കാഞ്ചീവരം
പ്രിയദർശൻ സംവിധാനം ചെയ്ത തമിഴ് ചലച്ചിത്രമാണ് കാഞ്ചീവരം. 2007ലെ മികച്ച ചലച്ചിത്രത്തിനുള്ള 55-ആമത് ദേശീയ ചലച്ചിത്ര അവാർഡ് ഈ ചിത്രം നേടി. ഇതിലെ അഭിനയത്തിന് പ്രകാശ് രാജ് മികച്ച നടനുള്ള പുരസ്കാരം കരസ്ഥമാക്കുകയും ചെയ്തു. 2008 സെപ്റ്റംബർ 12-ന് ടൊറണ്ടോയിലെ അന്താരാഷ്ട്രചലച്ചിത്രമേളയിലാണ് ഈ ചിത്രം റിലീസ് ചെയ്തത്. പിറ്റ്സ്ബർഗിലെ സിൽക്ക് സ്ക്രീൻ ഏഷ്യൻ അമേരിക്കൻ ചലച്ചിത്രമേളയിലും ഈ ചിത്രം പ്രദർശിപ്പിക്കപ്പെട്ടു. മലയാളഗായകനായ എം.ജി. ശ്രീകുമാറാണ് ഈ ചിത്രത്തിന് സംഗീതം നിർവ്വഹിച്ചിരിക്കുന്നത്.
കാഞ്ചീവരം | |
---|---|
സംവിധാനം | പ്രിയദർശൻ |
നിർമ്മാണം | ശൈലേന്ദ്ര സിങ്ങ് |
രചന | പ്രിയദർശൻ |
അഭിനേതാക്കൾ | പ്രകാശ് രാജ് ശ്രേയ റെഡ്ഡി Shammu |
സംഗീതം | എം.ജി. ശ്രീകുമാർ |
ചിത്രസംയോജനം | അരുൺ കുമാർ |
റിലീസിങ് തീയതി | 2008 സെപ്റ്റംബർ 12 |
രാജ്യം | ഇന്ത്യ |
ഭാഷ | തമിഴ് |
സമയദൈർഘ്യം | 112 മിനുട്ട് |
കഥ
തിരുത്തുക1948 ൽ വൃദ്ധനായ വേങ്കടം (പ്രകാശ് രാജ്) ജയിലിൽ നിന്ന് പുറത്ത് വരുന്ന ദൃശ്യത്തോടെയാണ് ചിത്രത്തിന്റെ തുടക്കം. ഏതാനും ദിവസത്തിനു മാത്രമായി പുറത്തുപോകാൻ അനുമതി ലഭിച്ച വേങ്കടം രണ്ട് പോലീസുകാരുടെ മേൽനോട്ടത്തിലാണ് കോയമ്പത്തൂർ നിന്ന് കാഞ്ചീപുരത്തിനു പോകുന്നത്. ബസ്സിലുള്ള യാത്രയിൽ തന്റെ പഴയ കാലം ഓർക്കുകയാണ് വേങ്കടം.
കാഞ്ചീവരം പട്ടണത്തിലെ പട്ടു നെയ്തുകാരനായ വേങ്കടം അടുത്തിടെയാണ് വിവാഹിതനായത്(ശ്രേയ റെഡ്ഡി). ഒരു കാലത്ത്, പാട്ടുസാരിയുടുത്ത പെണ്ണിനെമാത്രമേ വിവാഹം ചെയ്യൂ എന്ന് ശപഥം ചെയ്ത വേങ്കടം , തന്റെ സമ്പാദ്യം കൊണ്ട് അതിനാവില്ല എന്ന് സ്വയം തിരിച്ചറിഞ്ഞ് പിന്നീട് ആ മോഹം ഉപേക്ഷിക്കുകയായിരുന്നു. നിപുണനായ ഒരു നെയ്ത്തുകാരനാണ് വേങ്കടം. നെയ്തു തൊഴിലാളിക്ക് ഒരു പട്ടുസാരി നെയ്താൽ കിട്ടുന്നത് വളരെ തുച്ചം ശമ്പളമായ ഏഴ് രൂപയാണ് എന്ന് അദ്ദേഹം മുന്നോട്ടുള്ള ജീവിതത്തിൽ അറിയുകയാണ്. തങ്ങൾക്ക് പട്ടുസാരി ധരിക്കാനോ മറ്റുള്ളവർ ധരിക്കുന്നത് കാണാനോ ഉള്ള ഭാഗ്യമില്ല എന്ന് ചുരുക്കം. കുറച്ച് വർഷങ്ങൾക്ക് ശേഷം വേങ്കടത്തിന്റെ ഭാര്യ ഒരു പെൺകുഞ്ഞിന് ജന്മം നൽകുന്നു. പിറന്ന കുട്ടിയുടെ ചെവിയിൽ അച്ചൻ എന്തെങ്കിലും