കരപ്പുറം രാജ്യം
പുരാതന കേരളത്തിലെ ഒരു നാട്ടുരാജ്യമാണ് കരപ്പുറം രാജ്യം. പുത്തേടത്ത്, ഇല്ലേടത്ത് എന്നീ രണ്ട് ചെറു പ്രദേശങ്ങൾ ചേർന്നതായിരുന്നു കരപ്പുറം (ഇപ്പോഴത്തെ ചേർത്തല താലൂക്ക്).[1] തെക്ക് പുറക്കാടു മുതൽ വടക്ക് പള്ളുരുത്തി വരെ ഈ രാജ്യം വ്യാപിച്ചിരുന്നു. കരപ്പുറം കൈമൾ എന്നായിരുന്നു നാടുവാഴി അറിയപ്പെട്ടിരുന്നത് ; [2]കൊച്ചിരാജവംശത്തിന്റെ ‘മാടത്തിങ്കൽ’ ശാഖയുടെ ആസ്ഥാനമായ മാടത്തിൻ കര ,കരപ്പുറത്തായിരുന്നു. [3]
ആധുനിക തിരുവതാംകൂറിന്റെ ശില്പിയായ മാർത്താണ്ഡവർമ്മ മഹാരാജാവ് കായംകുളം, അമ്പലപ്പുഴ, തെക്കുംകൂർ, വടക്കുംകൂർ, എന്നിവയ്ക്കൊപ്പം കരപ്പുറം രാജ്യവും തിരുവിതാംകൂറിനോട് സംയോജിപ്പിച്ചുവെങ്കിലും പിന്നീടിത് ഒരു നോമാൻസ് ലാൻഡ് ആയി നിലനിർത്തേണ്ടിവന്നു. കൊച്ചിക്കും തിരുവിതാംകൂറിനും ഇടയിലുണ്ടായിരുന്ന കരപ്പുറത്ത് രണ്ടു രാജ്യങ്ങൾക്കും അവകാശമില്ലാത്ത സാഹചര്യമുണ്ടായി. മാർത്താണ്ഡവർമ നടത്തിയ പടയോട്ടത്തിന്റെ ഫലമായാണ് ഇരു രാജ്യങ്ങൾക്കുമിടയിൽ ഇങ്ങനെ ഒരു 'നോമാൻസ് ലാൻഡ്' രൂപംകൊണ്ടത്.
കന്യാകുമാരി മുതൽ വടക്കോട്ടുള്ള ചെറുരാജ്യങ്ങളെ കീഴടക്കിയ മാർത്താണ്ഡവർമ, ചെമ്പകശ്ശേരി പിടിച്ചടക്കാനായെത്തി. പുറക്കാട് തുറമുഖം ആദ്യം പിടിച്ചെടുത്തു. പോർച്ചുഗീസുകാരുടെയോ ഡച്ചുകാരുടേയോ സഹായം ചെമ്പകശ്ശേരി രാജാവിന് എത്തുന്നത് തടയുകയായിരുന്നു ഇതിലൂടെ ലക്ഷ്യമിട്ടത്. മാർത്താണ്ഡവർമയുടെ ചെമ്പകശ്ശേരി രാജാവിനെ കീഴടക്കിയെങ്കിലും, ബ്രാഹ്മണശാപം ഭയന്ന് അദ്ദേഹത്തെ വിട്ടയയ്ക്കാൻ ഉത്തരവിട്ടു. എന്നാൽ, രാജ്യമില്ലാതെ ഒരു തടവുകാരനെപ്പോലെ കഴിയാൻ ആഗ്രഹമില്ലെന്നു ശഠിച്ച് ചെമ്പകശ്ശേരി രാജാവ് മാർത്താണ്ഡവർമയുടെ വഴിമുടക്കി നിരാഹാരമാരംഭിച്ചു. വെറും തോർത്തുമുണ്ട് മാത്രം ഉടുത്ത് നിരാഹാരമിരിക്കുന്ന ചെമ്പകശ്ശേരി രാജാവിന്റെ ആരോഗ്യനില വഷളാകാൻ തുടങ്ങിയതോടെ, ഇദ്ദേഹത്തെ ഏറ്റെടുക്കാൻ കൊച്ചിരാജാവിനോടഭ്യർത്ഥിച്ചു. ചർച്ചയിൽ ചെമ്പകശ്ശേരി രാജാവിനെ ഏറ്റെടുക്കുന്നതിന് പകരമായി ഫലഭൂയിഷ്ടമായ 'കരപ്പുറം' കൊച്ചിക്ക് വിട്ടുകൊടുക്കാനാവശ്യപ്പെട്ടു. എന്നാൽ, മാർത്താണ്ഡവർമയ്ക്ക് ഇതംഗീകരിക്കാൻ സാധിച്ചില്ല. പട്ടിണികിടക്കുന്ന ചെമ്പകശ്ശേരി രാജാവ് മരണപ്പെട്ടാൽ ബ്രാഹ്മണശാപമേറ്റെങ്കിലോ എന്ന് ഭയന്ന കൊച്ചിരാജാവ്, ഒരു നിബന്ധന വച്ച് ചെമ്പകശ്ശേരി രാജാവിനെ എറ്റെടുത്തു. 'തിരുവിതാംകൂർ രാജാക്കൻമാരോ കൊച്ചി രാജാക്കൻമാരോ കരപ്പുറം പ്രദേശത്ത് കടക്കരുത്. ഇത് ലംഘിക്കുന്നയാൾക്ക് രാജ്യം നഷ്ടപ്പെടും. എതിർ വിഭാഗത്തിന്റെ രാജ്യത്ത് കരപ്പുറം ലയിക്കും' എന്നതായിരുന്നു ഉടമ്പടി.
ധർമരാജാവിന് ശേഷം തിരുവിതാംകൂർ ഭരണാധികാരിയായ ബാലരാമവർമയെ സ്വാധീനിച്ച് ജയന്തൻ നമ്പൂതിരി കരപ്പുറത്തിന്റെ അവകാശം കൊച്ചിക്കായി നേടിയെടുക്കാൻ ശ്രമിച്ചുവെങ്കിലും ദിവാൻ രാജാ കേശവദാസ് ആ ശ്രമത്തെ തടയുകയും കരപ്പുറത്തെ പൂർണമായി തിരുവിതാംകൂറിനോടു ചേർത്ത് വിളംബരമിറക്കുകയും ചെയ്തു. എങ്കിലും പിൽക്കാല തിരുവിതാംകൂർ രാജാക്കൻമാർ, തങ്ങളുടെ പൂർവികനായ മാർത്താണ്ഡവർമ കൊച്ചി രാജാവുമുണ്ടാക്കിയ കരാർ പാലിക്കുന്നതിനായി, കരപ്പുറം പ്രദേശം സന്ദർശിച്ചില്ല.
അവലംബം
തിരുത്തുക- ↑ "ചരിത്രം | ആലപ്പുഴ ജില്ല, കേരള സർക്കാർ | India". Retrieved 2021-07-01.
- ↑ "Dutch in Kerala - Glimpses of World History through Kerala and Dutch". Retrieved 2024-09-19.
- ↑ "ഒരു നിരാഹാരവും നോമാൻസ് ലാൻഡും" (in ഇംഗ്ലീഷ്). Archived from the original on 2021-07-09. Retrieved 2021-07-01.