കല്ലടയിലെ അന്ത്രയോസ്

17ാം നൂറ്റാണ്ടിലെ ഒരു സുറിയാനി പുരോഹിതൻ

സിറിയയിൽ നിന്ന് മലബാറിലെത്തി മാർത്തോമാ നസ്രാണികളുടെ ഇടയിൽ പ്രവർത്തിച്ച ഒരു സുറിയാനി പുരോഹിതനായിരുന്നു കല്ലടയിലെ മാർ അന്ത്രയോസ് ബാവ. കല്ലട മൂപ്പൻ, കല്ലട വല്യപ്പൂപ്പൻ, അന്ത്രയോസ് ബാവാ എന്നെല്ലാം ഇദ്ദേഹം അറിയപ്പെടുന്നു. പ്രാദേശികമായി വിവിധ മലങ്കര സഭാ വിശ്വാസികൾക്കിടയിൽ ഇദ്ദേഹത്തെ വിശുദ്ധനായി വണങ്ങിവരുന്നു.[1][2][3]

മാർ അന്ത്രയോസ് ബാവ
കല്ലട വലിയപള്ളിയിൽ സൂക്ഷിച്ചിരിക്കുന്ന അന്ത്രയോസ് ബാവയുടെ ശില്പം
സഭസുറിയാനി കത്തോലിക്കാ സഭ
വ്യക്തി വിവരങ്ങൾ
മരണം1682 ഫെബ്രുവരി 25 (കൊല്ലം 857 കുംഭം 18)
വിശുദ്ധപദവി
തിരുനാൾ ദിനംകുംഭം 18
വണങ്ങുന്നത്മലങ്കര സഭകൾ
വിശുദ്ധ ശീർഷകംകല്ലട വല്യപ്പൂപ്പൻ, കല്ലട മൂപ്പൻ,
അന്ത്രയോസ് ബാവ
തീർത്ഥാടനകേന്ദ്രംകല്ലട വലിയ പള്ളി, കുണ്ടറ പള്ളി, മുളന്തുരുത്തി പള്ളി

മലബാറിലെ നസ്രാണികളുടെ ഇടയിലേക്ക് സുറിയാനി ഓർത്തഡോക്സ് സഭയിൽ നിന്ന് വന്ന രണ്ടാമത്തെ ദൗത്യസംഘത്തിന്റെ നേതാവായാണ് പരമ്പരാഗതമായി അന്ത്രയോസ് ഗണിക്കപ്പെട്ടിരുന്നത്. എന്നിരുന്നാലും ഇദ്ദേഹത്തെക്കുറിച്ചുള്ള വിവരങ്ങൾ എക്കാലവും നിഗൂഢത നിറഞ്ഞതായിരുന്നു. യഥാർത്ഥത്തിൽ ആലെപ്പോയിലെ സുറിയാനി കത്തോലിക്കാ സഭയിൽ നിന്ന് മലബാറിലേക്ക് വന്ന വ്യക്തിയായിരുന്നു ഇദ്ദേഹം.[4]

വ്യക്തിത്വം

തിരുത്തുക
 

മാർ അന്ത്രയോസ് മലബാറിൽ എത്തിച്ചേർന്നത് ഏത് വർഷമാണ് എന്നതിൽ ഏകാഭിപ്രായം ഇല്ല. പതിനെട്ടാം നൂറ്റാണ്ടിൽ മലബാറിൽ പ്രവർത്തിച്ചിരുന്ന കർമ്മലീത്താ മിഷനറി പൗളീനോസ് പാതിരി നൽകുന്ന വിവരണം അനുസരിച്ച് 1676ൽ ആണ് മാർ അന്ത്രയോസ് മലബാർ തീരത്ത് എത്തിച്ചേർന്നത്. മലബാറിൽ പ്രവർത്തിച്ചിരുന്ന ബർത്തലോമേവൂസ് ഹന്ന എന്ന ആലെപ്പോക്കാരനായ സുറിയാനി കത്തോലിക്കാ വൈദികനിൽ നിന്ന് ലഭിച്ച വിവരണം അധികരിച്ചാണ് അദ്ദേഹം ഈ വർഷം രേഖപ്പെടുത്തിയത്. 1677ലാണ് അന്ത്രയോസ് വന്നത് എന്ന് മറ്റൊരു മിഷനറിയായ ഇൽഡെഫൊറസ് പാതിരി തെറ്റായി രേഖപ്പെടുത്തിയിട്ടുണ്ട് എന്നും പൗളീനോസ് വിവരിക്കുന്നു. അതേസമയം 1678ലാണ് അന്ത്രയോസ് വന്നത് എന്ന് വിവിധ പുത്തങ്കൂർ ചരിത്രരേഖകളിൽ പരാമർശിക്കപ്പെട്ടിട്ടുണ്ട്. അന്ത്രയോസ് പത്രോസ് എന്നാണ് അദ്ദേഹത്തിന്റെ മുഴുവൻ പേര് എന്നും ഇവയിൽ ചിലത് രേഖപ്പെടുത്തുന്നു. അദ്ദേഹത്തിൻറെ കൂടെ വന്നത് ആരെല്ലാമാണ് എന്നതുമായി ബന്ധപ്പെട്ടു അഭിപ്രായവ്യത്യാസങ്ങൾ ഉണ്ട്. ചില വിവരണങ്ങൾ അനുസരിച്ച് അദ്ദേഹത്തിൻറെ ഒരു സഹോദരൻ അദ്ദേഹത്തെ മലബാറിലേക്ക് അനുഗമിച്ചിരുന്നു.[5] മറ്റു ചില വിവരണങ്ങളിൽ രണ്ട് സഹോദരന്മാരെക്കുറിച്ച് പരാമർശിക്കുന്നു. ഇവയിൽ ചിലതിൽ ഈ സഹോദരന്മാരിൽ ഒരാൾ ഒരു റമ്പാനും മറ്റേയാൾ സാധാരണക്കാരനും ആണ്.[6] അതേസമയം മറ്റുള്ളവയിൽ ഇവർ രണ്ടുപേരും സാധാരണക്കാരായ ആളുകളാണ്.[7] അന്ത്രയോസ് ആദ്യം എവിടെയാണ് പ്രവർത്തിച്ചത് എന്ന വിഷയത്തിലും ഭിന്നാഭിപ്രായങ്ങൾ നിലവിലുണ്ട്. പൗളീനോസിന്റെ വിവരണം അനുസരിച്ച് ആദ്യം കല്ലൂർക്കാടും അവസാനം കല്ലടയും ആയിരുന്നു അന്ത്രയോസിന്റെ പ്രവർത്തനകേന്ദ്രം.[8] അതേസമയം പുത്തങ്കൂർ വിവരണങ്ങൾ അനുസരിച്ച് ആദ്യം മുളന്തുരുത്തിയും പിന്നീട് വെട്ടിയ്ക്കൽ, മണർകാട്, കുണ്ടറ എന്നിവിടങ്ങളും അവസാനം കല്ലടയും ആയിരുന്നു അന്ത്രയോസിന്റെ പ്രവർത്തനം നടന്നത്. ഇവയിൽ കല്ലൂർകാട്ടെ അദ്ദേഹത്തിൻറെ പ്രവർത്തനത്തെ പറ്റിയോ അവിടെ കർമ്മലീത്താ മിഷനറിമാരുമായുള്ള അദ്ദേഹത്തിൻറെ കലഹത്തെ പറ്റിയോ വിവരണം ഇല്ല. ഇതിൽനിന്ന് കല്ലൂർക്കാട് ആയിരുന്നു അദ്ദേഹത്തിൻറെ ആദ്യ പ്രവർത്തന കേന്ദ്രം എന്നും അവിടത്തെ സംഭവവികാസങ്ങൾക്ക് ശേഷമാണ് അദ്ദേഹം മുളന്തുരുത്തിയിലേക്ക് പോയത് എന്നും അനുമാനിക്കാം.

