മാർ മാറി

കിഴക്കിന്റെ സഭയുടെ നേതാവ്
(എദേസ്സയിലെ പാലുഥ് എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

കിഴക്കിന്റെ സഭയുടെ ആദ്യകാല നേതാക്കളിൽ ഒരാളാണ് മാർ മാറി (ലത്തീൻ: Maris). മാർ അദ്ദായിയുടെ പ്രബോധനത്തിൽ ആകൃഷ്ടനായി ക്രിസ്തുമതം സ്വീകരിച്ച ഇദ്ദേഹത്തിന്റെ ആദ്യ പേര് പാലുഥ് എന്നായിരുന്നു. എദേസ്സയിൽ മാർ അഗ്ഗായിയുടെ ശിഷ്യനായ പ്രവർത്തിച്ച ഇദ്ദേഹം അഗ്ഗായിയുടെ കാലശേഷം സഭാധ്യക്ഷനായി ചുമതലയേറ്റെടുത്തു.[1][2][3]

മാർ
 മാറി
ഭദ്രാസനംഎദേസ്സ,
പിന്നീട് സെലൂക്യാ-ക്ടെസിഫോൺ
മുൻഗാമിമാർ അഗ്ഗായി
പിൻഗാമിമാർ അബ്രെസ്
മെത്രാഭിഷേകംഅന്ത്യോഖ്യയിലെ സെറാപ്പിയോൺ
വ്യക്തി വിവരങ്ങൾ
ജനനംഎദേസ്സ
ഗുരുമാർ അദ്ദായി,
മാർ അഗ്ഗായി
വിശുദ്ധപദവി
തിരുനാൾ ദിനംകൈഥാക്കാലം രണ്ടാം വെള്ളിയാഴ്ച
വണങ്ങുന്നത്പ്രധാനമായും കിഴക്കിന്റെ സഭ,
വിശുദ്ധ ശീർഷകംകിഴക്കിന്റെ പ്രബോധകൻ,
സെലൂക്യാ-ക്ടെസിഫോണിന്റെ ശ്ലീഹാ

മാർ മാറിയെക്കുറിച്ച് വിവരണം ലഭിക്കുന്നത് പ്രധാനമായും ആറാം നൂറ്റാണ്ടിൽ എഴുതപ്പെട്ടു എന്ന് കരുതപ്പെടുന്ന മാറിയുടെ നടപടികൾ എന്ന പുസ്തകത്തിൽ നിന്നാണ്. സെലൂക്യാ-ക്ടെസിഫോണിൽ സഭ സ്ഥാപിച്ചത് ഇദ്ദേഹമാണെന്ന് പരമ്പരാഗതമായി വിശ്വസിക്കപ്പെട്ടുപോരുന്നു.[4]

എദേസ്സയിൽ ജനിച്ച പാലുഥ് മാർ അദ്ദായിയുടെ പ്രബോധനത്തിൽ ആകൃഷ്ടനായി ക്രിസ്തുമതം സ്വീകരിച്ച വ്യക്തികളിൽ ഒരാളാണ്. പിന്നീട് എദേസ്സയിൽ ബിഷപ്പായ മാർ അഗ്ഗായിയുടെ ശിഷ്യനായി ജീവിച്ചു. എദേസ്സയിലെ രാജാവിന്റെ പ്രഹരം ഏറ്റ് മരണശയ്യയിലായ അഗ്ഗായി പാലുഥിനെ ഭരണ ചുമതലകൾ ഏൽപ്പിച്ചു. തന്റെ അനാരോഗ്യം കാരണം ബിഷപ്പായി വാഴിക്കാൻ കഴിയായ്കയാൽ അന്ത്യോഖ്യയിൽ പോയി അവിടത്തെ മെത്രാനായ സെറാപ്പിയോണിൽ നിന്ന് കൈവയ്പ് സ്വീകരിക്കാൻ അദ്ദേഹം പാലുഥിനോട് നിർദ്ദേശിച്ചു. ഇത് അനുസരിച്ച് അന്ത്യോഖ്യയിൽ പോയ പാലുഥിനെ അവിടെ വെച്ച് സെറാപ്പിയോൺ മെത്രാനായി വാഴിച്ചു. റോമിലെ മെത്രാനായിരുന്ന സെഫിറിനിസിൽ നിന്ന് കൈവയ്പ് സ്വീകരിച്ചയാളായിരുന്നു സെറാപ്പിയോൺ. മാർ അഗ്ഗായിയുടെ രക്തസാക്ഷിത്വത്തിന് ശേഷം എദേസ്സയിലെ സഭാഭരണം പാലുഥ് ഏറ്റെടുത്തു. പിൽക്കാലത്ത് മാറി എന്ന പേര് ഇദ്ദേഹം സ്വീകരിച്ചു. എദേസ്സയിലെ ഗ്നോസ്റ്റിക്ക് വിശ്വാസികളുടെ വാദങ്ങളെ നേരിടുന്നതിൽ മാർ മാറി പ്രത്യേക ശ്രദ്ധ ചെലുത്തി.