ഒരു വാഗ്ദാനം മന്ത്രിക്കണമെന്നത് അക്കാലത്തെ ഒരു ആചാരമായിരുന്നു. അതുപ്രകാരം തന്റെ മകളെ ഒരു പട്ടുസാരി നൽകിയാണ് വിവഹംചെയ്തയക്കുക എന്ന് എല്ലാവരെയും അമ്പരപ്പിച്ചുകൊണ്ട് അദ്ദേഹം വാഗ്ദാനം ചെയ്യുന്നു. തന്റെ വീട്ടുകാർക്ക് മാത്രമല്ല ഗ്രാമവാസികൾക്കും ഇതു തീരെ അവിശ്വസനീയമായിരുന്നു. ഒരു പട്ടുസാരി നൽകി തന്നെ വിവാഹം ചെയ്യുന്നതിന് കുറേ സമ്പാദിച്ചു വെച്ചങ്കിലും സാരിവാങ്ങാൻ അതു തികഞ്ഞില്ല എന്നും നമ്മുടെ മകൾ വിവാഹപ്രായം ആവുന്നതിനു മുമ്പ് പട്ടുസാരി വാങ്ങാനുള്ള മതിയായ സമ്പാദ്യമാവുമെന്നും പിന്നീട് വേങ്കടം തന്റെ ഭാര്യയോട് വെളിപ്പെടുത്തുന്നുണ്ട്.
പക്ഷേ അധികം വൈകാതെ വേങ്കടത്തിന്റെ അളിയൻ(സഹോദരിയുടെ ഭർത്താവ്),തന്റെ വ്യാപാരത്തിൽ കനത്ത നഷ്ടം സംഭവിച്ചത് കാരണം, ഭാര്യയെ(വേങ്കടത്തിന്റെ സഹോദരിയെ)സംരക്ഷിക്കാൻ വകയില്ല എന്ന് പറയുന്നു. സഹോദരിയുടെ അഭിമാനവും ജീവിതവും സംരക്ഷിക്കണം എന്ന ചിന്തയിൽ വേങ്കടം തന്റെ സിൽക്ക് സാരിയുടെ മോഹം ത്യജിച്ച് അതുവരെ സമ്പാദിച്ച മുഴുവൻ പണവും അളിയന് നൽകുന്നു. ആയിടെയാണ് പട്ടണത്തിൽ ഒരു എഴുത്തുകാരൻ എത്തിച്ചേരുന്നതും താമസിക്കാനൊരു ഇടം വേണമെന്ന് ആവശ്യപ്പെട്ടത് പ്രകാരം വേങ്കടം തന്റെ സുഹൃത്തിന്റെ വീട്ടിൽ താമസമൊരുക്കുന്നതും. എഴുത്തുകാരൻ ഒരു കമ്മ്യൂണിസ്റ്റാണെന്നും അദ്ദേഹത്തിന് ചില അജണ്ടകളുണ്ടെന്നും സാവധാനം വെളിപ്പെടുന്നു. നെയ്ത്തു തൊഴിലാളികളുടെ തീരെ ചെറിയ ശമ്പളവും നെയ്‌ത്തുകാർ നെയ്‌തെടുക്കുന്ന പട്ടു സാരികൾ അവർക്ക് തന്നെയും അപ്രാപ്യമായ വസ്തുവാണെന്നും എഴുത്തുകാരൻ മനസ്സിലാക്കുന്നതോടെ നെയ്ത്തുകാർക്കും നീതിയും സമത്വവും വേണമെന്ന് ചിന്താഗതിയെ കമ്മ്യൂണിസ്റ്റായ ഈ എഴുത്തുകാരൻ പ്രോത്സാഹിപ്പിക്കുന്നു. ഈ ആശയം അധികം വൈകാതെ വെങ്കിടവും തന്റെ സഹപ്രവർത്തകരും ഏറ്റെടുക്കുകയും തെരുവു നാടകങ്ങളിലൂടെ തങ്ങളുടെ തൊഴിലുടമകളെ പരിഹാസപാത്രമാക്കി അവതരിപ്പിക്കുകയും ചെയ്യുന്നു. ഇതിനിടെ എഴുത്തുകാരനെ പോലീസ് പിടികൂടി കൊലപ്പെടുത്തുന്നു(അക്കാലത്ത് കമ്മ്യൂണിസം നിരോധിക്കപ്പെട്ടിരുന്നു). പിന്നീട് വേങ്കടം ഈ പ്രക്ഷോഭത്തിന്റെ നേതൃത്വം ഏറ്റെടുക്കുകയും അദ്ദേഹത്തിന്റെ കീഴിൽ നെയ്ത്തു തൊഴിലാളികളെല്ലാവരും അണിനിരന്ന് തങ്ങളുടെ ശമ്പള വർദ്ധനയുൾപ്പെടെയുള്ള കാര്യങ്ങളിൽ നടപടി വേണമെന്ന് ആവശ്യപ്പെട്ട് നിവേദനം നൽകുകയുമാണ്. നിവേദനത്തെ തൊഴിലുടമകൾ പുച്ചിച്ചു തള്ളുന്നു. ഇതിൽ മനംനൊന്ത നെയ്തുകാർ പണിശാലയിൽ നിന്ന് നെയ്തുപകരണങ്ങൾ മോഷ്ടിക്കുന്നു.(മറ്റിടങ്ങളിൽ നിന്ന് പണിക്കാരെ കൊണ്ടു വന്ന് തൊഴിലുടമകൾ പണിയെടുപ്പിക്കരുത് എന്ന് കണക്കുകൂട്ടിയിട്ടാണിത്). തൊഴിലാളികളുടെ നിരന്തര സമരം വേങ്കടം അറസ്റ്റ് ചെയ്യപ്പെടുന്നതിലേക്ക് നയിച്ചു. പക്ഷേ അദ്ദേഹത്തെ വിട്ടുകിട്ടാനുള്ള സഹപ്രവർത്തകരുടെ പ്രക്ഷോഭം കാരണം അധികാരികൾ വെങ്കിടത്തെ വിട്ടയക്കുകയും നേരിയ ശമ്പള വർദ്ധന എല്ലാവർക്കും പ്രഖ്യാപിക്കുകയും ചെയ്തു. എന്നാൽ വേങ്കടം തന്റെ സമരം തുടരുകയും ഈ അവസരം പാഴാക്കാൻ പാടില്ലന്നും നമുക്ക് കൂടുതൽ ആനുകൂല്യം ആവശ്യപ്പെടാൻ ഇതാണ് പറ്റിയ സമയമെന്നും വാദിക്കുകയാണ്. ഈ സമയത്താണ് കമ്മ്യൂണിസത്തിന്റെ നിരോധനം പിൻവലിക്കുന്നതും അതിനെ നിയമവിധേയമായ സംഘടനയായി പ്രഖ്യാപിക്കുന്നതും. ഇതോടെ നെയ്തു തൊഴിലാളികളുടെ സമരം പരസ്യമായി തുടരാൻ അവസരമൊരുങ്ങുകയായി.
ഇതിനിടെയാണ് വേങ്കടത്തിന്റെ സുഹൃത്തിന്റെ മകൻ(ഇദ്ദേഹവുമായി വേങ്കടത്തിന്റെ മകൾക്ക് പ്രണയമുണ്ട്)പട്ടാളത്തിൽ നിന്ന് തിരിച്ചു വരുന്നത്. ബ്രിട്ടൺ ജർമ്മനിയെ പരാജയപ്പെടുത്തി മുന്നേറുകയാണെന്നും കമ്മ്യൂണിസം പരാജയപ്പെടുകയാണെന്നും സുഹൃത്തിന്റെ മകൻ വെങ്കിടത്തെ അറിയിക്കുന്നു. ഇതേസമയം പട്ടാളത്തിലേക്ക് തന്നെ തിരിച്ചുവിളിക്കപ്പെടുന്നതിന് മുമ്പ് വേങ്കടത്തിന്റെ മകളെ വിവാഹം ചെയ്യാനും സുഹൃത്തിന്റെ മകൻ ആഗ്രഹം അറിയിക്കുന്നു. പട്ടുസാരി നൽകി തന്റെ മകളെ വിവാഹം ചെയ്തയക്കാനുള്ള വാഗ്ദാനം പൂർത്തീകരിക്കേണ്ടതിന്റെ കാര്യമോർത്ത് വേങ്കടം വിഷമത്തിലാവുന്നു. സാരിയുടെ പകുതി മാത്രമേ നെയ്തു തീർന്നിട്ടുള്ളൂ. വാഗ്ദാനം നിറവേറ്റുന്നതിനായി വേങ്കടം തിടുക്കം കൂട്ടി മറ്റുള്ള തൊഴിലാളികളെ ജോലിയിൽ ഉടനെ ചേരാൻ ആവശ്യപ്പെടുന്നു. ഇത് വെങ്കിടത്തെ ചതിയനായി ചിത്രീകരിക്കാനിടവരുത്തുകയാണ്. സാരി നെയ്തുതീർക്കുന്നതിനായി ക്ഷേത്രത്തിൽ നിന്ന് സിൽക്ക് നൂലുകൾ മോഷ്ടിക്കുന്നു വേങ്കടം. പിന്നീട് മോഷ്ടിക്കപ്പെട്ടതിന് വേങ്കടം പിടിക്കപ്പെടുകയും ജയിലിലടക്കപ്പെടുകയും ചെയ്യുന്നു.
