തിരുവിതാംകൂറിന്റെ ചരിത്രത്തിലും കേരളത്തിന്റെ പൊതുവായ ചരിത്രത്തിലും സ്ഥാനമുള്ള ഒരു ചരിത്രപുരുഷനാണ്‌ ജയന്തൻ നമ്പൂതിരി. തിരുവിതാംകൂർ ദളവ രാജാ കേശവദാസിനുശേഷം സർവ്വാധികാരസ്ഥാനത്തേക്ക് നിയമിതാവുകയും തിരുവിതാംകൂർ ചരിത്രത്തിൽ തന്റെ സ്ഥാനം ഉറപ്പിക്കുകയും ചെയ്ത പ്രമുഖൻ. ഏറ്റവും ഉയർന്ന ഉദ്യോഗസ്ഥപദവിയായ ദളവാ സ്ഥാനത്തേക്ക് അതിശയിപ്പിക്കുന്ന വേഗതയിലായിരുന്നു ജയന്തൻ നമ്പൂതിരിയുടെ ഉയർച്ച. അന്ന് രാജ്യം ഭരിച്ചിരുന്ന ബാലരാമവർമ്മ രാജാവാണ് അദ്ദേഹത്തെ സർവ്വാധികാരപദവിയിലേക്ക് ഉയർത്തിയത്. ഇതിനു അന്നത്തെ ബ്രിട്ടീഷ് വൈസ്രോയിയുടെ പൂർണ്ണ പിന്തുണയില്ലായിരുന്നതായി പല ചരിത്രകാരന്മാരും കരുതുന്നുണ്ട്. തിരുവിതാംകൂർ ചരിത്രത്തിൽ ജയന്തൻ നമ്പൂതിരി ഭരണം ശോഭയേറിയതായിരുന്നില്ല എന്നാണ് ചരിത്രകാരന്മാരുടെ പൊതു അഭിപ്രായം.[1] [2] [3]

ജീവിതരേഖ

തിരുത്തുക

മൈസൂർ സുൽത്താനായിരുന്ന ടിപ്പുവിന്റെ പടയോട്ടത്തിൽ നിന്നും രക്ഷപെട്ട് മലബാറിൽ നിന്നും തിരുവിതാംകൂറിൽ കുടിയേറി പാർത്ത നമ്പൂതിരിയായിരുന്നു ജയന്തൻ[4]. സാമൂതിരിയുടെ കൊട്ടാരത്തിൽ പ്രവർത്തിച്ചിരുന്ന അദ്ദേഹത്തിനു പെട്ടെന്നു തന്നെ തിരുവിതാകൂർ രാജവംശവുമായും നല്ല ബന്ധം ഉണ്ടാക്കുവാൻ സാധിച്ചു.

ധർമ്മരാജാവിനുശേഷം

തിരുത്തുക

1798 ഫെബ്രുവരി 17 നു കാർത്തിക തിരുനാൾ രാമവർമ്മ രാജാവ് നാടുനീങ്ങിയപ്പോൾ 16 വയസ്സുണ്ടായിരുന്ന അവിട്ടം തിരുനാൾ ബാലരാമവർമ്മ രാജാവ് സ്ഥാനാരോഹണം ചെയ്തു.[5] [6] [7] തിരുവിതാം‌കൂർ രാജാക്കന്മാരുടെ വംശപരമ്പരയിൽ ഏറ്റവും ദുർ‌ബലനും ഭരണകാര്യങ്ങളിൽ അറിവും വിവേകവും കുറഞ്ഞവനുമായാണ്‌ അവിട്ടം തിരുനാൾ രാജാവിനെ ചരിത്രകാരന്മാർ കാണുന്നത്. ചെറുപ്പത്തിൽ തന്നെ അധികാരസ്ഥനായ അദ്ദേഹം ഏതാനും കൊട്ടാര സേവകന്മാരുടെ വശം‌വദനായാണ്‌ ഭരണം നിർ‌വ്വഹിച്ചിരുന്നത്.[1]അദ്ദേഹം സ്ഥാനമേറ്റ ആദ്യകാലത്താണ്‌ വേലുത്തമ്പി കൊട്ടാരത്തിലെ കാര്യക്കാരനായി നിയമിതനാകുന്നത്. പ്രായം കുറഞ്ഞവനും ദുർബലനുമായിരുന്നു രാജാവെങ്കിലും ശക്തനായ രാജാ കേശവദാസ് ദിവാനായി ഉണ്ടായിരുന്നു എന്നതായിരുന്നു ജനങ്ങളുടേ ആശ്വാസം.

