഷം നാളെ". Retrieved 2021-12-10.
  2. 2.0 2.1 "കാവാരികുളം കണ്ടൻ കുമാരനും ദളിത് പ്രശ്നവും". Retrieved 2021-12-10.
  3. Daily, Keralakaumudi. "അറിവിനെ ആയുധമാക്കിയ പോരാളി" (in ഇംഗ്ലീഷ്). Retrieved 2021-12-10.
  4. "അറിവ് ആയുധമാക്കിയ പോരാളി" (in ഇംഗ്ലീഷ്). Retrieved 2021-12-10.