കല്ലിൽ ഭഗവതി ക്ഷേത്രം

(കല്ലിൽ ഗുഹാക്ഷേത്രം എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
കല്ലിൽ ക്ഷേത്രം എന്ന വാക്കാൽ വിവക്ഷിക്കാവുന്ന ഒന്നിലധികം കാര്യങ്ങളുണ്ട്. അവയെക്കുറിച്ചറിയാൻ കല്ലിൽ ക്ഷേത്രം (വിവക്ഷകൾ) എന്ന താൾ കാണുക. കല്ലിൽ ക്ഷേത്രം (വിവക്ഷകൾ)

കേരളത്തിലെ എറണാകുളം ജില്ലയിലെ പെരുമ്പാവൂരിലെ മേതല എന്ന ഗ്രാമത്തിലാണ് കല്ലിൽ ഭഗവതി ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. ഒമ്പതാം നൂറ്റാണ്ടിൽ സ്ഥാപിച്ച കേരളത്തിലെ ഒരു പ്രശസ്തമായ ജൈനക്ഷേത്രമായിരുന്നു കല്ലിൽ ക്ഷേത്രം[1]. 28 ഏക്കർ വിസ്തീർണ്ണം ഉള്ള ഒരു കാട്ടിലാണ് ക്ഷേത്രം സ്ഥിതിചെയ്യുന്നത്. ഒരു വലിയ പാറയുടെ മുകളിൽ പണിത ഈ ക്ഷേത്രത്തിൽ എത്തുവാൻ 120 പടികൾ കയറണം. പെരുമ്പാവൂർ നിന്നും 10 കിലോമീറ്റർ അകലെയാണ് ഈ ക്ഷേത്രം. മുൻപ് കല്ലിൽ പിഷാരോടി കുടുംബത്തിന്റെ ഉടമസ്ഥതയിലായിരുന്നു ഈ ക്ഷേത്രം. ഇന്ന് പിഷാരത്ത് ദേവസ്വത്തിന്റെ കീഴിലാണ് ഈ ക്ഷേത്രം.

കല്ലിൽ ഭഗവതി ക്ഷേത്രം
സ്ഥാനം
രാജ്യം:ഇന്ത്യ
സംസ്ഥാനം:കേരളം
സ്ഥാനം:എറണാകുളം ജില്ല
വാസ്തുശൈലി, സംസ്കാരം
പ്രധാന പ്രതിഷ്ഠ:ദുർഗ്ഗ

പേരിനു പിന്നിൽ

തിരുത്തുക

“കല്ല് “എന്ന പദം ആദിദ്രാവിഡ ഭാഷയാണ്. കല്ല് + ഇൽ = കല്ലിൽ എന്ന പദമുണ്ടായി. കുഴിക്കുക, മാളമുണ്ടാക്കുക എന്നൊക്കെ അർത്ഥമുള്ള ഈ പദത്തിൽ നിന്ന് കല്ലിൽ ക്ഷേത്രത്തിൻ ഗുഹാക്ഷേത്രം എന്നർഥം വരും.

