എൻ. ശ്രീധരൻ
മധ്യതിരുവിതാംകൂറിൽ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ആദ്യകാല സംഘാടകരിൽ ഒരാളും, മുൻ സി.പി.ഐ.(എം.) സംസ്ഥാന സെക്രട്ടറിയേറ്റ് അംഗവുമാണ് എൻ. ശ്രീധരൻ (1928 - 1985).[1] ഇദ്ദേഹം എൻ.എസ്. എന്ന പേരിലാണ് അറിയപ്പെട്ടിരുന്നത്.[2]
എൻ. ശ്രീധരൻ | |
---|---|
ജനനം | 1928 |
അറിയപ്പെടുന്നത് | കായംകുളം ഡി.സി. സെക്രട്ടറി, കാർത്തികപ്പള്ളി താലൂക്ക് സെക്രട്ടറി, ആലപ്പുഴ ജില്ലാ കമ്മിറ്റി അസി. സെക്രട്ടറി, ആലപ്പുഴ, കൊല്ലം ജില്ലാ സെക്രട്ടറി, സി.പി.ഐ.എം. സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം. |
രാഷ്ട്രീയ കക്ഷി | കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (മാർക്സിസ്റ്റ്) |
ജീവിതപങ്കാളി(കൾ) | ടി.വി. പത്മാവതി |
ആദ്യകാല ജീവിതം
തിരുത്തുക1928-ൽ കൊല്ലം ജില്ലയിലെ വള്ളിക്കാവ് എന്ന സ്ഥലത്ത് ഒരു വള്ളക്കാരന്റെ മകനായാണ് എൻ. ശ്രീധരന്റെ ജനനം.[1] പ്രാഥമിക വിദ്യാഭ്യാസത്തിനുശേഷം അച്ഛന്റെ കെട്ടുവള്ളത്തിൽ സഹായിയായി ജോലി ചെയ്യുമ്പോൾ കമ്മ്യൂണിസ്റ്റ് നേതാക്കളുമായി പരിചയപ്പെട്ടതാണ് അദ്ദേഹത്തെ കമ്മ്യൂണിസ്റ്റ് പാർട്ടിയിലേക്ക് ആകർഷിച്ചത്. സ്വാതന്ത്ര്യസമരം ശക്തിപ്രാപിച്ചുകൊണ്ടിരുന്ന സമയത്ത് അദ്ദേഹം രാഷ്ട്രീയരംഗത്തേക്കു പ്രവേശിച്ചു.[2]
രാഷ്ട്രീയ ജീവിതം
തിരുത്തുകബീഡിത്തൊഴിലാളികളെയും വള്ളത്തൊഴിലാളികളെയും സംഘടിപ്പിച്ച് തൊഴിലാളി നേതാവായാണ് ശ്രീധരന്റെ രാഷ്ട്രീയജീവിതം ആരംഭിക്കുന്നത്. വളരെ ചുരുങ്ങിയ കാലം കൊണ്ടുതന്നെ അദ്ദേഹം മധ്യതിരുവിതാംകൂറിലെ അറിയപ്പെടുന്ന കമ്മ്യൂണിസ്റ്റ് നേതാക്കളിലൊരാളായി മാറി. 1946-ൽ പുന്നപ്ര-വയലാർ സമരം നടക്കുമ്പോൾ അദ്ദേഹം ജന്മസ്ഥലമായ വള്ളിക്കാവിലെ ഒരു ബീഡിക്കടയുടെ മുൻപിൽ 'ദിവാൻ ഭരണം തുലയട്ടെ' എന്നെഴുതിയ ബോർഡ് സ്ഥാപിച്ചുകൊണ്ട് പോലീസിനെ വെല്ലുവിളിച്ചു.[2] തുടർന്ന് ശ്രീധരനെ പിടികൂടുവാൻ പോലീസ് ശ്രമിച്ചതോടെ അദ്ദഹത്തിന്റെ ദീർഘകാലത്തെ ഒളിവുജീവിതം ആരംഭിച്ചു. ഒളിവിൽ കഴിയുന്ന സമയത്തും അദ്ദേഹം പൊതുപ്രവർത്തനം തുടർന്നുകൊണ്ടിരുന്നു. അക്കാലത്താണ് അദ്ദഹത്തിന് 'എൻ.എസ്.' എന്ന വിളിപ്പേര് ലഭിക്കുന്നത്.[2]
നാവികതൊഴിലാളി സംഘടനയെ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ നിയന്ത്രണത്തിൽ കൊണ്ടുവരുന്നതിൽ അദ്ദേഹം നിർണ്ണായക പങ്കുവഹിച്ചു.[1] 1946-ലെ പുന്നപ്ര വയലാർ സമരത്തിലും 1949-ലെ ശൂരനാട് കലാപത്തിലും പങ്കെടുത്തതിന്റെ പേരിൽ അദ്ദഹത്തിനു ക്രൂരമായ പോലീസ് മർദ്ദനവും ജയിൽവാസവും അനുഭവിക്കേണ്ടി വന്നു.[1][2]
പദവികൾ
