കരുണാകര ഗുരു
ഈ ലേഖനം ഏതെങ്കിലും സ്രോതസ്സുകളിൽ നിന്നുള്ള വേണ്ടത്ര തെളിവുകൾ ഉൾക്കൊള്ളുന്നില്ല. ദയവായി യോഗ്യങ്ങളായ സ്രോതസ്സുകളിൽ നിന്നുമുള്ള അവലംബങ്ങൾ ചേർത്ത് ലേഖനം മെച്ചപ്പെടുത്തുക. അവലംബമില്ലാത്ത വസ്തുതകൾ ചോദ്യം ചെയ്യപ്പെടുകയും നീക്കപ്പെടുകയും ചെയ്തേക്കാം. |
ശാന്തിഗിരി ആശ്രമത്തിന്റെ സ്ഥാപകനായ ആത്മീയ ഗുരുവായിരുന്നു നവജ്യോതി ശ്രീ കരുണാകര ഗുരു. (ജ. 1927 സെപ്റ്റംബർ 1 - മ. 1999 മെയ് 6) ചേർത്തല, ചന്തിരൂരിൽ ജനിച്ച ഗുരു ജാതിമത വർണ്ണവർഗ്ഗ വ്യത്യാസങ്ങൾക്കതീതമായ ഒരു മാനവസമൂഹത്തെ വിഭാവനം ചെയ്തു. ഭാരതത്തിന്റെ തനതു ചികിത്സാശാസ്ത്രങ്ങളായ ആയുർവ്വേദത്തിനേയും സിദ്ധവൈദ്യത്തിനേയും ഉയർത്തിക്കൊണ്ട് വരുന്നതിനായി പ്രയത്നിച്ചു. ശാന്തിഗിരി ആയുർവ്വേദ മെഡിക്കൽ കോളജ്, ശാന്തിഗിരി സിദ്ധ മെഡിക്കൽ കോളജ്, നവജ്യോതി ശ്രീകരുണാകരഗുരു റിസർച്ച് സെന്റർ ഫോർ ആയുർവേദ & സിദ്ധ, ശാന്തിഗിരി ഹെൽത്ത് കെയർ റിസർച്ച് ഓർഗനൈസേഷൻ, ശാന്തിഗിരി ആയുർവ്വേദ വൈദ്യശാല, ശാന്തിഗിരി സിദ്ധ വൈദ്യശാല എന്നീ സ്ഥാപനങ്ങൾ ആരംഭിച്ചു
നവജ്യോതി ശ്രീകരുണാകരഗുരു | |
---|---|
ജനനം | 1927 സെപ്റ്റംബർ 1 birth_place = ചേർത്തല,ചന്തിരൂർ,കേരളം |
തൊഴിൽ | ആത്മീയ ഗുരു |
വെബ്സൈറ്റ് | http://www.santhigiriashram.org |
ജീവിതരേഖ
തിരുത്തുക1927 സെപ്തംബർ 1 ന് ആലപ്പുഴ ജില്ലയിൽ, ചേർത്തല താലൂക്കിൽ ചന്തിരൂരിൽ ഗോവിന്ദന്റേയും കാർത്ത്യായിനിയുടേയും മകനായാണ് കരുണാകരഗുരുവിന്റെ ജനനം. ഗുരുവിന് ഒമ്പതുമാസം പ്രായമുള്ളപ്പോൾ അച്ഛൻ ഗോവിന്ദൻ മരിച്ചു. ഗുരുവിന് പറയത്തക്കനിലയിലുള്ള യാതൊരു വിദ്യാഭ്യാസവും ലഭിച്ചിട്ടില്ല. കുറച്ചു നാൾ ആശാൻ കളരിയിൽ പോയിട്ടുണ്ട്. ആദ്യം പഠിപ്പിച്ചത് മാളിയേക്കൽ കുമാരനാശാനായിരുന്നു. പിന്നീട് പൂവത്തിൽ കുഞ്ഞൻ ആശാൻ. പന്ത്രണ്ടാമത്തെ വയസിൽ പഠിത്തം അവസാനിപ്പിച്ചു. പതിനാലാമത്തെ വയസ്സിൽ ആശ്രമം തേടിയുള്ള യാത്ര ആലുവ അദ്വൈതാശ്രമത്തിലെത്തിച്ചു. രണ്ടു വർഷം ആലുവ അദ്വൈതാശ്രമത്തിൽ അതിനു ശേഷം ശ്രീനാരായണഗുരുവിന്റെ സമാധിയായ ശിവഗിരിയിൽ എത്തിച്ചേർന്നു. ശിവഗിരിയിലും അതിന്റെ ഉപാശ്രമങ്ങളിലുമായി പതിനേഴു വർഷം യാതൊരു പ്രതിഫലവുമില്ലാതെ സേവനമനുഷ്ഠിച്ചു. ഇതിനിടെ, ആത്മീയതയുടെ പല കാണാപ്പുറങ്ങളും, തനിക്കു ലഭിച്ച ആത്മീയഗുരുവായ ഖുറേഷ്യ ഫക്കീർ എന്ന സൂഫി സന്യാസിവര്യനിൽനിന്നും ഗ്രഹിച്ചു. ശിവഗിരിയിൽനിന്നും പോന്നതിനു ശേഷം ശിവഗിരിക്കുന്നിന്റെ വടക്കുവശത്ത് ഒരു ഉദാരമനസ്കൻ ഒരു