ക്ഷേത്രത്തിന്റെ കവാടം കടക്കുന്നിടം മുതൽ പാറകൾ നിറഞ്ഞ വഴിയും ചെറിയ കാടുകളും കാണാം. മുകളിലേയ്ക്കു ചെല്ലും തോറും പാറക്കല്ലുകൾ കൂടുതൽ കൂടുതൽ കാണപ്പെടുന്നു. ക്ഷേത്രത്തിന്റെ ശ്രീകോവിലിലേയ്ക്കുള്ള പടികളത്രയും കരിങ്കല്ലിൽ തീർത്തതാണ്. പടികൾ കയറിച്ചെല്ലുമ്പോൾ കാണുന്ന ആനപ്പന്തലിന്റെ കരിങ്കല്ലിൽ തീർത്ത തൂണുകൾ ആരെയും അത്ഭുതപ്പെടുത്തും! പ്രദക്ഷിണവഴിയിലും ശ്രീകോവിലിനു മുന്നിലും നിലത്താകെ കല്ലിന്റെ പാളികളാണ് പാകിയിരിക്കുന്നത്. ശ്രീകോവിലിനു മുന്നിലെ നമസ്ക്കാരമണ്ഡപമാകട്ടെ മേൽക്കൂരയടക്കം മുഴുവനായും കരിങ്കല്ലിൽ തീർത്തതാണ്! ഭഗവതി ഇരുന്നരുളുന്ന ശ്രീകോവിൽ ഒരു പടുകൂറ്റൻ കല്ലിൽ ഉണ്ടായിരുന്നതോ നിർമ്മിക്കപ്പെട്ടതോ ആയ ഒരു ഗുഹയ്ക്കുള്ളിലും. ഗുഹാക്ഷേത്രമായതിനാൽത്തന്നെ പതിവ് ക്ഷേത്രങ്ങളിലേതുപോലെ പ്രദക്ഷിണം ചെയ്ത് ശ്രീകോവിലിനു പിന്നിൽ ചെന്ന് ദർശനം നടത്താൻ ഇവിടെ സാധിക്കയില്ല. ഭഗവതിയെ പ്രദക്ഷിണം വയ്ക്കുന്ന ഭക്തർ ശ്രീകോവിൽ സ്ഥിതി ചെയ്യുന്ന കല്ലിനെയും കൂടിയാണ് പ്രദക്ഷിണം വയ്ക്കുന്നത്! പ്രദക്ഷിണ വഴികളിലും കല്ലിൽ തീർത്ത പടവുകളും ചെറു ഗുഹകളും കല്ലുകളെ പിണഞ്ഞ് കാലങ്ങളായി ദേവിയ്ക്ക് പാദസേവ ചെയ്തു പോരുന്ന വേരുകളും നിറയെ കാണാം. ഇങ്ങനെ അക്ഷരാർത്ഥത്തിൽ 'കല്ലിൽ' അരുളുന്ന ദേവിയെയാണ് ഇവിടെ വന്നാൽ കാണാനാവുക

ചരിത്രം

തിരുത്തുക

കല്ലിൽ ക്ഷേത്രം ആര്യാധിപത്യകാലത്തിനു മുമ്പ് പ്രസിദ്ധമായ ഒരു ജൈനഗുഹാക്ഷേത്രമായിരുന്നു. പിന്നീട് ബ്രാഹ്മണാധിപത്യകാലത്തോടെ സങ്കല്പങ്ങളും പ്രതിഷ്ഠയും ബ്രാഹ്മണീകരിക്കപ്പെട്ടു. ഗുഹാ ക്ഷേത്രങ്ങളുടെ ഉത്ഭവം ജൈനമതം നിലന്നിന്നിരുന്ന കാലത്താണ്.

പ്രതിഷ്ഠകൾ

തിരുത്തുക

ദുർഗ്ഗയാണ് ഈ ക്ഷേത്രത്തിലെ പ്രധാന പ്രതിഷ്ഠ. ഒരു പാറ തുരന്നുണ്ടാക്കിയ ഗുഹയിലാണ് ഭഗവതീ പ്രതിഷ്ഠ. പഞ്ചലോഹംകവചംകൊണ്ട് വിഗ്രഹം മൂടിയിരിക്കുന്നു. ഇത് യഥാർത്ഥത്തിൽ ജൈനമതത്തിലെ യക്ഷിയായ പദ്മാവതിയുടെ വിഗ്രഹമാണ്‌.[2]ബ്രഹ്മാവിന്റെ വിഗ്രഹം ഈ പാറമലയ്ക്കു മുകളിൽ കൊത്തി ഉണ്ടാക്കിയിരിക്കുന്നു. ബ്രഹ്മാവിൻറെ കൂടെ ശിവനും വിഷ്ണുവും കൂടിയുണ്ടെന്നാണ് സങ്കല്പം. അതു കൊണ്ട് ശിവനും വിഷ്ണുവിനും ഒപ്പം ബ്രഹ്മാവിനെയും ഇവിടെ പൂജിക്കുന്നു. ഈ വിഗ്രഹങ്ങൾ പാർശ്വനാഥന്റേതും മഹാവീരന്റേതുമായിരുന്നു.

ഗണപതി, ശാസ്താവ്, കരിനാഗയക്ഷി എന്നിവർ സാന്നിദ്ധ്യമരുളുന്നു.

വലിയമ്പലത്തിനു വെളിയിലായി വടക്ക് കിഴക്ക് മൂലയിൽ പടിഞ്ഞാറേക്ക് ദർശനമായി 9 പ്രതിഷ്ഠകൾ ഉണ്ട്.

 
വലിയമ്പലത്തിനെ പുറത്തെ പ്രതിഷ്ഠകൾ

അടുത്ത കാലം വരെയും ഉച്ചപൂജയോടെ പൂജകൾ അവസാനിച്ച് മദ്ധ്യാഃനത്തോടെ നടയടയ്ക്കുന്ന പതിവായിരുന്നു. രാത്രികാലങ്ങളിൽ മേൽശാന്തിയ്ക്ക് കാടിനു നടുവിലുള്ള ക്ഷേത്രത്തിലെത്തി പൂജകൾ നിർവ്വഹിയ്ക്കുന്നതിലുള്ള വിഷമത പരിഗണിച്ചായിരുന്നിരിക്കാം ഇത്. അന്നാളുകളിൽ സന്ധ്യാപൂജകൾ കല്ലിൽ ഷാരത്ത് തന്നെ നിർവ്വഹിക്കപ്പെട്ടുപോന്നു. എന്നാൽ ഏതാനും വർഷങ്ങളായി ഉച്ചപൂജയ്ക്ക് ശേഷം നടയടയ്ക്കുന്ന ക്ഷേത്രം സന്ധ്യയോടെ ദീപാരാധനയ്ക്കായി വീണ്ടും തുറക്കുന്നു. അത്താഴപൂജയ്ക്കു ശേഷം 7:30 യോടെ പൂജകൾ അവസാനിച്ച് നടയടയ്ക്കുന്നു. ഈ പൂജാക്രമം നിലവിൽ വരുന്നതിനു മുമ്പ് വൃശ്ചികമാസത്തിലെ കാർത്തികയ്ക്ക് കൊടിയേറുന്ന തൃക്കാർത്തിക മഹോത്സവനാളുകളിൽ മാത്രമേ ദീപാരാധന തുടങ്ങിയ സായാഹ്നപൂജകൾ പതിവുണ്ടായിരുന്നുള്ളൂ.

ക്ഷേത്രത്തിലെ തന്ത്രി നെടുമ്പുള്ളി തരണനെല്ലൂർ മനയ്ക്കലേക്കാണ്. നേരത്തെ കല്ലിൽ പിഷാരടി കുടുംബം വകയായിരുന്ന ഈ ക്ഷേത്രം, പിന്നീട് തിരുവനന്തപുരത്തുള്ള ചെങ്കോട്ടകോണം ശ്രീരാമദാസാശ്രമം ക്ഷേത്രഭരണം ഏറ്റെടുക്കുകയാണ് ചെയ്തത്. ശേഷം പിഷാരത്ത് ദേവസ്വം ഭരണം നിർവഹിച്ചു തുടങ്ങി.

