ഇഗ്നാത്തിയോസ് അന്ത്രയോസ് അകിജാൻ
മാർ ഇഗ്നാത്തിയോസ് അന്ത്രയോസ് അബ്ദുൽ-ഘൽ അകിജാൻ (അല്ലെങ്കിൽ അഖിദ്ജാൻ, അകിദ്ജിയാൻ, 1622–1677) 1662 മുതൽ 1677 വരെ സുറിയാനി കത്തോലിക്കാ സഭയുടെ പാത്രിയർക്കീസും ഒട്ടോമൻ സാമ്രാജ്യത്തിലെ മുഴുവൻ യാക്കോബായ വിഭാഗക്കാരുടെയും തലവനും ആയിരുന്നു. സുറിയാനി കത്തോലിക്കാ സഭയും സുറിയാനി ഓർത്തഡോക്സ് സഭയും തമ്മിൽ സംഘടനാപരമായി വേർപിരിയാൻ തുടങ്ങിയത് ഇദ്ദേഹത്തിൻറെ കാലം മുതലാണ്.
മാർ ഇഗ്നാത്തിയോസ് അന്ത്രയോസ് അബ്ദുൽ-ഘൽ അകിജാൻ | |
---|---|
സഭ | സുറിയാനി കത്തോലിക്കാ സഭ |
ഭദ്രാസനം | അന്ത്യോഖ്യ |
സ്ഥാനാരോഹണം | 1662 ഓഗസ്റ്റ് 20 |
ഭരണം അവസാനിച്ചത് | 18 ജൂലൈ 1677 |
മുൻഗാമി | ഇഗ്നാത്തിയോസ് യേശു 2ാമൻ |
പിൻഗാമി | ഇഗ്നാത്തിയോസ് പത്രോസ് 4ാമൻ |
വ്യക്തി വിവരങ്ങൾ | |
ജനന നാമം | അബ്ദുൽ-ഘൽ അകിജാൻ |
ജനനം | 1622 മർദ്ദീൻ |
മരണം | 18 ജൂലൈ 1677 (വയസ്സ് 54–55) ആലെപ്പോ |
ജീവചരിത്രം
തിരുത്തുകജനനം, വിദ്യാഭ്യാസം
തിരുത്തുക1622ൽ മർദ്ദീനിലെ ഒരു സുറിയാനി കുടുംബത്തിലാണ് അബ്ദുൽ-ഘൽ അകിജാൻ ജനിച്ചത്. അധികം വൈകാതെ കത്തോലിക്കാ സഭയുടെ കർമ്മലീത്താ മിഷനറിമാരുമായി അദ്ദേഹം ബന്ധത്തിലെത്തി. 1649 മുതൽ റോമിലെ മാറോനായ കോളെജിൽ പഠിച്ച അദ്ദേഹം മൂന്ന് വർഷത്തിനുശേഷം സ്വദേശത്തേക്ക് മടങ്ങി. 1652ൽ മാറോനായ പാത്രിയർക്കീസ് അദ്ദേഹത്തെ വൈദികനായി അഭിഷേകം ചെയ്തു.
ആലെപ്പോയിൽ
തിരുത്തുകആ വർഷങ്ങളിൽ ആലെപ്പോയിൽ നിരവധി സുറിയാനി ക്രിസ്ത്യാനികൾ കത്തോലിക്കാ സഭയുമായി കൂട്ടായ്മയിൽ എത്തുകയും ആദ്യത്തെ സുറിയാനി കത്തോലിക്കാ സമൂഹം നിലവിൽ വരികയും ചെയ്തു. അവർ അകിജാനെ തങ്ങളുടെ നേതാവായി തിരഞ്ഞെടുക്കുകയും അവരുടെ അപേക്ഷപ്രകാരം 1656 ജൂൺ 29ന് മോറോനായ പാത്രിയർക്കീസ് യൂഹാനോൻ ബവാബ് അദ്ദേഹത്തെ അന്ത്രയോസ് എന്ന പേരിൽ ബിഷപ്പായി വാഴിക്കയും ചെയ്തു. 1656 ഓഗസ്റ്റ് 9ന് അന്ത്രയോസ് അകിജാൻ ആലെപ്പോയിൽ അധികാരം ഏറ്റെടുത്തു. ഇതിനേത്തുടർന്ന് ഓർത്തഡോക്സ് സുറിയാനിക്കാരിൽ നിന്ന് കടുത്ത എതിർപ്പും അക്രമണങ്ങളും അദ്ദേഹത്തിന് നേർക്കുണ്ടായി. ഇതുകാരണം 1657 മെയ് 15ന് അദ്ദേഹം ലബനോനിലേക്ക് രക്ഷപ്പെട്ടു പോകാൻ നിർബന്ധിതനായി. 1658 മാർച്ച് 12നാണ് അദ്ദേഹം പിന്നെ ആലെപ്പോയിലേക്ക് മടങ്ങിയെത്തിയത്. 1659 ജനുവരി 28ന് മാർപ്പാപ്പ അദ്ദേഹത്തെ ആലെപ്പോയുടെ ബിഷപ്പായി സ്ഥിരീകരിച്ചു.[1]
പാത്രിയർക്കീസ് സ്ഥാനാരോഹണം