മാർ അന്ത്രയോസ് ഒരു പാത്രിയർക്കീസ് ആണ് താൻ എന്ന് അവകാശപ്പെട്ടിരുന്നതായി പറയപ്പെടുന്നു. എന്നാൽ അദ്ദേഹം യഥാർത്ഥത്തിൽ ഒരു ബിഷപ്പ് പോലും ആയിരുന്നില്ല എന്ന് മറ്റൊരു വിഭാഗം ആളുകൾ ഈ വാദത്തെ എതിർത്തുകൊണ്ട് സമർത്ഥിക്കുന്നുണ്ട്. സുറിയാനി ഓർത്തഡോക്സ് സഭയുടെ പ്രതിനിധിയായി മലബാറിലെത്തിയ യൊവാന്നീസ് ഹിദായത്തല്ലയും കത്തോലിക്കാ മിഷനറി ആയിരുന്ന പൗളിനോസും തങ്ങളുടെ എഴുത്തുകളിൽ ഇദ്ദേഹത്തിൻറെ അവകാശവാദങ്ങൾക്കെതിരായി നിലപാടുകൾ എടുത്തിട്ടുണ്ട്. ലഭ്യമായ രേഖകൾ അനുസരിച്ച് അന്ത്യോഖ്യയിലെ സുറിയാനി കത്തോലിക്കാ പാത്രിയർക്കീസ് ഇഗ്നാത്തിയോസ് അന്ത്രയോസ് അകിജാന്റെ കീഴിൽ ഉണ്ടായിരുന്ന ഒരു പുരോഹിതനായിരുന്നു ഇദ്ദേഹം. ബർത്തലോമേവൂസ് പാതിരിക്ക് പാത്രിയർക്കീസ് പത്രോസ് 4ാമൻ ഷാഹ്ബദ്ദീൻ അയച്ച കത്തിൽ നിന്നാണ് ഈ വിവരം ലഭിക്കുന്നത്. ഓർത്തഡോക്സ് പാത്രിയർക്കീസ് ആയിരുന്ന അബ്ദുൾ മസിഹ് 1ാമൻ മലബാറിലെ പുത്തങ്കൂറ്റുകാർക്ക് അയച്ച കത്തിൽ 1665ലെ ഗ്രിഗോറിയോസ് അബ്ദൽ ജലീലിന്റെയും 1685ലെ മാഫ്രിയോനോ ബസേലിയോസ് യൽദോയുടെയും നേതൃത്വത്തിൽ നടന്ന പ്രവർത്തനങ്ങളെ പറ്റി മാത്രമാണ് പരാമർശം ഉള്ളത്.[4]: 317  ബസേലിയോസ് യൽദോയുടെ സഹായിയായി മലബാറിൽ എത്തുകയും പിന്നീട് പുത്തങ്കൂറ്റുകാരുടെ ഇടയിൽ ബിഷപ്പായി പ്രവർത്തിക്കുകയും ചെയ്ത യൊവാന്നീസ് ഹിദായത്തല്ലാ അന്ത്രയോസിനെ ശക്തമായി എതിർത്തിരുന്നു എന്ന് പുത്തങ്കൂർ ചരിത്രരേഖകൾ സാക്ഷിക്കുന്നു. മുളന്തുരുത്തിയിൽ നിന്ന് അന്ത്രയോസ് പുറത്താക്കപ്പെട്ടത് ഹിദായത്തല്ലായുടെ പ്രവർത്തനഫലമായാണ്.[4]: 315  ഈ വസ്തുതകളും അന്ത്രയോസ് ഒരു സുറിയാനി കത്തോലിക്കനായിരുന്നു എന്നത് ശരിവെക്കുന്നു.[4]: 317  മലബാറിലെ മാർത്തോമാ നസ്രാണികളുടെ, പ്രത്യേകിച്ച് പുത്തങ്കൂർ വിഭാഗക്കാരുടെ, ഇടയിൽ സുറിയാനി കത്തോലിക്കാ സഭയുടെ ഇടപെടലിന്റെ ഏറ്റവും ആദ്യത്തെ തെളിവാണ് മലബാറിലേക്കുള്ള ഇദ്ദേഹത്തിൻറെ വരവും പ്രവർത്തനവും.[4]: 317 

ജീവിതരേഖ

തിരുത്തുക

ആദ്യകാല ജീവിതം

തിരുത്തുക

മാർ അന്ത്രയോസിന്റെ ബാവയുടെ ആദ്യകാല ജീവിതത്തെ പറ്റി യാതൊരു വിവരണവും ലഭ്യമല്ല അദ്ദേഹം തുർ ആബ്ദീൻ സ്വദേശിയായ ഒരു സുറിയാനിക്കാരനാണ് എന്ന് അനുമാനിക്കപ്പെടുന്നു.[4]: 315  ഓട്ടോമൻ സാമ്രാജ്യത്തിലെ സിറിയയിലെ ഒരു യാക്കോബായ കുടുംബത്തിൽ ജനിച്ച ആളാണ് അദ്ദേഹം എന്ന് കരുതാം.

മലബാറിൽ

തിരുത്തുക

1676ൽ തൻ്റെ സഹോദരന്മാരോടൊപ്പം കൊച്ചിയിൽ കപ്പലിറങ്ങിയ മാർ അന്ത്രയോസ് കല്ലൂർക്കാട്, മുളന്തുരുത്തി, കല്ലട എന്നിവിടങ്ങളും തന്റെ പ്രവർത്തനകേന്ദ്രമാക്കി. വിദേശിയായ ഒരു പുരോഹിതൻറെ വരവിൽ നാട്ടുകാർ വളരെ ഉത്സാഹഭരിതരായി. താനൊരു പാത്രിയർക്കീസ് ആണ് എന്നാണ് അവരുടെ ചോദ്യങ്ങൾക്ക് അദ്ദേഹം നൽകിയ മറുപടി. നസ്രാണികളുടെ ഇടയിലെ പാരമ്പര്യം അനുസരിച്ച് പൗരസ്ത്യ സുറിയാനി സഭയിൽ നിന്ന് വരുന്ന മെത്രാപ്പോലീത്തമാരെ പാത്രിയർക്കീസ് എന്ന് വിളിക്കുന്ന പതിവ് ഉണ്ടായിരുന്നു ഇന്ത്യയിലെ സഭയ്ക്ക് ഉണ്ടായിരുന്ന സവിശേഷമായ പദവിയിൽ നിന്ന് രൂപപ്പെട്ട ഒരു പ്രയോഗമായിരുന്നു അത്.[9]

