കുറ്റവാളികളേയും കുറ്റവാളികളെന്ന് സംശയിക്കപ്പെടുന്നവരേയും ചോദ്യം ചെയ്യാൻ കേരളാ പോലീസ് പ്രയോഗിക്കുന്നുവെന്ന് പറയപ്പെടുന്ന മർദ്ദനമുറയാണ് ഉരുട്ടൽ. അടിയന്തരാവസ്ഥ കാലത്ത് രാജൻ കൊല്ലപ്പെട്ടത് ഉരുട്ടലിന്റെ കൂടെ ഫലമാണെന്ന് കരുതപ്പെടുന്നു.

Wiktionary
Wiktionary
ഉരുട്ടൽ എന്ന വാക്കിനർത്ഥം മലയാളം വിക്കി നിഘണ്ടുവിൽ കാണുക

പ്രയോഗിക്കുന്ന രീതി തിരുത്തുക

വിധേയനാക്കുന്ന ആളെ ബഞ്ചിലോ മറ്റോ അനങ്ങാനാവാത്ത വിധത്തിൽ ബന്ധിച്ചു കിടത്തുന്നു. ഉലക്ക പോലുള്ള വലിയ ദണ്ഡ്, അരയ്ക്കു താഴെയുള്ള ഭാഗത്ത് വെയ്ക്കുന്നു. ഇരുവശത്തും പോലീസുകാർ ഇരുന്ന ശേഷം താഴേയ്ക്കും മുകളിലേയ്ക്കും ഉരുട്ടുന്നു. തുട മുതൽ ഉപ്പൂറ്റി വരെയുള്ള ഭാഗത്താണ് ഉരുട്ടൽ നടത്തുക. സാധാരണയായി വിധേയനാക്കുന്ന ആളെ കമഴ്ത്തിക്കിടത്തിയാണ് ഉരുട്ടലിനു വിധേയനാക്കുക. കാലിന്റെ മുൻഭാഗത്ത് മാംസളമായ ഭാഗങ്ങൾ കുറവായതിനാൽ പെട്ടെന്നു തിരിച്ചറിയാൻ പറ്റുന്ന ദോഷങ്ങൾ സംഭവിക്കുന്നതിനാലാണ് കമഴ്ത്തിക്കിടത്തുന്നത്. ഉരുട്ടലിന്റെ കൂടെ പാദത്തിൽ ചൂരൽ വടികൊണ്ട് അടിക്കുകയും ചെയ്യുന്ന പതിവുണ്ടെന്ന് പറയപ്പെടുന്നു. ഭാരോദ്വേഹനത്തിനുമയോഗിക്കുന്ന ഉപകരണങ്ങൾ ഉപയോഗിച്ചും ഉരുട്ടൽ നടത്താറുണ്ടെന്ന് പറയപ്പെടുന്നു.

അയഞ്ഞ ബന്ധനരീതി തിരുത്തുക

അരയ്ക്ക് മുകളിലോട്ടുള്ള ശരീരഭാഗം അനങ്ങാനാവാത്ത വിധത്തിൽ മുറുക്കിക്കെട്ടുമെങ്കിലും കാലുകൾ അല്പസ്വല്പം ഇളക്കാനാകുന്ന രീതിയിലും ബന്ധിച്ച് ഉരുട്ടൽ പ്രയോഗിക്കപ്പെടാറുണ്ട്. പ്രയോഗിക്കുന്നവർക്ക് സന്തുലിതാവസ്ഥ പാലിക്കാൻ ബുദ്ധിമുട്ടുണ്ടാകുമെങ്കിലും, വിധേയനാക്കുന്നയാൾ വേദനമൂലം കാൽ അനക്കുമ്പോൾ മാംസം അസ്ഥിയിൽ നിന്ന് കൂടുതലായി ഇളകി വേദന വർദ്ധിക്കുമെന്നതിനാലാണ് അയഞ്ഞ ബന്ധനരീതി പ്രയോഗിക്കപ്പെടുന്നത്. അനങ്ങാനാവാത്ത വിധത്തിൽ കമഴ്ത്തി കിടത്തി ബന്ധിച്ചു പ്രയോഗിക്കുന്നതിലും കൂടുതൽ ഭാഗത്ത് (കാലിന്റെ വശങ്ങൾ) പ്രഥമദൃഷ്ട്യാ കുഴപ്പമൊന്നും കാണാനാകാത്ത വിധത്തിൽ ആഘാതമേല്പിക്കാനും അയഞ്ഞ ബന്ധനരീതി ഉപയോഗിക്കുന്നു.

