ഇഗ്നാത്തിയോസ് പത്രോസ് നാലാമൻ ഷാഹ്ബദ്ദീൻ
സുറിയാനി കത്തോലിക്കാ സഭയുടെ രണ്ടാമത്തെ പാത്രിയർക്കീസ് ആയിരുന്നു മാർ ഇഗ്നാത്തിയോസ് പത്രോസ് നാലാമൻ ഷാഹ്ബദ്ദീൻ (1641–1702). 1678ൽ പാത്രിയർക്കീസ് ആയി തിരഞ്ഞെടുക്കപ്പെടുന്നത് വരെ ജെറുസലേമിലെ മെത്രാപ്പോലീത്തയായി ഇദ്ദേഹം പ്രവർത്തിച്ചു. സഭയിലെ കത്തോലിക്ക അനുഭാവികളുടെ തീരുമാനപ്രകാരം പാത്രിയർക്കീസ് ആയി സ്ഥാനമേറ്റ ഇദ്ദേഹം എതിരാളികളുടെ ഗൂഢാലോചനകളെ തുടർന്ന് 1702ൽ കൊല്ലപ്പെട്ടു. അദ്ദേഹത്തിന്റെ ദാരുണമായ മരണം സുറിയാനി സഭയും കത്തോലിക്കാ സഭയും തമ്മിലുള്ള ഐക്യത്തിന്റെ ആദ്യ ശ്രമത്തിന് താൽക്കാലികമായി അന്ത്യം കുറിച്ചു.
മാർ ഇഗ്നാത്തിയോസ് പത്രോസ് നാലാമൻ ഷാഹ്ബദ്ദീൻ | |||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
അന്ത്യോഖ്യയുടെ സുറിയാനി കത്തോലിക്കാ പാത്രിയർക്കീസ് | |||||||||||||||||||
സഭ | സുറിയാനി കത്തോലിക്കാ സഭ | ||||||||||||||||||
ഭദ്രാസനം | അന്ത്യോഖ്യ | ||||||||||||||||||
സ്ഥാനാരോഹണം | 1678 ഏപ്രിൽ 2 | ||||||||||||||||||
ഭരണം അവസാനിച്ചത് | 1702 മാർച്ച് 4 | ||||||||||||||||||
മുൻഗാമി | ഇഗ്നാത്തിയോസ് അന്ത്രയോസ് അകിജാൻ | ||||||||||||||||||
പിൻഗാമി | ഇഗ്നാത്തിയോസ് മിഖായേൽ 3ാമൻ ജാർവേഹ് (1783ൽ) | ||||||||||||||||||
വ്യക്തി വിവരങ്ങൾ | |||||||||||||||||||
ജനനം | 1641 | ||||||||||||||||||
മരണം | 1702 മാർച്ച് 4 അദാനാ | ||||||||||||||||||
മുൻപദവി | |||||||||||||||||||
|
ആദ്യകാല ജീവിതം
തിരുത്തുക1641നടുത്താണ് പത്രോസ് ഷാഹ്ബദ്ദീൻ ജനിച്ചത്. യാക്കോബായ സഭാ നേതാവായിരുന്ന ഇഗ്നാത്തിയോസ് അബ്ദുൽ മസിഹ് 1ാമന്റെ അനന്തരവനായിരുന്ന ഇദ്ദേഹം പിന്നീട് ജറുസലേമിലെ മെത്രാപ്പോലീത്തയായി നിയമിതനായി.[1]
