ക്രയവിക്രയത്തിന് ഉപയോഗിക്കുന്ന നിശ്ചിതമൂല്യമുള്ള മാധ്യമമാണ് നാണയം. എളുപ്പം കൈമാറ്റം ചെയ്യാൻ കഴിയുന്നതും അലങ്കാരപ്പണികൾ ചെയ്യാൻ പറ്റുന്നതുമായ ശിലാ/ലോഹങ്ങളിലായിരുന്നു ആദ്യകാല നാണയങ്ങൾ നിർമിച്ചിരുന്നത്.

പ്രമാണം:Euromoenterogsedler.jpg
നാണയങ്ങളും നോട്ടുകളും – കൂടുതലായി ഉപയോഗിക്കുന്ന കറൻസി

18-19 നൂറ്റാണ്ടുവരെ നാണയമൂല്യം ആന്തരിക മൂല്യത്തെ അടിസ്ഥാനപ്പെടുത്തിയുള്ളതായിരുന്നു. നാണയത്തിലെ ലോഹത്തിന് തുല്യമായ മൂല്യമായിരുന്നു നാണയ മൂല്യമായി കണക്കാക്കപ്പെട്ടത്. ലോഹമൂല്യം വ്യത്യാസപ്പെട്ടാൽ നാണയമൂല്യവും വ്യത്യാസപ്പെടുമായിരുന്നു. എന്നാൽ ആധുനിക നാണയങ്ങൾ മുഖമൂല്യം (അതിൽ പതിക്കുന്ന മൂല്യം) ഉള്ളവയാണ്. മുഖമൂല്യത്തിന് ആന്തരിക മൂല്യവുമായി യാതൊരു ബന്ധവുമില്ല. അതായത് അഞ്ചു രൂപ നാണയത്തിൽ അടങ്ങിയിരിക്കുന്ന ലോഹത്തിന്റെ മൂല്യം അഞ്ചു രൂപയെക്കാൾ കൂടുതലോ കുറവോ ആകാം. മൂല്യത്തിന്റെ അളവായി സ്വയമോ അതോ പ്രതിനിധിയായോ പ്രവർത്തിക്കുന്ന കൈമാറ്റ മാധ്യമമാണ് പണം. അതുകൊണ്ട് തന്നെ സ്വർണവും വെള്ളിയുമടങ്ങുന്ന നാണയങ്ങൾ പണമാണ്.

നാണയങ്ങളുടെ ഉദ്ഭവവും വളർച്ചയും

തിരുത്തുക

നാടോടിയായ മനുഷ്യൻ സ്ഥിരവാസി ആയതോടെ അവന് മറ്റു സമാന സമൂഹങ്ങളോട് ഇടപഴകേണ്ടതായി വന്നു. തങ്ങളുടെ കൈയിലില്ലാത്തതും ആവശ്യമുള്ളതുമായ വസ്തുക്കൾ,കൈവശമുള്ള (ആവശ്യത്തിലധികമുള്ള) വസ്തുക്കൾക്ക് പകരമായി ശേഖരിക്കുന്ന ബാർട്ടർ സമ്പ്രദായം ഇത്തരമൊരു സാമൂഹിക സാഹചര്യത്തിലാവും രൂപപ്പെട്ടു തുടങ്ങിയത്.

ഓരോ സമൂഹത്തിലും ഓരോ സാധനങ്ങളായിരുന്നു പണമായി ഉപയോഗിച്ചിരുന്നത്. തേൻ,ഉപ്പ്, മദ്യം, പട്ടിയുടെ പല്ല്, കല്ലുകൾ, മൃഗത്തോൽ, ലോഹക്കഷണങ്ങൾ, ജീവിയുടെ പുറന്തോടുകൾ തുടങ്ങി പല വസ്തുക്കളും പണമായി ഉപയോഗിച്ചിട്ടുണ്ട്.

ബി.സി. 3000-ത്തിൽ ഹാരപ്പൻ ജനത കാർഷിക വസ്തുക്കൾ കൈമാറ്റ മാധ്യമമായി ഉപയോഗിച്ചിരുന്നു. കുതിര, നിഷ്ക (ഒരുതരം നെക്ലേസ്) തുടങ്ങിയവയും കൈമാറ്റ മാധ്യമങ്ങളായിരുന്നു. പ്രകൃതിജന്യമായ ലോഹങ്ങൾ കൈമാറ്റ മാധ്യമമായി ഉപയോഗിക്കാൻ തുടങ്ങിയത് നാണയവളർച്ചയ്ക്ക് അനുകൂലമായി മാറി. ഇത് കൈമാറ്റങ്ങൾക്ക് സൗകര്യപ്രദവും ഈടുനില്ക്കുന്നതുമായിരുന്നു. പ്രാചീന കാലത്ത് ഭാരതത്തിന്റെ അളവ് വിത്തുകളെ അടിസ്ഥാനപ്പെടുത്തിയായിരുന്നു. 1500-800 ബി.സി.-യിൽ ത്തന്നെ ഇന്ത്യാ ഉപഭൂഖണ്ഡത്തിൽ നാണയസംവിധാനം വളർന്നുവന്നിട്ടുണ്ടെന്ന് കരുതപ്പെടുന്നു.

ഭാരം കൃത്യമായി നിജപ്പെടുത്തുക, ഏകീകൃത ആകൃതി കൊണ്ടുവരിക, ശിലാലോഹങ്ങൾക്കുമേൽ മുദ്രകൾ പതിക്കുക എന്നിവ ഏറെ ബുദ്ധിമുട്ടുകൾ നിറഞ്ഞതും പലപ്പോഴും അസാധ്യവുമായിരുന്നു. മുദ്രണം സാധ്യമായതോടെ നാണയ നിർമ്മാണത്തിൽ വൻകുതിച്ചുചാട്ടം നടക്കുകയുണ്ടായി. നാണയങ്ങളടിക്കുന്ന സംവിധാനങ്ങൾ വളർന്നുവന്നതാണ് മറ്റൊരു ഗണ്യമായ ചുവടുവയ്പ്. സാങ്കേതികവിദ്യയുടെ വികാസത്തോടെ യന്ത്രസംവിധാനങ്ങൾ ഉപയോഗിച്ച് നാണയനിർമ്മാണം സാധ്യമായത് ഈ പ്രക്രിയയെ ത്വരിതപ്പെടുത്തി.

നാണയങ്ങൾ വിവിധ രാജ്യങ്ങളിൽ

തിരുത്തുക

പുരാതന ഇന്ത്യ

തിരുത്തുക

ഗംഗാ, നർമദ സമതലങ്ങളിൽ മൗര്യ, മഗധ സാമ്രാജ്യങ്ങൾ നാണയങ്ങൾ നടപ്പിലാക്കിയിരുന്നു. ചിഹ്നങ്ങൾ പതിച്ച, ചതുരത്തിലും വൃത്താകൃതിയിലുമുള്ള നാണയങ്ങളായിരുന്നു അവ. പ്രാദേശികമായ പ്രത്യേകതകളും പ്രാധാന്യവുമനുസരിച്ച്, ശൈലങ്ങൾ, പക്ഷികൾ, മൃഗങ്ങൾ, മരങ്ങൾ, മനുഷ്യരൂപങ്ങൾ, ജ്യാമിതീയ ചിത്രങ്ങൾ തുടങ്ങിയവ ആലേഖനം ചെയ്തിരുന്നു. ഇവയ്ക്കും മൗര്യഘട്ടത്തിന് മുന്നെയുള്ള നാണയങ്ങൾക്കും വ്യാപക പ്രചാരമുണ്ടായിരുന്നു. ചാപ്പകുത്ത് നാണയങ്ങളുടെ വ്യാപനത്തിന് നൂറ്റാണ്ടുകളുടെ (ബി.സി. 6 - എഡി 11) ചരിത്രമുണ്ട്. ആഭ്യന്തരവൈദേശിക വ്യാപാരം വൻതോതിൽ നടന്നിരുന്നു എന്നതിന് തെളിവുകളാണ് നാണയങ്ങളുടെ വ്യാപനം.

550-ൽപ്പരം ചിഹ്നങ്ങൾ ഈ നാണയങ്ങളിൽ ആലേഖനം ചെയ്തതായി കണ്ടെത്തിയിട്ടുണ്ട്. അവയുടെ അർഥസൂചനകൾ ഇപ്പോഴും അവ്യക്തമായി തുടരുന്നു. ആദ്യകാല പരമ്പരകളിലൊന്നായ ശതമന നാണയം (bent bar coins) പാകിസ്താൻ പ്രദേശത്തുനിന്നും, കപ്പ് രൂപത്തിലുള്ള നാണയം ജനൻപുരിലെ രംഗനഗറിൽനിന്നും കണ്ടെത്തിയിരുന്നു. ഉത്തർപ്രദേശിലെ പൈലശേഖരം, മൌര്യകാലത്തിനു മുമ്പുള്ള നാല് വ്യത്യസ്ത രീതിയിലുള്ള നാണയങ്ങൾ കണ്ടെത്തിയിട്ടുണ്ട്. ബി.സി. 317-ലേതെന്നു കരുതുന്ന രണ്ടുനാണയങ്ങളും, അലക്സാണ്ടറുടെയും അദ്ദേഹത്തിന്റെ അർധസഹോദരൻ ഫിലിപ്പ് അറിസിയസിന്റെ നാണയങ്ങളും ലഭ്യമായിട്ടുണ്ട്. ആലേഖനങ്ങളില്ലാത്ത ചെമ്പ് വാർപ്പ് നാണയങ്ങളും ആലേഖനങ്ങളുള്ള നാണയങ്ങളും കണ്ടെത്തപ്പെട്ടവയിൽപ്പെടുന്നു.

ജനപഥനാണയം

തിരുത്തുക

(ബി.സി. 2 ശ. - എ.ഡി. 3 ശ.) ജനപഥനാണയം മൗര്യസാമ്രാജ്യത്തിന്റെ പതനത്തിനുശേഷം വന്ന ട്രൈബൽ രാജ്യത്തിന്റെ നാണയവമാവാമെന്നു കരുതപ്പെടുന്നു. അശോകന്റെ മരണാനന്തരം പട്ടണങ്ങളിലും സാമന്തരാജ്യങ്ങളിലും നാണയനിർമ്മാണം സജീവമായി. 3-ാം നൂറ്റാണ്ടിന്റെ അവസാനത്തോടെ വടക്കുപടിഞ്ഞാറൻ ഭാഗങ്ങൾ ഗ്രീക്കുകാർ കീഴടക്കിയതിനെത്തുടർന്ന് അവിടങ്ങളിലെ നാണയനിർമ്മാണത്തിൽ ഗ്രീക്ക് കലാരീതി പ്രകടമായി.

ഗാന്ധാര, തക്ഷശിലാ നാണയങ്ങൾ മിക്കതും ഉപയോഗിച്ചിരുന്നത് കച്ചവടക്കാരാണ്. ചിലതിൽ സ്ഥലനാമങ്ങളും രേഖപ്പെടുത്തിയിട്ടുണ്ട്. ചെമ്പ് നാണയങ്ങൾ ചെറുതും, ചാപ്പകുത്ത് നാണയങ്ങൾ വലുതുമാണ്. ട്രൈബൽ നാണയങ്ങളിൽ അവരുടെ ഐതിഹ്യങ്ങൾ, ഓഡുംബരർ, യൗദ്ധേയ, അർജുനായന തുടങ്ങിയ രാജ്യനാമങ്ങൾ, ഉജ്ജയിനി. ഉദ്ദേഹിക തുടങ്ങിയ പട്ടണങ്ങളുടെ പേരുകളും മുദ്രണം ചെയ്തിരിക്കുന്നു. ഇവ ഇന്ത്യയിലെ ആദ്യ മുദ്രിത നാണയങ്ങളാണ്. ശൈവ, ബുദ്ധ, ബ്രാഹ്മണ വിശ്വാസലോകങ്ങൾ പ്രതീകാത്മകമായി നാണയങ്ങളിൽ കടന്നു വന്നിരുന്നു.

ഇന്തോ-ഗ്രീക്കു നാണയങ്ങൾ (ബി.സി. 2-3 ശ.)

തിരുത്തുക

അലക്സാണ്ടറുടെ ആക്രമണത്തോടെ വടക്കു പടിഞ്ഞാറൻ മേഖലയിൽ ഇന്ത്യയുടെ നാണയ ചരിത്രത്തിൽ ഒരു പുതിയ അധ്യായം ആരംഭിച്ചു. സ്വർണം, ചെമ്പ്, നിക്കൽ, വെള്ളി നാണയങ്ങൾ (വൃത്താകാരം, ചതുരം) ഇക്കാലത്ത് പ്രചരിപ്പിക്കപ്പെട്ടു. രാജകിരീടവും രാജകീയ മുദ്രകളും പതിച്ച ഡ്രാക്കമും ടെട്രാഡ്രാക്കമും വ്യാപകമായുണ്ടായിരുന്നു. ഗ്രീക്കുകാർ ബാക്ട്രിയയിലെ നാണയങ്ങളിൽ ആറ്റിക് മാനക ഭാരം നടപ്പിലാക്കി. അഗത്തൊ ക്ളെസ്സിന്റെ നാണയങ്ങൾ തക്ഷശിലയിലെ ചെമ്പു നാണയങ്ങൾക്ക് തുല്യമായതിനാൽ അവർക്ക് പിൻവലിക്കേണ്ടതായി വന്നു. ഡൈഡ്രാക്കംസ്, ഹെമിഡ്രാക്കംസ് എന്നീ വെള്ളി നാണയങ്ങളും പ്രചാരത്തിലുണ്ടായിരുന്നു.

വെള്ളിയിലും ചെമ്പിലും ചെയ്ത മികച്ച അലങ്കാരപ്പണികളുള്ള നാണയങ്ങൾ ഇന്തോ-ഗ്രീക്കു സംസ്കാരം നാണയമേഖലയ്ക്ക് നല്കിയ മികച്ച സംഭാവനയാണ്.

ഇന്തോ-സെയ്തിയൻസ് (ബി.സി. 1 ശ. - എ.ഡി. 1 ശ.)

