ഇടപ്പള്ളി രാഘവൻ പിള്ള

മണിനാദം

മലയാളത്തിലെ കാല്പനികകവികളിൽ ഒരു കവിയാണ്‌ ഇടപ്പള്ളി രാഘവൻ പിള്ള (1909 ജൂൺ 30 - 1936 ജൂലൈ 5). മലയാളകവിതയിൽ കാല്പനികവിപ്ലവം കൊണ്ടുവന്നത് ഇടപ്പള്ളിക്കവികളായ ചങ്ങമ്പുഴ കൃഷ്ണപ്പിള്ളയും ഇടപ്പള്ളി രാഘവൻപിള്ളയുമാണ്‌. ഇറ്റാലിയൻ കാല്പനികകവിയായ ലിയോപാർഡിയോട് ഇടപ്പള്ളിയെ നിരൂപകർ തുലനപ്പെടുത്തുന്നു.വിഷാദം, അപകർഷവിചാരങ്ങൾ, പ്രേമതരളത, മരണാഭിരതി എന്നിവയാണ്‌ ഈ കവിയുടെ ഭാവധാരകൾ. പകുതി യുഗസൃഷ്ടവും പകുതി സ്വയംഭൂവും ആയ ചേതനയാണദ്ദേഹത്തിന്റേതെന്ന് നിരൂപകർ അഭിപ്രായപ്പെടുന്നു[1]