കത്തോലിക്കാ അനുഭാവി ആയിരുന്ന പാത്രിയാർക്കീസ് ഇഗ്നാത്തിയോസ് അന്ത്രയോസ് അകിജാന്റെ എതിരാളികളുടെ നേതാവായിരുന്നു 1662 മുതൽ അബ്ദുൽ മസിഹ്. 1677 ജൂലൈയിൽ അന്ത്രയോസ് അകിജാൻ മരണപ്പെട്ടതിനെ തുടർന്ന്, കത്തോലിക്ക അനുഭാവികളുടെ കൂടി പിന്തുണ നേടി പാത്രിയർക്കീസ് പദവിയിലേക്ക് തിരഞ്ഞെടുക്കപെടാൻ അബ്ദുൽ മസിഹ് ആഗ്രഹിച്ചു. ഇതിനായി കത്തോലിക്കാ സഭയുമായി കൂട്ടായ്മയിൽ ആയിരിക്കാൻ താൻ തയ്യാറാണ് എന്ന് ഏറ്റുപറഞ്ഞു അദ്ദേഹം പാത്രിയർക്കീസ് ആയി തിരഞ്ഞെടുക്കപ്പെടുകയും ഇരു വിഭാഗങ്ങളുടെയും പിന്തുണയോടെ തുർക്കി സുൽത്താനിൽ നിന്ന് അംഗീകാരത്തിന്റെ ഫർമാൻ നേടിയെടുക്കുകയും ചെയ്തു. എന്നാൽ ഇതിനുശേഷം ഉടനെ തന്നെ അദ്ദേഹം നിലപാട് മാറ്റുകയും കത്തോലിക്കാ ബന്ധം തള്ളിപ്പറയുകയും ചെയ്തു. ഈ സാഹചര്യത്തിൽ, അലെപ്പോയിൽ കത്തോലിക്കാ അനുകൂല വിഭാഗം ഒരുമിച്ചുകൂടി അബ്ദുൽ മസിഹിന് പകരം അന്ത്രയോസ് അകിജാന്റെ അനുയായിയും അബ്ദുൽ മസിഹിന്റെ അനന്തരവനും ആയ ഷാഹ്ബദ്ദീനെ തങ്ങളുടെ പാത്രിയാർക്കീസായി തിരഞ്ഞെടുത്തു.[2]
പാത്രിയർക്കീസ്
തിരുത്തുകതിരഞ്ഞെടുപ്പിന് ശേഷം, ഫ്രഞ്ച് കോൺസുലിന്റെ സഹായത്തോടെ, ഒട്ടോമൻ സുൽത്താനിൽ നിന്ന് തനിക്ക് പാത്രിയർക്കീസ് എന്ന നിലയിലുള്ള സ്ഥിരീകരണം ലഭിച്ചതിനേ തുടർന്ന്, ഷാഹ്ബദ്ദീൻ 1678 ഏപ്രിൽ 2-ന് സ്ഥാനാരോഹിതനായി.[3] തുടർന്ന് ഇന്നസെൻറ് പതിനൊന്നാമൻ മാർപാപ്പയും അദ്ദേഹത്തിന്റെ പാത്രിയർക്കീസ് സ്ഥാനം സ്ഥിരീകരിക്കുകയും 1679 ജൂൺ 12ന് അദ്ദേഹത്തിന് പാലിയം അനുവദിക്കുകയും ചെയ്തു.[4]
തുടർന്നുള്ള വർഷങ്ങളിൽ ഓട്ടോമൻ അധികാരികളെ സ്വാധീനിക്കാൻ കത്തോലിക്കാ അനുകൂലികളും കത്തോലിക്കാ വിരുദ്ധരും തമ്മിലുള്ള രൂക്ഷമായ മത്സരമാണ് നടന്നത്. ഇതിനിടയിൽ ഷാഹ്ബദ്ദീൻ അഞ്ചു തവണ പുറത്താക്കപ്പെടുകയും വീണ്ടും സ്ഥിരീകരിക്കപ്പെടുകയും ചെയ്തു.[2] ക്രമേണ ഓട്ടോമൻ അധികാരികൾ കത്തോലിക്കാ വിരുദ്ധ വിഭാഗത്തിന് അനുകൂലമായ നിലപാട് സ്വീകരിക്കാൻ തുടങ്ങി. ഇതോടെ കത്തോലിക്ക അനുകൂല വിഭാഗത്തിന് നേരെ പീഡനങ്ങളും ശക്തമായി.[5]
1696ൽ ഷാഹ്ബദ്ദീൻ, ജറുസലേമിലെ മെത്രാപ്പോലീത്ത ഗ്രിഗോറിയോസ് ഈശോയോടൊപ്പം (ജോസു) ധനസമാഹരണത്തിനായി റോമിലേക്ക് പോയി. റോമിൽ വെച്ച് അവർ ഇന്നസെൻറ് പന്ത്രണ്ടാമൻ മാർപാപ്പയെ കാണുകയും 1700 വരെ അവിടെ കഴിയുകയും ചെയ്തു. ഇതിനുശേഷം ഓസ്ട്രിയ ചക്രവർത്തി ലിയോപോൾഡ് ഒന്നാമന്റെയും ഫ്രാൻസിലെ ലൂയിസ് പതിനാലാമൻ രാജാവിന്റെയും സഹായത്തോടെ ഇസ്താംബുളിലേക്ക് പോയി ഒട്ടോമൻ സുൽത്താനിൽ നിന്ന് അംഗീകാരം നേടി 1701 മാർച്ച് 1ന് അഞ്ചാമത്തെ തവണ വീണ്ടും ആലപ്പുഴയിലെ സുറിയാനി പാത്രിയർക്കീസായി സ്ഥാനമേറ്റെടുത്തു.[5]: 36
അന്ത്യം
തിരുത്തുകകത്തോലിക്കാ വിരുദ്ധ വിഭാഗത്തിൽ നിന്നും ഓട്ടോമൻ അധികാരികളിൽ നിന്നുമുള്ള പീഡനങ്ങൾ കാരണം ഈ അവസാന സ്ഥാനാരോഹണം ഏതാനും മാസങ്ങൾക്ക് ശേഷം ദുരന്തത്തിൽ പര്യവസാനിച്ചു. 1701 ഓഗസ്റ്റ് 27ന് പാത്രിയർക്കീസ് ഷാഹ്ബദ്ദീനെയും ആലെപ്പോയിലെ മെത്രാപ്പോലീത്ത ദിവന്നാസിയോസ് അമീൻ കാഹ്ൻ റിസ്ഖല്ലാഹിനെയും അവിടെയുള്ള ഭൂരിഭാഗം വൈദികരെയും തടവിലാക്കുകയും ക്രൂരമായി മർദ്ദിക്കുകയും ചെയ്തു.[5]: 38 1701 നവംബർ 10ന് അലപ്പോയിൽ നിന്ന് നിർബന്ധിതമായി അവരെ ജാഥയായി നടത്തി അദാന കോട്ടയിലേക്ക് മാറ്റി. അന്നുതന്നെ, ക്ഷീണവും മർദ്ദനത്തിലേറ്റ പരുക്കുകളും കാരണം ബിഷപ്പ് അമീൻ കാഹ്ൻ റിസ്ഖല്ലാഹ് മരണപ്പെട്ടു. അവശേഷിച്ച ആളുകളെ അവിടെ തടവിലാക്കി.