മാറിയുടെ സ്ഥാനാരോഹണത്തെക്കുറിച്ച് അദ്ദായിയുടെ പ്രബോധനം എന്ന ഗ്രന്ഥം നൽകുന്ന വിവരണം ഇപ്രകാരമാണ്:

കാലുകൾ ഒടിഞ്ഞുവീണ് പെട്ടെന്ന് മരണമടഞ്ഞതിനാൽ, പാലുത്തിന്റെ മേൽ കൈവയ്പ് നൽകാൻ അദ്ദേഹത്തിന് (അഗ്ഗായിക്ക്) കഴിയായ്കയാൽ, പാലുഥ് സ്വയം അന്ത്യോക്യയിലെത്തി, അന്ത്യോക്യയിലെ ബിഷപ്പായ സെറാപ്പിയോണിൽ നിന്ന് പൗരോഹിത്യത്തിന്റെ കൈവെയ്പ്പ് സ്വീകരിച്ചു. ഈ കൈവെയ്പ്പ് സെറാപ്പിയോൺ സ്വയം, നമ്മുടെ കർത്താവിൽ നിന്ന് ശിമെയോൻ കേപ്പായ്ക്ക് ലഭിച്ച പൗരോഹിത്യത്തിന്റെ പിൻഗാമിത്വം വഴി അത് സ്വീകരിച്ചവനും പതിമൂന്ന് വർഷം റോമാ ഭരിച്ച സീസറിന്റെ കാലത്ത് ഇരുപത്തഞ്ച് വർഷം റോമിലെ ബിഷപ്പായിരുന്നവനും ആയ, റോമാ നഗരത്തിന്റെ ബിഷപ്പായ സെഫിറിനസിൽ നിന്നുമാണ് സ്വീകരിച്ചത്.

— Cureton (1864), p. 23

എദേസ്സയിലെ പ്രവർത്തനത്തിന് ശേഷം പാർഥ്യൻ സാമ്രാജ്യത്തിന്റെ മേഖലകളിലേക്ക് കടന്ന മാർ മാറി നിസിബിസ്, അർസ്സാനേനെ, ബേഥ് സ്സബ്ദായി, ബേഥ് അർബായെ, അർബേല, അഥോറ, നിനവേ എന്നിവിടങ്ങളിലേക്കും ക്രിസ്തുമതം പ്രചരിപ്പിച്ചു. ബേഥ് ഗർമായി, ബേഥ് അറമായെ എന്നിവടങ്ങളിലെ പ്രവർത്തനത്തിന് ശേഷം സെലൂക്യാ-ക്ടെസിഫോണിൽ എത്തിച്ചേർന്ന് അവിടെ സഭയുടെ സ്ഥാപനം നടത്തി. അവിടത്തെ ഹ്രസ്വമായ ജീവിതത്തിനും പ്രവർത്തനത്തിനുശേഷം ദയറാ ദ് ഖുന്നി എന്ന സ്ഥലത്ത് വെച്ച് ഇദ്ദേഹം മരണമടഞ്ഞു.[4]

ആരാധനാക്രമം

തിരുത്തുക
 
മാർ അദ്ദായിയും മാർ മാറിയും, അദ്ദായി മാറി തക്സയുടെ ഒരു മുഖതാൾ

പൗരസ്ത്യ സുറിയാനി ആചാരക്രമത്തിലെ പ്രധാന കൂദാശാക്രമം അദ്ദായി മാറി അനാഫൊറയാണ്. ഇതിന്റെ കർത്താക്കൾ മാർ അദ്ദായിയും ശിഷ്യനായ മാർ മാറിയുമാണെന്ന് പരമ്പരാഗതമായി വിശ്വസിക്കപ്പെട്ടുപോരുന്നു. പൗരസ്ത്യ സുറിയാനി ആചാരക്രമം പിന്തുടരുന്ന കിഴക്കിന്റെ സഭയിലെ വിഭാഗങ്ങളായ കിഴക്കിന്റെ അസ്സീറിയൻ സഭ, പുരാതന പൗരസ്ത്യ സഭ എന്നിവയും പൗരസ്ത്യ സുറിയാനി കത്തോലിക്കാ സഭകളായ കൽദായ കത്തോലിക്കാ സഭ, സിറോ-മലബാർ സഭ എന്നിവയും ഈ കൂദാശക്രമമാണ് ആരാധനയ്ക്ക് അനുവർത്തിക്കുന്നത്.[5][6]

  • Cureton, William (1864). Ancient Syriac Documents Relative to the Earliest Establishment of Christianity in Edessa and the Neighbouring Countries, from the Year After Our Lord Ascension, to the Beginning of the Fourth Century (in ഇംഗ്ലീഷ്). Williams and Norgate.
  1. Jullien, Florence. "MĀR MĀRI". iranicaonline.org (in ഇംഗ്ലീഷ്). Encyclopaedia Iranica. Retrieved 2023-03-19.
  2. Saint-Laurent, Jeanne-Nicole Mellon (2015-06-19), "Mari as Apostle to the Church of Persia", Missionary Stories and the Formation of the Syriac Churches (in ഇംഗ്ലീഷ്), University of California Press, pp. 56–71, doi:10.1525/9780520960589-005/html?lang=en, ISBN 978-0-520-96058-9, retrieved 2023-03-19
  3. "മാർ അദ്ദായിയുടെ ശിഷ്യനായ മാർ മാറി" (PDF). syromalabarliturgy.org.
  4. 4.0 4.1 Brock, Sebastian. "Mari, Acts of". Gorgias Encyclopaedia of Syriac heritage (in ഇംഗ്ലീഷ്). Gorgias Press. Retrieved 2023-03-19.
  5. "CATHOLIC ENCYCLOPEDIA: Liturgy of Addeus and Maris". Retrieved 2023-03-18.
  6. Marinelli, Emanuela. Judas, Thaddeus, Addai: possible connections with the vicissitudes of the Edessan and Constantinopolitan Mandylion and any research perspectives».
"https://ml.wikipedia.org/w/index.php?title=മാർ_മാറി&oldid=4121004" എന്ന താളിൽനിന്ന് ശേഖരിച്ചത്