കല്ലൂർക്കാട്ടെ പ്രവർത്തനങ്ങൾ

തിരുത്തുക
 
കല്ലൂർക്കാട്-ചമ്പക്കുളം പള്ളി ആധുനിക രൂപം

കല്ലൂർക്കാട് പ്രദേശത്തേക്കാണ് മാർ അന്ത്രയോസ് ആദ്യം എത്തിച്ചേർന്നത് എന്നാണ് പൗളീനോസ് രേഖപ്പെടുത്തുന്നത്. കല്ലൂർക്കാട് പള്ളി പഴയകൂർ വിഭാഗത്തിന്റെ അധീനതയിൽ ആയിരുന്നു. അക്കാലത്ത് പഴയകൂറ്റുകാരുടെ ഇടയിൽ മിഷനറിമാർക്കെതിരെ വലിയ എതിർപ്പ് രൂപപ്പെട്ടിരുന്നു. 1663ഓടെ ഡച്ചുകാർ പോർച്ചുഗീസുകാരെ പൂർണ്ണമായി പരാജയപ്പെടുത്തി മലബാറിലെ കർമ്മലിത്താ മിഷനറിമാരെ ഉൾപ്പെടെയുള്ള വിദേശികളെ എല്ലാം നാടുകടത്തിയിരുന്നു. ഈ സാഹചര്യത്തിലാണ് പഴയകൂറ്റുകാർക്ക് അവരുടെ തദ്ദേശീയ മെത്രാനായി പറമ്പിൽ ചാണ്ടി നിയമിക്കപ്പെട്ടത്. എന്നാൽ 1676ൽ കർമ്മലീത്താ മിഷനറിമാർ ഡച്ചുകാരുടെ പ്രത്യേക അനുമതിയോടെ മലബാറിലേക്ക് തിരിച്ചുവരാൻ തുടങ്ങി. പഴയകൂറ്റുകാരുടെ തദ്ദേശീയ മെത്രാൻ പദവി നിർത്തലാക്കി തങ്ങളുടെ പ്രതിനിധിയെ മെത്രാനായി നിയമിക്കുക എന്നതായിരുന്നു മിഷണറിമാരുടെ വരവിന്റെ പ്രധാന ഉദ്ദേശ്യം. പഴയകൂറ്റുകാരുടെ ആദ്യ തദ്ദേശീയ മെത്രാൻ ആയിരുന്ന പറമ്പിൽ ചാണ്ടിയുടെ പിൻഗാമിയായി നസ്രാണികളുടെ ഇടയിൽ നിന്ന് ഒരാളെ തിരഞ്ഞെടുക്കാൻ കർമ്മലിത്താ മിഷനറിമാർ തയ്യാറായില്ല. പറമ്പിൽ ചാണ്ടി തൻറെ അനന്തരവനെ തൻറെ പിൻഗാമിയായി നിയമിക്കാൻ ആഗ്രഹിച്ചിരുന്നു. എന്നാൽ ഇതിനുവേണ്ടി അദ്ദേഹം നൽകിയ ശുപാർശ മിഷണറിമാർ തള്ളിക്കളഞ്ഞു. മിഷനറിമാർ തങ്ങളിൽ ഒരാളെത്തന്നെ മെത്രാനായി നിയമിക്കാൻ ആണ് ആഗ്രഹിച്ചത്. എന്നിരുന്നാലും പഴയകൂറ്റുകാരുടെ അപേക്ഷയെ തുടർന്ന് തദ്ദേശീയനായ ഒരാളെ തിരഞ്ഞെടുത്ത് അയാളെ പറമ്പിൽ ചാണ്ടിയുടെ പിൻഗാമിയായി നിയമിക്കണം എന്ന് റോമിൽ കത്തോലിക്കാസഭയുടെ അധികാരികളിൽ നിന്ന് നിർദ്ദേശം മിഷനറിമാർക്ക് ലഭിച്ചിട്ടുണ്ടായിരുന്നു. എന്നാൽ നസ്രാണികളിൽ നിന്ന് തന്നെ ആയിരിക്കണം തിരഞ്ഞെടുപ്പ് നടത്തേണ്ടത് എന്ന് നിർദ്ദേശത്തിൽ ഒരിടത്തും ഉണ്ടായിരുന്നില്ല. ഈ പഴുത് കണക്കിലെടുത്ത മിഷനറിമാർ, തദ്ദേശീയ സ്ത്രീയിൽ പോർച്ചുഗീസുകാരന് ജനിച്ച റഫായേൽ ഫിഗ്വെറെഡോയെ അടുത്ത മെത്രാനായി തിരഞ്ഞെടുത്തു. റോമും ഈ നിയമനം അംഗീകരിച്ചു. തങ്ങൾ വഞ്ചിക്കപ്പെട്ടു എന്ന് മനസ്സിലാക്കിയ പഴയകൂർ നസ്രാണികൾ മിഷണറിമാർക്കെതിരെ പ്രതിഷേധിക്കാൻ തുടങ്ങി. അവർ പുതിയ മെത്രാനെ സ്വീകരിക്കാൻ തയ്യാറായില്ല. തദ്ദേശീയ മെത്രാനെ കിട്ടിയതുകൊണ്ട് കത്തോലിക്കാസഭയുമായി ബന്ധത്തിലേക്ക് തിരിച്ചു വന്ന പള്ളികൾ ഓരോന്നായി മിഷനറിമാർക്കെതിരെ നിലപാടെടുത്തു തുടങ്ങി. ഇത്തരം പള്ളികളിൽ ഒന്നായിരുന്നു കല്ലൂർക്കാട് ചമ്പക്കുളം മർത്ത് മറിയം പള്ളി.[10]

മാർ അന്ത്രയോസിന് കല്ലൂർക്കാട് പള്ളിയിൽ വലിയ സ്വീകരണമാണ് ലഭിച്ചത്. മാർപ്പാപ്പ തന്നെ മാർത്തോമ്മാ ക്രിസ്ത്യാനികൾക്കായി അയച്ചതാണെന്ന് അവകാശപ്പെട്ടാണ് അന്ത്രയോസ് രംഗപ്രവേശനം ചെയ്തത്. എന്നാൽ അദ്ദേഹത്തിൻറെ അവകാശവാദം കേട്ട് കർമ്മലീത്താ മിഷണറിമാർ വെറുതെയിരുന്നില്ല. കുറച്ചുകാലം അദ്ദേഹം കല്ലൂർക്കാട്ട് താമസിച്ചുവെങ്കിലും കർമ്മലീത്തന്മാർ അദ്ദേഹത്തിന് യാതൊരു അധികാരമില്ലെന്ന് തെളിയിച്ചപ്പോൾ അദ്ദേഹത്തിന് അവിടെനിന്നും മാറേണ്ടതായി വന്നു.[10][8]

ഈ സംഭവ വികാസങ്ങളെക്കുറിച്ച് കർമ്മലീത്താ മിഷനറിയായ പൗളീനോസ് ഒരു വിവരണം നൽകുന്നുണ്ട്. കടുത്ത മദ്യപാനിയായിരുന്നു അന്ത്രയോസ് എന്നും പൗളീനോസ് കൂട്ടിച്ചേർക്കുന്നു.[11][8] എന്നാൽ തന്റെ ഉദരസംബന്ധമായ അസുഖത്തിന്, വൈദ്യൻ നിർദ്ദേശിച്ചതനുസരിച്ച്, അദ്ദേഹം പനങ്കള്ള് മാത്രമാണ് കുടിച്ചിരുന്നത് എന്ന് ഇതിന് മറുവാദവുമുണ്ട്.[4]: 315 