തിരുത്തുക1662ൽ സുറിയാനി പാത്രിയർക്കീസ് മരണപ്പെട്ടതിനുശേഷം ചേർന്ന സുറിയാനി മെത്രാന്മാരുടെ സൂനഹദോസ് ആലെപ്പോയിലെ കത്തോലിക്കാ അനുഭാവികളുടെ ഇടപെടലിനെത്തുടർന്ന് 1662 ഏപ്രിൽ 19ന് അന്ത്രയോസ് അകിജാനെ പാത്രിയർക്കീസായി തിരഞ്ഞെടുത്തു. എന്നാൽ ഇത് അംഗീകരിക്കാൻ ഓർത്തഡോക്സ് വിഭാഗക്കാർ തയ്യാറായില്ല. അവർ അബ്ദുൽ മസിഹിനെ തങ്ങളുടെ പാത്രിയാർക്കീസായി തിരഞ്ഞെടുത്തു. 1662 ഓഗസ്റ്റ് 3ന് ഒട്ടോമൻ സുൽത്താൻ മെഹ്മെദ് 4ാമൻ അന്ത്രയോസ് അകിജാനെ സുറിയാനി പാത്രിയർക്കീസായി സ്ഥിരീകരിച്ചു. തുടർന്ന് ഇഗ്നാത്തിയോസ് അന്ത്രയോസ് അകിജാൻ എന്ന പേരിൽ 1662 ഓഗസ്റ്റ് 20ന് അദ്ദേഹം സ്ഥാനാരോഹണം ചെയ്തു.[1]
എന്നാൽ റോമിലെ വിശ്വാസപ്രചരണ സംഘം ഒട്ടോമൻ സുൽത്താന്റെ നിയമനവും തുടർന്നുണ്ടായ സ്ഥാനാരോഹണവും അംഗീകരിക്കാൻ തയ്യാറായില്ല. അകിജാനെ പാത്രിയർക്കീസായി തിരഞ്ഞെടുത്ത വിവരം അറിയാത്തതിനാൽ രാഷ്ട്രീയ അധികാരികൾക്ക് സമ്മാനങ്ങൾ കൊടുത്തുകൊണ്ട് നിയമനങ്ങൾ നേരുന്നു പ്രവണത ശരിയല്ല എന്ന് പറഞ്ഞു അകിജാന്റെ സ്ഥാനാരോഹണം അവർ തള്ളിക്കളഞ്ഞു.[2] എന്നാൽ 1663 ഏപ്രിൽ 23ന്, അകിജാൻ യഥാർത്ഥത്തിൽ സുറിയാനി മെത്രാന്മാരുടെ സുന്നഹദോസ് ചേർന്ന് തിരഞ്ഞെടുക്കപ്പെട്ടതാണ് എന്ന് തിരിച്ചറിഞ്ഞപ്പോൾ, അദ്ദേഹത്തിന്റെ സ്ഥാനാരോഹണം റോം അംഗീകരിച്ചു.[3]
ഭരണം
തിരുത്തുകഅകിജാന്റെ ഭരണം തുടക്കത്തിൽ വളരെ കലുഷിതമായിരുന്നു. അബ്ദുൽ മസിഹ് പാത്രിയർക്കീസ് സ്ഥാനം അവകാശപ്പെടുകയും 1663ൽ ആലെപ്പോയിലെ കത്തീഡ്രൽ പിടിച്ചെടുക്കുകയും ചെയ്തു. എന്നാൽ 1664 ജനുവരിയിൽ അന്ത്രയോസ് അകിജാൻ പള്ളി വീണ്ടും തന്റെ നിയന്ത്രണത്തിൽ കൊണ്ടുവന്നു. 1664 ഏപ്രിൽ 10ന് സുൽത്താൻ മെഹ്മെദ് 4ാമൻ അകിജാനെ സാമ്രാജ്യത്തിലെ മുഴുവൻ സുറിയാനി ക്രിസ്ത്യാനി സമൂഹത്തിന്റെയും തലവനായി സ്ഥിരീകരിച്ചതോടെ എതിരാളികളുടെ പരസ്യമായ പ്രതിഷേധങ്ങൾ നിലച്ചു.[2] ഈ പദവി പാത്രിയർക്കീസ് അന്ത്രയോസ് അകിജാന്റെ മരണം വരെ തുടർന്നു.
അന്ത്യം
തിരുത്തുക1677 ജൂലൈ 18ന് ആലെപ്പോയിൽ വെച്ച് ഇഗ്നാത്തിയോസ് അന്ത്രയോസ് അകിജാൻ സമാധാനപരമായി മരിച്ചു.[4]
അവലംബം
തിരുത്തുക- ↑ 1.0 1.1 P.Dib (1912). "Akidjian". Dictionnaire d'histoire et de géographie ecclésiastiques. Vol. 1. Paris: Letouzey et Ané. p. 1283.
- ↑ 2.0 2.1 John, Joseph (1983). Muslim-christian relations & inter-christian rivalries in the middle east : the case of the jacobites. Suny Press. pp. 44–6. ISBN 978-0-87395-600-0.
- ↑ Patritium Gauchat (1935). "Hierarchia catholica Medii aevi sive summorum pontificum, S.R.E. cardinalium". ecclesiarum antistitum series. Vol. 4. Regensburg. p. 87.
{{cite encyclopedia}}
: CS1 maint: location missing publisher (link) - ↑ Frazee, Charles A. (2006). Catholics and Sultans: The Church and the Ottoman Empire 1453–1923. Cambridge University Press. pp. 134–135. ISBN 978-0-521-02700-7.