സ്ഥാനക്കയറ്റം

തിരുത്തുക

അവിട്ടം തിരുനാൾ മഹാരാജാവായതിനുശേഷം അധികം താമസിയാതെ രാജാ കേശവദാസൻ അന്തരിച്ചു (1799-ൽ)[8]. ഭരണത്തിലെ തകർച്ച കണ്ട് ആത്മഹത്യ ചെയ്തതാണെന്നും അതല്ല മഹാരാജാവിന്റെ ഉപജാപകവൃന്ദത്തിലെ പ്രധാനിയായിരുന്ന ജയന്തൻ നമ്പൂതിരിയുടെ [2] ആളുകൾ വിഷം കൊടുത്തു കൊന്നതാണെന്നും വാദങ്ങൾ ഉണ്ട്. തുടർന്ന് ജയന്തൻ നമ്പൂതിരിയെ സർ‌വ്വാധികാര്യക്കാരനായി നിയമിച്ചു. ദിവാനെ തിരഞ്ഞെടുക്കുന്നതിനായി ഇംഗ്ലീഷുകാരുടെ സഹായം തേടണമെന്ന ബ്രിട്ടീഷ് വൈസ്രോയിയായിരുന്ന വെല്ലസ്ലി പ്രഭുവിന്റെ നിർദ്ദേശം ഉണ്ടായിരുന്നതിനാൽ ദിവാൻ സ്ഥാനത്തേക്ക് ജയന്തനെ നിയമിച്ചില്ല. എങ്കിലും ദളവയുടെ സകല അധികാരങ്ങളും അദ്ദേഹത്തിനു നൽകി. ഇക്കൂട്ടത്തിൽ തലക്കുളത്തു ശങ്കരനാരായണൻ ചെട്ടിയെ വലിയ മേലെഴുത്തായും, തച്ചിൽ മാത്തൂത്തരകനെ മുഖ്യ ഉപദേഷ്ടാവായും നിയമിച്ചിരുന്നു. എന്നാൽ ഇതെല്ലാം അന്നത്തെ റസിഡന്റിനോട് കൂടിയാലോചിച്ച് എടുത്ത നിയമനമല്ലാത്തതിനാൽ ഇംഗ്ലീഷുകാർ രാജാവിനു വലിയൊരു തലവേദനയായിരുന്നു. [9]

ദളവാ ഭരണം

തിരുത്തുക

ജയന്തൻ നമ്പൂതിരിയുടെ ഭരണത്തെപ്പറ്റി ശ്രീധരമേനോൻ തുടങ്ങിയ തിരുവിതാംകൂർ ചരിത്രകാരന്മാർ മോശമായാണ്‌ ചിത്രീകരിച്ചിരിക്കുന്നത്. ശങ്കരനാരായണനും, തരകനും ജയന്തൻ നമ്പൂതിരിയുടെ സഹായത്തിനുണ്ടായിരുന്നു. ഈ മൂന്നുപേരുടെ കീഴിലുള്ള ദുർഭരണം നിമിത്തം ജനങ്ങൾ പൊറുതിമുട്ടിയത്രെ.തരകൻ സാധനങ്ങളുടെ വില വർദ്ധിപ്പിക്കുകയും, ശങ്കരനാരായണൻ നിലങ്ങൾ പലതും സ്വന്തം പേരിലാക്കുകയും ചെയ്തു. ഉപ്പിന്റെ വില വരെ വർദ്ധിപ്പിക്കുകയുണ്ടായതായി ചരിത്രകാരനായ വി. ആർ പരമേശ്വരപിള്ള എഴുതിയിട്ടുണ്ട്. [10] എന്നാൽ ഇത് വെറും 25 ദിവസത്തെ മാത്രം ഭരണമായിരുന്നവെന്നും, ഇതിനെതിരെ വേലുത്തമ്പി ജനങ്ങളെ ലഹളക്ക് പ്രേരിപ്പിക്കുകയും ജയന്തനെ തത്സ്ഥാനത്തുനിന്നും മാറ്റാൻ ഒരു പരിധിവരെ വിജയിക്കുകയും ചെയ്തു.

