ഈ ലേഖനത്തിനു മിഴിവേകാൻ ചിത്രങ്ങൾ ചേർക്കുന്നത് നന്നായിരിക്കും. താങ്കളുടെ കൈവശം സ്വതന്ത്ര ചിത്രങ്ങൾ ഉണ്ടെങ്കിൽ ദയവായി അത് വിക്കിപീഡിയയിലേക്ക് അപ്‌ലോഡ് ചെയ്യുകയും ലേഖനത്തിൽ ചേർക്കുകയും ചെയ്യുക.

മലബാറിലെ ട്രേഡ് യൂണിയൻ പ്രസ്ഥാനത്തിന്റെ വളർച്ചയിൽ പ്രമുഖമായ പങ്ക് വഹിച്ച നേതാക്കളിൽ ഒരാളായിരുന്നു കല്ലാട്ട് കൃഷ്ണൻ. വിദ്യാലയജീവിതത്തിൽ തന്നെ ദേശീയപ്രസ്ഥാനങ്ങളോട് താൽപര്യം ജനിച്ചു. ഉപ്പുസത്യാഗ്രഹ ജാഥയിൽ പങ്കെടുത്തതിന് എട്ടാം തരത്തിൽ പഠിക്കുമ്പോൾ തന്നെ ആദ്യത്തെ ശിക്ഷ അധ്യാപകനിൽ നിന്നും ഏറ്റുവാങ്ങി. ഭഗത്സിംഗിനോടൊപ്പം തന്നെ ഗാന്ധിജിയേയും ആരാധിച്ചു. കൃഷ്ണപിള്ളയുമായുള്ള പരിചയവും അടുപ്പവും ദേശീയപ്രസ്ഥാനങ്ങളോടുള്ള താൽപര്യം വർദ്ധിപ്പിച്ചു. അഖിലേന്ത്യാ വിദ്യാർത്ഥി ഫെഡറേഷൻ രൂപീകരിക്കപ്പെട്ടപ്പോൾ അതിലംഗമായി.

കല്ലാട്ട് കൃഷ്ണൻ
വ്യക്തിഗത വിവരങ്ങൾ
ജനനം1917
തലശ്ശേരി, കണ്ണൂർ
മരണം23 നവംബർ 1997
രാഷ്ട്രീയ കക്ഷികമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ
പങ്കാളിപ്രിയദത്ത കല്ലാട്ട്

ഓൾകേരള സ്റ്റുഡന്റ്സ് ഫെഡറേഷൻ ജനറൽസെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ടു. വിദ്യാർത്ഥിപ്രസ്ഥാനങ്ങളിലൂടെയാണ് കൃഷ്ണൻ ദേശീയപ്രസ്ഥാനങ്ങളിലേക്കും മറ്റും എത്തിച്ചേരുന്നത്. കോൺഗ്രസ്സിലൂടെ മുഖ്യാധാരാ രാഷ്ട്രീയത്തിലേക്കു പ്രവേശിച്ചു. പിന്നീട് കോൺഗ്രസ്സ് സോഷ്യലിസ്റ്റ് പാർട്ടിയിലും, വൈകാതെ കമ്മ്യൂണിസ്റ്റ് പാർട്ടിയിലും അംഗമായി. 1942 ൽ അറസ്റ്റിലായി. 1952 ഐ.സി.പി.നമ്പൂതിരിയുടെ ഇളയസഹോദരിയുമായി ഏറെ കോളിളക്കം സൃഷ്ടിച്ച വിവാഹം. പാലിയം സമരത്തിൽ ഭാര്യ പ്രിയദത്തയോടൊപ്പം പങ്കെടുത്തു. പാർട്ടി പിളർന്നപ്പോൾ സി.പി.ഐ. യിൽ ഉറച്ചു നിന്നു. 1997 നവംബർ 23 ന് അന്തരിച്ചു.