തിരുത്തുക

ഇന്തോ-ഗ്രീക്കു പാരമ്പര്യത്തിലുള്ളവയാണ് ഈ നാണയങ്ങൾ. മുഖഭാഗത്ത് കുന്തമേന്തിയ അശ്വാരൂഢനായ രാജാവും മറുഭാഗത്ത് ഗ്രീക്കു ദേവതമാരുമുള്ള വെള്ളിനാണയങ്ങളും, പൂർണതയുള്ള കാളയെ മുദ്രണം ചെയ്ത നാണയങ്ങളും പ്രചാരത്തിലുണ്ടായിരുന്നു. മവൂസ് ബുദ്ധനെപ്പോലെ ചമ്രം പടിഞ്ഞിരിക്കുന്ന ചിത്രമുള്ള ചെമ്പു നാണയങ്ങളും, അഭിഷേതലക്ഷ്മിയുടെ രൂപമുള്ള ചെമ്പു നാണയങ്ങളും നിലനിന്നിരുന്നു.

പടിഞ്ഞാറൻ ക്ഷത്രപർ (എ.ഡി. 1-4 ശ.)

തിരുത്തുക

പടിഞ്ഞാറൻ ക്ഷത്രപ രാജാക്കന്മാരിലെ ആദ്യപഥികരിൽ ക്ഷഹാരത ഭുമക (എ.ഡി. 90-105) നാണ് ചെമ്പു നാണയങ്ങൾ നടപ്പിൽ വരുത്തിയത്. ഇന്തോ-ഗ്രീക്കു നാണയങ്ങളായ ഡ്രാക്കംസ്, ഹെമിഡ്രാക്കംസിന്റെയും അനുകരണങ്ങളായിരുന്നു പല നാണയങ്ങളും. ചാഷ്തനന്റെ കീഴിൽ കർധമക ഭരണാധികാരികൾ ക്ഷാത്രപപ്രദേശങ്ങൾ കീഴടക്കിയപ്പോൾ അവരുടെ നാണയങ്ങളിൽ ശകവർഷം രേഖപ്പെടുത്തുകയും ഭരിക്കുന്ന രാജാവിന്റെ പേരുകൾ മാത്രമല്ല, ബന്ധുക്കളുടെയും പിന്തുടർച്ചക്കാരുടെയുമൊക്കെ പേരുകൾ ബ്രാഹ്മി ലിപികളിൽ രേഖപ്പെടുത്തുകയും ചെയ്തു.

കുശാനന്മാർ (എ.ഡി. 1-4 ശ.)

തിരുത്തുക

ആദ്യ കുശാനരാജാവ് കജുല കഡ്ഫിസസിന്റെ നാണയങ്ങൾ ഗ്രീക്കു രാജാവ് ഹെർമിയൂസിന്റെ നാണയ സംവിധാനങ്ങളുടെ തുടർച്ചയായിരുന്നു. ചില ചെമ്പുനാണയങ്ങളിൽ ഇന്തോ സൈഥികൻ എന്നു തോന്നിക്കുന്ന കിരീടം ധരിച്ച റോമൻ തലയും മറുഭാഗത്ത് കുജുല കഡ്ഫിസസിനെയും ചിത്രീകരിച്ചിരിക്കുന്നു.

വൈ കഡ്ഫിസസ് നാണയനിയന്ത്രണ സംവിധാനങ്ങൾ രൂപപ്പെടുത്തുകയും ആവർത്തനസ്വഭാവമുള്ളവയെ മാറ്റി പകരം നാണയങ്ങൾ നടപ്പിലാക്കുകയും ചെയ്തു. നാണയഭാരം കുറച്ചുകൊണ്ട് കൈകാര്യം ചെയ്യാനുളള സൌകര്യം വർധിപ്പിച്ചു. വലിയ ചെമ്പുനാണയങ്ങളും അവയുടെ ചെറുവിഭാഗങ്ങളും പുറത്തിറക്കി. സ്വർണനാണയങ്ങളായ ഡബിൾ ദിനാർ, ദിനാർ, കാൽദിനാർ എന്നിവ നടപ്പിലാക്കി.

ഗ്രീക്കോ റോമൻ, ഹെലനിസ്റ്റിക്, ഇറാനിയൻ, ഭാരതീയരീതികൾ കലാപരമായി ഉൾക്കൊള്ളിച്ച കനിഷ്കന്റെയും ഹവിഷ്കന്റെയും നാണയങ്ങൾ ഈ രാജ്യങ്ങളുമായി നിലനിന്ന ദൃഢബന്ധത്തിന്റെ വ്യക്തമായ തെളിവുകളാണ്. ആരാധനാമൂർത്തികളെ കൊത്തിയ സ്വർണനാണയങ്ങൾ വിദേശകൈമാറ്റങ്ങൾക്കുള്ളവയായിരുന്നു.

ബുദ്ധിസ്റ്റ് സ്തൂപങ്ങളുടെ അരികിൽ നിന്നും കുമ്രഹർ, വൈശാലി, ബക്സ, ഷെർഗാഹ്, ഉപ്തര, ലൗറിയ, നന്ദൻഗർ, ബിഹാർ, ബാംഗ്ലദേശ്, മാഡ, പശ്ചിമബംഗാൾ, ഒറീസ്സ തുടങ്ങിയ സ്ഥലങ്ങളിൽ നിന്നും റഷ്യൻ പ്രദേശങ്ങൾ, മധ്യേഷ്യ, സാബ്രസമൊവിലെ ഗുഹകൾ, എത്യോപ്യയിലെ ബുദ്ധവിഹാരങ്ങൾ എന്നിവിടങ്ങളിൽനിന്നും മറ്റും ധാരാളം സ്വർണ നാണയങ്ങൾ കണ്ടെത്തിയിട്ടുണ്ട്.

ഗുപ്തന്മാർ (എ.ഡി. 4-6 ശ.)

തിരുത്തുക

ഇവരുടെ നാണയങ്ങൾ മിക്കവാറും കണ്ടെടുക്കപ്പെട്ടത് കിഴക്കൻ ഉത്തർപ്രദേശ്, ബിഹാർ, ബംഗാൾ, പഞ്ചാബ്, രാജസ്ഥാൻ, മധ്യപ്രദേശ് തുടങ്ങിയ ഭാഗങ്ങളിൽനിന്നാണ്. കുശാനന്മാരുടേതിനെ അപേക്ഷിച്ച് മികച്ച സൗന്ദര്യാത്മകത പുലർത്തുന്നവയാണ് ഗുപ്തന്മാരുടെ നാണയങ്ങൾ. നാണയഭാരം കുശാനന്മാരുടെ അളവിനെ അടിസ്ഥാനപ്പെടുത്തിയായിരുന്നു.

പൊതുവിൽ രാജാവിന്റെ ചിത്രം മുഖഭാഗത്തും ദേവതകൾ മറുഭാഗത്തുമായി കാണപ്പെടുന്നു. രാജാവും രാജ്ഞിയുമുള്ള ചന്ദ്രഗുപ്തൻ 1-ാമന്റെ സ്മാരകനാണയം പ്രസിദ്ധമാണ്. ലച്ചവിയിലെ രാജകുമാരിയുടെ വിവാഹ സ്മാരകമാണിത്. ബ്രാഹ്മി സംസ്കൃത ലിപികളിൽ ലിഖിതങ്ങളുള്ള സമുദ്രഗുപ്തന്റെ അശ്വമേധ നാണയം പ്രസിദ്ധമാണ്. സമുദ്രഗുപ്തൻ II (എ.ഡി. 385-414) അദ്ദേഹത്തിന്റെ നാണയങ്ങൾക്ക് പരമഭട്ടാരക, പരമഭാഗവത, മഹാരാജാധിരാജ, വിക്രമാദിത്യ തുടങ്ങിയ പേരുകൾ നല്കി.

ചന്ദ്രഗുപ്തൻ II-ാമന്റെ കാലത്ത് വെള്ളിനാണയങ്ങൾ ആരംഭിക്കുകയും സ്കന്ദ, ബുധ ഗുപ്തന്മാരുടെ കാലത്തോളം തുടരുകയും ചെയ്തു. കുമാരഗുപ്തൻ ഒന്നാമൻ (എ.ഡി. 414-455) നിലവിലുള്ള നാണയങ്ങൾക്കു പുറമേ വാളോങ്ങിയ മനുഷ്യൻ, കാണ്ടാമൃഗഘാതകൻ, കാർത്തികേയ, അപ്രതിഘ നാണയങ്ങൾ എന്നിവയ്ക്കും തുടക്കം കുറിച്ചു. ഇത് രാജകീയ താത്പര്യങ്ങൾ വെളിവാക്കുന്നു.

ചെമ്പ് നാണയങ്ങൾ അപൂർവകങ്ങളായിരുന്നു. ഇറാനിൽനിന്നും മറ്റും ഗുപ്തനാണയങ്ങൾ കണ്ടെത്തിയിട്ടുണ്ട്.

തമിഴ്നാട്

തിരുത്തുക

ക്രിസ്തുവർഷത്തിനു മുമ്പ് തമിഴ് രാജ്യങ്ങളിൽ നാണയങ്ങൾ കണ്ടെത്തിയിട്ടുണ്ട്. 17-ാം നൂറ്റാണ്ടുവരെ തുടർച്ചയായി ഇത് കാണാം. എന്നാൽ അഞ്ച് മുതൽ ഏഴു വരെ നൂറ്റാണ്ടുകളിൽ ഒരു ഇടവേള ദർശിക്കാൻ കഴിയും. രാജാക്കന്മാരൊടൊപ്പം വാണിജ്യസംഘങ്ങളും നാണയങ്ങൾ ഉത്പാദിപ്പിച്ചിരുന്നു. ഇത് പില്ക്കാലത്തും തുടർന്നുവന്നു.

സംഘകാല സാഹിത്യത്തിൽ വ്യത്യസ്തങ്ങളായ നാണയങ്ങളെക്കുറിച്ച് പരാമർശമുണ്ട്. ചേര, ചോള, പാണ്ഡ്യ വംശങ്ങളായിരുന്നു പ്രധാന രാജാക്കന്മാർ. ചാപ്പകുത്ത് നാണയങ്ങളും, വെള്ളിയിലും ചെമ്പിലുമുള്ള നാണയങ്ങളും കണ്ടെടുക്കപ്പെട്ടിട്ടുണ്ട്. ആണ്ടിപ്പട്ടി ഗ്രാമത്തിൽനിന്ന് കണ്ടെടുക്കപ്പെട്ട വൃത്താകൃതിയിലുള്ള നാണയങ്ങളിൽ മലകളും നദികളുമെന്ന് തോന്നിക്കുന്ന അടയാളങ്ങളുണ്ട്. ഇവ രണ്ട്, മൂന്ന് നൂറ്റാണ്ടുകളിലേതാണെന്ന് അഭിപ്രായമുണ്ട്. ഒരു ഭാഗത്ത് സംഘകാല മുഖ്യൻ 'തിണ്ണൻ ഇട്ടിരൻ ചെണ്ടൻ, ആനയോടൊപ്പം നില്ക്കുന്നതും രേഖപ്പെടുത്തിയിരിക്കുന്നു.

റോമൻ നാണയങ്ങൾ വ്യാപാരികൾക്കിടയിൽ ഏറെ പ്രിയങ്കരമായിരുന്നു. സു. 80 റോമൻ നാണയശേഖരങ്ങൾ കണ്ടെത്തിയതിൽ 41-ഉം ദക്ഷിണേന്ത്യയിൽ നിന്നാണ്; പ്രത്യേകിച്ചും തമിഴ്നാട്, കേരളം, കർണാടകം എന്നിവിടങ്ങളിൽ നിന്ന്.

പല്ലവന്മാർ (എ.ഡി. 6-9 ശ.)

തിരുത്തുക

ഒരു ഭാഗത്ത് സിംഹവും മറുഭാഗത്ത് താലവുമുള്ള ചെമ്പുനാണയവും മുഖഭാഗത്ത് കാളയും മറുപുറം വ്യത്യസ്തയിനം ഉപകരണങ്ങളുമുള്ള മറ്റൊരിനവും പല്ലവരുടെ കാലത്ത് പ്രചാരത്തിലിരുന്നു.

മധുരയിലെ പാണ്ഡ്യർ (എ.ഡി. 6-14 ശ.)

തിരുത്തുക

സംഘകാലം മുതൽ 14-ാം ശ. വരെ തുടർച്ചയായി പാണ്ഡ്യരുടെ നാണയങ്ങൾ കണ്ടെടുക്കപ്പെട്ടിട്ടുണ്ട്. ഇവ ആദ്യകാല പാണ്ഡ്യ നാണയങ്ങൾ, 6-9 നൂറ്റാണ്ടുവരെയുള്ള നാണയങ്ങൾ, 10-12 നൂറ്റാണ്ടുകളിലെ മധ്യകാല നാണയങ്ങൾ എന്നിങ്ങനെ മൂന്ന് ഘട്ടങ്ങളിലായി തരംതിരിച്ചിരിക്കുന്നു. ഒന്നാം ഘട്ടത്തിലെ നാണയങ്ങൾ അപൂർവങ്ങളാണ്.

വരഗുണ കകന്റേതെന്ന് കരുതപ്പെടുന്ന തദ്ദേശീയ സ്വർണ നാണയങ്ങളും, മത്സ്യവും കാളകളും ആലേഖനം ചെയ്ത ചെമ്പു നാണയങ്ങളും 'സൈലോൺ-മനുഷ്യൻ' മാതൃകയിലുള്ള നാണയങ്ങളും കണ്ടെത്തിയവയിൽപ്പെടുന്നു. ചോള സ്വാധീനമുള്ള ഈ നാണയത്തിന്റെ മുഖഭാഗത്ത് 'നില്ക്കുന്ന മനുഷ്യനും' മറുഭാഗത്ത് 'ഇരിക്കുന്ന മനുഷ്യനു'മാണ്.

ചോളന്മാർ (എ.ഡി. 9-13 ശ.)