തിരുത്തുക1940-കളിൽ തന്നെ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ സെൽ സെക്രട്ടറി, കായംകുളം ഡിവിഷൻ കമ്മിറ്റി സെക്രട്ടറി, കാർത്തികപ്പള്ളി താലൂക്ക് സെക്രട്ടറി, ആലപ്പുഴ ഡി.സി. അസിസ്റ്റന്റ് സെക്രട്ടറി എന്നീ നിലകളിലെല്ലാം ശ്രീധരൻ പ്രവർത്തിച്ചിരുന്നു.[1] 1958-ൽ അവിഭക്ത കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ആലപ്പുഴ ജില്ലാ ആക്ടിങ് സെക്രട്ടറിയായ അദ്ദേഹം സി.പി.ഐ.(എം.)ന്റെ രൂപീകരണത്തിനു ശേഷം ആലപ്പുഴ, കൊല്ലം ജില്ലകളിൽ പാർട്ടി സെക്രട്ടറിയായി. പാർട്ടിയുടെ മുഖപത്രമായ ദേശാഭിമാനിയുടെ പ്രചാരം വർദ്ധിപ്പിക്കുന്നതിൽ അദ്ദേഹം പ്രധാന പങ്കുവഹിച്ചു.[2]
മരണം
തിരുത്തുക1985 ഫെബ്രുവരി 17-ന് ചിറ്റാറിൽ പോലീസുകാരും കമ്മ്യൂണിസ്റ്റുകാരും തമ്മിൽ നടന്ന പ്രക്ഷോഭത്തിൽ പങ്കെടുത്തു മടങ്ങുമ്പോഴുണ്ടായ വാഹനാപകടത്തിൽ എൻ.എസ്. അന്തരിച്ചു.[3][4] 57-ആം വയസ്സിലായിരുന്നു അന്ത്യം. മരിക്കുമ്പോൾ അദ്ദേഹം സി.പി.ഐ.(എം.)ന്റെ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗമായിരുന്നു. ആലപ്പുഴയിലെ വലിയ ചുടുകാട്ടിലാണ് അദ്ദഹത്തിന്റെ ഭൗതികശരീരം സംസ്കരിച്ചത്.[5]
മരണശേഷം
തിരുത്തുകഎൻ.എസിന്റെ മരണശേഷം അദ്ദഹത്തിന്റെ ഓർമ്മയ്ക്കായി ഒരു സഹകരണ ആശുപത്രി കൊല്ലം ജില്ലയിലെ പാലത്തറയിൽ സ്ഥാപിച്ചു. 2000-ത്തിൽ രൂപംകൊണ്ട ഈ ആശുപത്രിക്ക് എൻ.എസ്. മെമ്മോറിയൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് എന്ന പേരാണു നൽകിയിരിക്കുന്നത്.[6] എൻ.എസിന്റെ ചരമദിനമായ ഫെബ്രുവരി 17-ന് കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ നേതൃത്വത്തിൽ അനുസ്മരണ പരിപാടികൾ സംഘടിപ്പിക്കാറുണ്ട്.[5] എസ്.എസ്.എൽ.സി. പരീക്ഷയിൽ ഉയർന്ന മാർക്ക് നേടുന്ന വിദ്യാർത്ഥികൾക്ക് ഈ ദിവസം എൻ.എസിന്റെ പേരിലുള്ള എൻഡോവ്മെന്റും നൽകാറുണ്ട്.[5]
അവലംബം
തിരുത്തുക- ↑ 1.0 1.1 1.2 1.3 1.4 കോടിയേരി ബാലകൃഷ്ണൻ (2017-02-17). "സ്മരണീയനായ എൻ എസ്". ദേശാഭിമാനി ദിനപത്രം. Archived from the original on 2017-12-25. Retrieved 2017-12-25.
- ↑ 2.0 2.1 2.2 2.3 2.4 2.5 പിണറായി വിജയൻ. "എൻ എസിന്റെ ജീവിതപാത". സി.പി.ഐ.എം. ഔദ്യോഗിക വെബ്സൈറ്റ്. Archived from the original on 2017-12-25. Retrieved 2017-12-25.
- ↑ "About us". N.S. Co-operative Hospital. Archived from the original on 2015-06-24. Retrieved 24 June 2015.
- ↑ "30th Death Anniversary of N Sreedharan". People TV. Retrieved 24 June 2015.
- ↑ 5.0 5.1 5.2 "എൻ എസ് അനുസ്മരണം ഇന്ന്". ദേശാഭിമാനി ദിനപത്രം. 2016-02-17. Archived from the original on 2017-12-25. Retrieved 2017-12-25.
- ↑ "N.S. Memorial Institute of Medical Sciences inaugurated". The Hindu. 18 February 2006. Retrieved 24 June 2015.