ഉരഗ വർഗ്ഗത്തിൽ പെടുന്ന പല്ലി കുടുംബത്തിലെ ഒരു ജീവിയാണ്‌ ഓന്ത്. അത് നിൽക്കുന്ന പ്രതലത്തിന്റെ നിറത്തിനനുസരിച്ച് നിറം മാറുവാനുള്ള കഴിവ് ഈ ജീവികൾക്കുണ്ട്. വിരലുകൾ മുന്നിലേയ്ക്കും രണ്ടെണ്ണം പിന്നിലേയ്ക്കും തിരിഞ്ഞിരിക്കുക (zygodacty). ഇവയുടെ കണ്ണുകൾ ഒരുമിച്ചല്ലാതെ പ്രത്യേകമായി ചലിപ്പിക്കാവുന്നതാണ്. ദൃശ്യമാകുന്ന വസ്തുക്കളുടെ അകലം മനസ്സിലാക്കാനുള്ള കഴിവും (stereoscopic vision) കണ്ണുകൾക്കുണ്ട്. നാക്കുകൾ നീളമുള്ളതും വേഗത്തിൽ പുറത്തേയ്ക്കുനീട്ടി ഇരയെപ്പിടിക്കാൻ സാധിക്കുന്നതുമാണ്. പലയിനം ഓന്തുകൾക്കും ചുറ്റിപ്പിടിക്കാൻ സാധിക്കുന്ന (prehensile) വാലുണ്ട്. സാധാരണഗതിയിൽ ആടിയാടിയാണ് നടത്തം. ശിരസ്സിൽ കൊമ്പോ വരമ്പുകളോ പോലുള്ള ഭാഗങ്ങളുണ്ടാകും. മരം കയറുന്നതിനും കാഴ്ച്ചയെ ആശ്രയിച്ച് ഇരപിടിക്കുന്നതിനും പരിണാമത്തിലൂടെ കഴിവുകൾ നേടിയ ജീവിവർഗ്ഗമാണ് ഓന്തുകൾ. ഓന്തുകളുടെ 160 സ്പീഷീസുകൾ ആഫ്രിക്ക, മഡഗാസ്കർ, സ്പെയിൻ, പോർച്ചുഗൽ, ഏഷ്യയുടെ തെക്കൻ ഭാഗങ്ങൾ, ശ്രീ ലങ്ക എന്നിവിടങ്ങളിൽ കാണപ്പെടുന്നു. ഹവായി, കാലിഫോർണിയ, ഫ്ലോറിഡ എന്നിവിടങ്ങൾ ഇവയുടെ സ്വാഭാവിക വാസസ്ഥലങ്ങളല്ലെങ്കിലും അവിടെയും ഓന്തുകൾ എത്തിപ്പെട്ടിട്ടുണ്ട്. മഴക്കാടുകൾ മുതൽ മരുഭൂമി വരെയുള്ള പ്രദേശങ്ങളിൽ ഓന്തുകളെ കാണാറുണ്ട്. ഇവയെ വളർത്തുമൃഗങ്ങൾ എന്ന നിലയിൽ വീടുകളിൽ സൂക്ഷിക്കാറുമുണ്ട്.

ഓന്ത്
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
Phylum:
Class:
Order:
Suborder:
Family:
Chamaeleonidae
Genera

Bradypodion
Calumma
Chamaeleo
Furcifer
Kinyongia
Nadzikambia
Brookesia
Rieppeleon
Rhampholeon

ഓന്ത്
ഓന്ത്-തലയുടെ സമീപദൃശ്യം
പച്ച നിറം പ്രദർശിപ്പിച്ച് നിൽക്കുന്ന ഒരു ഓന്ത്.

പരിണാമം

തിരുത്തുക

അറിവുള്ളതിൽ ഏറ്റവും പഴയ ഓന്ത് ആൻക്വിഗോസോറസ് ബ്രെവിസെഫാലസ് എന്നയിനമാണ്. പാലിയോസീൻ യുഗത്തിന്റെ മദ്ധ്യത്തിൽ (ഉദ്ദേശം 5.87 മുതൽ 6.17 കോടി വർഷങ്ങൾ മുൻപ്) ചൈനയിലായിരുന്നു ഈ ഓന്ത് ജീവിച്ചിരുന്നത്. [1]