1676ാമാണ്ടിൽ, കൊല്ലം നഗരത്തിന്റെ 853ാമണ്ടിൽ, അന്ത്രയോസ് എന്നു പേരായ ഒരു ശീശ്മക്കാരൻ മലബാറിലെത്തി, തന്നെത്തന്നെ ഒരു പാത്രിയർക്കീസ് എന്ന നിലയിൽ അവതരിപ്പിച്ചു. റോമാ പരാമാചാര്യനിൽ നിന്നുള്ള ഒരു വ്യാജ നിയമനപത്രം കാണിച്ച്, തന്നെ അദ്ദേഹം അയച്ചതാണെന്ന് നടിക്കുകയും ചെയ്തു; എന്നാൽ അദ്ദേഹം ഒരു യാക്കോബായ പുരോഹിതനാണെന്ന് അലപ്പോയിലെ നിഷ്പാദുക കർമ്മലീത്ത മിഷനറിമാർ വിവരിച്ചു. അദ്ദേഹം വീഞ്ഞിന് [മദ്യം] അടിമയായിരുന്നു, അതുകൊണ്ട് തോമാ ഡി കാമ്പോയുടെ [പറമ്പിൽ തോമാ (മാർത്തോമാ 1ാമൻ)] നടപടികൾ പിന്തുടർന്ന ശീശ്മക്കാരിൽ കുറച്ചുപേർ മാത്രമേ അയാളെ സ്വീകരിച്ചുള്ളൂ. കുറേനാൾ അയാൾ കല്ലൂർക്കാടെ [കല്ലൂർക്കാട്] പട്ടണത്തിൽ കഴിഞ്ഞു, തുടർന്ന് കല്ലടെയിലേക്ക് പോയി [കല്ലട], ഒടുവിൽ അവിടെവെച്ച് മദ്യപിച്ച് നദിയിൽ വീഴുകയും മുങ്ങിമരിക്കുകയും ചെയ്തു. ആ പരുഷരായ തെക്കൻ ശീശ്മക്കാർ അയാളെ കല്ലടെ മൂപ്പൻ അഥവാ അവരുടെ പള്ളിയിലെ ഒരു മൂപ്പൻ എന്ന് വിളിച്ചു. കല്ലടെയിൽ, അതിന്റെ വാർഷിക ദിനത്തിൽ അവർ പുവൻകോഴികളെയും പിടക്കോഴികളെയും അയാളുടെ ശവകുടീരത്തിലേക്ക് അർപ്പിച്ചു. 1782ൽ ഞാൻ വായ്പൂരിൽ ആയിരുന്നപ്പോൾ ഈ ആചാരം നിലവിലുണ്ടെന്ന് ഞാൻ കണ്ടെത്തി. 1677ൽ വന്ന് ചിയാലകരിയിൽ വച്ച് മരിച്ചുവെന്ന് പാതിരി ഇൽഡെഫോൺസ് എഴുതുന്നു; എന്നാൽ ഇത്, അന്ത്രയോസിന്റെ ചുരങ്ങിയ വ്യാജ ഭാവനയെ ഖണ്ഡിച്ച മലബാറിലെ സുറിയാനി ഭാഷാ ആചാര്യൻ, പാതിരി ബർത്തലോമേവൂസ് ഹന്നയുടെ കത്തിന് കടകവിരുദ്ധമാണ്.

സുറിയാനി കത്തോലിക്കാ ബന്ധം

തിരുത്തുക

മാർ അന്ത്രയോസിനെ സംബന്ധിച്ചുള്ള കൂടുതൽ വിവരങ്ങൾ ലഭിക്കുന്നത് പൗളീനോസിന്റെ വിവരണത്തിൽ നിന്നുമാണ്. പൗളീനോസ് രേഖപ്പെടുത്തിയ പാതിരി ബർത്തലോമേവൂസ് ഹന്ന എന്ന വൈദികൻ മലബാറിലെ പഴയകൂർ നസ്രാണികളുടെ ഇടയിൽ പ്രവർത്തിച്ച ഒരു സുറിയാനി പണ്ഡിതനായിരുന്നു. അദ്ദേഹം സിറിയയിലെ ആലെപ്പോക്കാരനും കത്തോലിക്കാ സഭക്കാരനും ആയിരുന്നു. ആലെപ്പോ കേന്ദ്രീകരിച്ച് രൂപപ്പെട്ട സുറിയാനി കത്തോലിക്കാ സഭയിൽ നിന്നുള്ള ഒരു കോറപ്പിസ്കോപ്പ കൂടിയായിരുന്നു ബർത്തലോമേവൂസ് ഹന്ന. അന്ത്രയോസിന്റെ അവകാശവാദങ്ങളുടെ നിജസ്ഥിതി അറിയാൻ അദ്ദേഹം സിറിയയിലേക്ക് കത്തിടപാടുകൾ നടത്തിയിരുന്നു. അന്ത്രയോസിനെക്കുറിച്ച് ആലെപ്പോയിൽ നിന്ന് അദ്ദേഹത്തിന് വിവരങ്ങൾ ലഭിച്ചു. ഇതിൻറെ ഫലമായാണ് അന്ത്രയോസിന്റെ അവകാശവാദങ്ങൾ വ്യാജമെന്ന് തെളിയിക്കപ്പെട്ടതും അദ്ദേഹത്തെ പുറത്താക്കാൻ കർമ്മലിത്താ മിഷനറിമാർക്ക് സാധിച്ചതും. ഇവയിൽ നിന്ന് ലഭിക്കുന്ന വിവരണം അനുസരിച്ച് ആന്ത്രയോസ് ഒരു സുറിയാനി കത്തോലിക്കനായിരുന്നു. 1662നുശേഷം സുറിയാനി ഓർത്തഡോക്സ് സഭയും സുറിയാനി കത്തോലിക്കാ സഭയും ആദ്യമായി പരസ്പരം വേർപെടാൻ തുടങ്ങിയ കാലത്ത് പാത്രിയാർക്കീസ് ഇഗ്നാത്തിയോസ് അന്ത്രയോസ് അകിജാനുമായി ചേർന്നുനിന്ന ആളായിരുന്നു അദ്ദേഹം. വലിയ സാഹസികനും നിരവധി എതിരാളികൾ ഉള്ളയാളും ആയിരുന്നു അദ്ദേഹം എന്ന് അദ്ദേഹത്തെക്കുറിച്ചുള്ള കടുത്ത എതിർപ്പ് പ്രകടിപ്പിക്കുന്ന ഈ വിവരണങ്ങൾ സൂചിപ്പിക്കുന്നു. അന്ത്രയോസ് അകിജാന്റെ മരണശേഷം സിറിയയിൽ ജീവിതം ദുസ്സഹമായിമാറിയ അദ്ദേഹം ഇന്ത്യയിൽ എത്തിച്ചേർന്നു. ഇന്ത്യയിലെ മാർത്തോമാ നസ്രാണികൾ പോർച്ചുഗീസ് മിഷണറിമാരുമായി കലഹത്തിൽ ആയതിനെത്തുടർന്ന് അവരിൽ ഒരു വിഭാഗം സുറിയാനി യാക്കോബായ സഭയുമായി ബന്ധത്തിൽ എത്തിക്കഴിഞ്ഞിരുന്നു. ഈ സാഹചര്യം കണക്കിലെടുത്താകാം ഇന്ത്യ തന്റെ ലക്ഷ്യസ്ഥാനമായി അദ്ദേഹം തെരഞ്ഞെടുത്തത്.[4]: 316 

നമ്മുടെ കർത്താവിന്റെ ശക്തിയാൽ ഈ കത്ത് മലബാർ നഗരത്തിൽ അടിയന്തിരമായി എത്തട്ടെ.