പാശ്ചാത്യ രാജ്യങ്ങളുടെ കടുത്ത പരാതികൾ ഉണ്ടായിരുന്നിട്ടും, പാത്രിയർക്കീസ് ഷാഹ്ബദ്ദീനെ അവിടെ നിന്ന് അവർ വിട്ടയച്ചില്ല.[6] 1702 മാർച്ച്4 ന് കോട്ടയുടെ മേധാവി കൊടുത്ത ഒരു കാപ്പി അദ്ദേഹം കുടിച്ചു. അതേ രാത്രിയിൽ തന്നെ അദ്ദേഹം മരണമടഞ്ഞു. കാപ്പിയിൽ വിഷം ചേർത്തിരുന്നു എന്ന് കരുതപ്പെടുന്നു.[5]: 40 [4][7]
അനന്തരസംഭവവികാസങ്ങൾ
തിരുത്തുകപാത്രിയർക്കീസ് ഷാഹ്ബദ്ദീന്റെ ഒപ്പം തടവിലാക്കപ്പെട്ട പുരോഹിതന്മാർ 1704ന്റെ ആരംഭം വരെ അദാനയിലെ ജയിലിൽ തുടർന്നു. 1703 നവംബർ 23ന്, തടവിൾ കഴിയുമ്പോൾ, അവർ നിനവേയിലെ മഫ്രിയോനോ ആയിരുന്ന ബസേലിയോസ് ഇസ്ഹാഖ് ജുബൈറിനെ പുതിയ പാത്രിയാർക്കീസായി തിരഞ്ഞെടുത്തു. തുടർന്ന് 1704 നവംബർ 17ന് റോം അദ്ദേഹത്തെ പാത്രിയർക്കീസായി സ്ഥിരീകരിച്ചു.[8] എന്നാൽ, മെച്ചപ്പെട്ട സമയത്തിനായി കാത്തിരിക്കുന്നു എന്ന് വിശദീകരിച്ചുകൊണ്ട് അദ്ദേഹം പാത്രിയാർക്കീസ് പദവി സ്വീകരിക്കാൻ വിസമ്മതിക്കുകയും ഒരു മാഫ്രിയോനോ ആയി തന്നെ തുടരാൻ തീരുമാനിക്കുകയും ചെയ്തു.[2] 1706ൽ റോമിലേക്ക് താമസം മാറിയ അദ്ദേഹം 1721 മെയ് 18ന് മരണപ്പെട്ടു.[7] സുറിയാനി കത്തോലിക്കാ സഭയ്ക്ക് പിന്നീട് ഒരു സഭാദ്ധ്യക്ഷൻ ഉണ്ടാകുന്ന് 1783ൽ ഇഗ്നാത്തിയോസ് മിഖായേൽ മൂന്നാമൻ ജാർവേഹ് പാത്രിയർക്കീസ് ആയി തിരഞ്ഞെടുക്കപ്പെട്ടതോടെയാണ്.
അവലംബം
തിരുത്തുക- ↑ Fiey, J. (1993). Pour Un Oriens Christianus Novus: Repertoire Des Dioceses Syriaques Orientaux Et Occidentaux. Beirut: Steiner. p. 220. ISBN 3-515-05718-8.
- ↑ 2.0 2.1 2.2 John, Joseph (1983). Muslim-christian relations & inter-christian rivalries in the middle east : the case of the jacobites. Suny Press. pp. 46–7. ISBN 978-0-87395-600-0.
- ↑ de Vries, Wilhelm (1969). "Dreihundert Jahre syrisch-katholische Hierarchie". Ostkirchliche Studien. 5: 137–157.(in German)
- ↑ 4.0 4.1 de Vries, Wilhelm (1971). "Die Propaganda und die Christen im Nahen asiatischen und afrikanischen Osten". In Metzler J. (ed.). Sacrae Congregationis de Propaganda Fide Memoria Rerum. Vol. I/1. Herder. pp. 594–595.(in German)
- ↑ 5.0 5.1 5.2 5.3 Rabbath, Antoine (1910). Documents inédits pour servir à l'histoire du christianisme en Orient, Volume 2. A. Picard et fils. pp. 30–45.(in Italian)
- ↑ Rabbath, Antoine (1910). Documents inédits pour servir à l'histoire du christianisme en Orient, Volume 1. A. Picard et fils. pp. 116–7.(in French)
- ↑ 7.0 7.1 Metzler, Josef (1973). "Die Syrisch-Katholische Kirche von Antioch". In Metzler J. (ed.). Sacrae Congregationis de Propaganda Fide Memoria Rerum. Vol. II. Herder. pp. 368–379.(in German)
- ↑ Remigius Ritzler (1952). "Hierarchia catholica Medii aevi sive summorum pontificum, S.R.E. cardinalium". ecclesiarum antistitum series. Vol. 5. Padua. p. 90.
{{cite encyclopedia}}
: CS1 maint: location missing publisher (link)