ഓന്തുകൾ ഇതിനും വളരെ മുൻപ് ഭൂമിയിലുണ്ടായിരുന്നിരിക്കണം. ഇഗ്വാനകൾക്കും ഇവയ്ക്കും പൊതുവായ ഒരു പൂർവ്വികർ 10 കോടി വർഷങ്ങൾക്കുമുൻപ് ഉണ്ടായിരുന്നിരിക്കണം. ഫോസിലുകൾ ആഫ്രിക്ക, യൂറോപ്പ്, ഏഷ്യ എന്നിവിടങ്ങളിൽ നിന്ന് ലഭിച്ചിട്ടുള്ളതുകൊണ്ട് ഓന്തുകൾ പണ്ട് ഇന്നത്തേയ്ക്കാൾ കൂടുതൽ സ്ഥലങ്ങളിൽ കാണപ്പെട്ടിരുന്നുവെന്ന് അനുമാനിക്കാം. നിലവിലുള്ളതിന്റെ പകുതിയോളം സ്പീഷീസ് ഓന്തുകളെയും കാണപ്പെടുന്നത് മഡഗാസ്കറിലാണ്. എന്നാൽ ഓന്തുകൾ അവിടെ പരിണമിച്ചുണ്ടായതായിരിക്കാം എന്ന വാദഗതിക്ക് ഒരടിസ്ഥാനവുമില്ല. [2]

ഇരപിടിക്കൽ

തിരുത്തുക
 
നാവിന്റെ ഘടന

നാവ് മുന്നിലേയ്ക്ക് തെറിപ്പിച്ചാണ് ഓന്തുകൾ ഇരപിടിക്കുന്നത്. വാല് ഒഴിവാക്കിയാലുള്ള ശരീരത്തിന്റെ നീളത്തിന്റെ ഒന്നര മുതൽ രണ്ടിരട്ടിവരെ നീളമുണ്ടാകും ഓന്തിന്റെ നാവിന്. ചെറിയ ഇനം ഓന്തുകൾക്കും വലിയ ഇനം ഓന്തുകളിലെ ചെറിയവയ്ക്കും താരതമ്യേന നീളം കൂടുതലുള്ള നാവാണുള്ളത്. [3] ശരീരത്തിന്റെ നീളം അളവുകോലായെടുത്താൽ ചെറിയ ഓന്തുകൾക്ക് ശരീരത്തിന്റെ രണ്ടിരട്ടിയിലധികം ദൂരത്തുള്ള ഇരകളെയും പിടിക്കാൻ സാധിക്കുമത്രേ. [4]

നാവുനീട്ടാനുള്ള സംവിധാനത്തിൽന്റെ ഭാഗങ്ങൾ മാറ്റം വന്ന ഹയോയ്ഡ് അസ്ഥിയും, നാവിലെ പേശികളും കൊളാജൻ എന്ന ഘടകവുമാണ്.[5][6][3] ഹയോയ്ഡ് അസ്ഥിയിൽ എന്റോഗ്ലോസൽ പ്രോസസ്സ് (entoglossal process) എന്ന കുഴലിന്റെ ആകൃതിയുള്ള ഒരു പേശിയുണ്ട്. [5][6][3] ഈ പേശി (accelerator muscle) സങ്കോചിക്കുന്നതിലൂടെയാണ് നാവുനീട്ടാനുള്ള ബലം ലഭിക്കുന്നത്. നേരിട്ടുള്ള പ്രവൃത്തിയും കൊളാജൻ തന്തുക്കളിൽ ഇലാസ്തിക ബലം നൽകിയുമാണ് ഈ പേശി പ്രവർത്തിക്കുന്നത്. [5][6][3] നാവിനെ പിന്നിലേയ്ക്കു വലിക്കുന്ന പേശിയായ ഹയോഗ്ലോസസ് ഹയോയ്ഡ് അസ്ഥിയെയും ആക്സിലറേറ്റർ പേശിയെയും തമ്മിൽ ബന്ധിപ്പിക്കുന്നു. ഇരയെ ഓന്തിന്റെ വായിലെത്തിക്കുന്നത് ഈ പേശിയുടെ സങ്കോചമാണ്. [5][3]

0.07 സെക്കന്റുകളോളം മാത്രമേ നാവിന് ഇരയെ കുടുക്കാൻ വേണ്ടിവരാറുള്ളൂ. [5][6][7] 41 gയ്ക്കു മേൽ ആക്സലറേഷനിലാണ് നാവ് മുന്നോട്ട് തെറിപ്പിക്കുന്നത്. [7] 3000 W kg-1-നുമേൽ ബലത്തിലാണ് നാവ് പുറത്തേയ്ക്ക് നീട്ടുന്നത്. ഈ ശക്തി പേശിക്ക് നൽകാവുന്നതിലധികമാണ്. നാവിൽ ഇലാസ്തികതത്വത്തിൽ പ്രവർത്തിക്കുന്ന ത്വരകസംവിധാനമുണ്ട് എന്നതിന്റെ സൂചനയാണിത്. [6]