തിരുത്തുക

തമിഴ്നാടിന്റെ പ്രത്യേക സാമൂഹിക സാമ്പത്തിക കാരണങ്ങളാൽ 3-9 നൂറ്റാണ്ടുവരെ ചോളവംശം ചെറുപ്രദേശത്ത് ഒതുങ്ങിനില്ക്കുകയായിരുന്നു. 9-ാം നൂറ്റാണ്ടിന്റെ മധ്യത്തോടെ അവർ ശക്തരാവുകയും, കേരളത്തിന്റെ ഭാഗങ്ങളും തമിഴ്നാട് പൂർണമായും അധീനതയിലാക്കുകയും ചെയ്തു. സ്വർണം, വെള്ളി, ചെമ്പ് നാണയങ്ങളിൽ വെള്ളി താരതമ്യേന കുറവായിരുന്നു. ചെമ്പ് നാണയങ്ങളായിരുന്നു പില്ക്കാല ചോളന്മാരുടെ മുഖ്യനാണയം. ചോളന്മാരുടെ ചിഹ്നമായ കടുവയും ചേര, പാണ്ഡ്യ ചിഹ്നങ്ങളായ വില്ലും മത്സ്യവും ഈ നാണയങ്ങളിൽ കാണാം.

ധാരാളം ചൈനീസ്, അറബ് നാണയങ്ങൾ (9-14 നൂറ്റാണ്ടുകളിലേതെന്ന് കരുതുന്നവ) ദക്ഷിണേന്ത്യയിൽനിന്ന് കണ്ടെത്തിയിട്ടുണ്ട്. കൈയ്വാൻ, കയി-ഹയി ഭരണകാലത്തെ ചൈനീസ് ചെമ്പു നാണയശേഖരം തഞ്ചാവൂരിൽനിന്ന് ലഭിച്ചിട്ടുണ്ട്. രണ്ടാമത്തെ ശേഖരം 6-13 നൂറ്റാണ്ടിലെ 'ചിങ്താൻ' ഭരണകാലത്തേതും 2-13 നൂറ്റാണ്ടിലെ ത്സിൻ ഹുവായ് ഭരണാധികാരികളുടേതുമാണ്. ഈ പ്രദേശങ്ങൾക്ക് ചൈനീസ്, അറബ് പ്രദേശങ്ങളുമായി നിലനിന്ന വർധിച്ച വ്യാപാരബന്ധങ്ങളുടെ നിദർശനമായി ഇതിനെ കണക്കാക്കാം.

മധ്യകാല നാണയങ്ങൾ

തിരുത്തുക

സുൽത്താനേറ്റ് (എ.ഡി. 11-12 ശ.)

തിരുത്തുക

അറബ്, തുർക്കി, മുഗൾ രാജവംശങ്ങളുടെ നാണയങ്ങൾ ഉൾപ്പെടുന്നതാണ് ഇന്ത്യയിലെ മധ്യകാല നാണയങ്ങൾ. ഇവ 8-9 നൂറ്റാണ്ടുകളിൽ ആരംഭിച്ച് പതിനൊന്ന് നൂറ്റാണ്ടുകളോളം നിലനിന്നു. ഇസ്ലാമിക സാംസ്കാരിക രൂപങ്ങൾ നാണയനിർമ്മാണത്തിൽ പ്രതിഫലിച്ചു തുടങ്ങിയത് ഇക്കാലത്തോടെയാണ്.

തുർക്കിയിലെ സുൽത്താന്മാർ

തിരുത്തുക

ടാങ്ക, ദിർഹം എന്നിവ നടപ്പിലാക്കിയത് തുർക്കികളായണ്. നാണയത്തിന്റെ മുഖവശത്ത് അറബിക് കുഫിക് ലിപിയിലും മറുവശത്ത് സംസ്കൃത ലിപിയിലും 'കലിമ' എന്നു രേഖപ്പെടുത്തിയിരിക്കുന്നു. ഇവരുടെ നാണയങ്ങൾ മുൻകാലങ്ങളെ അപേക്ഷിച്ച് കൃത്യത പുലർത്തുന്നവയാണ്.

ശമ്പളവും കൂലിയുമൊക്കെ നല്കിയിരുന്നത്, 'ദെഹ്ലിവൽസ്' എന്ന നാണയത്തിലായിരുന്നു. ഇതിനു പകരം പിന്നീട് 'ജിതൽസ്' സ്ഥാപിക്കപ്പെട്ടു. ടാങ്കയായിരുന്നു ഔദ്യോഗിക നാണയം. 'അശ്വാരൂഢനും' ലിഖിതവുമുള്ള നാണയങ്ങൾ 1210-ൽ കുത്ബുദ്ദിൻ ഐബക്കാണ് നടപ്പിലാക്കിയത്.

ആദ്യകാല സുൽത്താന്മാർ (12061526)

തിരുത്തുക

സാമ്പത്തിക രംഗത്തുണ്ടായ ഗണ്യമായ മാറ്റങ്ങളെ പ്രതിഫലിപ്പിക്കുന്നതാണ് ഈ ഭരണാധികാരികളുടെ നാണയരീതി. തുർക്കികളുടെ 'ടാങ്ക' വ്യാപകമായി പ്രചാരത്തിലുണ്ടായിരുന്ന നാണയമാണ്. സ്വർണം, വെള്ളി, ചെമ്പ്, ബില്ലൻ (വെള്ളി-ചെമ്പ് ലോഹസങ്കരം) നാണയങ്ങൾ ഇവർ ഉപയോഗിച്ചു. സ്വർണം, വെള്ളി ഭാരാനുപാതം ഏകീകൃതമായി നിലനിർത്താൻ ശ്രമിക്കുകയും, സ്വർണനാണയ ശേഖരം വർധിപ്പിക്കുകയും ചെയ്തു.

ആദ്യകാല 'ടാങ്ക'യിൽ അശ്വാരൂഢനും, മറുവശത്ത് അറബി ലിഖിതങ്ങളുമുണ്ട്. 175 ഗ്രാം വെള്ളി 'ടാങ്ക' നടപ്പിലാക്കിയത് ഇൽത്തുമിഷ് ആണ്. ഇതിനുവേണ്ടി മാനകഭാരം നടപ്പിലാക്കി; നൂറ് രതിസ്, 175 ഗ്രെയിൻസിന് തുല്യമായിരുന്നു. അലാവുദ്ദീൻ മൗസദ് സ്വർണനാണയങ്ങളും വെള്ളി 'ടാങ്ക'യ്ക്ക് തുല്യമായ ഭാരമാനകത്തിലാക്കി. പേർഷ്യൻ ലിഖിതങ്ങളുള്ള ഇവ കൃത്യതയുള്ളതും മനോഹരങ്ങളുമായിരുന്നു.

ഖൽജി ഭരണാധികാരി (12901320) അലാവുദ്ദീൻ മുഹമ്മദ് ഷാ രണ്ടാം അലക്സാണ്ടർ എന്നർഥം വരുന്ന സികന്തർ അൽ സാനി എന്ന് സ്വയം സംബോധന ചെയ്യാൻ തുടങ്ങി എന്നു മാത്രമല്ല ഖലീഫയുടെ വലംകൈയായി സ്വയം അവരോധിക്കുകയും ചെയ്തു. ഇതിന്റെ സാക്ഷ്യങ്ങളാണ് ഇദ്ദേഹത്തിന്റെ കാലത്തെ നാണയങ്ങൾ. കുനബ്ദീൻ മുബാറക് ചതുരനാണയങ്ങളിറക്കി. ഖലീഫയെ വാഴ്ത്തുന്ന പരാമർശങ്ങൾ ഒഴിവാക്കുകയും പകരം സ്വന്തം അപദാനങ്ങൾ ഉപയോഗിക്കുകയും ചെയ്തു.

തുഗ്ലക്കുമാർ (13201412)

തിരുത്തുക

മുഹമ്മദ്ബിൻ തുഗ്ളക്കിന്റെ 'ടാങ്ക' ഖൽജിമാരുടെ നാണയങ്ങളെക്കാൾ സൗന്ദര്യവും ഗുണനിലവാരമുള്ളതും വ്യത്യസ്തവുമായിരുന്നു. 'അദലി' പരീക്ഷണാടിസ്ഥാനത്തിൽ നടപ്പിലാക്കി പരാജയപ്പെട്ട നാണയമാണ്. നാണയം നാണയങ്ങൾക്കു പകരമായി വെങ്കലത്തിലും ചെമ്പിലുമുള്ള ടോക്കണുകളും അവർ നടപ്പിലാക്കി.

തുഗ്ലക്കിന്റെ നാണയങ്ങളിലാണ് വ്യക്തിമുദ്രകൾ ഏറെ കാണുന്നത്. ചില സ്വർണ 'ടാങ്ക'കളിൽ ആദ്യ നാലുഖലീഫമാരുടെ പേരുകൾ രേഖപ്പെടുത്തിയിട്ടുണ്ട്.

ഫിറോസ് ഷാ III-മന്റെ ഭരണം നാണയത്തെ ജനകീയ കൈമാറ്റ മാധ്യമമാക്കി മാറ്റി. കമ്മട്ടത്തിന്റെ പേരും നാണയത്തിന്റെ പേരും രേഖപ്പെടുത്തിയിരിക്കുന്ന ബഹലോലിയായിരുന്നു ലോധി കുടുംബത്തിന്റെ തനതായ ഏകനാണയം. ഷെർഷാ സൂരി (1540-1545) ബില്ലൻ നാണയം നിർത്തലാക്കുകയും പുതിയ ചെമ്പു നാണയമായ 'ദം'-ഉം അതിന്റെ ഉപനാണയങ്ങളും ഇറങ്ങുകയും ചെയ്തു. പുതിയ ഭാരക്രമത്തോടെ വെള്ളി 'ടാങ്ക'കൾ വ്യാപിപ്പിക്കുകയും 'റുപി' മാനക നാണയമായി മാറ്റുകയും ചെയ്തു. ഇതിലെ ലിഖിതങ്ങൾ പരമ്പരാഗത 'കലിമ'യെ പിന്തുടർന്നുള്ളവയായിരുന്നു. ഇദ്ദേഹത്തിന്റെ കാലത്ത് സ്വർണനാണയങ്ങൾ വളരെ കുറവായിരുന്നു. പ്രധാന സ്ഥലങ്ങളിലൊക്കെ കമ്മട്ടം സ്ഥാപിച്ചു എന്നതായിരുന്നു മറ്റൊരു പരിഷ്കരണം.

വിജയനഗരം (എ.ഡി. 14-16 ശ.)

തിരുത്തുക

മുൻ ഹൊയ്സാല രാജാക്കന്മാർ ഭരിച്ച പ്രദേശങ്ങളിൽ 1336-ൽ വിജയനഗര സാമ്രാജ്യം സ്ഥാപിക്കപ്പെട്ടു. ഓരോ പ്രവിശ്യയിലും കമ്മട്ടങ്ങളും അവയെ ഏകോപിപ്പിക്കാൻ കേന്ദ്രീകൃത സംവിധാനങ്ങളും അദ്ദേഹം വികസിപ്പിച്ചു. കന്നട, നാഗരി, നന്ദി-നാഗരി ലിഖിതങ്ങൾ നാണയങ്ങളിൽ രേഖപ്പെടുത്തിയിട്ടുണ്ട്.

നാണയനിർമ്മാണം പൂർണമായും സ്റ്റേറ്റിന്റെ കുത്തകയായിരുന്നില്ല. സ്വകാര്യവ്യക്തികളും നാട്ടുമുഖ്യന്മാരും അത് നിർവഹിച്ചിരുന്നു. ബരാകുറു 'ഗദ്യന'യും, മാൻഗലോർ 'ഗദ്യന'യും ഇതിനുദാഹരണമാണ്. മിക്ക നാണയങ്ങളും സ്വർണനിർമിതമായിരുന്നു. 'പഗോഡ'യുടെ അര, കാൽ വിഭജനങ്ങളും പ്രചാരത്തിലുണ്ടായിരുന്നു. ഹിന്ദു ദേവഗണങ്ങൾ നാണയങ്ങളിൽ ചിത്രണം ചെയ്തിരുന്നു.

ഗദ്യന, വരാഹ, പൊൻ, പഗൊഡ, പ്രതാപ എന്നിങ്ങനെ പലപേരുകളിൽ സ്വർണനാണയങ്ങളുണ്ടായിരുന്നു. ലിഖിതങ്ങളിൽ ചക്രഗദ്യന, കടഗദ്യന, പ്രതാപഗദ്യന, ഖട്ടി വരാഹ, ഡൊഡ വരാഹ മുതലായവയാണ് രേഖപ്പെടുത്തിയിട്ടുള്ളത്. പണം, ജിതൻ, കാശ് തുടങ്ങിയവ ചെമ്പുനാണയങ്ങളായിരുന്നു.

പടിഞ്ഞാറുമായുള്ള നിരന്തരവും വ്യാപകവുമായ ബന്ധത്തിന്റെ തെളിവുകളായി ക്രൂസോഡോ (പോർച്ചുഗീസ്) സ്വർണ ദിനാർ (ഈജിപ്ത്), ഫ്ളോറിൻ (ഇറ്റാലിയൻ), ഡുകറ്റ്സ് (വെനീഷ്യ), ലാറിൻസ് (പേർഷ്യ) എന്നീ നാണയങ്ങൾ ഈ പ്രദേശങ്ങളിൽ നിന്ന് ലഭിച്ചിട്ടുണ്ട്.

മുഗളർ (1526-1857)

തിരുത്തുക

1526-ൽ ലോധിവംശത്തെ തകർത്തുകൊണ്ട് ബാബർ മുഗൾസാമ്രാജ്യം സ്ഥാപിച്ചു. മധ്യേഷൻ രീതിയിലുള്ള നാണയങ്ങളാണ് ബാബറും ഹുമയൂണും നടപ്പിലാക്കിയത്. മൊഹർ (സ്വർണം), രൂപ(വെള്ളി), ഡം (ചെമ്പ്) നാണയങ്ങൾ പ്രചാരത്തിൽ വന്നു. വെള്ളിരൂപയായിരുന്നു അടിസ്ഥാന നാണയം. ഭാരം 178 ഗ്രെയിൻസ് ആയി നിജപ്പെടുത്തിയിരുന്നു. ഇതിൽ അന്യലോഹങ്ങൾ നാല് ശതമാനത്തിൽ കൂടാൻ പാടില്ലെന്ന് നിഷ്കർഷിച്ചിരുന്നു. ജഹാംഗീർ ഇത് 180 ഗ്രെയിൻസ് ആയി ഉയർത്തി. ചെറുവിനിമയങ്ങൾക്ക് ചെമ്പ് ഡം (323 ഗ്രെയിൻസ്) ഉപയോഗിച്ചു.

കാലിഗ്രാഫിയും പേർഷ്യൻ നസാലിക് ലിപികളും ഉപയോഗിച്ചുകൊണ്ട് നാണയങ്ങൾ അലങ്കരിച്ചു. ഖുറാനിക് വചനങ്ങളും മതധർമങ്ങളും കലിമയും നാല് പ്രവാചകന്മാരുടെ പേരുകളും നാണയങ്ങളിൽ മുദ്രണം ചെയ്തിരുന്നു. ഒപ്പം ഭരണാധികാരിയുടെ പേര്, പദവി, നാമം, ഹിജറവർഷം, കമ്മട്ടത്തിന്റെ പേര് തുടങ്ങിയവയും ആലേഖനം ചെയ്തിട്ടുണ്ട്.

അക്ബറിന്റെ ഭരണകാലത്ത് നാണയസമ്പ്രദായം പരിപൂർണമായും ഉടച്ചുവാർത്തു. ഉരുക്കുകൊണ്ട് അച്ചുകൾ നിർമ്മിക്കുകയും വിദഗ്ദ്ധ കാലിഗ്രാഫറെക്കൊണ്ട് രൂപകല്പനചെയ്ത കമ്മട്ടങ്ങൾ നടപ്പിലാക്കുകയും ചെയ്തു. ചിത്രകാരനും, കാലിഗ്രാഫറുമായ അബ്ദുൽ സമദിനെ ഇറാനിൽ നിന്ന് അക്ബർ വരുത്തുകയും നിർമ്മാണശാലയുടെ ചുമതല നല്കുകയും ചെയ്തു.

'കലിമ'യ്ക്കു പകരം മറ്റ് രേഖപ്പെടുത്തലുകളും ഹിജറയ്ക്കു പകരം ഇലാഹി തീയതിയും നാണയങ്ങളിൽ ഉപയോഗിക്കാൻ തുടങ്ങി. ചെമ്പുനാണയങ്ങൾക്ക് 42-ലേറെ സ്ഥലങ്ങളിലും, രൂപയ്ക്ക്-14 ഇടങ്ങളിലും, മൊഹൂറിന് നാല് ഇടങ്ങളിലും കമ്മട്ടം സ്ഥാപിച്ചു. അക്ബറിന്റെ കാലത്ത് കമ്മട്ടം ചെയ്ത, ഡയമണ്ട് കട്ടയുടെ ആകൃതിയിലുള്ള മൊഹൂർ, മിഹ്റാബിസ് എന്നിവ സവിശേഷ നാണയങ്ങളായിരുന്നു. അക്ബർ രൂപീകരിച്ച ദിൻ ഇലാഹി എന്ന മതത്തിന്റെ പ്രചാരണത്തിനും നാണയങ്ങൾ ഉപയോഗിച്ചു. അതിനുവേണ്ടി 'ഇലാഹിവർഷം' നാണയത്തിൽ ഉപയോഗിച്ചു.

നാണയങ്ങളുടെ ഗുണനിലവാരം വർധിപ്പിക്കാൻ ജഹാംഗീർ കാര്യമായി യത്നിച്ചു. അക്ബർ ഉപേക്ഷിച്ച മതപരമായ ചിഹ്നങ്ങൾ അദ്ദേഹത്തിനുശേഷം വീണ്ടും നാണയങ്ങളിൽ സ്ഥാനം പിടിച്ചു. ഇവരുടെ നാണയമായ രൂപ ആധുനിക നാണയമായി മാറി.

ആധുനിക ഇന്ത്യൻ നാണയങ്ങൾ

തിരുത്തുക

(കൊളോണിയൽ നാണയങ്ങൾ)

പോർച്ചുഗീസുകാർ

തിരുത്തുക

എ.ഡി. 1497-ൽ കടൽമാർഗ്ഗം ഇവർ ഇന്ത്യയിലെത്തിച്ചേർന്നു. മലബാറിലെ സുഗന്ധവ്യഞ്ജന വ്യാപാരത്തിൽ അറബികൾക്കുള്ള കുത്തക അവസാനിപ്പിച്ച് തങ്ങളുടെ കൈപ്പിടിയിലൊതുക്കാൻ അവർ ശ്രമിച്ചു. 1503-ൽ കൊച്ചിയിൽ കോട്ട സ്ഥാപിക്കുകയും 1510-ൽ ബിജാപ്പൂർ സുൽത്താനിൽ നിന്ന് ഗോവ പിടിച്ചടക്കി ഭരണം ആരംഭിക്കുകയും ചെയ്തു. ഇവരുടെ കാലത്ത് ഗോവ, ദിയു, ദാമൻ എന്നിവിടങ്ങളിൽ സ്വർണം, വെള്ളി, ചെമ്പ് നാണയങ്ങൾ കമ്മട്ടം ചെയ്യാനുള്ള സൗകര്യമുണ്ടായിരുന്നു.

എസ്പെർ, മെയ എസ്പെര (വെള്ളി) ക്രുസഡൊ അല്ലെങ്കിൽ മനൊയൽ, മെയൊ മനൊയൽ (സ്വർണം) എന്നിവയിൽ മനൊയലിനും, എസ്പെരയ്ക്കും മുഖഭാഗത്ത് കുരിശും, മറുഭാഗത്ത് പോർച്ചുഗലിന്റെ ഔദ്യോഗികചിഹ്നവും ചിത്രണം ചെയ്തിരിക്കുന്നു. നില്ക്കുന്ന സെന്റ്തോമസിന്റെ ചിത്രമുള്ള നാണയങ്ങളും പോർച്ചുഗീസുകാരുടേതായുണ്ട്. 'കെപറഫിൻസ്' മറ്റൊരു നാണയമാണ്. 'ടാങ്കയും' 'ബസാറുക്കയും' ഇവർ കമ്മട്ടം ചെയ്തിരുന്നു.

ഡച്ചുകാർ (എ.ഡി. 17-19 ശ.)

തിരുത്തുക

പോർച്ചുഗീസുകാർക്ക് വെല്ലുവിളി ഉയർത്തിക്കൊണ്ട് ഡച്ചുകാരും ഇംഗ്ലീഷുകാരും 17-ാം നൂറ്റാണ്ടോടെ ഇന്ത്യയിലെത്തി. കോറമണ്ടൽ തീരത്ത് അവരുടെ സാന്നിധ്യം ഉറപ്പിച്ചു. 1664 ഓടെ മലബാർ തീരങ്ങളിലെ കുരുമുളക് ഉത്പാദനകേന്ദ്രങ്ങൾ, ഡച്ചുകാരുടെ നിയന്ത്രണത്തിലായി. എന്നാൽ 18-ാം നൂറ്റാണ്ടോടെ ഈ പ്രദേശങ്ങൾ ബ്രിട്ടീഷുകാരുടെ കൈകളിലെത്തിത്തുടങ്ങി.

വെള്ളിയിലും ചെമ്പിലും പരിമിതമായി സ്വർണത്തിലും തയ്യാറാക്കിയ നാണയങ്ങൾ ഹോളണ്ടിലായിരുന്നു കമ്മട്ടം ചെയ്തിരുന്നത്. 'ചാല്ലിസ്' എന്ന് അറിയപ്പെട്ട ഇവ നാഗപട്ടണത്തുനിന്ന് ധാരാളമായി കണ്ടെടുക്കപ്പെട്ടിട്ടുണ്ട്. 1, 2, 1/2 സ്റ്റുഐവറും 'പഗോഡ'യും ഇവരുടേതായുണ്ട്. വിജയനഗരം നാണയമാതൃകയ്ക്ക് സമാനമായിരുന്നു ഇവരുടെ പല നാണയങ്ങളും. ഡച്ചുകാർ കമ്പനിമേഖലയിലേക്ക് എത്തുന്ന വിദേശ നാണയങ്ങളിൽ അവരുടേതായ അടയാളങ്ങൾ രേഖപ്പെടുത്തിയിരുന്നു. പേർഷ്യൻ അബ്ബാസിഡ് നാണയങ്ങൾ, ഇന്തോ പോർച്ചുഗീസ് ടാങ്ക, ബിജാപൂർ സുൽത്താന്റെ 'ലാറിസ്', മുഗൾ റുപി തുടങ്ങിയവയിൽ ഇത്തരം ചിഹ്നങ്ങൾ പതിച്ചത് കണ്ടെത്തിയിട്ടുണ്ട്.

ഡെയ്ൻസ് (എ.ഡി. 17-19 ശ.)

തിരുത്തുക

1616-ലാണ് ഡാനിഷ് ഈസ്റ്റിന്ത്യാകമ്പനി രൂപീകൃതമായത്. നാഗപട്ടണത്തിനടുത്തുള്ള ട്രാൻക്യൂബാറിൽ കോട്ട പണിതു. അവിടെ സ്വർണ'പഗോഡ'കളും ചെമ്പു നാണയങ്ങളും പരിമിതമായതോതിൽ വെള്ളി 'റോയലും', കമ്മട്ടം ചെയ്തു. കൂടാതെ ഫെഡറിക് III, ക്രിസ്റ്റ്യൻ കഢ, ക്രിസ്റ്റ്യൻ ഢ, തുടങ്ങിയവരുടെ നാണയങ്ങളും, 1, 2, 10 കാശുകളും വെള്ളിപ്പണങ്ങളും അവർ വ്യാപാരങ്ങൾക്ക് ഉപയോഗിച്ചു. ഒരുഭാഗത്ത് വിഷ്ണുവും മറുഭാഗത്ത് സാമ്രാജ്യചിഹ്നവും രേഖപ്പെടുത്തിയ നാണയങ്ങളും ചില ചെമ്പ് നാണയങ്ങളിൽ ഡാനിഷ് ഈസ്റ്റ് ഇന്ത്യാ കമ്പനിയുടെ അടയാളങ്ങളും കാണാം.

ഫ്രഞ്ചുകാർ (എ.ഡി. 17-19 ശ.)

തിരുത്തുക

1664-ഓടെ ഇന്ത്യയിലേക്കുള്ള വ്യാപാരത്തിൽ സംഘടിതമായി ഇടപെടാൻ ശ്രമിച്ചത് ഫ്രഞ്ചുകാരാണ്. 1668-ൽ സൂറത്തിൽ ഒരു ഫ്രഞ്ച് കമ്പനി സ്ഥാപിക്കുകയും ബിജാപ്പൂർ സുൽത്താന്റെ കീഴിൽ വലിയകൊണ്ടപുരത്ത് ഒരു വ്യാപാരഗ്രാമം തുറക്കുകയും ചെയ്തു. ഇതാണ് ഫ്രഞ്ച് ഭരണത്തിന്റെ തലസ്ഥാനമായി മാറിയത്.

സ്വർണ 'പഗോഡ', വെള്ളിപ്പണം, ചെമ്പ്, ലെഡ് കാശുകൾ, ടുടെ നഗ്, റുപി തുടങ്ങിയ നാണയങ്ങൾ അവരുടേതായുണ്ട്. പഗോഡകൾ ബ്രിട്ടീഷ്, ഡച്ച്, ഡാനിഷ് പഗോഡകൾക്ക് തുല്യമായവയായിരുന്നു. 1700-ൽ വെള്ളിപ്പണം കമ്മട്ടം ചെയ്തു. 26 വെള്ളിപ്പണം ഒരു സ്വർണ'പഗോഡ'യ്ക്ക് സമമായിരുന്നു. നാണയങ്ങളിൽ ചിലതിൽ മുഖഭാഗത്ത് ഫ്രഞ്ച് ലില്ലിയും മറുഭാഗത്ത് കുരിശോ, കുരിശും ലില്ലിയുമോ അടയാളപ്പെടുത്തിയിട്ടുണ്ട്.

ആർക്കോട് നവാബിന്റെ അനുവാദത്തോടെ മുഗൾശൈലിയിലുള്ള വെള്ളിരൂപാ നാണയപരമ്പര ഇവർ കമ്മട്ടം ചെയ്തിരുന്നു. ചെമ്പു നാണയങ്ങളായ ഡൗഡൗ, അരഡൗഡൗ, കാഷ് തുടങ്ങിയവയും ഫ്രഞ്ചുകാരുടേതായുണ്ട്. മാഹിയിൽ നിന്ന് 'ബിചെയും' അര 'ബിചെയും' ഇറക്കിയിരുന്നു.

ബ്രിട്ടീഷുകാർ

തിരുത്തുക

എ.ഡി. 1600-ൽ ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യ കമ്പനി സ്ഥാപിതമായി. അവർ 1672-ൽ ബോംബെയിൽ ഒരു കമ്മട്ടം സ്ഥാപിക്കുകയും അവിടെ യൂറോപ്യൻ രീതിയിലുള്ള നാണയങ്ങൾ നിർമ്മിക്കുകയും ചെയ്തു. 'കരോലിന' (സ്വർണം), ആഗ്ളിന (വെള്ളി), കോപ്പറോൺ (ചെമ്പ്) തുടങ്ങിയവ പരിമിതമായ തോതിൽ കമ്മട്ടം ചെയ്തു. ആദ്യകാലത്ത് സ്പാനിഷ് ഡോളറുകളായിരുന്നു ഉപയോഗിച്ചിരുന്നത്.

1677-ൽ ചാൾസ് II-ന്റെ പേരിൽ 'റുപി ഒഫ് ബോംബെ' എന്ന നാണയം ബോംബെയിൽ നിന്ന് പുറത്തിറക്കി. ഇത്. 1778 വരെ ബ്രിട്ടീഷുകാരുടെ പ്രധാനനാണയമായിരുന്നു. 1717-ൽ ഫറൂഖ് സിയാർ 'മുഗൾ റുപി' കമ്മട്ടം ചെയ്യാൻ ബ്രിട്ടീഷുകാർക്ക് അനുവാദം നല്കി. 1793-ൽ സൂറത്ത് റുപി ബോംബെ പ്രസിഡൻസിയുടെ നാണയമായി മാറി. 1800-ൽ സൂറത്ത് കമ്മട്ടം ബ്രിട്ടീഷുകാരുടെ കൈപ്പിടിയിലായി.