ആദ്യകാല ജീവിതം

തിരുത്തുക

1917 ൽ കണ്ണൂർ ജില്ലയിലെ തലശ്ശേരിയിലാണ് കൃഷ്ണൻ ജനിച്ചത്. അച്ഛൻ ദാമോദരൻ ഒരു സർക്കാർ ജീവനക്കാരനായിരുന്നു. എട്ടാം ക്ലാസ്സിൽ പഠിക്കുമ്പോഴായിരുന്നു ഉപ്പു സത്യാഗ്രഹ ജാഥ തലശ്ശേരിയിലെത്തുന്നത്. ജാഥയുടെ കൂടെ കുറേ ദൂരം സഞ്ചരിച്ചു. വൈകിയെത്തിയ കൃഷ്ണനെ അധ്യാപകൻ ബഞ്ചിനു മുകളിൽ കയറ്റി നിർത്തി ശിക്ഷിച്ചു. ഭഗത് സിംഗിന്റെ വധശിക്ഷയിൽ പ്രതിഷേധിച്ച് വിദ്യാർത്ഥികൾ നടത്തിയ പഠിപ്പുമുടക്കിൽ പങ്കെടുത്തു. ഭഗത് സിംഗിനെക്കുറിച്ച് കൂടുതൽ മനസ്സിലാക്കാൻ ശ്രമിച്ച കൃഷ്ണൻ ജീവിതത്തിൽപോലും അദ്ദേഹത്തെ അനുകരിക്കാൻ ശ്രമിച്ചു. ഭഗത് സിംഗിനൊപ്പം ഗാന്ധിജിയുടെ ആദർശങ്ങളേയും കൃഷ്ണൻ താൽപര്യപൂർവ്വം മനസ്സിലാക്കിയിരുന്നു.[1] ഗാന്ധിജിയുടെ ആദർശങ്ങളെ പിന്തുടർന്ന് വിദേശവസ്ത്രഷാപ്പുകൾക്കു മുന്നിൽ പിക്കറ്റിംഗ് നടത്തുക തുടങ്ങിയ സമരപരിപാടികളിലും കൃഷ്ണൻ പങ്കെടുക്കുമായിരുന്നു. കമലാദേവി ചതോപാധ്യായയുടെ പ്രസംഗം ശ്രദ്ധാപൂർവ്വം ശ്രവിച്ചിരുന്ന കൃഷ്ണനെ പ്രസംഗം പരിഭാഷപ്പെടുത്തിയിരുന്ന പി. കൃഷ്ണപിള്ള ശ്രദ്ധിക്കാനിടയായി. കൃഷ്ണപിള്ളയും കൃഷ്ണനും വളരെ പെട്ടെന്ന് അടുത്തു.

രാഷ്ട്രീയ ജീവിതം

തിരുത്തുക

അഖിലേന്ത്യാ വിദ്യാർത്ഥി ഫെഡറേഷൻ സ്ഥാപിക്കപ്പെടുമ്പോൾ കൃഷ്ണൻ ആറാം ഫോറം വിദ്യാർത്ഥിയായിരുന്നു. തുടക്കം മുതലേ കൃഷ്ണൻ അതിലംഗമായിരുന്നു. സ്കൂളിൽ ഐഛികം ശാസ്ത്രമായിരുന്നുവെങ്കിൽ മലബാർ ക്രിസ്ത്യൻ കോളേജിൽ മുഖ്യവിഷയമായി തിരഞ്ഞെടുത്തത് ചരിത്രമായിരുന്നു. രാഷ്ട്രീയത്തിനു സഹായിക്കും എന്നതിനാലാണ് ചരിത്രം തിരഞ്ഞെടുത്തത്. 1938 ൽ ഓൾ കേരളാ സ്റ്റുഡന്റ്സ് ഫെഡറേഷൻ രണ്ടാം സമ്മേളനത്തിൽ കൃഷ്ണനെ ഫെഡറേഷന്റെ ജനറൽ സെക്രട്ടറിയായി തിരഞ്ഞെടുത്തു. വിദ്യാർത്ഥിപ്രവർത്തകർക്ക് പഠനക്ലാസ്സുകളെടുത്തിരുന്നത് എൻ.സി. ശേഖർ, കൃഷ്ണപിള്ള മുതലായ നേതാക്കളായിരുന്നു. കോൺഗ്രസ്സിലെ ഇടതുചിന്താഗതിക്കാരായ ഇവരുടെ ക്ലാസ്സുകൾ വളരെപ്പെട്ടെന്ന് വിദ്യാർത്ഥികളുടെ മനസ്സിൽ തറച്ചു. രണ്ടാം ലോകമഹായുദ്ധം തുടങ്ങുന്ന സമയത്ത് കോൺഗ്രസ്സ് സോഷ്യലിസ്റ്റ് പാർട്ടിയുടെ പ്രസിദ്ധമായ പിണറായി, പാറപ്പുറം സമ്മേളനം. അതിൽ ഹാജരാവാൻ പാർട്ടി നേതൃത്വം കൃഷ്ണനോട് ആവശ്യപ്പെടുന്നു.[2]

കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ രൂപീകരണത്തെത്തുടർന്ന് പാർട്ടി പ്രഖ്യാപിച്ച പ്രതിഷേധദിനത്തിൽ തലശ്ശേരിയിൽ നടന്ന സംഘർഷങ്ങളിൽ കൃഷ്ണനും സജീവമായി പങ്കെടുത്തിരുന്നു. പോലീസ് ഇദ്ദേഹത്തിനെതിരേ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചു. കൃഷ്ണൻ ഒളിവിൽ പോയെങ്കിലും 1941 ൽ പോലീസിന്റെ കയ്യിലകപ്പെട്ടു. 1942 ൽ ജയിൽമോചിതനായ അദ്ദേഹം റെയിൽവേ തൊഴിലാളികളെ സംഘടിപ്പിക്കാൻ തീരുമാനിച്ചു. ട്രേഡ് യൂണിയൻ രംഗത്ത് പ്രവർത്തിക്കുന്നതിനിടെ 1947 ൽ വീണ്ടും അറസ്റ്റിലായി. സ്വാതന്ത്ര്യത്തിനു മുമ്പ് മോചിതനായി, 1948 ൽ പാർട്ടി വീണ്ടും നിരോധിക്കപ്പെട്ടപ്പോൾ വീണ്ടും ഒളിവിൽ പോയി.