മറ്റൊരു അഭിപ്രായപ്രകാരം ജയന്തൻ നമ്പൂതിരി ഭരണമേറ്റകാലത്ത് രാജഭണ്ഡാരത്തിൽ പണമില്ലായിരുന്നു. അതിനാൽ ദൂർത്തടിക്കുന്നതിനെക്കുറിച്ചുള്ള ആരോപണം ശരിയല്ലയെന്നും, ടിപ്പുവിന്റെ പടയോട്ടത്തെ ചെറുക്കാനായി പണം സമ്പാദിച്ചത് തന്നെ മാത്തൂത്തരകൻ എന്ന വ്യാപാരിയിൽ നിന്ന് കടം വാങ്ങിയ 15 ലക്ഷം രൂപ മൂലമാണ്‌ അതിനു പ്രത്യുപകാരമായാണ്‌ രാജാവ് അദ്ദേഹത്തെ ഉപദേഷ്ടാവായി നിയമിച്ചതത്രേ. ഈ പണം തിരികെ കൊടുക്കേണ്ടതിനുവേണ്ടിയും രാജഭണ്ഡാരം ശക്തമാക്കുന്നതിനായും ജയന്തൻ ശങ്കരൻ നമ്പൂതിരി ജനങ്ങളിൽ നിന്ന് സംഭാവന പിരിക്കാൻ തീരുമാനിച്ചത്. ഈ സംഭാവനയ്ക്കെതിരെ സവർണ്ണരായ വ്യാപാരികൾ പ്രതിഷേധിച്ചു.[11] [12]

വേലുത്തമ്പിയുടെ എതിർപ്പ്

തിരുത്തുക
 
വേലുതമ്പി

വേലുത്തമ്പിക്ക് സംഭാവനയായി പിരിച്ച് അടക്കേണ്ടിയിരുന്ന തുക 20000 കൂലിപ്പണമാണ്‌ (5000 രൂപ). അദ്ദേഹം ഇതടക്കാനായി അല്പം സാവകാശം അനുവദിച്ച് രേഖ എഴുതി വാങ്ങിച്ചു, പിരിവുദ്യോഗസ്ഥന്മാർ അദ്ദേഹത്തെ വിട്ടയച്ചുവത്രേ. [13] എന്നാൽ തമ്പി സംഭാവന അടക്കാൻ വഴി ആലോചിക്കുന്നതിനു പകരമായി നാട്ടിലെത്തി നമ്പൂതിരി ഭരണത്തിനെതിരെ ഗ്രാമത്തലവന്മാരോട് സംഘടിക്കുവാനഭ്യർത്ഥിച്ചു. നമ്പൂതിരി ഭരണത്തെ ഭയപ്പെട്ടിരുന്ന പണക്കാർ എല്ലാവരും അദ്ദേഹത്തിനു സഹായം വാഗ്ദാനം ചെയ്യുകയും ഉണ്ടായി.

വേലുത്തമ്പിയുടെ നേതൃത്വത്തിൽ ജനങ്ങൾ ലഹളക്ക് തയ്യാറായി വന്നതോടെ ബാലരാമവർമ്മ രാജാവിനു ഗത്യന്തരമില്ലാതാവുകയും, ദളവായായിരുന്ന ജയന്തൻ നമ്പൂതിരിയെ നാടുകടത്താൻ നിർദ്ദേശിക്കുകയും ചെയ്തു. കൂട്ടത്തിൽ അന്നു ലഹളയിൽ പങ്കെടുത്ത രാജ്യത്തിലെ പ്രമാണിമാരെ പലരേയും ഉയർന്ന സ്ഥാനത്തേക്ക് നിയമിക്കുകയും ചെയ്തു.

ലഹളക്കാരുമായുള്ള വ്യവസ്ഥകൾ

തിരുത്തുക

വേലുത്തമ്പിയുടെ നേതൃത്വത്തിലുള്ള ലഹളക്കാർ നാലു വ്യവസ്ഥകൾ രാജാവിനെകൊണ്ട് സമ്മതിപ്പിക്കാൻ സാധിച്ചു. രാജാവ് എല്ലാവ്യവസ്ഥകളും അംഗീകരിക്കുകയും ബ്രിട്ടീഷ് സൈന്യം അതിനുള്ള ഒത്താശകൾ ചെയ്തുകൊടുക്കുകയും ചെയ്തു.