ഈ ഭാഷ അറിയാവുന്ന എല്ലാവരും ഈ കത്ത് ശാന്തിയോടെയും സമാധാനത്തോടെയും പരസ്യമായി വായിക്കണം. പത്രോസ് ആകുന്ന, അന്ത്യോഖ്യാ നഗരത്തിന്റെ പാത്രിയർക്കീസ് ഇഗ്നാത്തിയോസ്: ഇന്ത്യക്കാരുടെ അനുഗ്രഹീത ഭൂമിയിൽ ജീവിക്കുന്ന എന്റെ എല്ലാ മക്കൾക്കും വത്സലർക്കും ദൈവിക സമാധാനവും ശാന്തവും സ്വർഗ്ഗീയവുമായ സ്നേഹവും, കൃപയും യോജിപ്പും. ദൈവം നിങ്ങളെ അനുഗ്രഹിക്കുകയും എല്ലാ നന്മയും പുണ്യപ്രവർത്തികളും കൊണ്ട് നിങ്ങളെ നിറയ്ക്കുകയും ചെയ്യട്ടെ. അറിയുക, അല്ലയോ, എൻറെ ആത്മീയ മക്കളേ, ഒന്നാമതായി എൻറെ വത്സല പുത്രൻ അനുഗ്രഹീതനായ കോറപ്പിസ്കോപ്പ ബർത്തലോമിയയും അതുപോലെ എൻറെ മറ്റ് വത്സല മക്കളും, എന്തെന്നാൽ നിങ്ങളുടെ ഇടയിൽ തന്നെത്തന്നെ ഒരു മെത്രാപ്പോലീത്തയാക്കിയ, ഈ ദുഷ്ടനായ മനുഷ്യൻ, അന്ത്രയോ, ഈ നീച മനുഷ്യൻ, പാത്രിയർക്കീസ് അന്ത്രയോസിന്റെ കാലത്ത് ആലെപ്പോ നഗരത്തിലേക്ക് പോയി അദ്ദേഹത്തിൻറെ മുൻപാകെ പോയി ഉറങ്ങുകയും വിശ്രമം കണ്ടെത്തുകയും ചെയ്തു. മദ്യപാനവും ദൈവദൂഷണവും നിമിത്തം അവൻ എല്ലാ ദുഷ്പ്രവൃത്തികളും ചെയ്തു. സാത്താൻ അവനിൽ വസിച്ചതിനാൽ, അവൻ ക്രിസ്തുവിനെതിരെ പിന്തിരിഞ്ഞു, വിശ്വാസത്യാഗം ചെയ്തു, ഒരു മുസ്ലീമായി, അതായത് ഒരു അറബിയായി. മാത്രമല്ല ഇത് അലപ്പോയിലെ നിവാസികൾ എല്ലാവർക്കും അറിവുള്ളതാണ്: എല്ലാ ക്രിസ്ത്യാനികൾക്കും മുസ്ലീങ്ങൾക്കും യഹൂദർക്കും. ഓ, പ്രിയ മക്കളേ, അവനെ ഒഴിവാക്കുക, നിങ്ങളുടെ ഇടയിൽ അവനെ സഹിക്കരുത്, അവന്റെ ഒരു ചെറിയ വാക്കോ അല്ലെങ്കിൽ മറ്റെന്തെങ്കിലുമോ ശ്രദ്ധിക്കരുത്. ജാഗരൂകരായിരിക്കുക, തൻ്റെ ആത്മാവ് നശിപ്പിച്ച ഈ നീച മനുഷ്യൻ മൂലം നിങ്ങൾ ഉദാസീനർ ആകരുതെന്ന് നാം നിങ്ങളെ അറിയിക്കുന്നു കൂടാതെ ഇതിൽ നാം നിങ്ങളോട് പറഞ്ഞിട്ടുള്ള പ്രഭാഷണത്തിൽ വ്യാജമൊന്നുമില്ല, പക്ഷേ ഇത് പൂർണ്ണമായും ശരിയാണ്. ഇതു അറിഞ്ഞ്, അവനെ ഒഴിവാക്കി, നിങ്ങളുടെ ആയുഷ്കാലമത്രയും സമാധാനത്തോടെ ഇരിക്കുവിൻ. ആമീൻ.

ഇത് എഴുതപ്പെട്ടത് ക്രിസ്തുവിന്റെ വർഷം 1684ലെ നിസ്സാൻ മാസത്തിൽ.

— Perczel 2009, p. 316

ബർത്തലോമേവൂസിന് പാത്രിയർക്കീസ് പത്രോസ് 4ാമൻ ഷാഹ്ബദ്ദീൻ അയച്ച ഈ കത്തിൽ അന്ത്രയോസിനെതിരായ വലിയ എതിർപ്പ് പ്രകടിപ്പിക്കുന്നുണ്ട്. എന്നിരുന്നാലും അദ്ദേഹം പാത്രിയർക്കീസ് അന്ത്രയോസ് അകിജാന്റെ ഒപ്പം ഉണ്ടായിരുന്ന ആളാണ് എന്ന വിലപ്പെട്ട വിവരവും ഈ കത്ത് നൽകുന്നു.[4]: 317 

മുളന്തുരുത്തിയിൽ

തിരുത്തുക
 
മുളന്തുരുത്തി പള്ളി ആധുനിക രൂപം

കല്ലൂർക്കാട്ട് ഉണ്ടായ സംഭവങ്ങൾക്കുശേഷം പഴയകൂറ്റുകാരുടെ ഇടയിൽ നിന്ന് അന്ത്രയോസ് പിന്മാറി. അദ്ദേഹത്തെ പിന്നീട് സ്വീകരിച്ചത് പുത്തങ്കൂർ വിഭാഗത്തിൽപ്പെട്ട പള്ളികൾ ആയിരുന്നു. ഇതിനിടയിൽ പാത്രിയർക്കീസ് എന്ന് അവകാശപ്പെട്ട് അദ്ദേഹം പുത്തങ്കൂർ വിഭാഗത്തിന്റെ നേതാവായിരുന്ന മാർത്തോമാ 2ാമനെ മെത്രാനായി വാഴിക്കുകയും ചെയ്തു എന്ന് കർമ്മലീത്താ മിഷണറിമാർ 1681 മാർച്ച് 15ന് റോമിലെ വിശ്വാസപ്രചരണ സംഘത്തിന് അയച്ച കത്തിൽ പരാമർശിക്കുന്നു. 1665ൽ ഗ്രിഗോറിയോസ് അബ്ദൽ ജലീൽ വാഴിച്ച മാർത്തോമാ 1ാമന്റെ മരണശേഷം മുറപ്രകാരം അധികാരമേറ്റ അദ്ദേഹത്തിന് സാധുവായ മെത്രാഭിഷേകം ലഭിച്ചിട്ടുണ്ടായിരുന്നില്ല. [12] 1678ൽ മുളന്തുരുത്തിയിൽ എത്തിയ അന്ത്രയോസ് തുടർന്നുള്ള കുറേ വർഷങ്ങൾ അവിടെ കഴിഞ്ഞു. അവിടെ വലിയ സ്വീകാര്യതയാണ് അദ്ദേഹത്തിന് ലഭിച്ചത്. താൻ ഒരു പാത്രിയർക്കീസ് ആണ് എന്ന നിലയിലാണ് അദ്ദേഹം അവിടെ സ്വയം അവതരിപ്പിച്ചത്.