ഫലങ്ങൾ തിരുത്തുക

ദീർഘനാൾ നീണ്ടുനിൽക്കുന്ന ശാരീരികദോഷങ്ങളുണ്ടാക്കുന്ന മർദ്ദനമുറയാണ് ഉരുട്ടൽ. താരതമ്യേന വേദനരഹിതമായി തുടങ്ങുന്ന ഉരുട്ടൽ, ഏതാനം പ്രാവശ്യം നടത്തുമ്പോൾ അസാധാരണ വേദന ഉണ്ടാക്കും. പേശികൾ അസ്ഥികളിൽ നിന്ന് വേർപെടുകയും, രക്തചംക്രമണ വ്യവസ്ഥ താറുമാറാകുകയും ചെയ്യും. പേശികൾ ചതയപ്പെടുകയും സ്ഥാനം മാറുകയും ചെയ്യും. ഒരിക്കൽ വേദന തുടങ്ങിയാൽ പിന്നീട് ഓരോ ഉരുട്ടലിനും വേദന വർദ്ധിച്ചുകൊണ്ടിരിക്കും. രക്തചംക്രമണ വ്യവസ്ഥ തകരാറിലാകുന്നതിനാൽ അശുദ്ധരക്തവും ശുദ്ധരക്തവും കൂടിക്കലരാനും ശരീരഭാഗങ്ങൾ ജീവവായു ലഭിക്കാതെ എന്നെന്നേയ്ക്കുമായി പ്രവർത്തനരഹിതമാകാനും ഇടയുണ്ട്. ആന്തരിക രക്തസ്രാവവും ഉണ്ടാകാനിടയുണ്ട്. വേദനയുടെ പാരമ്യത്തിൽ ഹൃദയസ്തംഭനം സംഭവിക്കാനുമിടയുണ്ട്. ഉരുട്ടലിന് വിധേയമായി എന്ന് തിരിച്ചറിഞ്ഞാൽ, ശാരീരികദോഷങ്ങൾ നിയന്ത്രിക്കാനും, ശരിയായ ശാരീരിക പ്രവർത്തനങ്ങൾ പുനഃസ്ഥാപിക്കാനും അടിയന്തരമായി വൈദ്യസഹായം നൽകേണ്ടതുണ്ട്.

ഉരുട്ടൽ കൊലപാതകങ്ങൾ തിരുത്തുക

അടിയന്തരാവസ്ഥ കാലത്ത് പുലിക്കോടൻ നാരായണൻ രാജനെ കൊന്നത് ഉരുട്ടിയാണെന്ന് ആരോപിക്കപ്പെട്ടിരുന്നു[1][2]. പാലക്കാട് വീട്ടമ്മയെ കൊന്ന് മോഷണം നടത്തിയ കേസിലെ പ്രതിയായ സമ്പത്ത് കൊല്ലപ്പെട്ടത് ഉരുട്ടൽ, ഗരുഡൻ തൂക്കം തുടങ്ങിയ മൂന്നാംമുറകളുടെ ഫലമായിട്ടാണെന്ന് ആരോപിക്കപ്പെട്ടിരുന്നു.[3] തിരുവനന്തപുരം ഈസ്റ്റ് ഫോർട്ട് പോലീസ് സ്റ്റേഷനിൽ ഉദയകുമാർ എന്ന യുവാവ് കൊല്ലപ്പെട്ടത് ഉരുട്ടിക്കൊലയാണെന്ന് ആരോപണമുണ്ടാവുകയും, മൂന്നു പോലീസുകാരെ പ്രോസിക്യൂട്ട് ചെയ്യാൻ സർക്കാർ അനുമതി നൽകുകയും ചെയ്തിരുന്നു[4].

അവലംബം തിരുത്തുക

  1. ടി.എൻ. ജോയ്. "കരുണാകരൻ ഒരു പരാജയമാണ്‌". മാധ്യമം. Retrieved 10 ഒക്ടോബർ 2012.
  2. Keraleeyam environment Magazine. "കരുണാകരൻ നേതൃത്വം കൊടുത്ത ഉരുട്ടൽ വിദ്യ". Malayal.am. Retrieved 10 ഒക്ടോബർ 2012.[പ്രവർത്തിക്കാത്ത കണ്ണി]
  3. "വീണ്ടും ഒരു കക്കയം". മാതൃഭൂമി. 2010 ഏപ്രിൽ 14. Archived from the original on 2013-09-22. Retrieved 2013 സെപ്റ്റംബർ 22. {{cite news}}: Check date values in: |accessdate= and |date= (help)CS1 maint: bot: original URL status unknown (link)
  4. "ഉദയകുമാർ ഉരുട്ടിക്കൊല; മൂന്ന് പോലീസുകാരെ പ്രോസിക്യൂട്ട് ചെയ്യാൻ അനുമതി". വീക്ഷണം. Retrieved 9 ഒക്ടോബർ 2012.[പ്രവർത്തിക്കാത്ത കണ്ണി]
"https://ml.wikipedia.org/w/index.php?title=ഉരുട്ടൽ&oldid=3795567" എന്ന താളിൽനിന്ന് ശേഖരിച്ചത്