പത്താമുദയം (ചലച്ചിത്രം)

മലയാള ചലച്ചിത്രം

ജെ. ശശികുമാർ സംവിധാനവും ബാലകൃഷ്ണൻ നായർ നിർമ്മാണവും നിർവ്വഹിച്ച് 1985-ൽ പുറത്തിറങ്ങിയ ഒരു മലയാളചലച്ചിത്രമാണ് പത്താമുദയം. മോഹൻലാൽ, ഉർവ്വശി, എം.ജി. സോമൻ, ടി.ജി. രവി എന്നിവർ പ്രധാന വേഷങ്ങളിൽ അഭിനയിച്ച ഈ ചിത്രം കാളീചരൺ എന്ന ഹിന്ദി ചിത്രത്തിന്റെ പുനഃസൃഷ്ടിയാണ്. മോഹൻലാൽ ഇരട്ടവേഷങ്ങളിൽ അഭിനയിക്കുന്ന ആദ്യത്തെ ചലച്ചിത്രമാണ് പത്താമുദയം. ചിത്രത്തിലെ ഗാനങ്ങൾക്കു ദർശൻ രാമൻ സംഗീതം നൽകിയിരിക്കുന്നു.[1][2][3]

പത്താമുദയം
സംവിധാനംജെ. ശശികുമാർ
നിർമ്മാണംബാലകൃഷ്ണൻ നായർ
രചനഎസ്.എൽ. പുരം സദാനന്ദൻ
തിരക്കഥഎസ്.എൽ. പുരം സദാനന്ദൻ
അഭിനേതാക്കൾമോഹൻലാൽ
ഉർവ്വശി
എം.ജി. സോമൻ
ടി.ജി. രവി
സംഗീതംദർശൻ രാമൻ
ഛായാഗ്രഹണംജെ.വില്യംസ്
ചിത്രസംയോജനംജി. വെങ്കിട്ടരാമൻ
സ്റ്റുഡിയോഗാന്ധിമതി ഫിലിംസ്
വിതരണംഗാന്ധിമതി ഫിലിംസ്
റിലീസിങ് തീയതി
  • 18 ഒക്ടോബർ 1985 (1985-10-18)
രാജ്യംഇന്ത്യ
ഭാഷമലയാളം

ധനികനും സത്യസന്ധനുമായ മേനോൻ എന്ന വ്യക്തിയെ പരിചയപ്പെടുത്തിക്കൊണ്ടാണ് ചിത്രത്തിന്റെ കഥ ആരംഭിക്കുന്നത്. പക്ഷേ മേനോൻ യഥാർത്ഥത്തിൽ ഒരു കുറ്റവാളിയും അധോലോക നായകനുമാണ്. അധോലോക രാജാക്കന്മാർക്കിടയിൽ ലയൺ എന്ന വിളിപ്പേരിലാണ് അയാൾ അറിയപ്പെടുന്നത്. കള്ളക്കടത്തും കൊലപാതകങ്ങളുമെല്ലാം യഥേഷ്ടം നടത്തിവരുകയാണ് അയാൾ. അയാളുടെ ചെയ്തികളെപ്പറ്റി പുറംലോകത്തിനു വലിയ അറിവൊന്നുമില്ല. മറ്റുള്ളവർ അയാളെ ഒരു മാന്യനായി കണക്കാക്കുന്നു. അയാളുടെ സുഹൃത്തും ഇൻസ്പെക്ടർ ജനറലുമായ ബി.ജി. മേനോനു പോലും 'ലയണിന്റെ' യഥാർത്ഥ സ്വഭാവം മനസ്സിലാക്കുവാൻ കഴിഞ്ഞിട്ടില്ല. നഗരത്തിലും സംസ്ഥാനത്തും വർദ്ധിച്ചുവരുന്ന അക്രമങ്ങളുടെ ഉറവിടം കണ്ടെത്തുവാനുള്ള ശ്രമങ്ങളിലാണ് പോലീസ്.

സത്യസന്ധനും സമർത്ഥനുമായ സബ്ബ് ഇൻസ്പെക്ടർ ജയമോഹനെ നഗരത്തിലേക്കു തിരിച്ചുകൊണ്ടുവരാൻ സർക്കാർ തീരുമാനിക്കുന്നു. ഇൻസ്പെക്ടർ ജനറൽ ബി.ജി. മേനോന്റെ മകനാണ് ജയമോഹൻ. ജയമോഹന്റെ ഭാര്യ മരിച്ചുപോയിരുന്നു. അയാൾക്കു രണ്ടു കൊച്ചു കുട്ടികളുണ്ട്. നഗരത്തിലേക്കു മടങ്ങിയെത്തുന്ന ജയമോഹൻ വളരെ സമർത്ഥമായി കുറ്റവാളികളെ കണ്ടെത്തുന്നു. വിശദമായ അന്വേഷണങ്ങൾക്കുശേഷം നഗരത്തിലെ കുറ്റകൃത്യങ്ങൾക്കു പിന്നിൽ ലയൺ സി. മേനോൻ ആണെന്നും അദ്ദേഹം കണ്ടെത്തുന്നു. ദുഷ്ടനായ ലയൺ സി. മേനോൻ സമൂഹത്തിനു വലിയൊരു ഭീഷണിയാണെന്ന യാഥാർത്ഥ്യം ജയമോഹൻ തിരിച്ചറിയുന്നു. പക്ഷേ ലയൺ സി. മേനോനെതിരെയുള്ള പോരാട്ടത്തിൽ ജയമോഹൻ കൊല്ലപ്പെടുന്നു. കൊല്ലപ്പെടുന്നതിനു തൊട്ടുമുമ്പ് ലയൺ സി. മേനോനെക്കുറിച്ചുള്ള വിവരങ്ങളടങ്ങിയ ഒരു കുറിപ്പ് ജയമോഹൻ സൂക്ഷിച്ചിരുന്നു. ഈ കുറിപ്പിലെ സൂചനകൾ മനസ്സിലാക്കുവാൻ പോലീസിനു കഴിയുന്നില്ല.

ഇൻസ്പെക്ടർ മേനോന് തന്റെ മകന്റെ അകാലവിയോഗത്തിൽ കടുത്ത ദുഃഖം അനുഭവപ്പെടുന്നു. ജയമോഹനോടു രൂപസാദൃശ്യമുള്ള വിക്രമൻ എന്ന തടവുപുള്ളിയെപ്പറ്റി ഇൻസ്പെക്ടർ മേനോൻ കേൾക്കുന്നു. വിക്രമനെ നേരിട്ടു കാണുന്ന അദ്ദേഹം ശരിക്കും അത്ഭുതപ്പെടുന്നു. ജയമോഹന്റെ അതേ മുഖഛായയുള്ള വിക്രമന് പക്ഷേ അദ്ദേഹത്തിന്റെ അത്രയും ധൈര്യമുണ്ടായിരുന്നില്ല. തന്റെ കാമുകിയെ ബലാത്സംഗം ചെയ്തവരെ കൊലപ്പെടുത്തി എന്ന കുറ്റത്തിനാണ് വിക്രമനു ജയിലിൽ കഴിയേണ്ടി വന്നത്. ജയമോഹന്റെ മരണത്തിനു കാരണമായവരെ പിടികൂടുവാൻ ജയമോഹനു പകരം വിക്രമനെ അയയ്ക്കുവാൻ ഇൻസ്പെക്ടർ മേനോൻ തീരുമാനിക്കുന്നു. അതിനായി അദ്ദേഹം വിക്രമനെ പരിശീലിപ്പിക്കുന്നു. പതിയപ്പതിയെ വിക്രമൻ ഒരു ധീരനായി മാറുന്നു. ജയമോഹന്റെ മരണത്തിനു കാരണക്കാരായ ലയൺ സി. മേനോനെയും കൂട്ടരെയും നിയമത്തിനു മുമ്പിൽ കൊണ്ടുവരുന്നതിൽ വിക്രമൻ വിജയിക്കുന്നു. ജയമോഹന്റെ മക്കളുടെ സ്നേഹം നേടുന്ന വിക്രമൻ അവരോടൊപ്പം ജീവിക്കുവാൻ തീരുമാനിക്കുന്നതോടെ ചിത്രം അവസാനിക്കുന്നു.

അഭിനയിച്ചവർ

തിരുത്തുക
  1. "Pathamudayam". filmibeat.com. Retrieved 2014-09-22.
  2. "Pathamudayam". .apunkachoice.com. Archived from the original on 30 ഒക്ടോബർ 2014. Retrieved 22 സെപ്റ്റംബർ 2014.
  3. "Pathamudayam". .malayalachalachithram.com. Retrieved 2014-09-22.

പുറം കണ്ണികൾ

തിരുത്തുക


"https://ml.wikipedia.org/w/index.php?title=പത്താമുദയം_(ചലച്ചിത്രം)&oldid=3263268" എന്ന താളിൽനിന്ന് ശേഖരിച്ചത്