 
ഗുഹയുടെ പുറത്തായാണ് ക്ഷേത്രം പണിതിരിക്കുന്നത്

വഴിപാടുകൾ

തിരുത്തുക

ക്ഷേത്രത്തിൽ “ഇടിതൊഴൽ“ എന്നൊരു വഴിപാടുമുണ്ട്. വ്രതം അനുഷ്ഠിച്ച മാരാർ വാദ്യമേളങ്ങളോടെ ഉണക്കലരി, വെറ്റില, പാക്ക്, ചുണ്ണാമ്പ്, മഞ്ഞള് എന്നീ സാധനങ്ങൾ ഉരലിൽ ഇട്ട് ഇടിച്ച് ഉണ്ടാക്കുന്ന കൂട്ട് ദേവിക്ക് സമർപ്പിച്ച് ഭക്തജനങ്ങൾക്ക് പ്രസാദമായി നൽകുന്നു. ഇത് വർഷത്തിലൊരിക്കൽ വൃശ്ചികമാസത്തിലെ കാർത്തികനാളിൽ മാത്രമേ പതിവുള്ളു.

സാധാരണദിവസങ്ങളിൽ താഴെക്കാണുന്ന വഴിപാടുകൾ നടത്തിവരുന്നു.

  • പുഷ്പാഞ്ജലി
  • ഭാഗ്യസൂക്തപുഷ്പാഞ്ജലി
  • ശ്രീവിദ്യാമന്ത്രപുഷ്പാഞ്ജലി
  • സ്വയംവരപുഷ്പാഞ്ജലി
  • മൃത്യുഞ്ജയപുഷ്പാഞ്ജലി
  • സന്താനഗോപാലസൂക്തപുഷ്പാഞ്ജലി
  • ലളിതാസഹസ്രനാമപുഷ്പാഞ്ജലി
  • വിഷ്ണുസഹസ്രനാമപുഷ്പാഞ്ജലി
  • കുങ്കുമാർച്ചന
  • സാരസ്വതാർച്ചന
  • ശ്രീസൂക്താർച്ചന
  • പുരുഷസൂക്താർച്ചന
  • സ്വസ്തിസൂക്താർച്ചന
  • ആയുർസൂക്താർച്ചന
  • വിളക്ക്
  • നെയ് വിളക്ക്
  • മാല
  • ചരട് പൂജ
  • ദീപാരാധന
  • ഗണപതിഹോമം

എല്ലാ വർഷവും ക്ഷേത്രോത്സവം വൃശ്ചികമാസത്തിലെ കാർത്തിക നാൾ മുതൽ എട്ടു ദിവസം നടത്തുന്നു. (നവംബർ-ഡിസംബർ മാസങ്ങളിലാണ് ഇത്). ക്ഷേത്രത്തിലെ പ്രതിഷ്ഠയെ ഒരു പിടിയാനപ്പുറത്തിരുത്തി പ്രദക്ഷിണവും നടക്കുന്നു.

കല്ലിൽ പിഷാരോടിയുടെ ജൈനമത പിന്മുറക്കാരായ ഒല്ലി സമുദായാംഗങ്ങൾ ജൈന ദേവന്മാരായ പാർശ്വനാഥൻ, മഹാവീരൻ, പത്മാവതി ദേവി എന്നിവരെ ഇവിടെ ആരാധിക്കുന്നു.

ചിത്രങ്ങൾ

തിരുത്തുക
  1. "സാഹസികമായൊരു ക്ഷേത്ര ദർശനം, എല്ലാ ഐശ്വര്യങ്ങളും നൽകുന്ന കല്ലിൽ ഭഗവതി". keralakaumudi. 2022-02-01.
  2. "ആർക്കൈവ് പകർപ്പ്". Archived from the original on 2012-04-23. Retrieved 2006-11-17.

പുറത്തുനിന്നുള്ള കണ്ണികൾ

തിരുത്തുക



"https://ml.wikipedia.org/w/index.php?title=കല്ലിൽ_ഭഗവതി_ക്ഷേത്രം&oldid=4095227" എന്ന താളിൽനിന്ന് ശേഖരിച്ചത്