 
യൊവാന്നീസ് ഹിദായത്തല്ല

1685ൽ പാത്രിയർക്കീസ് ഇഗ്നാത്തിയോസ് അബ്ദുൽ മസിഹ് 1ാമന്റെ നേതൃത്വത്തിൽ ഉള്ള സുറിയാനി ഓർത്തഡോക്സ് സഭയിൽ നിന്ന് നിയോഗിക്കപ്പെട്ട് മഫ്രിയോനോ ബസേലിയോസ് യൽദോയ്ക്ക് ഒപ്പം മലബാറിലേക്ക് വന്ന മറ്റൊരു സുറിയാനി മെത്രാനായിരുന്നു യൊവാന്നീസ് (ഇവാനിയോസ്) ഹിദായത്തല്ല. മലബാറിൽ എത്തിയ ഉടനെ ബസേലിയോസ് യൽദോ അദ്ദേഹത്തെ മെത്രാപ്പോലീത്ത ആയി വാഴിച്ച് അവരോധിച്ചിരുന്നു.[13]: 146  മലബാറിൽ സുറിയാനി ഓർത്തഡോക്സ് സഭയുടെ സ്വാധീനവും തന്റെ അധികാരവും വ്യാപകമാക്കാൻ ശ്രമിച്ചുകൊണ്ടിരിക്കുകയായിരുന്ന അദ്ദേഹത്തിന് അന്ത്രയോസിന്റെ സാന്നിധ്യം തടസ്സമായി. മുളന്തുരുത്തിയിൽ നിന്ന് ഏത് വിധേനയും അന്ത്രയോസിനെ പുറത്താക്കാൻ അദ്ദേഹം ശ്രമിച്ചുകൊണ്ടിരുന്നു.[6] എന്നാൽ മുളന്തുരുത്തിയിൽ ഇതിനോടകം മാർ അന്ത്രയോസിന് ശക്തമായ സ്വാധീനം നേടിയെടുക്കാൻ കഴിഞ്ഞിരുന്നു. നിരവധി അത്ഭുത പ്രവർത്തനങ്ങളും അദ്ദേഹം അവിടെ നടത്തി എന്ന് പറയപ്പെടുന്നു.[14] അന്ത്രയോസ് പാത്രിയർക്കീസ് അല്ല എന്ന് മാത്രമല്ല ഒരു ബിഷപ്പ് പോലും അല്ല എന്നും അദ്ദേഹം യഥാർത്ഥത്തിൽ യാക്കോബായ സഭയിൽ നിന്നുള്ള ആളല്ല എന്നും ഹിദായത്തല്ല വെളിപ്പെടുത്തി. ഇക്കാലഘട്ടത്തിൽ മുളന്തുരുത്തിയിൽ നിന്ന് അന്ത്രയോസിനെ പുറത്താക്കാൻ ഒരു വിഭാഗം നാട്ടുകാരുടെ സഹായത്തോടെ ഹിദായത്തല്ല ശ്രമിച്ചു. പ്രദേശത്തെ ധനാഢ്യന്മാരായ പാലത്തുങ്കൽ തരകന്മാർ ഇതിന് ഹിദായത്തല്ലയെ സഹായിച്ചു. അന്ത്രയോസ് പള്ളിയിൽ കയറാതിരിക്കാൻ പള്ളിയുടെ വാതിലുകൾ ഇവരിൽ ചിലർ അടച്ചിട്ടതായും തുടർന്ന് അദ്ദേഹം ‘മാർത്തൊമ്മനെ, വാതിൽ തുറ’ എന്ന് പറഞ്ഞതിനെ തുടർന്ന് വാതിൽ അത്ഭുതകരമായി തുറന്നതായും പാരമ്പര്യം ഉണ്ട്. മുളന്തുരുത്തിയിൽ തനിക്കെതിരായ എതിർപ്പ് ശക്തമാകുന്നു എന്ന് തിരിച്ചറിഞ്ഞ അന്ത്രയോസ് തൻറെ കൂടെയുണ്ടായിരുന്ന തന്റെ സഹോദരന്മാരോടൊപ്പം വെട്ടിക്കൽ എന്ന സ്ഥലത്തേക്ക് പോയി. എന്നാൽ ഇതിനുശേഷം പാലത്തുങ്കൽ കുടുംബക്കാർക്ക് വലിയ പ്രശ്നങ്ങൾ ബാധിച്ചു എന്നും അന്ത്രയോസ് ബാവ പള്ളിയിൽ കയറാതിരിക്കാൻ വാതിൽ അടച്ച രണ്ടുപേർ പാമ്പുകടിയേറ്റ് മരിച്ചു എന്നും പറയപ്പെടുന്നു.[6][14]

കല്ലടയിൽ

തിരുത്തുക

വെട്ടിയ്ക്കലിൽ നിന്ന് പിറവം, കുറുപ്പുംപടി പുത്തൻകാവ്, മണർകാട് എന്നീ സ്ഥലങ്ങളിലും അതിനുശേഷം കുണ്ടറയിലേക്കും പിന്നീട് കല്ലടയിലേക്കും അന്ത്രയോസിന് പോകേണ്ടതായി വന്നു. കല്ലടയിൽ അദ്ദേഹത്തെ ജനങ്ങൾ സ്വീകരിച്ചു. അവിടുത്തെ പ്രധാന കുടുംബങ്ങളിൽ ഒന്നായ തുലാശ്ശേരി മണപ്പുറത്തുകാർ അവരുടെ തറവാട്ടിൽ അദ്ദേഹത്തെ സ്വീകരിക്കുകയും അദ്ദേഹം അവിടെ താമസമാക്കുകയും ചെയ്തു. കല്ലടയിലെ ക്രൈസ്തവർക്കിടയിൽ ഒരു മെത്രാപ്പോലീത്ത എന്ന നിലയിലാണ് അദ്ദേഹം പ്രവർത്തിച്ചത്. അവിടെയും നിരവധി അത്ഭുത പ്രവർത്തനങ്ങൾ ഇദ്ദേഹം നടത്തിയതായി പറയപ്പെടുന്നുണ്ട്. സുറിയാനി ഭാഷ പഠിപ്പിക്കുക, ആരാധനാകർമ്മങ്ങൾ നടത്തുക മുതലായ കാര്യങ്ങളും അദ്ദേഹം അവിടെ ചെയ്തുകൊണ്ടിരുന്നു.[6][15]