ഇലാസ്റ്റിക് സംവിധാനത്തിന്റെ ഒരു അനന്തരഭലം അന്തരീക്ഷതാപനില ഇതിനെ ബാധിക്കുന്നില്ല എന്നതാണ്. മുന്നോട്ടുനീട്ടിയ നാവ് പിന്നിലേയ്ക്ക് വലിക്കുന്നത് അന്തരീക്ഷതാപനിലയുമായി ബന്ധമുള്ളതും പേശീപ്രവർത്തനത്താൽ നടക്കുന്നതുമാണ്. [7] ശരീരതാപനില നിയന്ത്രിക്കാൻ സാധിക്കാത്ത മറ്റ് ഉരഗങ്ങൾ അന്തരീക്ഷ താപനില കുറയുന്നതിനനുസരിച്ച് മന്ദഗതിയിലാവുമ്പോൾ ഓന്തുകൾക്ക് നാവുനീട്ടൽ പഴയതുപോലെ തന്നെ തുടരാനാവും. [7] നാവിന്റെ പശയും സക്ഷൻ സംവിധാനവും കാരണം ഇര നാവിനോട് ഒട്ടുന്നതുകാരണം നാവ് പിന്നിലേയ്ക്കുവലിക്കുന്നത് തണുപ്പുകാലത്ത് സാവധാനത്തിലായാലും ഓന്തുകളുടെ ഇരപിടിത്തത്തെ അത് ബാധിക്കാറില്ല. [8] വെയിൽ കാഞ്ഞ് ശരീരതാപനില ഉയർത്താതെ തന്നെ ഇരപിടിത്തം തുടങ്ങാൻ ഈ പ്രത്യേകത ഓന്തുകളെ സഹായിക്കുന്നു. [7]

പ്രജനനം

തിരുത്തുക
 
ടാൻസാനിയയിലെ ഉസംബാറ മലകളിലെ രണ്ട് കൊമ്പുള്ള ഓന്ത്.

മിക്ക ഓന്തുകളും മുട്ടയിടുന്നവയാണ് (oviparous). ചിലവയുടെ മുട്ടകൾ ശരീരത്തിനുള്ളിൽ വച്ച് വിരിയുന്നവയാണ് (ovoviviparous).

ലൈംഗികബന്ധത്തിനുശേഷം 3 മുതൽ 6 ആഴ്ച്ചകൾക്കു ശേഷമാണ് ഓവിപാരസ് ഓന്തുകൾ മുട്ടയിടുന്നത്. പെൺ ഓന്ത് നിലത്തിറങ്ങി മണ്ണിൽ ഒരു കുഴിയുണ്ടാക്കി അതിൽ മുട്ടകളിടും. ചെറിയ ഇനം ഓന്തുകൾ 2 മുതൽ 4 വരെ മുട്ടകളേ ഇടാറുള്ളൂ. വലിയ ഓന്തുകൾ 80 മുതൽ 100 വരെ മുട്ടകളിടാറുണ്ട്. നാലു മുതൽ പന്ത്രണ്ട് മാസങ്ങൾ വരെയെടുത്താണ് മുട്ടകൾ വിരിയുന്നത്.

ഒവോവിവിപാരസ് സ്പീഷീസായ ജാക്ക്സൺസ് കമീലിയൺ 5 മുതൽ 7 മാസത്തിനു ശേഷം മുട്ടവിരിയാറാകുമ്പോളാൾ കുഞ്ഞുങ്ങളെ "പ്രസവിക്കുക"യാണ് ചെയ്യുന്നത്. ജനിക്കുമ്പോൾ സുതാര്യവും പശിമയുള്ളതുമായ യോക്ക് സാക്കിനുള്ളിലായിരിക്കും കുട്ടികൾ. അമ്മയോന്ത് ഓരോ മുട്ടയെയും ഒരു ശിഖരത്തിൽ ഒട്ടിച്ചുവയ്ക്കും. യോക് സാക്ക് പൊട്ടുമ്പോൾ കുഞ്ഞുങ്ങൾ ഇരതേടി യാത്രയാവും. ഒരു തവണ 30 ജീവനുള്ള കുട്ടികൾ വരെ ഇത്തരത്തിൽ പ്രസവിക്കപ്പെടും. [9]

നിറം മാറ്റം

തിരുത്തുക
 
പരിസരത്തിന്റെ നിറം സ്വീകരിച്ച ഓന്ത്.
 