ജീവിതരേഖതിരുത്തുക

1909 ജൂൺ 30[2] ന്  ഇടപ്പള്ളി ഇളമക്കരയിലെ പാണ്ടവത്തുവീട്ടിൽ നീലകണ്ഠപ്പിള്ളയുടെയും വടക്കൻ പറവൂർ കോട്ടുവള്ളിയിലെ കിഴക്കേപ്രം മുറിയിൽ താഴത്തുവീട്ടിൽ മീനാക്ഷിയമ്മയുടെയും മകനായി ഇടപ്പള്ളി രാഘവൻ പിള്ള ജനിച്ചു. ഗർഭാശയാർബ്ബുദം ബാധിച്ച അമ്മ അദ്ദേഹത്തിന്റെ ബാല്യത്തിൽത്തന്നെ ജീവനൊടുക്കി. തിരുവിതാംകൂർ എക്സൈസ് വകുപ്പിൽ ശിപായിയായിരുന്ന അച്ഛൻ പുനർവിവാഹം ചെയ്തു. പിതാവിന്റെ നിർബന്ധപ്രകാരം രാഘവൻ പിള്ളയും അനുജനും രണ്ടാനമ്മയുടെ വീട്ടിലേക്ക് താമസം മാറ്റിയെങ്കിലും രണ്ടാനമ്മയുമായി പൊരുത്തപ്പെടാനാകാതെ അനുജൻ ഗോപാലപിള്ള ചെറുപ്പത്തിലേ നാടുവിട്ടുപോയി.1915-ൽ ഇടപ്പള്ളി ചുറ്റുപാടുകര എം.എം.സ്കൂൾ ഫോർ ബോയ്സിൽ വിദ്യാർത്ഥിയായി ചേർന്നെങ്കിലും 11 ദിവസത്തെ അദ്ധ്യയനത്തിനുശേഷം പഠനം നിർത്തേണ്ടിവന്നു. പിന്നീട് 1919-ൽ ഇടപ്പള്ളി വടക്കുംഭാഗം ഹയർഗ്രേഡ് വെർണാക്കുലർ സ്കൂളിൽ ചേർന്ന് 3-ആം സ്റ്റാൻഡേർഡ് പാസ്സായി ചുറ്റുപാടുകര ഇംഗ്ലീഷ് മിഡിൽ സ്കൂളിൽ ചേർന്നു. രണ്ടാനമ്മയൊത്തുള്ള കുടുംബജീവിതത്തിലെ അസ്വാസ്ഥ്യങ്ങൾ, ദാരിദ്ര്യം, അച്ഛന്റെ കുത്തഴിഞ്ഞ ജീവിതം ഇവകൊണ്ട് വിഷാദിയും ഏകാകിയുമായിത്തീർന്നിരുന്നു അദ്ദേഹം. ഇടപ്പള്ളി സാഹിത്യസമാജത്തിലെ അംഗത്വവും മേലങ്ങത്ത് അച്യുതമേനോൻ‍, ഇടപ്പള്ളി കരുണാകരമേനോൻ തുടങ്ങിയവരുമായുള്ള ബന്ധവും ജന്മസഹജമായ കവിതാവാസനയെ പോഷിപ്പിച്ചു. ഇക്കാലത്താണ് ഇടപ്പള്ളി രാഘവൻ പിള്ള ചങ്ങമ്പുഴയെ പരിചയപ്പെടുന്നതും. ഇരുവരും ആദ്യം ബദ്ധശത്രുക്കളായിരുന്നെങ്കിലും പിന്നീട് ഒറ്റ ഹൃദയവും രണ്ടു ശരീരവും പോലെയായിത്തീർന്നു.  1927-ൽ തേഡ് ഫോറം ജയിച്ച് ഇളമക്കരയിലെ പ്രശസ്തമായ ധനികകുടുംബത്തിൽ ട്യൂഷൻ മാസ്റ്ററായി. എറണാകുളം മഹാരാജാസ് സ്കൂളിൽ വിദ്യാർത്ഥിയായിച്ചേർന്ന് സ്കൂൾഫൈനൽ പരീക്ഷ ജയിച്ച അദ്ദേഹം ആ കുടുംബത്തിലെ കാര്യസ്ഥപ്പണിക്ക് നിയോഗിക്കപ്പെട്ടു. ഹൈസ്കൂൾ കാലത്തിനിടയിൽ വളർന്ന പ്രേമബന്ധം ഇടപ്പള്ളിയെ തിരുവനന്തപുരത്തേക്ക് താമസം മാറ്റാൻ ഇടയാക്കി. കുറച്ചുകാലം തിരുവനന്തപുരം ഭാഷാഭിവർദ്ധിനി ബുക്ക് ഡിപ്പോയിൽ ഗുമസ്തനായിനിന്നു. സുഹൃത്തുക്കളുടെ സഹായത്താൽ പ്രതിവാരപത്രമായ ‘ശ്രീമതി’യിൽ കണക്കപ്പിള്ളയായി. ‘ശ്രീമതി’ പ്രസിദ്ധീകരണം നിന്നപ്പോൾ ‘കേരളകേസരി’യിൽ ഗുമസ്തനായി. മാതൃഭൂമി ആഴ്ചപ്പതിപ്പ്, മലയാളരാജ്യം ചിത്രവാരി തുടങ്ങിയവയിൽ കവിതകൾ ഇക്കാലത്ത് ധാരാളം പ്രസിദ്ധീകരിക്കപ്പെട്ടു. മഹാകവി ഉള്ളൂരിനെ പരിചയപ്പെടുന്നതും അദ്ദേഹത്തിന്റെ അവതാരികയോടെ പ്രഥമകവിതാസമാഹാരമായ തുഷാരഹാരം പ്രസിദ്ധീകരിക്കുന്നതും തിരുവനന്തപുരത്തുവെച്ചാണ്. കൊല്ലവർഷം 1110-ലാണ് ഭാഷാഭിവർദ്ധിനി ബുക്ക് ഡിപ്പോ 'തുഷാരഹാരം' പ്രസിദ്ധീകരിച്ചത്. ‘കേരളകേസരി’യുടെ പ്രസിദ്ധീകരണം നിലച്ചപ്പോൾ പ്രശസ്തവക്കീലായിരുന്ന വൈക്കം വി.എം. നാരായണപിള്ളയോടൊപ്പം കൊല്ലത്തെ അദ്ദേഹത്തിന്റെ വസതിയിൽ താമസമാക്കി.  ഭാഷാഭിവർദ്ധിനി പുസ്തകശാലവഴി തന്നെ ഹൃദയസ്മിതം, നവസൗരഭം എന്നീ സമാഹാരങ്ങളും പുറത്തിറങ്ങി.