കഥ വർത്തമാനകാലത്തിലേക്ക് പ്രവേശിക്കൂന്നു. വേങ്കടത്തിന്റെ മകൾ കാൽവഴുതി കിണറ്റിൽ വീഴുകയും തളർവാതം പിടിപ്പെട്ട് കിടപ്പിലാവുകയുമാണ്. ശുശ്രൂഷിക്കാനോ നോക്കാനോ ആരുമില്ല(വേങ്കടത്തിന്റെ ഭാര്യ കാൻസർ ബാധിതയായി നേരത്തെ മരണമടഞ്ഞു). തന്റെ മകളെ നോക്കാൻ സഹോദരിയോട് ആവശ്യപ്പെടുന്നുണ്ടെങ്കിലും ഒരു കള്ളന്റെ മകളെ തങ്ങളുടെ വീട്ടിൽ പാർപ്പിക്കുന്നത് മാനക്കേടാണെന്ന് വേങ്കടത്തിന്റെ അളിയൻ പറയുന്നു. എന്തുചെയ്യണമെന്നറിയാതെ കുഴങ്ങുന്ന വേങ്കടം തന്റെ മകൾക്ക് വിഷം നൽകുകയും വൈകാതെ അവൾ മരണപ്പെടുകയും ചെയ്യുന്നു
മകളുടെ മൃതശരീരം വീടിനുമുന്നിൽ കിടക്കുമ്പോൾ, വേങ്കടം തന്റെ പഴയ വസ്തുക്കളൊക്കെ തുറന്നു നോക്കുന്നുണ്ട്. പാതി നെയ്ത പട്ടുസാരി അതിൽ നിന്ന് കണ്ടെടുക്കുകയും മകളുടെ മൃതശരീരം പുതപ്പിക്കാനായി ആ വസ്ത്രം പുറത്തെടുക്കുകയും ചെയ്യുന്നു അദ്ദേഹം.(നെയ്തുകാരനായിരുന്ന തന്റെ അച്ഛൻ മരണമടഞ്ഞപ്പോൾ മൃതശരീരം പുതപ്പിക്കാൻ ഒരു തുണ്ടു സിൽക് തുണിയുണ്ടായിരുന്നില്ല എന്ന് വേങ്കടം പരിതപ്പിച്ചു;ആചാരപ്രകാരം കാൽ വിരലുകൾ കെട്ടാൻ ഉപയോഗിക്കുന്ന ഒരു സിൽക് കഷ്ണമൊഴികെ). മകളുടെ മൃതശരീരം ആ സിൽക്ക് തുണിയിൽ പൊതിഞ്ഞ് കാമറയിലേക്ക് നോക്കി ചിരിക്കുന്ന വേങ്കടത്തിന്റെ ഫ്രീസ് ഫ്രൈം ദൃശ്യത്തോടെ ചിത്രം അവസാനിക്കുന്നു.
അഭിനയിച്ചവർ
തിരുത്തുക- പ്രകാശ് രാജ് - വേങ്കടം
- ശ്രിയ റെഡ്ഡി - അനു
- ഷമ്മു - താമരൈ
പുരസ്കാരങ്ങൾ
തിരുത്തുക55-ആമത് ദേശീയ ചലച്ചിത്രപുരസ്കാരങ്ങൾ
തിരുത്തുക- മികച്ച ചിത്രം : കാഞ്ചീവരം
- മികച്ച നടൻ : പ്രകാശ് രാജ്
പുറം കണ്ണികൾ
തിരുത്തുക