  1. വലിയ സർവധികാര്യക്കാരായ ജയന്തൻ ശങ്കരൻ നമ്പൂതിരിയെ ഉടൻ പിരിച്ചു വിടുകയും നാടുകടത്തുകയും ചെയ്യുക.
  2. അദ്ദേഹത്തെ യാതൊരു കാരണവശാലും രാജാവ് തിരിച്ച് വിളിപ്പിക്കില്ല എന്ന് വിളംബരം പുറപ്പെടുവിക്കുക.
  3. ശങ്കരനാരായണൻ ചെട്ടിയേയും, മാത്തൂ ത്തരകനേയും പൊതു നിരത്തിൽവെച്ച് ശിക്ഷിച്ച്, ഇരുവരുടേയും ചെവി അറത്തു കളയുക.
  4. ഉപ്പു നികുതി തുടങ്ങിയ ജനദ്രോഹ നികുതികൾ നിർത്തലാക്കുക.


രാജാവ് ഇതെല്ലാം അംഗീകരിക്കുകയും ഉപ്പിന്റേയും, നാളികേരത്തിന്റേയും, പരുത്തിയുടേയും, നിലക്കടലയുടേയും തീരുവ (നികുതി) പകുതിയായി കുറക്കുകയും ചെയ്തു. ലഹളക്കാരിൽ പ്രധാനികളുടെ ആവശ്യപ്രകാരം ചിറയിൻകീഴ് അയ്യപ്പൻ ചെമ്പകരാമൻ പിള്ളയെ വലിയ സർവാധികാര്യക്കാരനായി ജയന്തൻ നമ്പൂതിരിക്ക് പകരം നിയമിച്ചു. അതുപോലെതന്നെ മുളക് മടിശ്ശീല സർവാധികാര്യക്കാരായി (ധനകാര്യമന്ത്രി) വേലുത്തമ്പിയെ നിയമിക്കുകയും ചെയ്തു.[14]

നാടുകടത്തൽ

തിരുത്തുക

വേലു തമ്പിയുടെ നേതൃത്തത്തിലുണ്ടായ ആഭ്യന്തര ലഹളയിൽ കോഴിക്കോടു നിന്നും തിരുവിതാംകൂറിൽ കുടിയേറിവന്ന ജയന്തൻ ശങ്കരൻ നമ്പൂതിരിയെ ആരുവാമൊഴി കടത്തിവിട്ട് നാടുകടത്തുകയും, രാജ്യം മുഴുവനും അതു വിളംബരം ചെയ്യുകയും ചെയ്തു.

  1. കേരള ചരിത്രം - എ. ശ്രീധരമേനോൻ, ഡി.സി. ബുക്സ്
  2. തിരുവിതാംകൂർ ചരിത്രം -- പി.ശങ്കുണ്ണി മേനോൻ
  3. തിരുവനന്തപുരത്തിന്റെ ഇതിഹാസം -- പട്ടം ജി.രാമചന്ദ്രൻ നായർ
  4. കേരള ചരിത്രം - എ. ശ്രീധരമേനോൻ, ഡി.സി. ബുക്സ്
  5. കേരള ചരിത്രം - എ. ശ്രീധരമേനോൻ, ഡി.സി. ബുക്സ്
  6. തിരുവിതാംകൂർ ചരിത്രം -- പി.ശങ്കുണ്ണി മേനോൻ
  7. തിരുവനന്തപുരത്തിന്റെ ഇതിഹാസം -- പട്ടം ജി.രാമചന്ദ്രൻ നായർ
  8. തിരുവനന്തപുരത്തിന്റെ ഇതിഹാസം -- പട്ടം ജി.രാമചന്ദ്രൻ നായർ
  9. തിരുവിതാംകൂർ ചരിത്രം -- പി.ശങ്കുണ്ണി മേനോൻ
  10. വി.ആർ. പരമേശ്വരൻ പിള്ള
  11. ദി ട്രാവങ്കൂർ സ്റ്റേറ്റ് മാനുവൽ -- എക്ണോമിക്സ് അഫൈർസ് -- നാഗമയ്യ
  12. ദി ട്രാവങ്കൂർ സ്റ്റേറ്റ് മാനുവൽ -- വാല്യം രണ്ട് -- ടി.കെ. വേലു പിള്ള
  13. കേരള ചരിത്രം - എ. ശ്രീധരമേനോൻ, ഡി.സി. ബുക്സ്
  14. വേലുത്തമ്പി ദളവ -- ജോസഫ് ചാഴിക്കാടൻ