തുണ്ട് ഭൂമി ദാനം നൽകി അതിൽ പത്തു മടൽ ഓലയും കുറെ കപ്പത്തണ്ടുകളും കൊണ്ട് ഒരു കുടിൽ കെട്ടി അതിൽ താമസമാക്കി. കരുണാകരൻ ശാന്തി താമസിക്കുന്ന കുടിലിരിക്കുന്ന കുന്നിനെ ആളുകൾ ശാന്തിഗിരി എന്നു വിളിക്കാൻ തുടങ്ങി. അതായിരുന്നു ശാന്തിഗിരി ആശ്രമപ്രസ്ഥാനത്തിന്റെ തുടക്കം വർക്കല ശാന്തിഗിരിയിൽ ഇരുന്നുകൊണ്ട് ആത്മീയതയുടെ പലപടവുകളും ഗുരു കടന്നു. അതിനു ശേഷം അവധൂതനായി ഭാരതത്തിന്റെ പല ഭാഗങ്ങളിലും അലഞ്ഞു. വർക്കല ശാന്തിഗിരിയിൽ നിന്നും ഗുരു ഇടയ്ക്കിടക്ക് പോത്തൻകോട് വരാറുണ്ടായിരുന്നു. 1964-ൽ ഗംഗാധരൻ എന്നൊരാൾ ഗുരുവിന് കുറച്ച് ഭൂമി നൽകി. 1964-ൽ അവിടെ ഒരു ആശ്രമം പണിതു. അതാണ് പോത്തൻകോട് ശാന്തിഗിരി ആശ്രമത്തിന്റെ തുടക്കം (ആദ്യ നാമം-ഗുഹാനന്ദാശ്രമം) 1968 മുതൽ ഗുരു പോത്തൻകോട് സ്ഥിര താമസമാക്കി. 1999 മെയ് 6 രാത്രി 9.25ന് ഗുരു ആദി സങ്കൽപ്പത്തിൽ ലയിച്ചു. തുടർന്ന് ഗുരുസ്ഥാനീയ അഭിവന്ദ്യ ശിഷ്യപൂജിത അമൃത ജ്ഞാനതപസ്വിനിയിലൂടെ ശാന്തിഗിരി ആശ്രമം നയിക്കപ്പെടുന്നു.
സഹകരണമന്ദിരം
തിരുത്തുകസഹകരണം എന്ന ഉദ്ദേശം വിളംബരം ചെയ്തുകൊണ്ട് ശാന്തിഗിരി ആശ്രമത്തിൽ 1999 മാർച്ച് 1-ാം ൹ സഹകരണ മന്ദിരം ആശ്രമ വിശ്വാസികൾ ഗുരുവിനു സമർപ്പിച്ചു; ജാതി, മത, വർഗ്ഗ, വർണ്ണ വ്യത്യാസങ്ങൾക്കതീതമായ ചിന്തകളെ ഏകോപിപ്പിക്കുക എന്ന ലക്ഷ്യത്തോടെ.
പർണശാല
തിരുത്തുകനവജ്യോതി ശ്രീകരുണാകരഗുരുവിന്റെ ശിഷ്യരുടെ ആത്മസമർപ്പണത്തിന്റെ പ്രതീകമാണു ശാന്തിഗിരിയിലെ പർണ്ണശാല. ഈ പർണ്ണശാലയിലെ ശരകൂടത്തിനകത്താണു ഗുരുവിന്റെ ഭൗതികശരീരം അടക്കം ചെയ്തിരിക്കുന്നത്. പർണ്ണശാലയ്ക്കകത്തെ രത്നപീഠത്തിൽ സ്വർണ്ണത്തിൽ തീർത്ത ഗുരുവിന്റെ രൂപം പ്രതിഷ്ഠിച്ചിരിക്കുന്നു. വെണ്ണക്കല്ലിൽ തീർത്ത ഈ പർണ്ണശാല ഒരു വാസ്തുശില്പ വിസ്മയമാണ്.
നോവൽ
തിരുത്തുകഒ. വി. വിജയന്റെ ഗുരുസാഗരം, ധർമ്മപുരാണം എന്നീ നോവലുകൾക്ക് പ്രചോദനം കരുണാകരഗുരുവാണ്. കരുണാകരഗുരുവിനാണ് ഈ രണ്ട് നോവലുകളും സമർപ്പിച്ചിരിക്കുന്നത്.
അഭ്രപാളിയിൽ
തിരുത്തുകകരുണാകരഗുരുവിന്റെ അദ്ധ്യാപനങ്ങളിൽ ആകൃഷ്ടനായി ചലച്ചിത്രകാരൻ രാജീവ് അഞ്ചൽ സംവിധാനം നിർവഹിച്ച മലയാള ചലച്ചിത്രമാണ് ഗുരു.
വ്യക്തിരേഖകൾ
തിരുത്തുകകരുണാകരഗുരുവിന്റെ ആശയങ്ങളിൽ ആകൃഷ്ടനായ മുൻ രാഷ്ട്രപതി ശ്രീ കെ. ആർ. നാരായണൻ അദ്ദേഹത്തിന്റെ കുടുംബവീട് ഗുരുവിന് സമർപ്പിക്കുകയും അവിടെ ഭാരതത്തിന്റെ തനതു ചികിത്സാശാസ്ത്രങ്ങളായ ആയുർവ്വേദത്തിന്റേയും സിദ്ധത്തിന്റേയും ഗവേഷണശാല ആരംഭിക്കുകയും ചെയ്തു `