1678ൽ അന്ത്രയോസ് ബാവാ തുറബ്ദീനിൽ നിന്ന് മലങ്കരെ വന്നു. മലങ്കരയിൽ മെത്രാപ്പോലീത്തമാരെ വാഴിക്കാൻ പ്രത്യേക അധികാരങ്ങളോടെ വന്നതിനാൽ അദ്ദേഹത്തെ മാർ അന്ത്രായോസ് പത്രോസ് എന്നാണ് വിളിച്ചിരുന്നത്. അദ്ദേഹത്തിന് റമ്പാൻ ആയ ഒരു സഹോദരനും അൽമേനിയായ ഒരു സഹോദരനും ഉണ്ടായിരുന്നു. അദ്ദേഹം ആദ്യം കൊച്ചിയിലേക്കാണ് വന്നത് എന്നിട്ട് മുളന്തുരുത്തിയിലേക്ക് പോയി. മുളന്തുരുത്തിയിൽ അദ്ദേഹത്തിന് വയറുവേദന ബാധിച്ചു അതുകൊണ്ട് അദ്ദേഹത്തിന് കുർബാന ചൊല്ലാൻ കഴിഞ്ഞിരുന്നില്ല. അദ്ദേഹം സാധാരണക്കാരുടെ വസ്ത്രങ്ങൾ ധരിച്ച് നടക്കുമ്പോൾ ചിലർക്ക് അദ്ദേഹത്തെ ഇഷ്ടപ്പെട്ടില്ല. മാത്രമല്ല വയറുവേദനയ്ക്ക് ആശ്വാസമായി കള്ള് കഴിക്കേണ്ടി വന്നു. പ്രായാധിക്യവും അനാരോഗ്യവും അദ്ദേഹത്തെ കാര്യക്ഷമത കുറഞ്ഞ മനുഷ്യനാക്കി. ഇതിനെക്കുറിച്ച് അന്ത്യോഖ്യയെ അറിയിച്ച ആളുകളെ ഇതെല്ലാം ചൊടിപ്പിച്ചു, 1685ൽ മാർ ബസേലിയോസ് മലയാളത്തേക്ക് വരുകയും ചെയ്തു. അദ്ദേഹം കാലം ചെയ്തു അദ്ദേഹത്തിന്റെ ഒപ്പം ഉണ്ടായിരുന്ന റമ്പാൻ ഇവാനിയോസ് എന്ന പേരിൽ പുതിയ മെത്രാപ്പോലീത്ത ആക്കപ്പെടുകയും ചെയ്തു. പാലത്തുങ്കൽ തരകനും നാട്ടിലെ പിന്തുണക്കാരും ഇവാനിയോസ് മെത്രാപ്പോലീത്തയുടെ പിന്തുണയോടെ പള്ളി പൂട്ടി അന്ത്രയോസ് ബാവായെ പള്ളിയിൽ പ്രാർഥന നടത്തുന്നതിൽ നിന്ന് തടഞ്ഞു. അന്ത്രയോസ് ബാവയുടെ തങ്കക്കാസ പള്ളിയ്ക്കൽ വെക്കണമെന്നും അവർ ആവശ്യപ്പെട്ടു. അന്ത്രയോസ് ബാവയും അദ്ദേഹത്തിന്റെ സഹോദരൻ റമ്പാനും മുളന്തുരുത്തിയിൽ വിടാൻ ഉറച്ചു. അദ്ദേഹം പോയതോടെ പാലത്തുങ്കൽ തരകന്റെ മക്കൾ പാമ്പ് കടിയേറ്റ് മരിക്കുകയും പള്ളി പൂട്ടിയ ആൾ പള്ളിയ്ക്കടുത്ത് മരിച്ചകിടക്കുന്ന രീതിയിൽ കാണപ്പെടുകയും ചെയ്തു. ഇത് നാട്ടുകാരിലും പള്ളിക്കാരിലും വലിയ പേടി ഉണ്ടാക്കി. അന്ത്രയോസും അദ്ദേഹത്തിൻറെ സഹോദരൻ റമ്പാനും പുത്തൻകാവിൽ എത്തുകയും അവിടെ വെച്ച് റമ്പാൻ മരിക്കുകയും അദ്ദേഹത്തെ പുഴക്കരയിൽ അടക്കുകയും ചെയ്തു. ബാവാ പുത്തൻകാവ് നാട്ടിലെ കുടുംബത്തിൽ നിന്ന് പ്രശ്നങ്ങൾ നേരിട്ടതോടെ അദ്ദേഹം കല്ലടയ്ക്ക് വിട്ടു. ബാവ തന്നെ പ്രാർത്ഥന നടത്താൻ സഹായിച്ച തുലാശ്ശേരി മണപ്പുറത്ത് കുടുംബവുമായി നല്ല ബന്ധത്തിൽ എത്തി. കല്ലടയാറ്റിൽ അദ്ദേഹം കുളിക്കാറുണ്ടായിരുന്നു. വേലിയേറ്റവും ജലനിരപ്പ് ഉയരുന്നതും അറിയാതെ ബാവ കുളിക്കാൻ ഇറങ്ങുകയും ചുഴിയിൽ പെടുകയും 1692 കുംഭം 18ന് മരണമടയുകയും ചെയ്തു. കല്ലട മർത്തമറിയം പള്ളിയുടെ മദ്ബഹയിൽ അദ്ദേഹത്തെ കബറടക്കി. എല്ലാ വർഷവും കുംഭം 18, 19 തീയതികളിൽ കല്ലട പള്ളിയിൽ അദ്ദേഹത്തിന്റെ അനുസ്മരണ പ്രാർത്ഥനയും പെരുന്നാളും നടത്തപ്പെടുന്നു...കല്ലടയിൽ സ്ഥിരതാമസമാക്കുന്നതിന് മുമ്പ് ബാവ മണർകാട്, പിറവം, പുത്തൻകാവ്, കുണ്ടറ, മുളന്തുരുത്തി എന്നിവിടങ്ങളിൽ താമസിച്ച് സന്ദർശിച്ചിരുന്നതിനാൽ മണർകാട്, പുത്തൻകാവ്, കുണ്ടറ എന്നിവിടങ്ങളിലും അദ്ദേഹത്തിന്റെ ഓർമപ്പെരുന്നാൾ നടത്തിവരുന്നു.

1682ൽ അന്ത്രയോസ് ബാവ കുളിക്കുന്നതിനിടെ കല്ലടയാറ്റിൽ വീണു മരിച്ചു. തുടർന്ന് അദ്ദേഹത്തിന്റെ മൃതദേഹം കല്ലട വലിയ പള്ളിയിൽ കബറടക്കപ്പെട്ടു.[15]

വംശപരമ്പരകൾ

തിരുത്തുക

മാർ അന്ത്രയോസിന്റെ മരണശേഷം അദ്ദേഹത്തിൻറെ ഒപ്പം ഉണ്ടായിരുന്ന ഒരു സഹോദരൻ പിറവത്തേക്ക് പോവുകയും അവിടത്തെ പ്ലാശനാൽ കുടുംബവുമായി വിവാഹബന്ധത്തിൽ ഏർപ്പെടുകയും ചെയ്തു.[13] പശ്ചിമേഷ്യൻ പാരമ്പര്യം അവകാശപ്പെടുന്നവരും മുമ്പ് അവിടെ നിന്ന് വന്നിട്ടുള്ള ആളുകളുമായി വിവാഹബന്ധത്തിൽ ഏർപ്പെട്ടിട്ടുള്ളവരും ആയ കുടുംബങ്ങളിൽ ഒന്നായിരുന്നു അത്.[16][5] അദ്ദേഹത്തിന് വിവാഹത്തിൽ യാക്കോബ്, അബ്രാഹം എന്നീ രണ്ട് മക്കൾ ഉണ്ടായി. പിറവം പള്ളിക്ക് അടുത്തുള്ള സ്ഥലത്ത് താമസിച്ചതിനാൽ സ്രാമ്പിക്കൽ കുടുംബം എന്ന വീട്ടുപേർ ഇവർക്ക് കൈവന്നു.[5] ഇവർ പിന്നീട് മുളന്തുരുത്തിക്ക് അടുത്തേക്ക് താമസം മാറി. ഇവരിൽ ഒരാൾ തണങ്ങാട് എന്ന സ്ഥലത്ത് താമസമുറപ്പിച്ചു. മറ്റേയാൾ കാട്ടുമാങ്ങാട് എന്ന സ്ഥലത്ത് ചെന്നുപാർത്തു.[5]: 30  ഇവർ ഈ സ്ഥലപ്പേരുകൾ തന്നെ തങ്ങളുടെ കുടുംബപ്പേരുകളായി സ്വീകരിച്ചു. ഈ കുടുംബ പരമ്പരയിൽപെട്ടവർ ആത്മീയകാര്യങ്ങളിലും മതാചാരങ്ങളിലും സഭാഭരണത്തിലും വളരെ ശ്രദ്ധ പതിപ്പിക്കുന്നവരായിരുന്നു.[15]