മരണംതിരുത്തുക

 
ഇടപ്പള്ളി സ്മാരകം

കൊല്ലത്ത് വൈക്കം നാരായണപിള്ളയുടെ വീട്ടിൽ താമസിക്കുന്ന് കാലത്താണ് താൻ സ്നേഹിച്ച പെൺകുട്ടിയുടെ വിവാഹക്ഷണപത്രം ഇടപ്പള്ളിക്കു കിട്ടുന്നത്. 1936 ജൂലൈ 5-ന് (കൊല്ലവർഷം 1111 മിഥുനം 21-ആം തീയതി) ശനിയാഴ്ച രാത്രി ഇടപ്പള്ളി രാഘവൻ പിള്ള നാരായണപിള്ളയുടെ വീട്ടിൽ തൂങ്ങിമരിച്ചു. ആത്മഹത്യ ചെയ്യുമ്പോൾ അദ്ദേഹത്തിന്റെ പ്രായം വെറും 27 വയസായിരുന്നു. ആത്മഹത്യയ്ക്കു മുമ്പായി, മൃതിവിഷയകമായി രാഘവൻ പിള്ള രചിച്ച കവിതകളാണ് 'മണിനാദം', 'നാളത്തെ പ്രഭാതം' എന്നിവ. 'മണിനാദം' മാതൃഭൂമി ആഴ്ചപ്പതിപ്പിനും 'നാളത്തെ പ്രഭാതം' മലയാളരാജ്യം ചിത്രവാരികയ്ക്കും കൊടുക്കുകയും ഉടൻ പ്രസിദ്ധീകരിക്കാൻ ആവശ്യപ്പെടുകയും ചെയ്തു രാഘവൻ പിള്ള. അദ്ദേഹത്തിന്റെ മരണപ്പിറ്റേന്ന് (1936 ജൂലൈ 6-ന്) പുറത്തിറങ്ങിയ മാതൃഭൂമി ആഴ്ചപ്പതിപ്പിൽ 'മണിനാദം' അച്ചടിച്ചുവന്നു. ദിനപത്രങ്ങളിൽ മരണവാർത്ത വന്നതും അതേദിവസമായിരുന്നു. 'നാളത്തെ പ്രഭാത'വുമായി മലയാളരാജ്യം ജൂലൈ 7-ന് പുറത്തിറങ്ങി.

തന്റെ മരണപത്രത്തിൽ അദ്ദേഹം ഇങ്ങനെ എഴുതി:

ഞാൻ ഒന്നുറങ്ങിയിട്ട് ദിവസങ്ങൾ അല്ല, മാസങ്ങൾ വളരെയായി. കഠിനമായഹൃദയവേദന; ഇങ്ങനെ അല്പാല്പം മരിച്ചുകൊണ്ട് എന്റെ അവസാനദിനത്തെ പ്രതീക്ഷിക്കുവാൻ ഞാനശക്തനാണ്. ഒരു കർമ്മവീരനാകുവാൻ നോക്കി; ഒരു ഭ്രാന്തനായി മാറുവാനാണ് ഭാവം.

സ്വാതന്ത്ര്യത്തിനു കൊതി; അടിമത്തത്തിനു വിധി. മോചനത്തിനുവേണ്ടിയുള്ള ഓരോ മറിച്ചിലും ഈ ചരടിനെ കൊടുമ്പിരിക്കൊള്ളിക്കുക മാത്രമാണ് ചെയ്യുന്നത്.

എന്റെ രക്ഷിതാക്കൾ എനിക്കു ജീവിക്കാൻ വേണ്ടുന്നത് സന്തോഷത്തോടും സ്നേഹത്തോടും തരുന്നുണ്ടാകും. പക്ഷേ, ഈ ഔദാര്യമെല്ലാം എന്റെ ആത്മാഭിമാനത്തെ പാതാളംവരെയും മർദ്ദിച്ചുകൊണ്ടിരിക്കുന്നു. ഇത് മഹാഭാരമായിട്ടാണ് തീരുന്നത്. ഞാൻ ശ്വസിക്കുന്ന വായു ആകമാനം അസ്വാതന്ത്ര്യത്തിന്റെ വിഷബീജങ്ങളാൽ മലീമസമാണ്. ഞാൻ കഴിക്കുന്ന ആഹാരമെല്ലാം ദാസ്യത്തിന്റെ കല്ലുകടിക്കുന്നവയാണ്. ഞാൻ ഉടുക്കുന്ന വസ്ത്രംപോലും പാരതന്ത്ര്യത്തിന്റെ കാരിരുമ്പാണി നിറഞ്ഞതാണ്.

