എഡ്വേഡ് അഡൽബെർട്ട് ഡോയിസി നോബൽ സമ്മാനം നേടിയ അമേരിക്കൻ ജൈവരസതന്ത്രജ്ഞനായിരുന്നു. ജീവകം കെ സംശ്ലേഷണം ചെയ്തതിനും അതിന്റെ രാസസ്വഭാവം നിർണയിച്ചതിനും ശരീരശാസ്ത്ര-വൈദ്യശാസ്ത്ര രംഗത്തെ 1943-ലെ നോബൽ സമ്മാനം ഡോയിസിക്കും ഡാം എച്ചിനും ആയി ലഭിച്ചു.

എഡ്വേഡ് അഡൽബെർട്ട് ഡോയിസി
ജനനം(1893-11-13)നവംബർ 13, 1893
മരണംഒക്ടോബർ 23, 1986(1986-10-23) (പ്രായം 92)
ദേശീയതUnited States
അറിയപ്പെടുന്നത്Vitamin K
പുരസ്കാരങ്ങൾNobel Prize in Physiology or Medicine (1943)
ശാസ്ത്രീയ ജീവിതം
പ്രവർത്തനതലംBiochemistry
സ്ഥാപനങ്ങൾWashington University in St. Louis
St. Louis University
ഡോക്ടർ ബിരുദ ഉപദേശകൻOtto Folin

വിദ്യാഭ്യാസം

തിരുത്തുക

1893 നവംബർ 13-ന് അമേരിക്കയിലെ ഹ്യൂമിൽ ഡോയിസി ജനിച്ചു. 1914-ൽ ഇലിനോയി സർവ്വകലാശാലയിൽ നിന്ന് ബി.എ. ബിരുദം നേടി. ഒന്നാം ലോകമഹായുദ്ധകാലത്ത് രണ്ട് വർഷം സൈനിക സേവനം അനുഷ്ഠിച്ചശേഷം ഹാർവാഡ് സർവകലാശാലയിൽ പഠനം തുടർന്നു. 1920-ൽ പിഎച്ച്.ഡി. നേടി. തുടർന്ന് വാഷിങ്ടണിലെ സെയ്ന്റ് ലൂയി യൂണിവേഴ് സിറ്റി സ്കൂൾ ഒഫ് മെഡിസിനിൽ വൈദ്യശാസ്ത്രം പഠിപ്പിക്കുകയും 1923-ൽ അവിടെ ഫാക്കൽറ്റി അംഗമാവുകയും ചെയ്തു.

1920 മുതൽ സ്ത്രൈണ ഹോർമോണുകളെക്കുറിച്ചുള്ള ഗവേഷണമാരംഭിച്ചു. ശരീരത്തിൽ സവിശേഷ പ്രഭാവം ചെലുത്താനാകുന്ന പദാർഥങ്ങളാണ് അണ്ഡാശയത്തിലുണ്ടാകുന്നതെന്ന് കണ്ടെത്തിയിരുന്നെങ്കിലും അവയുടെ യഥാർഥ രാസ സ്വഭാവം വ്യക്തമായിരുന്നില്ല. സെയ്ന്റ്ലൂയി യൂണിവേഴ്സിറ്റി സ്കൂൾ ഒഫ് മെഡിസിനിലെ എഡ്ഗർ അലൻ എന്ന ശാസ്ത്രജ്ഞൻ ഹോർമോണുകളുടെ വിശ്ളേഷണത്തിന് കാര്യക്ഷമമായ ഒരു മാർഗ്ഗം കണ്ടെത്തിയിരുന്നു. തുടർന്ന് ഡോയിസിയും എഡ്ഗറും ചേർന്ന് അണ്ഡാശയ ഹോർമോണുകൾ വേർതിരിക്കുവാനുള്ള ശ്രമങ്ങൾ ആരംഭിച്ചു.

  • ഈസ്ട്രോൺ (estrone, 1929)
  • ഈസ്ട്രയോൾ (estriol,1929)
  • ഈസ്ട്രാഡയോൾ (estradiol, 1935)

എന്നീ ഹോർമോണുകൾ വേർതിരിക്കുന്നതിൽ ഇവർ വിജയിച്ചു.