കറുപ്പു നിറം പ്രദർശിപ്പിക്കുന്ന ഓന്ത്.

ചില ഓന്തുകൾക്ക് നിറം മാറാനുള്ള കഴിവുണ്ട്. വിവിധ തരം ഓന്തുകൾക്ക് വിവിധ നിറങ്ങൾ സ്വീകരിക്കാനുള്ള കഴിവുണ്ട്. പിങ്ക്, നീല, ചുവപ്പ്, പച്ച, കറുപ്പ്, ബ്രൗൺ, ഇളം നീല, മഞ്ഞ, പർപ്പിൾ, ടർക്കോയ്സ് തുടങ്ങിയ നിറങ്ങൾ സ്വീകരിക്കാൻ ഓന്തുകൾക്ക് സാധിക്കും. [10]

നിറം മാറ്റത്തിന് പരിസ്ഥിതിയുമായി ഇണങ്ങിച്ചേരുക, മറ്റുള്ള ഓന്തുകളുമായി സംവദിക്കുക, താപനിലയുടെ വ്യത്യാസങ്ങൾക്കനുസരിച്ച് മാറുക എന്നിങ്ങനെ പല ഉദ്ദേശങ്ങളുണ്ട്. [11][12] ഇരപിടിക്കാൻ വരുന്ന ജീവിയുടെ കാഴ്ച്ചശക്തിക്കനുസരിച്ച് (ഉദാഹരണം പക്ഷിയോ പാമ്പോ) നിറം മാറ്റാൻ ചിലയിനം ഓന്തുകൾക്ക് കഴിവുണ്ട്. [13]

മരുഭൂമിയിൽ ജീവിക്കുന്ന നമാക്വ ഓന്ത് ശരീരതാപനില നിയന്ത്രിക്കാൻ നിറം മാറ്റം ഉപയോഗിക്കുന്നുണ്ട്. പുലർച്ചെ ശരീരതാപനില പെട്ടെന്നു വർദ്ദിപ്പിക്കാനായി ഇത് കറുത്ത നിറം സ്വീകരിക്കും. സൂര്യതാപം അധികമാകുന്നതിനൊപ്പം ഇളം ചാരനിറത്തിലേയ്ക്ക് ഓന്ത് മാറും.

നിറം മാറ്റത്തിന്റെ സംവിധാനം

തിരുത്തുക

ക്രോമോഫോറുകൾ എന്നയിനം പ്രത്യേക സെല്ലുകൾ ഓന്തുകളുടെ ത്വക്കിലുണ്ട്. ഈ കോശങ്ങൾക്കുള്ളിൽ പിഗ്മെന്റുകൾ ഉണ്ട്. തൊലിയുടെ പുറം പാളി സുതാര്യമാണ് അതിനുകീഴിലുള്ള മൂന്ന് പാളികളിൽ:

  1. പുറം പാളിയിൽ മഞ്ഞയും (xanthophore) ചുവപ്പും (erythrophore) പിഗ്മെന്റുകളുള്ള കോശങ്ങളാണുള്ളത്.
  2. മദ്ധ്യത്തിലെ പാളിയിൽ നീലനിറമോ വെള്ളനിറമോ ആയി തോന്നിക്കുന്ന (iridophore) പിഗ്മെന്റുള്ള കോശങ്ങളാണുള്ളത്.
  3. ഏറ്റവും ഉള്ളിലുള്ള പാളിയിൽ കറുത്ത പിഗ്മെന്റാണുള്ളത്. ഈ പാളിയിലെ കോശങ്ങൾ (melanophores) എന്തുമാത്രം പ്രകാശം പ്രതിഫലിപ്പിക്കപ്പെടുന്നു എന്നതിനെ നിയന്ത്രിക്കുന്നു.

പിഗ്മെന്റ് തരികളുടെ വിതരണമാണ് ഓരോ നിറത്തിന്റെയും അളവ് നിയന്ത്രിക്കുന്നത്. പിഗ്മെന്റ് തുല്യമായി വിതരണം ചെയ്തിരിക്കുന്ന സമയത്ത് കോശം ഏറ്റവും കടുത്ത നിറത്തിൽ കാണപ്പെടും. പിഗ്മെന്റ് കോശത്തിന്റെ മദ്ധ്യത്തായിരിക്കുമ്പോൾ കോശം സുതാര്യമായിരിക്കും. മസ്തിഷ്കത്തിൽ നിന്നുള്ള സന്ദേശത്തിനനുസരിച്ചാണ് ക്രോമോഫോറുകൾ നിറം മാറുന്നത്. [14]

1. പാറയോന്ത്

പശ്ചിമഘട്ടത്തിൽ മാത്രം കാണുന്ന ഒരിനമാണ് പാറയോന്ത്. സാലിയ വിഭാഗത്തിൽ പെടുന്ന രണ്ടിനം ഓന്തുകൾ പശ്ചിമഘട്ടത്തിന്റെ ഉയരംകൂടിയ ഭാഗത്തുമാത്രം കാണുന്നു. (draco)[15]

2. വിശറിക്കഴുത്ത‌ൻ ഓന്ത്

തിരുവനന്തപുരം ജില്ലയിലെ പൂവാറിൽ മാത്രം കണ്ടെത്തിയിട്ടുള്ള അത്യപൂർവ്വമായ ഓന്ത് ഇനം.

ചിത്രങ്ങൾ

തിരുത്തുക
  1. Maisano, Jessie (27 August 2003). "Digimorph". Chamaeleo calyptratus, Veiled Chameleon. University of Texas at Austin. Retrieved January 10, 2012.
  2. Tolley, Krystal; Burger, Marius (2007). Chameleons of Southern Africa. Struik. pp. 26–28. ISBN 1-77007-375-2.{{cite book}}: CS1 maint: multiple names: authors list (link)
  3. 3.0 3.1 3.2 3.3 3.4 Anderson, C.V., Sheridan, T. & Deban, S.M. (2012). "Scaling of the ballistic tongue apparatus in chameleons". Journal of Morphology. 000: 000–000. doi:10.1002/jmor.20053.{{cite journal}}: CS1 maint: multiple names: authors list (link)
  4. [1] Rhampholeon spinosus feeding video by Christopher V. Anderson
  5. 5.0 5.1 5.2 5.3 5.4 Herrel, A., Meyers, J.J., Nishikawa, K.C. & De Vree, F. (2001). "Morphology and histochemistry of the hyolingual apparatus in chameleons". Journal of Morphology. 249: 154–170.{{cite journal}}: CS1 maint: multiple names: authors list (link)
  6. 6.0 6.1 6.2 6.3 6.4 de Groot, J.H. & van Leeuwen, J.L. (2004). "Evidence for an elastic projection mechanism in the chameleon tongue". Proceedings of the Royal Society of London B. 271: 761–770.{{cite journal}}: CS1 maint: multiple names: authors list (link)
  7. 7.0 7.1 7.2 7.3 7.4 Anderson, C.V. and Deban, S.M. (2010). "Ballistic tongue projection in chameleons maintains high performance at low temperature". Proceedings of the National Academy of Science of the United States of America. 107: 5495–5499. doi:10.1073/pnas.0910778107.{{cite journal}}: CS1 maint: multiple names: authors list (link)
  8. Herrel, A., Meyers, J.J., Aerts, P. & Nishikawa, K.C. (2000). "The mechanics of prey prehension in chameleons". Journal of Experimental Biology. 203: 3255–3263.{{cite journal}}: CS1 maint: multiple names: authors list (link)
  9. "African Rainforest". Jacks0n's Chameleon. Toronto Zoo. Archived from the original on 2011-11-11. Retrieved January 9, 2012.
  10. "National Geographic Explorer (Student Magazine) - Featured Article". Archived from the original on 2008-08-20. Retrieved 2012-10-09.
  11. Stuart-Fox, D., & Moussalli, A. (2008). Selection for social signaling drives the evolution of chameleon color change. Public Library of Science Biology, 6, e25.
  12. Harris, Tom. "How Animal Camouflage Works". How Stuff Works. Retrieved 2006-11-13.
  13. Emma Young (2008). Chameleons fine-tune camouflage to predator's vision. New Scientist
  14. geographic, national. "chameleon camouflage". Archived from the original on 2008-08-20. Retrieved 25 October 2011.
  15. ജീവന്റെ സ്വരലയം- ഡോ. മുഹമ്മദ് ജാഫര് പാലോട്ട്, കൂട് മാസിക, സെപ്തംബര്2013


"https://ml.wikipedia.org/w/index.php?title=ഓന്ത്&oldid=3796001" എന്ന താളിൽനിന്ന് ശേഖരിച്ചത്