പ്രവർത്തിക്കുവാൻ എന്തെങ്കിലുമുണ്ടായിരിക്കുക, സ്നേഹിക്കുവാൻ എന്തെങ്കിലുമുണ്ടായിരിക്കുക, ആശിക്കുവാൻ എന്തെങ്കിലുമുണ്ടായിരിക്കുക - ഈ മൂന്നിലുമാണ് ലോകത്തിലെ സുഖം അന്തർഭവിച്ചിരിക്കുന്നത്. ഇവയിലെല്ലാം എനിക്ക് നിരാശതയാണ് അനുഭവം. എനിക്ക് ഏകരക്ഷാമാർഗ്ഗം മരണമാണ്. അതിനെ ഞാൻ സസന്തോഷം വരിക്കുന്നു. ആനന്ദപ്രദമായ ഈ വേർപ്പാടിൽ ആരും നഷ്ടപ്പെടുന്നില്ല; ഞാൻ നേടുന്നുമുണ്ട്. മനസാ വാചാ കർമ്മണാ ഇതിൽ ആർക്കും ഉത്തരവാദിത്തമില്ല. സമുദായത്തിന്റെ സംശയദൃഷ്ടിയും നിയമത്തിന്റെ നിശിതഖഡ്ഗവും നിരപരാധിത്വത്തിന്റെമേൽ പതിക്കരുതേ!

എനിക്ക് പാട്ടുപാടുവാൻ ആഗ്രഹമുണ്ട്; എന്റെ മുരളി തകർന്നുപോയി - കൂപ്പുകൈ!

ഇടപ്പള്ളി രാഘവൻ പിള്ള
കൊല്ലം,
21-11-1111

ഇടപ്പള്ളിയുടെ മരണം ഉളവാക്കിയ വേദനയിൽ ചങ്ങമ്പുഴ തകർന്ന മുരളി എന്ന ഒരു ലഘുവിലാപകാവ്യം എഴുതുകയുണ്ടായി. പിന്നീടാണ് കുറേക്കൂടെ വിശാലവും വിഷാദാത്മകവുമാ‍യ പശ്ചാത്തലത്തിൽ രമണൻ എന്ന പ്രണയകാവ്യം എഴുതിയത്. രമണനിലെ ദുരന്തനായകനായ രമണൻ ഇടപ്പള്ളി തന്നെയായിരുന്നു.

ഇടപ്പള്ളിയുടെ കൃതികൾതിരുത്തുക

  • തുഷാര ഹാരം (1935)
  • നവസൗരഭം (1936)
  • ഹൃദയ സ്മിതം (1936)
  • മണിനാദം (1944)

കവി ജീവിച്ചിരുന്ന കാലത്തുതന്നെ പ്രകാശിതമായ പുസ്തകങ്ങൾ 'തുഷാരഹാരം', 'ഹൃദയസ്മിതം', 'നവസൗരഭം' എന്നിവ മാത്രമാണ്. ഇടപ്പള്ളിയുടെ മരണശേഷം 1944-ൽ കേസരി ബാലകൃഷ്ണപിള്ളയുടെ അവതാരികയോടെയാണ് ‘മണിനാദം’ ഇറങ്ങുന്നത്. രാഘവൻ പിള്ളയുടെ പിതാവിൽനിന്ന് പകർപ്പവകാശം വാങ്ങി 1946-ൽ ചങ്ങമ്പുഴ അദ്ദേഹത്തിന്റെ കൃതികൾ സമ്പൂർണ്ണസമാഹാരമായി പ്രസിദ്ധീകരിച്ചു. 'ഇടപ്പള്ളി രാഘവൻ പിള്ളയുടെ കൃതികൾ' എന്നായിരുന്നു സമാഹാരത്തിന്റെ പേര്. ആ പുസ്തകം തൃശൂർ മംഗളോദയത്തിലൂടെയാണ് പുറത്തുവന്നത്. അതിന്റെ ഒന്നാം പതിപ്പ് കൊല്ലവർഷം 1121-ലും രണ്ടാം പതിപ്പ് 1126-ലും മൂന്നാം പതിപ്പ് 1132-ലും നാലാം പതിപ്പ് 1138-ലും പുറത്തിറങ്ങി. നാലാം പതിപ്പിൽ സുധ, ചില്ലിക്കാശ് എന്നീ ഗദ്യരചനകളും ഉൾപ്പെടുത്തിയിരുന്നു. മുൻ സമാഹാരങ്ങളിൽ ഉൾപ്പെടാതെ ശേഷിച്ച അവ്യക്തഗീതം (ഗദ്യകവിത), കാമുകൻ, കൃഷിപ്പാട്ട്, അറിയുന്നു ഞാൻ (വിവർത്തനം) എന്നിങ്ങനെ നാലു കവിതകൾ, അവ്യക്തഗീതം എന്ന ശീർഷകത്തിൽ നാലാം പതിപ്പിൽ അനുബന്ധിച്ചിട്ടുണ്ട്.