മദ്രാസ് പ്രസിഡൻസിയിൽ 'പഗോഡ'കളും, 'ഫണവും' പുറത്തിറക്കിയിരുന്നു. ഗോൽക്കൊണ്ട സുൽത്താൻ 1630-ൽ മസൂലി പട്ടണത്ത് ബ്രിട്ടീഷുകാർക്ക് കമ്മട്ടം സ്ഥാപിക്കാൻ അനുവാദം നല്കി. 1643-ൽ സെന്റ് ജോർജ് കോട്ടയിൽ വിജയനഗര നാണയമടിക്കാൻ രംഗരായൻ, കമ്പനിയെ അനുവദിച്ചു. 1660-61-ലാണ് മദ്രാസ് കമ്മട്ടം സ്ഥാപിതമായത്. ഇവിടെ ആർക്കോട്ട് റുപിയും കമ്മട്ടം ചെയ്തിരുന്നു. ആദ്യകാലത്ത് ഉത്തരേന്ത്യയിലേക്കും ബംഗാളിയിലേക്കും ആവശ്യമായ നാണയങ്ങൾ മദ്രാസ് കമ്മട്ടത്തിൽ നിന്നാണ് നല്കിയിരുന്നത്.

1834-ൽ മുഗൾ ശൈലിയിലുള്ള നാണയങ്ങൾ ഉപേക്ഷിക്കുകയും പുതിയ ഇംഗ്ലീഷ് പരമാധികാരിയായി രാജ്ഞി അവരോധിക്കപ്പെടുകയും ചെയ്തു. 1835-ൽ മിക്കവാറും എല്ലാ കമ്മട്ടങ്ങളും നിർത്തലാക്കി. വൈവിധ്യമാർന്ന മുഗൾ നാണയങ്ങൾ നിർത്തലാക്കുകയും ഏകീകൃത നാണയസംവിധാനം കൊണ്ടുവരികയും ചെയ്തു. പകരം മൊഹർ, റുപി, അണ, പൈസ തുടങ്ങിയവ ബ്രിട്ടീഷ് സാമ്രാജ്യത്തിന്റെ പേരിൽ കമ്മട്ടം ചെയ്തു. ബംഗാൾ, കൊൽക്കത്ത കമ്മട്ടങ്ങളിൽ നിന്നാണ് 1835-1947 വരെയുള്ള നാണയങ്ങൾ പൂർണമായും വിതരണം ചെയ്യപ്പെട്ടത്.

പ്രാചീന കേരളത്തിലെ നാണയസംവിധാനങ്ങളെക്കുറിച്ചുള്ള ലിഖിത രേഖകളല്ലാത്ത ചരിത്രപരമായ തെളിവുകൾ വളരെക്കുറവാണ്. 1945-ൽ തൃശൂർ ജില്ലയിലെ ഇയ്യാൽ നിധിശേഖരത്തിൽ നിന്ന് ലഭിച്ച മുദ്രാങ്കിത വെള്ളി കർഷാ പണമാണ് നമുക്ക് ലഭ്യമായ ഏറ്റവും പഴയ നാണയമെന്ന് പുരാവസ്തു വകുപ്പിന്റെ നാണയപഠനവിഭാഗം സാക്ഷ്യപ്പെടുത്തുന്നു. ഇത് ബി.സി. ഒന്നാം നൂറ്റാണ്ടിനും എ.ഡി. ഒന്നാം നൂറ്റാണ്ടിനും ഇടയിലുള്ളതാവാമെന്ന് അനുമാനിക്കപ്പെടുന്നു. തുടർന്ന് നൂറ്റാണ്ടുകളോളം നമ്മുടെ നാണയങ്ങളെക്കുറിച്ച് തെളിവുകളൊന്നും ലഭിക്കുന്നില്ല. ഐതിഹ്യങ്ങളും കെട്ടുകഥകളുമായി ധാരാളം പരാമർശങ്ങൾ കാണാം എന്നുമാത്രം. എന്നാൽ, അവ ലഭ്യമായ തെളിവുകളുമായി ചേർത്തുവയ്ക്കാൻ കഴിയുന്നില്ല. ശാസനങ്ങളിൽ നിന്നും, ലിഖിതരേഖകളിൽ നിന്നും, സാഹിത്യങ്ങളിൽ നിന്നും ലഭിക്കുന്ന വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് മലയാളക്കരയിലെ ആദ്യകാല നാണയചരിത്രം ഇതൾ വിരിയുന്നത്. എന്നാൽ നിധിശേഖരണങ്ങളിൽനിന്നും ലഭിച്ചിട്ടുള്ള വിദേശനാണയങ്ങൾ പ്രാചീനവ്യാപാരത്തെക്കുറിച്ചുള്ള നമ്മുടെ ധാരണകളെ വിപുലപ്പെടുത്തുന്നവയാണ്. 15-ാം നൂറ്റാണ്ടിനു ശേഷമുള്ള നാണയത്തെളിവുകൾ ലഭ്യവുമാണ്.

തദ്ദേശീയ നാണയങ്ങൾ

തിരുത്തുക
 
ഒരു കാശ് നാണയം.

പൊൻപണം, പരശുരാമൻരാശി, കലിയുഗരാജൻ പണം തുടങ്ങിയവ നമ്മുടെ നാണയങ്ങളായിരുന്നു. കലിയുഗരായൻ പണം കേരളത്തിലുടനീളം വ്യാപിച്ചിരുന്നതായി ശാസനങ്ങളിൽ നിന്ന് മനസ്സിലാക്കാം. പ്രാചീന തമിഴകത്ത് നിലനിന്നിരുന്ന നാണയമാണ് 'ഹൂൺ' അഥവാ 'പൊൻ' (57.6 ഗ്രേൻ തൂക്കം). കേരളക്കരയിലും ഇതിന് പ്രചാരമുണ്ടായിരുന്നു. സ്വർണപ്പണമെന്ന നാണയത്തിന് പൊൻമൂല്യവും 5.75 ഗ്രേൻ തൂക്കവുമുണ്ടായിരുന്നു. കാശ്, ചക്രം, വരാഹൻ എന്നീ നാണയങ്ങളും പ്രബലമായിരുന്നു.

അകനാനൂറും പുറനാനൂറും 9, 10, 11 ശ.-ങ്ങളിലെ ശാസനങ്ങളും 'കാണം', 'കഴഞ്ച്' 'പാണ്ഡ്യക്കാശ്' എന്നിവയെപ്പറ്റി പരാമർശിക്കുന്നുണ്ട്. ഒരു കഴഞ്ചിന് 12 പൊൻപണതൂക്കമുണ്ട്. പരശുരാമൻ പണം (ചാണാരക്കാശ്) ഇവിടെ വ്യാപകമായിരുന്നത്രെ. കൊ.വ. 662-ലെ മതിലകം രേഖയിൽ 'തിരമ'ത്തെക്കുറിച്ച് പറയുന്നുണ്ട്.

9, 10 നൂറ്റാണ്ടുകളിൽ 'കഴഞ്ചി'ന്റെയും 'കാണ'ത്തിന്റെയും പ്രചാരത്തിന് ശാസനത്തെളിവുകളുണ്ട്. 12, 13, 14 നൂറ്റാണ്ടുകളിൽ വീരകേരളപ്പണത്തിനൊപ്പം ചോഴക്കാശ്, ചീനക്കാശ്, അറബി ദിനാർ, പൊൻ, കാണം, പണം എന്നിവയും പ്രചാരത്തിലുണ്ടായിരിക്കാം. കിളിമാനൂർ രേഖയിൽ തിരമം, അച്ച് എന്നിവ കടന്നുവരുന്നുണ്ട്. തിരുവാറ്റുവായ് രേഖയിലും അച്ച് പരാമൃഷ്ടമാണ്.

പൊന്ന്, വെള്ളിക്കാശ്, തുലുക്കുകാശ്, വെള്ളിപ്പണം, ചോഴിയക്കാശ് എന്നിവയും ഇവിടെ കൈമാറ്റം ചെയ്യപ്പെട്ടിരുന്നു. വിവിധ നാണയങ്ങൾക്ക് പലതരം ഉത്പന്നങ്ങളുമായുള്ള വിനിമയ നിരക്കുകൾ പലരേഖകളിൽ നിന്നും ലഭ്യമാണ്. നെല്ലും കുരുമുളകും മറ്റും പണം കൊടുത്തുവാങ്ങിയതിന്റെ രേഖകൾ ലഭ്യമാണ്.

ദക്ഷിണേന്ത്യയിൽ പ്രചാരത്തിലുണ്ടായിരുന്ന നാണയമായിരുന്നു പണം. കർണാടകയിൽ 'ഹണ' എന്നായിരുന്നു അറിയപ്പെട്ടിരുന്നത്. ചെറുതും വലുതുമായ കൈമാറ്റങ്ങൾക്ക് വ്യാപകമായി ഉപയോഗിച്ചതുകൊണ്ടാവാം ധനം എന്ന പൊതുവായ അർഥത്തിലും പണം പ്രസിദ്ധമായിത്തീർന്നു. ഇബ്ൻ ബത്തുത്ത, ജോൺ മരിംഗോലി, അബ്ദുൽ റസാഖ് എന്നിവർ പണത്തെക്കുറിച്ച് പരാമർശിക്കുന്നുണ്ട്. വേണാട്, കൊച്ചി, കോഴിക്കോട് രാജാക്കന്മാർക്ക് അവരവരുടെ 'പണം' ഉണ്ടായിരുന്നതായി മഹ്വാൻ (15-ാം ശ.) പ്രസ്താവിക്കുന്നു. ആദ്യം സ്വർണത്തിലായിരുന്നെങ്കിലും പിന്നീട് വെള്ളിയിലും ചെമ്പിലും പണം കമ്മട്ടം ചെയ്തു. ഇത് പണോപയോഗത്തിന്റെ പ്രചുരപ്രചാരത്തെ സൂചിപ്പിക്കുന്നതാണ്. പണം അളന്നുകണക്കാക്കുന്ന രീതിയും നിലവിലിരുന്നു.

ചോഴിയൻ കാശ്, തുലുക്കുകാശ്, വെള്ളിക്കാശ് എന്നിവയാണ് കാശുകൾ. തിരമം, അരത്തിരമം, മുക്കാൽത്തിരമം, കാൽത്തിരമം എന്നിവയെക്കുറിച്ചും ഉണ്ണിച്ചിരുതേവി ചരിതത്തിൽ പരാമർശമുണ്ട്. ഒരു മീൻ ചെതുമ്പലിന്റെയത്ര എന്ന് പോർച്ചുഗീസുകാർ വിവരിക്കുന്ന നാണയമാണ് താരം. ഗുളികമകാണി, മുമ്മുറി, മുണ്ടിയവട്ട്, കമ്പി എന്നിങ്ങനെയുള്ള നാണയങ്ങളെക്കുറിച്ചും മധ്യകാലകൃതികളിൽ പരാമർശമുണ്ട്. സ്ഥലകാലങ്ങൾക്കനുസരിച്ച് നാണയമൂല്യം വ്യത്യാസപ്പെട്ടിരുന്നു. നാണയങ്ങൾ തമ്മിൽത്തമ്മിലുള്ള കൈമാറ്റവിലയും താരതമ്യമൂല്യവും മറ്റും ഇഴപിരിച്ചെടുക്കാൻ ഏറെ പ്രയാസമാണ്.

മറ്റൊരു നാണയമായിരുന്നു രാശിപ്പണം (കലിയൻ). റിങ് സോളർ=1 കലിയൻ, 27 കലിയൻ=1 വെനീഷ്യൻ, 24 ഡച്ച് ഡ്യൂക്കറ്റ്=1 കലിയൻ എന്നിങ്ങനെ കൈമാറ്റ നിരക്കുകൾ നിലനിന്നിരുന്നു. 'രായപ്പണം', 'രായൻപണം', 'കലിയുഗ രാമൻ പണം', കലിയുഗ രാജൻ രാശി എന്നീ പേരുകളിൽ അറിയപ്പെടുന്ന നാണയങ്ങളെല്ലാം രാശിയാണ്.

കണ്ണൂർ ആലിരാജാവിന്റെ നാണയങ്ങളെക്കുറിച്ചുള്ള ലഭ്യമായ രേഖകൾ 17-ാം നൂറ്റാണ്ടിന് ശേഷമുള്ളത് മാത്രമാണ്. കണ്ണൂർ പണത്തിന്റെ പ്രചാരം 1709 മുതലാണ് ആരംഭിക്കുന്നത്. കോഴിക്കോട് സാമൂതിരിക്ക് 1667 മുതൽ കമ്മട്ടമുണ്ടായിരുന്നതിന് തെളിവുകളുണ്ട്. കമ്മട്ടക്കാരനെ വീരരായൻ തട്ടാൻ എന്നാണ് അറിയപ്പെടുന്നത്. 'വീരരായൻ പണവും' 'താരനും' പ്രസിദ്ധങ്ങളാണ്. വിജയനഗര നാണയങ്ങളെ മുന്നിൽക്കണ്ടാണ് ഈ നാണയങ്ങൾ രൂപകല്പന ചെയ്തത്. 1792-ൽ കമ്മട്ടം ചെയ്യാൻ ബ്രിട്ടീഷുകാരുമായി വ്യവസ്ഥയുണ്ടാക്കി.

കൊച്ചിയുടെ ഏറ്റവും പഴയനാണയം 'കലിയമേനി'യാകാമെന്ന് കരുതുന്നു. വെള്ളി ഒറ്റ-ഇരട്ട പുത്തനുകൾ ഡച്ചുകാരുടെ വരവിനും മുമ്പുള്ള നാണയങ്ങളായിരുന്നു. 1663-ൽ കൊടുങ്ങല്ലൂർ കോട്ട ഡച്ചുകാർ പിടിച്ചെടുത്തതോടെ ഇവരുടെ നാണയം കൊച്ചിയുടെ നാണയമായും പ്രവർത്തിച്ചു. 1847-നും 1858-നുമിടയിലാണ് കൊച്ചിക്കുവേണ്ടി അവസാനമായി നാണയനിർമിതി നടത്തിയത്. 1900, 1941 വർഷങ്ങളിലെ വിളംബരമനുസരിച്ച് കൊച്ചിക്ക് നാണയനിർമ്മാണാവകാശം നഷ്ടപ്പെട്ടു. ഒറ്റ, ഇരട്ട പുത്തനുകൾ 1900 വരെ പ്രചാരത്തിലിരുന്നു.

'ചക്ര'ത്തിന്റെ നാടെന്ന് അറിയപ്പെടുന്ന തിരുവിതാംകൂറിലെ ആദ്യത്തെ ഔദ്യോഗിക കമ്മട്ടം 1790-ൽ പത്മനാഭപുരത്ത് സ്ഥാപിച്ചു. പാർവള്ളി മുദ്രകളുള്ളതും ഇല്ലാത്തതുമായ വെള്ളിച്ചക്രങ്ങൾ പ്രചാരത്തിലുണ്ടായിരുന്നു. 1809-ൽ വെള്ളി അരച്ചക്രവും രണ്ടുചക്രവും കമ്മട്ടം ചെയ്തു. അരച്ചക്രം ഏറ്റവും കുറഞ്ഞ ഭിന്നനാണ്യമായിരുന്നു. ബോംബെ രൂപ ഉരുക്കിയാണ് വെള്ളിച്ചക്രം നിർമിച്ചിരുന്നത്. സ്പാനിഷ് ജർമൻ ഡോളറും, സൂറത്തി രൂപയും ഇതിനായി ഉപയോഗിച്ചിരുന്നു. കലിപ്പണവും രാശിപ്പണവും നാമമാത്രമായിരുന്നു. 1890-കളോടെ നാണയനിർമ്മാണം നിലച്ചു.

വൈദേശിക നാണയങ്ങൾ

തിരുത്തുക

കേരളത്തിലെ റോമൻ നാണയശേഖരം ആദ്യമായി കണ്ടെത്തിയത് 1847-ൽ കണ്ണൂർ ജില്ലയിലെ കോട്ടയം വാണിയൻകടവ് പുഴയോരത്തു നിന്നാണ്. ഇത് എഡ്ഗാർ തേഴ്സ്റ്റൻ രേഖപ്പെടുത്തിയിട്ടുണ്ട്. തൃശൂർ ജില്ലയിലെ ഇയ്യാലിൽനിന്നു ലഭിച്ച ശേഖരമാണ് കേരള പുരാവസ്തു വകുപ്പിനു കീഴിലുള്ള ആദ്യശേഖരം. ഇതിൽ 12 റോമൻ ഓറി (സ്വർണം), 71 ദിനാരി (വെള്ളി), 34 മുദ്രാങ്കിത (വെള്ളി) നാണയങ്ങളാണ് ഉണ്ടായിരുന്നത്. ഇത് ബി സി ഒന്നാം നൂറ്റാണ്ടിനും എ.ഡി. ഒന്നാം നൂറ്റാണ്ടിനും ഇടയിലത്തേതാണെന്ന് കരുതപ്പെടുന്നു.

1992-ൽ ഇടുക്കി ജില്ലയിലെ നെടുങ്കണ്ടത്തുനിന്നു ലഭിച്ച നാണയങ്ങളാവാം കേരളത്തിലെ ഏറ്റവും പഴക്കമാർന്ന റോമൻ സാന്നിധ്യത്തിന്റെ തെളിവ്. ഇവിടെനിന്നും 8 റോമൻ നാണയങ്ങളും അഗസ്റ്റസിന്റെ കാലത്തെ 11 നാണയങ്ങളും ലഭിച്ചിരുന്നു. ഇതിൽ 190 ബി.സി.യിലെ നാണയങ്ങൾവരെ ഉണ്ടായിരുന്നു. മറ്റ് നിരവധി നിധിശേഖരങ്ങളിൽനിന്നും വിവിധ കാലഘട്ടങ്ങളിലെ റോമൻ നാണയങ്ങൾ ലഭിച്ചിട്ടുണ്ട്. റോമുമായി നിലനിന്ന വ്യാപാരങ്ങളുടെ ഖനീഭവിച്ച തെളിവുകളായിവേണം ഈ നാണയങ്ങളെ മനസ്സിലാക്കാൻ.

ചൈനീസ്, അറേബ്യൻ നാണയങ്ങളും വെനീഷ്യൻ ഡ്യൂക്കറ്റുകളും വൈദേശികബന്ധത്തിന്റെ തെളിവുകളാണ്. ഡ്യൂക്കറ്റുകളുപയോഗിച്ച് നെക്ലേസുകളും മറ്റും നിർമിച്ചിരുന്നു. ഇവയ്ക്ക് ക്രിസ്ത്യാനികൾക്കിടയിൽ വ്യാപക പ്രചാരമുണ്ടായിരുന്നു. മധ്യകാല കൃതികളിൽ കാണുന്ന 'ആമാട' ഡ്യൂക്കറ്റിനാൽ നിർമിതമത്രെ.

പോർച്ചുഗീസ്, ഡച്ച്, ഫ്രഞ്ച്, ബ്രിട്ടീഷ് അധിനിവേശകാലത്ത് നിരവധി നാണയങ്ങൾ അവരുടേതായി കമ്മട്ടം ചെയ്ത് ഇവിടെ പ്രചാരത്തിൽ വരുത്തിയിരുന്നു. 1521-57 വരെ ചെമ്പ് ബസാറുക്കൊ (കാൽ, അര, ഒന്ന്, രണ്ട്, നാല്) കൊച്ചിക്കുവേണ്ടി പോർച്ചുഗീസുകാർ കമ്മട്ടം ചെയ്തിരുന്നു. പോർച്ചുഗീസുകാർ കൊച്ചിക്കുവേണ്ടി ഇറക്കിയ നാണയങ്ങളായിരുന്നു റീസ്, എറ്റിയ (ചെമ്പ്), സിറഫിം, റുപിയ, റീസ്, ബസാറുക്കൊ, ടങ്ക, പത്താക്ക്, ബസ്റ്റിയാവൊ (വെള്ളി), പത്താക്ക്, സിറഫിം, എസ്ക്യൂഡോ (സ്വർണം) എന്നിവ.

കാന്തിരവീരരായന്റെ കാന്തിരാജൻപണവും മൈസൂർ സുൽത്താന്റെ നാണയങ്ങളും പ്രചാരത്തിലുണ്ടായിരുന്നു. സ്ഥലനാമം മുദ്രണം ചെയ്ത ആദ്യ നാണയങ്ങൾ പുറത്തിറക്കിയത് കോഴിക്കോടും ഫറുഖിലുമുള്ള ടിപ്പുവിന്റെ കമ്മട്ടങ്ങളിൽനിന്നാണ്.

മാഹിപണവും കാരയ്ക്കൽ കാശും ഫ്രഞ്ച് സാന്നിധ്യത്തിന്റെ രേഖകളാണ്. തലശ്ശേരിപ്പണമെന്ന പേരിൽ 1/5 രൂപ ഇംഗ്ളീഷുകാർ പ്രചരിപ്പിച്ചു. തലശ്ശേരി വെള്ളയെന്നും ഈ നാണയങ്ങൾ അറിയപ്പെട്ടിരുന്നു. എട്ടുതരം നാണയങ്ങളുണ്ടായിരുന്നു, തലശ്ശേരിപ്പണ പരമ്പരയിൽ. ഡി.എ.സി., ഡി.ഒ.സി. എന്നീ അക്ഷരങ്ങൾ പതിച്ച ഡാനിഷ് നാണയങ്ങളും പ്രസിദ്ധമാണ്.

സ്വതന്ത്ര ഇന്ത്യൻ നാണയങ്ങൾ

തിരുത്തുക
 
ഇന്ത്യൻ രൂപ

1947-ൽ സ്വാതന്ത്ര്യം നേടിയതിനുശേഷം നാണയസംവിധാനത്തിൽ കാര്യമായ മാറ്റങ്ങൾ വന്നു. ബ്രിട്ടീഷിന്ത്യയുടെ നാണയങ്ങൾ ഉപേക്ഷിച്ചുകൊണ്ട് പുതിയ ശൈലികൾ സ്വീകരിച്ചു. ഒരു രൂപ 16 അണയ്ക്കും 64 പൈസയ്ക്കും തുല്യമായിരുന്നു. ഒര് അണയെന്നാൽ 4 പൈസ ആയിരുന്നു. 1957-ൽ ദശഗുണിത നാണയങ്ങളും അല്ലാത്തവയും നടപ്പിലാക്കി. 1964-ൽ 'നയപൈസ' (പുതിയ പൈസ)യിലെ 'നയ' ഒഴിവാക്കപ്പെട്ടു. 1, 2, 3, 4, 5, 10, 20, 25, 50 പൈസകളും, 1 രൂപയും പ്രചാരത്തിലുണ്ടായിരുന്നു. 1970-കളോടെ 1, 2, 3 പൈസകൾ പ്രചാരമില്ലാതായിത്തീർന്നു. 1982-ൽ പുതിയ 2 രൂപാനാണയം നടപ്പിലാക്കി.

1988-ൽ സ്റ്റെയിൻലെസ്സ് സ്റ്റീലിൽ നിർമിച്ച 10, 25, 50 പൈസ നാണയങ്ങൾ നടപ്പിലാക്കപ്പെട്ടു. തുടർന്ന് 1992-ൽ ഇതേ ലോഹത്തിൽ ചെറുതും ഭാരം കുറഞ്ഞതുമായ ഒരു രൂപാ നാണയങ്ങൾ കമ്മട്ടം ചെയ്യാൻ തുടങ്ങി. ഇതേവർഷം കുപ്രോനിക്കലിൽ 5 രൂപ നാണയങ്ങളും പുറത്തിറങ്ങി. 2006-ൽ ആദ്യമായി 10 രൂപ നാണയം പുറത്തിറങ്ങി. പലപ്പോഴായി സ്മരണികാ നാണയങ്ങളും കമ്മട്ടം ചെയ്തിരുന്നു. മഹാത്മാഗാന്ധി, നെഹ്റു, ഇന്ദിരാഗാന്ധി, രാജീവ്ഗാന്ധി, ധന്യനേശ്വർ, ഏഷ്യൻ ഗെയിംസ്, സർദാർ വല്ലഭായി പട്ടേൽ, സുഭാഷ് ചന്ദ്രബോസ്, ശ്രീ അരബിന്ദോ തുടങ്ങിയവർ ഇതിൽപ്പെടുന്നു. കൂടാതെ 5, 10, 20, 50, 100, 200, 2000 രൂപകളുടെ പേപ്പർ കറൻസികളും ഇവിടെ ഉപയോഗിക്കുന്നു. സമാധാനത്തിന്റെയും അഹിംസയുടെയും ചിഹ്നമായി നാണയങ്ങളിൽ അശോക സ്തംഭം മുദ്രണം ചെയ്യുന്നു.

സ്വതന്ത്രവും പടിഞ്ഞാറൻ നാണയസംവിധാനങ്ങൾക്ക് സമാന്തരവുമായ 2500 വർഷത്തെ ചരിത്രമുണ്ട് ചൈനീസ് നാണയവികാസത്തിന്. മധ്യത്തിൽ ദ്വാരമുള്ള കട്ടികുറഞ്ഞ വാർപ്പുനാണയങ്ങളായിരുന്നു അവ. ചിത്രങ്ങളല്ല, ലിഖിതരൂപങ്ങളാണ് ഇവയിൽ രേഖപ്പെടുത്തിയിരുന്നത്. നാണയഭാരവും ഭരണകർത്താവിന്റെ പേരും വർഷവും മാത്രമേ ഇവയിൽ രേഖപ്പെടുത്തിയിട്ടുള്ളു.

കവടിരൂപത്തിൽ വാർത്തെടുക്കുന്ന ലോഹങ്ങൾ (700 ബി.സി.) മൺവെട്ടി, കത്തികൾ തുടങ്ങിയവയും ആദ്യകാലനാണയങ്ങളായി ഉപയോഗിച്ചിരുന്നു. ഇത് ഷാങ് രാജവംശ (17 ശ. - 11 ശ. ബി.സി) കാലത്തേതാകാം എന്ന് കരുതപ്പെടുന്നു. വടക്കൻ ചൈനയിൽ ഉദ്ഭവിച്ച ഈ രീതി ഭാരത്തെ അടിസ്ഥാനപ്പെടുത്തിയതാണ്.

വൃത്താകാര നാണയങ്ങളുണ്ടായത് ബി.സി. ആറാം നൂറ്റാണ്ടിലാകാമെന്ന് കരുതുന്നു. ഓരോ നാണയവും 12 ഷു അല്ലെങ്കിൽ ഒന്നര ചൈനീസ് ഔൺസ് ആയിരുന്നു. ഇത് ഓരോ കാലഘട്ടത്തിലും വ്യത്യാസപ്പെട്ടിരുന്നു. 118 ബി.സി.യിൽ 'വുതി' നടപ്പിലാക്കിയ നാണയപരിഷ്കരണം നൂറ്റാണ്ടുകളോളം വിജയകരമായി നിലനിന്നു. എ.ഡി. ഏഴാം നൂറ്റാണ്ടിലാണ് ഇവ പരിഷ്കരിച്ച് ചെറുതും കനംകുറഞ്ഞതുമാക്കി തീർത്തത്.

മധ്യത്തിൽ ചതുരദ്വാരത്തോടുകൂടിയ വൃത്താകാര നാണയം ആദ്യ 'ടാങ്' ചക്രവർത്തി കവൊത്സു നടപ്പിൽ വരുത്തി. ഇവ മുൻകാല നാണയങ്ങളെക്കാൾ കൂടുതൽ വ്യാപകമായി ഉപയോഗിച്ചു. ഇതിന്റെ മുഖഭാഗത്ത് നാണയ വിവരവും രാജവംശത്തിന്റെ പേരും ആലേഖനം ചെയ്തിട്ടുണ്ട്. മറുഭാഗത്ത് മുദ്രണങ്ങളൊന്നുമില്ല. സാങ് രാജവംശം (960-1280) നാണയങ്ങളിലെ എഴുത്തുരീതികൾ പലവിധമാക്കി. ഇതേ രാജവംശത്തിലെ ഹ്സിവൊങ്ത്സു (1163-89) നാണയങ്ങളുടെ എതിർവശത്ത് ഭരണവർഷം രേഖപ്പെടുത്തിത്തുടങ്ങി. ഇതിനും 400 വർഷങ്ങൾക്കുശേഷമേ പടിഞ്ഞാറ് ഇത് ആരംഭിക്കുന്നുള്ളൂ.

മധ്യകാലഘട്ടത്തിൽ മംഗോളിയരുടെ ആക്രമണത്തിന് വിധേയരായി സാങ് രാജവംശം തകർന്നു. ജെംഗിസ് ഖാനും, കുബ്ളെഖാനുമായിരുന്നു ഇതിന് നേതൃത്വം നല്കിയത്. അവർ പരിമിതമായ അളവിലേ നാണയങ്ങൾ പ്രചരിപ്പിച്ചിരുന്നുള്ളു. മിക്കവാറും പേപ്പർ കറൻസികളാണ് ഇപയോഗിച്ചിരുന്നത്.

മിങ് (1368-1644) രാജവംശം ചൈനീസ് സംസ്കാരത്തിനും രാഷ്ട്രീയത്തിനും കനത്ത സംഭാവനകൾ നല്കിയിട്ടുണ്ട്. ഇവരുടെ നാണയങ്ങളും മറ്റ് നാണയങ്ങളുടെ പൊതുസ്വഭാവം പങ്കുവച്ചെങ്കിലും കമ്മട്ടത്തിന്റെ പേരും നാണയമൂല്യവും പുറകുവശത്ത് രേഖപ്പെടുത്താൻ തുടങ്ങി. ഈ മാറ്റങ്ങൾ 1911-ൽ ചിങ് വംശം അധികാരത്തിൽ നിന്നു പുറത്താകുന്നതുവരെ തുടർന്നു. 1900-ത്തിൽ പുതിയ നാണയരീതി അവലംബിച്ചു. ആയിരം പണം ഒരു യുവാന് തുല്യമായിരുന്നു.

16-ാം നൂറ്റാണ്ടിന്റെ മധ്യത്തോടെ പടിഞ്ഞാറിന്റെ സ്വാധീനം ചൈനയിൽ ഉടലെടുത്തു തുടങ്ങിയിരുന്നു. ഇതിനെതിരായ മനോഭാവവും അവിടെ ശക്തമായിരുന്നു. പടിഞ്ഞാറൻ ശൈലി സ്വീകരിക്കപ്പെട്ടില്ലെങ്കിലും നിർമ്മാണ സാങ്കേതികവിദ്യ ഉപയോഗപ്പെടുത്തുകയുണ്ടായി. പഴയതിനും പുതിയതിനുമിടയിലെ മധ്യമ മാർഗ്ഗമായിരുന്നു ഇത്. പാരമ്പര്യവും ആധുനികതയും തമ്മിലുള്ള സംഘർഷം ഈ നാണയങ്ങളിൽ ദർശിക്കാവുന്നതാണ്. ആദ്യ യന്ത്രവത്കൃത നാണയനിർമ്മാണത്തിന് പരമ്പരാഗത ശൈലി ഉപയോഗിച്ചു.

ഗ്രീക്കു നാണയങ്ങൾ

തിരുത്തുക

ബി.സി. ഏഴാം നൂറ്റാണ്ടോടെയാണ് ഏഷ്യാമൈനറിൽ ആദ്യ നാണയ ഉപയോഗം ആരംഭിക്കുന്നത്. ഹെറഡോട്ടസും തത്ത്വചിന്തകനായ ക്സിനോഫോണും ലിഡിയക്കാരാണ് നാണയങ്ങൾ കണ്ടുപിടിച്ചതെന്ന് അവകാശപ്പെടുന്നു. ചൈനീസ് നാണയങ്ങൾ ഇവർ ആദ്യനാണയമായി അംഗീകരിക്കുന്നില്ല. സ്വർണം, വെള്ളി എന്നിവയുടെ സ്വാഭാവികസങ്കരമായ ഇലക്ട്രം ഉപയോഗിച്ചായിരുന്നു ആദ്യ ലിഡിയൻ നാണയം നിർമിച്ചിരുന്നത്. ഇവ വ്യാപാരത്തിന് ഉപയോഗിക്കുകയും ഗ്രീക്കു കോളനികൾ സ്വീകരിക്കുകയും ചെയ്തിട്ടുണ്ട്.

വെള്ളി, സ്വർണം അനുപാതം 20:1 എന്ന് നിജപ്പെടുത്തിയ ക്യ്രൂസസിന്റെ നാണയമായിരുന്നു ലോകത്തിലെതന്നെ ആദ്യ ബഹുലോഹ നാണയം.

ഗ്രീക്കു നാണയകാലത്തെ മൂന്നായി തരംതിരിച്ചിരിക്കുന്നു. പുരാതനം (ബി.സി. 600 മുതൽ ബി.സി. 480 വരെ), ക്ലാസ്സിക്കൽ (ബി.സി. 480-330), ഹെലനിസ്റ്റിക് (330-1 സി ബി.സി.) എന്നിങ്ങനെയാണ് അവ.

പുരാതനകാലത്ത് ഗ്രീസ് നിരവധി നഗരരാഷ്ട്രങ്ങളായി വിഭജിക്കപ്പെട്ടിരുന്നു. അവ വ്യത്യസ്തങ്ങളായ നാണയങ്ങൾ തയ്യാറാക്കിയിരുന്നു. എയ്ജിനയിലെ വെള്ളി ഡ്രാക്മ (6.1 ഗ്രാം) ഇതിനുദാഹരണമാണ്. വ്യത്യസ്ത ഭാരമാനദണ്ഡങ്ങൾക്കൊപ്പം പട്ടണത്തിന്റെ ചിഹ്നവും നാണയങ്ങളിൽ മുദ്രണം ചെയ്തിരുന്നു. സുന്ദരമായത് എന്ന് അർഥമുള്ള ഡ്രാകം (വെള്ളി ടെട്രാ ഡ്രാകം) ഏഥൻസ് ഉത്പാദിപ്പിക്കാൻ തുടങ്ങിയിരുന്നു.

ക്ലാസ്സിക്കൽ കാലഘട്ടത്തിലാണ് ഗ്രീക്കു നാണയങ്ങൾ സാങ്കേതികമായും കലാപരമായും ഉന്നതമൂല്യം കൈവരിച്ചത്. ദേവതമാരുടെയും വീരന്മാരുടെയും ചിത്രങ്ങൾ മുഖഭാഗത്തും പട്ടണങ്ങളുടെ ചിത്രങ്ങൾ മറുഭാഗത്തുമുള്ളവയാണ് ഈ നാണയങ്ങൾ. സിറാക്യൂസിൽ നിന്ന് പുറത്തിറങ്ങിയ 'ഡെകാ ഡ്രാകം' ലോകത്തിലെ തന്നെ സുന്ദരമായ നാണയങ്ങളിലൊന്നായി വിലയിരുത്തപ്പെടുന്നു. ഇത് പേർഷ്യക്കാർക്കെതിരെ ഗ്രീസ് നേടിയ വിജയത്തിന്റെ സ്മാരകമായിരുന്നു. മൂങ്ങയുടെയും ഒലിവിലയുടെയും ചിത്രമുള്ള നാണയം ഏഥൻസ് കരുത്തുറ്റ, വിജയികളുടെയും സമാധാനത്തിന്റെയും നാടാണെന്ന ആശയപ്രചാരണത്തിന് കൂടി ഉപയോഗിച്ചു.

ഹെലനിസ്റ്റിക് ഘട്ടത്തിൽ ഗ്രീക്കു സംസ്കാരം ലോകത്തിന്റെ പലഭാഗങ്ങളിലേക്കും വ്യാപിച്ചു. പുതിയ സാമ്രാജ്യം വൻതോതിൽ നാണയങ്ങൾ ഉത്പാദിപ്പിക്കുകയും വ്യാപാരികൾ ഇത് വിവിധ പ്രദേശങ്ങളിൽ എത്തിക്കുകയും ചെയ്തു. കേരളത്തിൽനിന്നും മറ്റ് ദക്ഷിണേന്ത്യൻ ദേശങ്ങളിൽ നിന്നും വൻതോതിൽ നാണയങ്ങൾ ലഭിച്ചത് ഇക്കാലത്തെ വ്യാപാരത്തിന്റെ പ്രാ മുഖ്യം വെളിപ്പെടുത്തുന്നുണ്ട്. ഗ്രീക്കോ ബാക്ടിയൻ നാണയങ്ങളും ഇന്തോ-ഗ്രീക്കു നാണയങ്ങളും ഗ്രീക്കു നാണയസംവിധാനങ്ങളുടെ മികച്ച ദൃഷ്ടാന്തങ്ങളാണ്. ജീവിച്ചിരിക്കുന്നവരുടെ ചിത്രങ്ങൾ ഉപയോഗിച്ചു എന്നുള്ളതാണ് ഇക്കാലത്തിന്റെ മറ്റൊരു പ്രത്യേകത. സിസിലിയാണ് ഈ രീതി ഉപയോഗിച്ചത്.

ടെട്രാഡ്രാകം, ഡൈഡ്രാകം, ഡെകാ ഡ്രാകം, ഇലക്ട്രം സ്റ്റാറ്റർ, സ്വർണസ്റ്റാറ്റർ, വെള്ളി സ്റ്റാറ്റർ, വെങ്കല നാണയങ്ങൾ തുടങ്ങിയവയുടെ വിവിധ രൂപങ്ങൾ ഗ്രീസിലെ വിവിധ പട്ടണങ്ങളിൽ നിലവിലിരുന്നു.

റോമൻ നാണയങ്ങൾ

തിരുത്തുക

ഗ്രീക്കു നാണയസംവിധാനം ആരംഭിച്ച് രണ്ടു നൂറ്റാണ്ടുകൾക്ക് ശേഷമാണ് റോമിൽ ഇത് ആരംഭിക്കുന്നത്. ബി.സി. അഞ്ചാം നൂറ്റാണ്ടിൽ ജൂലിയ പപിറിയ വെങ്കല നാണയങ്ങൾ കൊണ്ടുവന്നു. ഗ്രീക്കുകാരെപ്പോലെ ദേവതാ ദേവന്മാരുടെ ചിത്രണങ്ങളുണ്ടായിരുന്നു, നാണയങ്ങളിൽ. ബി.സി. മൂന്നാം നൂറ്റാണ്ടുവരെ റോമിൽ വെള്ളിനാണയങ്ങൾ നിർമിച്ചിരുന്നില്ലെന്നു കരുതപ്പെടുന്നു. ഏറെ ശ്രദ്ധേയമായ വെള്ളി ദിനാറിയസ് 187 ബി.സി.യിലാണ് നിർമ്മിക്കപ്പെട്ടത്.

ആദ്യ സ്വർണനാണയം പ്രത്യക്ഷപ്പെടുന്നത് രണ്ടാം പ്യൂണിക് യുദ്ധത്തോടനുബന്ധിച്ച് 218-201 ബി.സി.യിലാണ്. റിപ്പബ്ളിക്കിന്റെ അവസാനകാലത്ത് കറൻസിയുടെ യുനിറ്റ് 25 ദിനാറി മൂല്യമുള്ള സ്വർണഔറസ് ആയിരുന്നു. 12 1/2 ദിനാറി മൂല്യമുള്ള ക്വിനാറിയസ് മറ്റൊരു സ്വർണനാണയമായിരുന്നു. 16, 8 എയ്സസ് മൂല്യമുള്ള വെള്ളി ദിനാറിയസ്, ക്വിനാറിയസ് തുടങ്ങിയവ റോമിൽ നിലവിലുണ്ടായിരുന്നു. ചെമ്പ്, ടിൻ സ്വാഭാവിക ലോഹസങ്കരം എന്നിവ കൊണ്ട് നിർമിച്ച സെസ്സ്റ്റെർട്ടിയുസ് മറ്റൊരു നാണയമായിരുന്നു.

ജൂലിയസ് സീസർ സ്വന്തം ചിത്രം തന്നെ നാണയങ്ങളിൽ രേഖപ്പെടുത്തിയിരുന്നു. പണമിടപാടിന്റെ പ്രത്യേക ചുമതലക്കാരെ സൂചിപ്പിക്കുന്ന ചില അടയാളങ്ങൾ നാണയങ്ങളിലുണ്ടായിരുന്നു. പില്ക്കാലത്ത് അത് അവരുടെ പേരുകൾ രേഖപ്പെടുത്തുന്നതിലും തുടർന്ന് കുടുംബചരിത്രം രേഖപ്പെടുത്തുന്നതിലും ചെന്നെത്തി. ഫോസ്റ്റുലസിന്റെ നാണയങ്ങൾ ഇതിന് ഉദാഹരണങ്ങളാണ്.

ദിനാറിയസ് ആയിരുന്നു റോമൻ സമ്പദ്വ്യവസ്ഥയുടെ നട്ടെല്ല്. പില്ക്കാലത്ത് അത് പതുക്കെ ഇല്ലാതായി. തുടർന്ന് ഇരട്ട ദിനാറിയസ് കമ്മട്ടം ചെയ്തു. 3-ാം നൂറ്റാണ്ടോടെ അതും നിലയ്ക്കുകയായിരുന്നു. യുദ്ധത്തിൽ പരാജയപ്പെടുത്തിയവരുടെ (ഉദാ. ഗൌളിക് നേതാവ് വെർഡി ഗെറ്ററിക്സ്) ചിത്രങ്ങളും യുദ്ധവിജയം കാണിക്കാൻ ഉപയോഗിച്ചിരുന്നു. സീസറുടെ വധത്തിനുശേഷം ഇറങ്ങിയ നാണയങ്ങളിൽ അദ്ദേഹത്തിന്റെ ചിത്രം ഒരുവശത്തും സ്വാതന്ത്യ്രത്തൊപ്പിയും കഠാരകളും മറുവശത്തും മുദ്രണം ചെയ്ത നാണയങ്ങൾ കമ്മട്ടം ചെയ്തിട്ടുണ്ട്.

ക്ലാസ്സിയസ് (41-54 എ.ഡി.) നില്ക്കുന്ന സ്വാതന്ത്ര്യരൂപം ചെമ്പുനാണയങ്ങളിൽ നടപ്പിലാക്കി. കടൽവഴിയുള്ള വ്യാപാരത്തിന്റെയും തുറമുഖങ്ങളുടെയും പ്രാധാന്യം വിളിച്ചോതുന്നവയാണ് ചില നാണയങ്ങൾ. ക്രൈസ്തവചിഹ്നം ആദ്യമായി നാണയങ്ങളിൽ ഉപയോഗിക്കുന്നത് നാലാം നൂറ്റാണ്ടിൽ കോൺസ്റ്റാന്റിയനിന്റെ കാലത്തോടെയാണ്. ഇദ്ദേഹം 'ഓറിയസി'ന് പകരം 'സൊലിഡസ്' നടപ്പിലാക്കി. ഇദ്ദേഹമാണ് പില്ക്കാലത്ത് കിഴക്കൻ റോമാസാമ്രാജ്യത്തിന്റെ തലസ്ഥാനമായി മാറിയ കോൺസ്റ്റാന്റിനോപ്പിൾ സ്ഥാപിച്ചത്. ഇക്കാലത്ത് മതാത്മകവും പൗരസ്ത്യ സ്വാധീനമുള്ളതുമായ കലാരീതികൾ വികസിച്ചുവന്നു.

യൂറോപ്പ്

തിരുത്തുക

മധ്യകാലത്തിന്റെ ആദ്യപാദങ്ങളെ വിശ്വാസങ്ങളുടെ കാലം എന്നും വിളിക്കാറുണ്ട്. ഫ്യൂഡലിസം രൂപപ്പെട്ടുവരുന്നതും ഇക്കാലത്ത് തന്നെയായിരുന്നു. ഇവർക്ക് നാണയങ്ങളടിക്കാനുള്ള പ്രത്യേക അവകാശങ്ങൾ ഉണ്ടായിരുന്നു. കരൊലിൻജിയൻസ് സ്വർണനാണയങ്ങൾ അടിക്കാനുള്ള അവകാശം നിർത്തലാക്കുകയും പകരം വെള്ളിനാണയങ്ങളായ ഒബൊൾ, ഡിനാറിയസ് എന്നിവ നടപ്പിലാക്കുകയും ചെയ്തു.

10-ാം നൂറ്റാണ്ടിൽ ഉയർന്നുവന്ന 'കാപെറ്റയിൻ' വംശം ഗോഥിക് രീതിയിൽ അലങ്കരിച്ചതും കുരിശ് രേഖപ്പെടുത്തിയതുമായ നാണയങ്ങളിറക്കുകയുണ്ടായി. ഇതേകാലത്ത് 1066-ൽ ഇംഗ്ലണ്ടിൽ നോർമൻ വംശം അധികാരത്തിൽ വരികയും ആംഗ്ലോ സാക്സൻ വംശം സ്ഥാപിക്കുകയും ചെയ്തു. ജർമനിയും ഇറ്റലിയും താരതമ്യേന സ്ഥിരതയുള്ളവയായിരുന്നു. കുരിശുയുദ്ധങ്ങൾ നാണയനിർമ്മാണത്തെ സ്വാധീനിച്ചിരുന്നു.

13-ാം നൂറ്റാണ്ടിലുണ്ടായ സാമ്പത്തിക വളർച്ച പെന്നിയെ അടിസ്ഥാനമാക്കിയുള്ള നാണയവിനിമയം അസാധ്യമാക്കി. ഇത് വലിയ വെള്ളിനാണയങ്ങൾക്കും സ്വർണനാണയങ്ങളുടെ തിരിച്ചുവരവിനും കാരണമായിത്തീർന്നു. ഉയർന്ന മൂല്യമുള്ള വിനിമയങ്ങൾക്ക് അത്തരം നാണയങ്ങൾ ആവശ്യമായിരുന്നു. വെനീസ് ആയിരുന്നു വ്യാപാരികളുടെ പ്രധാനകേന്ദ്രം. അവിടെ ഗ്രൊസ്സോ എന്ന പുതിയ നാണയം ആരംഭിച്ചു. കേരളത്തിൽ നിന്നുവരെ വെനീഷ്യൻ നാണയങ്ങൾ കണ്ടെടുത്തിട്ടുണ്ട്. ഗ്രൊസ്സോ യൂറോപ്പിന്റെ ഒരറ്റം മുതൽ മറ്റേ അറ്റംവരെ വ്യാപിച്ചു. ബാർസലോണയിൽ ഇത് 'ക്രോട്ട്' എന്നും ജർമനിയിൽ 'ഗ്രൊഡ്ചെൻ' എന്നും അറിയപ്പെട്ടു.

1500-ൽ 'ടെസ്റ്റൂൺ', 'ഷില്ലിങ്' എന്ന പേരിൽ ഇംഗ്ളണ്ടിന്റെ നാണയമായി മാറി. ഡോളറിന്റെ പൂർവികനായ 'താലെർ' എന്ന വലിയ വെള്ളിനാണയം യൂറോപ്പിലെങ്ങും പ്രചാരം നേടി. ഇറ്റലി നാണയപരിഷ്കരണത്തിൽ ഏറെ മികവുകാട്ടി. ഫ്ളോറൻസ് ഫ്ളോറിൻ (1252 എ.ഡി.) സ്വർണനാണയവും വെനീസ് ഡുക്കറ്റും (1284 എ.ഡി.) ഉം പ്രചാരത്തിൽ വരുത്തി. വെനീസും ബൈസാന്റിയൻ സാമ്രാജ്യവും തമ്മിലുള്ള ദൃഢബന്ധത്തെ സൂചിപ്പിക്കുന്നതാണ് 'ഡുക്കറ്റ്'.

ഇംഗ്ലണ്ടിന്റെ വലിയ സ്വർണനാണയമായിരുന്നു 'നോബ്ൾ' (1344 എ.ഡി.) ഇത് വർധിച്ച സാമ്രാജ്യത്വ വ്യാപനത്വര, ആധുനിക ദേശരാഷ്ട്രം ശക്തിപ്പെടുന്നതിന്റെയും കുറഞ്ഞുവരുന്ന പൗരോഹിത്യ സ്വാധീനത്തിന്റെയും സൂചകം എന്നീ നിലകളിൽ രാഷ്ട്രീയ പ്രാധാന്യമുള്ള നാണയമത്രെ. ഫ്രാൻസിലും സ്പെയിനിലും സമാനമായ സംഭവങ്ങൾ ഉണ്ടായിട്ടുണ്ട്. സ്പാനിഷ് 'ഡൊബ്ള'യിൽ വളരെക്കുറച്ചു മാത്രമേ മതചിഹ്നങ്ങൾ ഉപയോഗിച്ചിട്ടുള്ളൂ. സ്റ്റേറ്റിനെയും പള്ളിയെയും അവർ ഒരുമിച്ചുകൊണ്ടുപോയി.

മധ്യകാല യൂറോപ്പിന്റെ രണ്ടാംപാതി ഏറെ മതപരിഷ്കരണങ്ങളുടെയും ഉണർന്നെഴുന്നേല്ക്കലിന്റെയും കാലം കൂടിയാണ്. അഞ്ച് നൂറ്റാണ്ടോളം ഇതിന്റെ അലയൊലികൾ യൂറോപ്പിൽ നിലനിന്നു. ദേശരാഷ്ട്രങ്ങളുടെ രൂപീകരണവും മതപൌരോഹിത്യത്തിന്റെ തളർച്ചയും മാനവികതാവാദം ശക്തിപ്പെടുന്നതും ഇക്കാലത്താണ്. ഇത് വൻ വ്യാപാരവളർച്ചയുടെ കാലഘട്ടം കൂടിയായിരുന്നു. നവോത്ഥാന യൂറോപ്യൻ നാണയങ്ങളിൽ ക്ളാസ്സിക്കൽ ഭൂതകാലത്തിന്റെ പ്രചോദനം പ്രകടമായിരുന്നു. ദൈവത്തിനുപകരം മനുഷ്യകേന്ദ്രിതമായ തത്ത്വചിന്തയുടെ കാലമായിരുന്നു ഇത്. 14-ാം നൂറ്റാണ്ടുമുതൽ 17-ാം നൂറ്റാണ്ടുവരെയാണ് നവോത്ഥാനത്തിന്റെ കാലം.

ഇക്കാലത്ത് നാണയനിർമ്മാണ സാങ്കേതികവിദ്യയിലും കാര്യമായ പുരോഗതിയുണ്ടായിട്ടുണ്ട്. സ്ക്രുപ്രസ്സ്, റോളർപ്രസ്സ് തുടങ്ങിയവ ഇത്തരത്തിലുള്ള വികാസത്തിൽ ഉൾപ്പെടുന്നു. പുതിയ പുതിയ വ്യാപാരസീമകൾ കണ്ടെത്തിയും പുതിയ പുതിയ പ്രദേശങ്ങൾ കീഴ്പ്പെടുത്തിയും യൂറോപ്പ് അതിന്റെ സ്വാധീനശക്തി വർധിപ്പിച്ചുകൊണ്ടിരുന്നു. വ്യാപാരമുതലാളിത്തത്തിന്റെ (merchantile capitalism) വികാസവും തുടർന്ന് മുതലാളിത്തത്തിന്റെ രൂപപ്പെടലും നടന്നുകൊണ്ടിരിക്കുകയായിരുന്നു. സമ്പദ്ഘടന ഇതിനനുസൃതമായി പുനഃസംഘടിപ്പിക്കപ്പെടുകയും അതിന്റെ പ്രതിഫലനം നാണയങ്ങളിലും സൃഷ്ടിക്കപ്പെടുകയും ചെയ്തിട്ടുണ്ട്.

അമേരിക്ക, കാനഡ, ലാറ്റിനമേരിക്ക, ഇന്ത്യയുൾപ്പെടെയുള്ള പൌരസ്ത്യ രാജ്യങ്ങൾ തുടങ്ങിയ രാജ്യങ്ങളിലൊക്കെയും യൂറോപ്യൻ അധിനിവേശം നടക്കുകയുണ്ടായി. 16-ാം നൂറ്റാണ്ടിൽ ലാറ്റിനമേരിക്കൻ ആഫ്രിക്കൻ രാജ്യങ്ങളിൽ വൻതോതിൽ അമൂല്യലോഹശേഖരം കണ്ടെത്തപ്പെടുകയും അവ സ്പെയിൻ ചൂഷണം ചെയ്യാൻ ആരംഭിക്കുകയും ചെയ്തത് വർധിച്ച വ്യാപാരാവശ്യങ്ങൾക്കാവശ്യമായത്രയും നാണയങ്ങൾ നിർമ്മിക്കുന്നതിനും ലഭ്യമാക്കുന്നതിനും സഹായകരമായി മാറി. ഇത് യൂറോപ്യൻ അധിനിവേശശക്തികൾക്ക് ധനപരമായ പരിമിതി മറികടക്കുന്നതിനും, ഊർജസ്വലമായി മുന്നോട്ടുപോകുന്നതിനും കരുത്തു നല്കി.

ബുക്ക് കീപ്പീങ്, ബാങ്കിങ് സംവിധാനങ്ങൾ വ്യാപകമായത്, വലിയതുകകൾ കൈമാറുന്നതിന് ബിൽ സംവിധാനങ്ങൾ നിലവിൽ വന്നത്, യൂറോപ്യൻ കടലാസു പണത്തിന്റെ ആരംഭം, തുടങ്ങിയ കാര്യങ്ങൾ നാണയ വിനിമയരംഗത്ത് വൻ കുതിച്ചുചാട്ടംതന്നെ 17-ാം നൂറ്റാണ്ടിൽ സൃഷ്ടിച്ചു. ഇവ കൊളോണിയൽ അധിനിവേശത്തിനും മുതലാളിത്തത്തിന്റെ മുന്നേറ്റത്തിനും ശക്തി പകർന്ന ഘടകങ്ങളായിരുന്നു.

പതിനെട്ട്, പത്തൊൻപത് നൂറ്റാണ്ടുകളിലെ വ്യാവസായിക വിപ്ളവവും അതേത്തുടർന്നു രൂപപ്പെട്ട സാമ്പത്തിക, രാഷ്ട്രീയ മാറ്റങ്ങളും നാണയനിർമ്മാണത്തിൽ പ്രതിഫലിച്ചു. ജെയിംസ് വാട്ടിന്റെയും മാത്യൂ ബൌൾടന്റെയും സംയുക്ത ശ്രമഫലമായി നീരാവി ഉപയോഗിച്ചു പ്രവർത്തിക്കുന്ന യന്ത്രക്കമ്മട്ടം വികസിപ്പിച്ചെടുത്തു. ഇത് വൻതോതിൽ നാണയങ്ങൾ ഒന്നിച്ച് തയ്യാറാക്കുന്നതിന് സഹായകമായിത്തീർന്നു. ഈ സംവിധാനം യൂറോപ്പിൽ വ്യാപകമായി. പേപ്പർകറൻസികൾ ലോകത്താകമാനം പ്രചുരപ്രചാരം നേടുകയും, മുഖ്യവിനിമയോപാധിയായി മാറുകയും ചെയ്തു.

സാമ്പത്തിക പുരോഗതിക്കൊപ്പം ദേശരാഷ്ട്രസങ്കല്പം ശക്തിപ്പെടുകയും വ്യാപകമാവുകയും ചെയ്തു. ഇത് രാഷ്ട്രീയ മാറ്റങ്ങൾക്ക് തുടക്കമിട്ടു. അമേരിക്കൻ വിപ്ലവവും (1775-83) ഫ്രഞ്ച് വിപ്ലവവും (1789-99) ഇതിന് ഉദാഹരണമാണ്.

നെപ്പോളിയൻ III ലാറ്റിൻ മോണിറ്ററി യൂനിയൻ (1865) അന്താരാഷ്ട്രതലത്തിൽ ഏകീകൃത മാനക നാണയസംവിധാനം വികസിപ്പിക്കാൻ ശ്രമിച്ചു. പിന്നീട് മറ്റു പല മേഖലകളിലും ഈ ഫ്രഞ്ച് രീതി സ്വീകരിക്കപ്പെടുകയുണ്ടായി. ദേശീയവാദം യൂറോപ്പിലെ പല രാജ്യങ്ങളെയും സ്വതന്ത്രമാക്കുകയും അവിടങ്ങളിൽ പുതിയ നാണയസംവിധാനം വികസിച്ചുവരികയും ചെയ്തു.

ചിത്രശാല

തിരുത്തുക


 കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർ‌വ്വവിജ്ഞാനകോശത്തിലെ കറൻസി എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം.
"https://ml.wikipedia.org/w/index.php?title=കറൻസി&oldid=3605231" എന്ന താളിൽനിന്ന് ശേഖരിച്ചത്