ഇവരിൽ കാട്ടുമാങ്ങാട്ട് കുടുംബത്തിൽപെട്ട കുര്യൻ റമ്പാൻ 1751ൽ മലബാറിലെത്തിയ സുറിയാനി ഓർത്തഡോക്സ് ദൗത്യസംഘവുമായി സഹകരണത്തിൽ എത്തി.[17] പകലോമറ്റം കുടുംബത്തിൽപ്പെട്ട മാർത്തോമ 6ാമനെ സുറിയാനി ഓർത്തഡോക്സ് സഭയ്ക്ക് വിധേയപ്പെടുത്താൻ ശ്രമിച്ച ആ ദൗത്യസംഘത്തിന്റെ നേതാവ് ബസേലിയോസ് ശക്രള്ളയുടെ അനുയായിയായി മാറിയ ഇദ്ദേഹത്തെ ശക്രള്ള തന്റെ മരണത്തിന് മുമ്പ് 1764ൽ ബിഷപ്പായി അബ്രാഹം കൂറിലോസ് എന്ന പേരിൽ അഭിഷേകം ചെയ്തു. ഇതിനെ തുടർന്ന് അധികാരം പ്രതിസന്ധിയിലായ മാർത്തോമാ 6ാമൻ 1770ൽ ദൗത്യസംഘത്തിന്റെ നിബന്ധനകൾക്ക് കീഴ്പ്പെട്ട് തന്റെ പുരോഹിത പദവികൾ അവരിൽ നിന്ന് ഒരിക്കൽ കൂടി ഏറ്റുവാങ്ങി ദിവന്നാസിയോസ് എന്ന പേരിൽ മെത്രാനായി അഭിഷിക്തനായി.[18] എന്നാൽ 1772ഓടെ ദിവന്നാസിയോസ് അവരുമായി വീണ്ടും കലഹത്തിലായി. തുടർന്ന് ദൗത്യസംഘത്തിന്റെ അന്നത്തെ നേതാവ് ഗ്രിഗോറിയോസ് ഹന്ന അബ്രാഹം കൂറിലോസിനെ മെത്രാപ്പോലീത്തയായി അഭിഷേകം ചെയ്ത് വീണ്ടും രംഗത്തിറക്കി. തുടർന്ന് മാർത്തോമ 6ാമനും ഇദ്ദേഹവും തമ്മിൽ രൂക്ഷമായ അധികാര വടംവലി ഉണ്ടാവുകയും തർക്കം കോടതി വ്യവഹാരത്തിലേക്ക് നീളുകയും ചെയ്തു. തന്റെ അധികാരം ഉറപ്പിക്കാൻ യാക്കോബായ സംഘത്തിന് ദിവന്നാസിയോസ് അന്തിമമായി വിധേയപ്പെടുകയും ചെയ്തു.[18] ഇതിനേത്തുടർന്ന് കേസിൽ കൂറിലോസിന്റെ പക്ഷം പരാജയപ്പെട്ടെങ്കിലും അദ്ദേഹം പിന്മാറിയില്ല. തുടർന്ന് പുത്തങ്കൂർ വിഭാഗം ആദ്യമായി പിളരുകയും കാട്ടുമാങ്ങാട്ട് അബ്രാഹം കൂറിലോസിനെ പിന്തുണച്ചവർ മലബാർ സ്വതന്ത്ര സുറിയാനി സഭ എന്ന പേരിൽ അറിയപ്പെടുകയും ചെയ്തു.[19][18]

 
ചാത്തുരുത്തിൽ ഗീവർഗീസ് ഗ്രിഗോറിയോസ് (പരുമല തിരുമേനി)

അതേസമയം തണങ്ങാട്ട് കുടുംബത്തിൽപ്പെട്ടവർ യാക്കോബായ സഭയുമായി ചേർന്നുനിന്നു. ഇവർ പിന്നീട് മുളന്തുരുത്തി പ്രദേശത്ത് പ്രമാണികളായി വളരുകയും തരകൻ സ്ഥാനം നേടിയെടുക്കുകയും ചെയ്തു. ഈ പരമ്പരയിലെ പള്ളത്തട്ട് കുടുംബക്കാർ പള്ളിയുടെ ഭരണം നടത്തിയിരുന്നു. യാക്കോബായ സഭയുടെ ഇന്ത്യയിലെ ആദ്യ ആശ്രമമായ വെട്ടിയ്ക്കൽ ദയറാ സ്ഥാപിച്ചത് ഈ കുടുംബത്തിൽ പെട്ടവരാണ്. ഇവരുടെ മറ്റൊരു ശാഖ ചാത്തുരുത്തി എന്നറിയപ്പെട്ടു. യാക്കോബായ സഭയുടെയും മറ്റ് പുത്തങ്കൂർ സഭകളുടെയും ഏറ്റവും പ്രധാനപ്പെട്ട വിശുദ്ധനായ പരുമല തിരുമേനി (ഗീവർഗ്ഗീസ് മാർ ഗ്രീഗോറിയോസ്) ഈ കുടുംബത്തിലാണ് ജനിച്ചത്. ആധുനിക കേരളത്തിലെ ഏറ്റവും പ്രഗൽഭ സുറിയാനിഭാഷാ പണ്ഡിതരിൽ പ്രമുഖനായ കണിയാമ്പറമ്പിൽ കുര്യൻ പള്ളത്തട്ട് കുടുംബത്തിലേ വണ്മേലി ശാഖയിൽപ്പെട്ടയാളാണ്.[15]

  1. "കല്ലടയിലെ വിശുദ്ധൻ: മാർ അന്ത്രയോസ് ബാവാ". 2021-03-01. Retrieved 2023-10-05.
  2. "About – Kallada Valiyapally" (in ഇംഗ്ലീഷ്). Retrieved 2023-10-05.[പ്രവർത്തിക്കാത്ത കണ്ണി]
  3. "മലങ്കര സഭാ ചരിത്ര വിജ്ഞാനകോശം".
  4. 4.0 4.1 4.2 4.3 4.4 4.5 4.6 4.7 4.8 Perczel, Istvan (December 2009). "Classical Syriac as a Modern Lingua Franca in South India between 1600 and 2006". ARAM Periodical. 21: 311, 315–317. doi:10.2143/ARAM.21.0.2047097.
  5. 5.0 5.1 5.2 5.3 K.T.John (1989). Kattumangat Family. p. 29.
  6. 6.0 6.1 6.2 6.3 "Thulassery Manappurath - History".
  7. Kaniyamparambil, Curien. Syrian Orthodox Church. p. 103.
  8. 8.0 8.1 8.2 Whitehouse, Thomas (1873). Lingerings of light in a dark land: Researches into the Syrian church of Malabar. William Brown and Co. p. 199.
  9. മേലേടത്ത്, കുര്യൻ തോമസ് (2005). The Identity Question of Malankara Nazaranies; A Study Based on 'Niranam Grandhavari' 1708 -1815. p. 199.
  10. 10.0 10.1 Antony Martin Thomas (2010). "Champakulam Kalloorkkadu St Mary's Church- The Hidden Pearl in Nasrani History". nasrani.net.
  11. പൗളീനോസ് (1794). ഇന്ത്യ ഓറിയന്റലിസ് ക്രിസ്ത്യാന. Typis Salomonianis. p. 96, 105.
  12. ജേക്കബ് കൊല്ലംപറമ്പിൽ (1996). The Archdeacon of All India: A historico-juridical study. Rome. pp. 221–222.{{cite book}}: CS1 maint: location missing publisher (link)
  13. 13.0 13.1 Fenwick, John (2009). The Forgotten Bishops: The Malabar Independent Syrian Church and its Place in the Story of the St Thomas Christians of South India. Gorgias Press. pp. 144–146. ISBN 978-1-60724-619-0.
  14. 14.0 14.1 Arun Babu Zachariah (2007). "Judeo-Christian Diaspora in Kerala: An Endeavour in Racial Integration and Resource Sharing". Journal of Kerala Studies. 34: 54–56.
  15. 15.0 15.1 15.2 15.3 "GENEALOGY - CHATHURUTHY FAMILY". Archived from the original on 2023-03-21. Retrieved 2023-10-08.
  16. കെ. സി. വർഗ്ഗീസ് (1981). മലബാർ സ്വതന്ത്ര സുറിയാനി സഭാ ചരിത്രം. Kunnamkulam. p. 8.{{cite book}}: CS1 maint: location missing publisher (link)
  17. Perczel, István (2013). Peter Bruns; Heinz Otto Luthe (eds.). "Some New Documents on the Struggle of the Saint Thomas Christians to Maintain the Chaldaean Rite and Jurisdiction". Orientalia Christiana. Festschrift für Hubert Kaufhold zum 70. Geburtstag; pp. 415-436. Wiesbaden: Harrassowitz Verlag.
  18. 18.0 18.1 18.2 Fenwick, John R. K. (2011). "Malabar Independent Syrian Church". In Sebastian P. Brock; Aaron M. Butts; George A. Kiraz; Lucas Van Rompay (eds.). Gorgias Encyclopedic Dictionary of the Syriac Heritage. Gorgias Press.
  19. Fenwick (2009), p. 200–246.
"https://ml.wikipedia.org/w/index.php?title=കല്ലടയിലെ_അന്ത്രയോസ്&oldid=4117910" എന്ന താളിൽനിന്ന് ശേഖരിച്ചത്