മണിനാദംതിരുത്തുക

ഇടപ്പള്ളി രാഘവൻ പിള്ളയുടെ ആത്മഹത്യയ്ക്ക് തൊട്ടടുത്ത ദിവസം മാതൃഭൂമി ആഴ്ചപ്പതിപ്പിൽ പ്രസിദ്ധീകരിക്കപ്പെട്ട അദ്ദേഹത്തിന്റെ കവിതയാണ് 'മണിനാദം'[3]. കവിതയിൽ നിന്ന് ഏതാനും വരികൾ:

അനുനയിക്കുവാനെത്തുമെൻകൂട്ടരോ-

ടരുളിടട്ടെയെന്നന്ത്യയാത്രാമൊഴി:

മറവിതന്നിൽ മറഞ്ഞു മനസാലെൻ-
മരണഭേരിയടിക്കും സഖാക്കളേ!

സഹതപിക്കാത്ത ലോകമേ!-യെന്തിലും
സഹകരിക്കുന്ന ശാരദാകാശമേ!

കവനലീലയിലെന്നുറ്റ തോഴരാം
കനകതൂലികേ! കാനനപ്രാന്തമേ!

മധുരമല്ലാത്തൊരെൻ മൗനഗാനത്തിൻ
മദതരളമാം മാമരക്കൂട്ടമേ!

പിരിയുകയാണിതാ, ഞാനൊരധഃകൃതൻ
കരയുവാനായ്പ്പിറന്നൊരു കാമുകൻ!

മണലടിഞ്ഞു മയങ്ങിക്കിടക്കട്ടെ
പ്രണയമറ്റതാമീ മൺപ്രദീപകം!

അവലംബങ്ങൾതിരുത്തുക

  1. ഡോ. എം. ലീലാവതി, മലയാളകവിതാ സാഹിത്യചരിത്രം(1991), പുറം. 293 കേരളസാഹിത്യ അക്കാദമി തൃശൂർ
  2. ജീവചരിത്ര സംഗ്രഹം. ഇടപ്പള്ളിയുടെ പദ്യകൃതികൾ(2003)പുറം 11, ഇടപ്പള്ളി രാഘവൻപിള്ള. ഡി സി ബുക്സ് കോട്ടയം
  3. "കവർസ്റ്റോറി". മാധ്യമം ആഴ്ചപ്പതിപ്പ് ലക്കം 767. 2012 നവംബർ 05. ശേഖരിച്ചത് 2013 മെയ് 18. {{cite news}}: Check date values in: |accessdate= and |date= (help)

പുറത്തേക്കുള്ള കണ്ണികൾതിരുത്തുക

ഈ ലേഖനത്തിലെ വിഷയത്തെ സംബന്ധിക്കുന്ന കൃതി വിക്കിഗ്രന്ഥശാലയിലെ ഇടപ്പള്ളി രാഘവൻ പിള്ള എന്ന താളിലുണ്ട്.
"https://ml.wikipedia.org/w/index.php?title=ഇടപ്പള്ളി_രാഘവൻ_പിള്ള&oldid=3830990" എന്ന താളിൽനിന്ന് ശേഖരിച്ചത്