ജീവകം കെ1,കെ2 എന്ന രാസപതാർഥങ്ങളുടെ കണ്ടുപിടിത്തം

തിരുത്തുക

1936 ആയപ്പോഴേക്കും ഡോയിസിയുടെ ശ്രദ്ധ മറ്റൊരു ഗവേഷണ രംഗത്തേക്കു തിരിഞ്ഞു. രക്തത്തിന്റെ കൊയാഗുലനത്തിനു ഒരു ഭക്ഷണ ഘടകം അത്യാവശ്യമാണെന്ന് ഡാം എച്ച്. 1935-ൽ കണ്ടെത്തിയിരുന്നു. ഈ ഭക്ഷ്യഘടകം അടങ്ങുന്ന ഒരു സമർഥ മിശ്രിതം തയ്യാറാക്കുവാൻ ഡാം എച്ചിനു സാധിച്ചുവെങ്കിലും യഥാർഥ രാസവസ്തു വേർതിരിക്കുവാൻ കഴിഞ്ഞില്ല. മൂന്നു വർഷത്തെ (1936-39) നിരന്തര ശ്രമത്തിന്റെ ഫലമായി സമാനസ്വഭാവമുള്ള രണ്ട് രാസപദാർഥങ്ങൾ (ജീവകം കെ1, കെ2) വേർതിരിച്ചെടുക്കുവാൻ ഡോയിസിക്കും സഹപ്രവർത്തകർക്കും സാധിച്ചു. ജീവകം കെ1 സസ്യങ്ങളിൽ നിന്നും ജീവകം കെ2 സൂക്ഷ്മാണുക്കളുടെ രോഹ-ദ്രവത്തിൽ നിന്നുമാണ് വേർതിരിച്ചത്. ജീവകം കെ1-ന്റേയും കെ2-ന്റേയും രാസഘടന നിർണയിക്കുന്നതിനും ഡോയിസിക്കു കഴിഞ്ഞു. ഈ നേട്ടങ്ങൾക്കാണ് ഇദ്ദേഹം നോബൽ സമ്മാനത്തിനർഹനായത്.

ആന്റിബയോട്ടിക്കുകളെക്കുറിച്ചുള്ള പഠനം

തിരുത്തുക

രണ്ടാം ലോകയുദ്ധകാലത്ത് ഡോയ്സി ആന്റിബയോട്ടിക്കുകളെക്കുറിച്ചുള്ള പഠനം ആരംഭിച്ചു. ആന്റിബയോട്ടിക് സ്വഭാവമുള്ള ഖരപദാർഥങ്ങൾ വേർതിരിക്കുന്നതിൽ വിജയിച്ച ആദ്യ ശാസ്ത്രജ്ഞരിൽ ഒരാളാണ് ഡോയിസി. പെൻസിലിന്റെ കണ്ടുപിടിത്തം ഡോയിസിയുടെ ആന്റിബയോട്ടിക്കിനെ നിഷ് പ്രഭമാക്കിയെങ്കിലും ഈ രംഗത്തെ ഡോയിസിയുടെ പഠനങ്ങൾ ഗണ്യമായിത്തന്നെ ഇന്നും കണക്കാക്കപ്പെടുന്നു. ഇൻസുലിൻ, രക്തത്തിലെ ബഫറുകൾ, പിത്ത അമ്ലങ്ങൾ എന്നിവയിലും ഡോയിസി പഠനം നടത്തിയിരുന്നു. ഫീമെയിൽ സെക്സ് ഹോർമോൺസ് എന്ന പേരിൽ 1941-ൽ ഡോയിസി പ്രസിദ്ധീകരിച്ച പുസ്തകം ശ്രദ്ധേയമാണ്. 1986 ഒക്ടോബർ 23-ന് സെയ് ന്റ് ലൂയിയിൽ ഇദ്ദേഹം അന്തരിച്ചു.

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക
 കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർ‌വ്വവിജ്ഞാനകോശത്തിലെ ഡോയിസി, എഡ്വേഡ് അഡൽബെർട്ട് (1893 - 1986) എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം.