അദ്വൈത തത്ത്വം പ്രചരിപ്പിക്കുന്നതിനായി 1913-14 കാലഘട്ടത്തിൽ എറണാകുളം ജില്ലയിലെ ആലുവയിൽ ശ്രീനാരായണഗുരു സ്ഥാപിച്ച ആശ്രമമാണ് ആലുവ അദ്വൈതാശ്രമം.[1][2] സംസ്കൃതപഠനത്തിനായി ഒരു വിദ്യാലയവും അദ്ദേഹം സ്ഥാപിച്ചിരുന്നു. 1924-ലെ ശിവരാത്രി നാളിൽ അദ്വൈതാശ്രമത്തിൽ വച്ചാണ് ചരിത്രപ്രസിദ്ധമായ സർവ്വമതസമ്മേളനം നടന്നത്.

ചരിത്രം

തിരുത്തുക

1912 മേയ് 1-ന് വർക്കലയിൽ ശാരദാപ്രതിഷ്ഠ നടത്തിയതിനുശേഷം ആലുവയിൽ ഒരു ആശ്രമം സ്ഥാപിക്കുവാൻ ഗുരു തീരുമാനിച്ചു. ആശ്രമ നിർമ്മാണത്തിനായി ഗുരു തിരഞ്ഞെടുത്തത് പെരിയാറിന്റെ തീരത്ത് ശിവരാത്രി മണൽപ്പരപ്പിനു സമീപമുള്ള എഴ് ഏക്കർ സ്ഥലമായിരുന്നു.[2] അദ്ദേഹത്തിന്റെ അനുയായികളിൽ നിന്നു ശേഖരിച്ച പണം ഉപയോഗിച്ച് സ്ഥലം വാങ്ങിയതിനുശേഷം ആദ്യമൊരു പർണ്ണശാല കെട്ടി. അതിനുശേഷം ഒരു മഠം സ്ഥാപിച്ചു. ജാതിമത പരിഗണനകളില്ലാതെ വിദ്യാർഥികൾക്കു സംസ്കൃതം പഠിക്കുവാനായി ഒരു വിദ്യാലയവും നിർമ്മിച്ചു. ഈ വിദ്യാലയം പിന്നീട് ശ്രീനാരായണാ ധർമ്മ പരിപാലന ഹയർസെക്കൻഡറി സ്കൂളിന്റെ ഭാഗമായി.[2]

സർവ്വ മതസമ്മേളനം

തിരുത്തുക

ആലുവാ അദ്വൈതാശ്രമം പ്രശസ്തിയിലേക്ക് ഉയർന്നത് 1924-ലാണ്. അതേവർഷം ശിവരാത്രി ദിനത്തിൽ ആശ്രമത്തോടു ചേർന്നുള്ള പന്തലിൽ വച്ച് ചരിത്രപ്രസിദ്ധമായ സർവമത സമ്മേളനം നടന്നു. പൗരസ്ത്യ രാജ്യങ്ങളിൽ നടന്ന ആദ്യത്തെ സർവമതസമ്മേളനമായിരുന്നു അത്.[2] ടി. സദാശിവ അയ്യരാണ് സമ്മേളനത്തിന്റെ അധ്യക്ഷസ്ഥാനം നിർവ്വഹിച്ചത്. ക്രിസ്തുമതം, ബുദ്ധമതം, ഇസ്ലാം മതം, ബ്രഹ്മ സമാജം, ആര്യസമാജം എന്നിവയെ പ്രതിനിധീകരിച്ചുകൊണ്ട് പണ്ഡിതൻമാർ പ്രസംഗിച്ചു. പന്തലിന്റെ പ്രവേശന കവാടത്തിനു മുകളിൽ സമ്മേളനത്തിന്റെ ആപ്തവാക്യം വാദിക്കാനും ജയിക്കാനുമല്ല, അറിയാനും അറിയിക്കാനും എന്നത് ആലേഖനം ചെയ്തിരുന്നു.[2]

ശതാബ്ദി ആഘോഷം

തിരുത്തുക

2013 ഓഗസ്റ്റ് 12-ന്, ആശ്രമം സ്ഥാപിച്ചതിന്റെ നൂറാം വാർഷിക ആഘോഷങ്ങൾ നടന്നു.[1]

  1. 1.0 1.1 "Centenary celebration in Aluva-where Narayana guru found peace". The Hindu. 2013 ഓഗസ്റ്റ് 13. Archived from the original on 2016-05-16. Retrieved 2016 മേയ് 16. {{cite web}}: Check date values in: |accessdate= and |date= (help)
  2. 2.0 2.1 2.2 2.3 2.4 എസ്. പ്രഭാകരൻ, പേരൂർ (2009). "ആലുവാ അദ്വൈതാശ്രമം". വിശ്വമഹാ ഗുരുദേവൻ. തിരുവനന്തപുരം: പ്രശാന്തി പബ്ലിഷേഴ്സ്. pp. 192–193. ISBN 9788189823016. {{cite book}}: Cite has empty unknown parameter: |coauthors= (help); Unknown parameter |month= ignored (help)

പുറംകണ്ണികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=ആലുവ_അദ്വൈതാശ്രമം&oldid=3970982" എന്ന താളിൽനിന്ന് ശേഖരിച്ചത്