1952 ൽ ഐ.സി.പി.നമ്പൂതിരിയുടെ സഹോദരി പ്രിയദത്തയുമായി വിവാഹം. അന്ന് ഏറെ കോളിളക്കമുണ്ടാക്കിയ വിവാഹമായിരുന്നു അത്. നമ്പൂതിരി ജാതിയിൽപ്പെട്ട ഒരു സ്ത്രീയെ ഈഴവൻ വിവാഹം കഴിക്കുക എന്നത് ചിന്തിക്കാൻ പോലും പറ്റാത്ത കാലമായിരുന്നു അത്. എന്നാൽ പ്രിയദത്തയുടെ വീടായ ഇട്ടിയാംപറമ്പത്ത് ഇല്ലം നമ്പൂതിരി പരിഷ്കരണത്തിന് വേണ്ടി പരിശ്രമിച്ച ഒരു ഇല്ലമായിരുന്നു. തന്റെ മുതിർന്ന സഹോദരിയെ വി.ടി.ഭട്ടതിരിപ്പാടിനെക്കൊണ്ടും, ഇളയ സഹോദരി നങ്ങമേയെ എം.ആർ.ഭട്ടതിരിപ്പാടിനെക്കൊണ്ടും വിവാഹം കഴിപ്പിച്ച് പുതിയ വിപ്ലവമാറ്റങ്ങൾക്ക് തുടക്കം കുറിച്ചയാളായിരുന്നു പ്രിയദത്തയുടെ സഹോദരൻ ഐ.സി.പി.നമ്പൂതിരി[3] വഴിനടക്കാനുള്ള അവകാശത്തിനുവേണ്ടി നടന്ന പ്രശസ്തമായ പാലിയം സമരത്തിൽ ഭാര്യ പ്രിയദത്ത കല്ലാട്ടിനോടൊപ്പം പങ്കെടുത്തു.[4][5]

നിരവധി തൊഴിലാളി സംഘടനകളുടെ അമരക്കാരനായിരുന്നു കല്ലാട്ട് കൃഷ്ണൻ. ജോലി സ്ഥിരതക്കുവേണ്ടി റെയിൽവേതൊഴിലാളികൾ 1946 ൽ നടത്തിയ സമരത്തിന്റെ നേതൃനിരയിൽ കൃഷ്ണൻ ആയിരുന്നു. മരണം വരെ കോഴിക്കോടിന്റെ സാമൂഹ്യ-സാംസ്കാരിക മേഖലകളിൽ സജീവസാന്നിദ്ധ്യമായിരുന്ന കൃഷ്ണൻ 1997 നവംബർ 23 ന് അന്തരിച്ചു.[6]

  1. സി., ഭാസ്കരൻ (2010). കേരളത്തിലെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം ആദ്യപഥികർ. ചിന്ത പബ്ലിഷേഴ്സ്. p. 153. ISBN 81-262-0482-6. കല്ലാട്ട് കൃഷ്ണൻ - ആദ്യകാലജീവിതം
  2. സി., ഭാസ്കരൻ (2010). കേരളത്തിലെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം ആദ്യപഥികർ. ചിന്ത പബ്ലിഷേഴ്സ്. p. 157. ISBN 81-262-0482-6. കല്ലാട്ട് കൃഷ്ണൻ - രാഷ്ട്രീയ ജീവിതം
  3. സി., ഭാസ്കരൻ (2010). കേരളത്തിലെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം ആദ്യപഥികർ. ചിന്ത പബ്ലിഷേഴ്സ്. p. 336. ISBN 81-262-0482-6. ഐ.സി.പി.നമ്പൂതിരി - ഇട്ടിയാംപറമ്പ് ഇല്ലത്തെ വിപ്ലവമാറ്റങ്ങൾ
  4. പയ്യപ്പിള്ളി, ബാലൻ (2011). പാലിയം സമരം. ചിന്ത പബ്ലിഷേഴ്സ്. ISBN 81-262-0709-4.
  5. എ., ശ്രീധരമേനോൻ. കേരളചരിത്രം - പാലിയം സമരം. ഡി.സി.ബുക്സ്. p. 386. ISBN 81-264-1588-6. പാലിയം സമരത്തിലെ നമ്പൂതിരി സ്ത്രീകളുടെ പ്രാതിനിധ്യം
  6. കാനം, രാജേന്ദ്രൻ. "കല്ലാട്ട് കൃഷ്ണൻ അനശ്വരനായ തൊഴിലാളി നേതാവ്". ജനയുഗം ഓൺലൈൻ. Archived from the original on 2013-09-28. Retrieved 28-സെപ്തംബർ-2013. {{cite news}}: Check date values in: |accessdate= (help)CS1 maint: bot: original URL status unknown (link)
"https://ml.wikipedia.org/w/index.php?title=കല്ലാട്ട്_കൃഷ്ണൻ&oldid=3970698" എന്ന താളിൽനിന്ന് ശേഖരിച്ചത്