ദക്ഷിണാഫ്രിക്കയിലെ വർണ്ണവിവേചനത്തിനെതിരേ സമരം ചെയ്ത, വനിതയായിരുന്നു ആൽബർട്ടിന സിസുലു(ജനനം 21 ഒക്ടോബർ 1918 – മരണം 2 ജൂൺ 2011). ദക്ഷിണാഫ്രിക്കയിലെ നേതാവായിരുന്ന വാൾട്ടർ സിസുലുവിന്റെ പത്നിയാണ്. ആൽബർട്ടിനയോടുള്ള ആദരസൂചകമായി അവരെ ജനങ്ങൾ അമ്മ എന്ന അർത്ഥം വരുന്ന മാ സിസുലു എന്നാണ് വിളിച്ചിരുന്നത്.[1] മഹാന്മാരായ ദക്ഷിണാഫ്രിക്കക്കാരെ തിരഞ്ഞെടുക്കുന്നതിനുവേണ്ടി ദക്ഷിണാഫ്രിക്കൻ ടെലിവിഷൻ നടത്തിയ വോട്ടെടുപ്പിൽ ആൽബർട്ടീനക്കു 57 ആം സ്ഥാനം ലഭിച്ചിരുന്നു. 2011 ജൂൺ രണ്ടിന് തന്റെ തൊണ്ണൂറ്റി രണ്ടാമത്തെ വയസ്സിൽ ആൽബർട്ടിന അന്തരിച്ചു.

ആൽബർട്ടിന സിസുലു
ജോഹന്നസ്ബർഗ് സർവ്വകലാശാല, ഡോക്ടറേറ്റ് ബിരുദം നൽകി ആദരിച്ച ചടങ്ങിൽ നിന്നും
ജനനം(1918-10-21)ഒക്ടോബർ 21, 1918
മരണം2011 ജൂൺ 02
അറിയപ്പെടുന്നത്ദക്ഷിണാഫ്രിക്കയിലെ വർണ്ണവിവേചനത്തിനെതിരേ പോരാടി
ജീവിതപങ്കാളി(കൾ)വാൾട്ടർ സിസുലു
മാതാപിതാക്ക(ൾ)ബോണിലിസ്വേ
മോണിക്കാസ് തെത്വേ

ആദ്യകാല ജീവിതം

തിരുത്തുക

1918 ഒക്ടോബർ 21 ന് ദക്ഷിണാഫ്രിക്കയിലെ ട്രാൻസ്കെയിലുള്ള ത്സോമോ ജില്ലയിലാണ് ആൽബർട്ടിന ജനിച്ചത്. ബോണിലിസ്വേയും, മോണിക്കാസിയുമായിരുന്നു മാതാപിതാക്കൾ. ഈ ദമ്പതികളുടെ അഞ്ചു മക്കളിൽ രണ്ടാമത്തേയാളായിരുന്നു ആൽബർട്ടിന. മാതാവ് രോഗശയ്യയിലായതുകാരണം, ഒരു അമ്മയുടെ ഉത്തരവാദിത്തങ്ങൾ നിറവേറ്റി ഇളയ കുട്ടികളെ വളർത്തിയത് ആൽബർട്ടിന ആയിരുന്നു. ഈ കാരണം കൊണ്ട്, ആൽബർട്ടിനക്ക് ദീർഘകാലം സ്കൂളിൽ പോകാൻ കഴിഞ്ഞിരുന്നില്ല. പ്രെസ്ബിറ്റേറിയൻ മിഷൻ സ്കൂളിൽ പോയി തുടങ്ങിയ കാലത്താണ് അവർ ആൽബർട്ടിന എന്ന പേരു സ്വീകരിക്കുന്നത്. [2]സ്കൂൾ കാലഘട്ടത്തിൽ വെച്ചു തന്നെ ഒരു നേതൃത്വപാടവം ഉള്ള കുട്ടിയായിരുന്നു ആൽബർട്ടിന.

രാഷ്ട്രീയ ജീവിതം

തിരുത്തുക

വാൾട്ടർ സിസുലുവിനൊപ്പം രാഷ്ട്രീയ പാർട്ടിയുടെ സമ്മേളനങ്ങളിൽ സംബന്ധിക്കും എന്നല്ലാതെ, തുടക്കത്തിൽ ആൽബർട്ടിനക്ക് രാഷ്ട്രീയത്തിൽ താൽപര്യമുണ്ടായിരുന്നില്ല. 1955 ൽ ആഫ്രിക്കൻ നാഷണൽ കോൺഗ്രസ്സിന്റെ വനിതാ ലീഗിൽ ചേരുന്നതോടെ, ആൽബർട്ടിന സജീവ രാഷ്ട്രീയത്തിൽ ഇടപെട്ടു തുടങ്ങി.[3] ആഫ്രിക്കൻ നാഷണൽ കോൺഗ്രസ്സിന്റെ യുവജന വിഭാഗത്തിന്റെ രൂപീകരണത്തിൽ പങ്കെടുത്ത ഏക വനിത ആൽബർട്ടിന ആയിരുന്നു. 1956 ഓഗസ്റ്റ് 9 ന് പാസ് ലോ [൧] നിയമത്തിനെതിരേ നടന്ന പ്രകടനത്തിൽ ഹെലൻ ജോസഫിനൊപ്പം ആൽബർട്ടിനയും പങ്കെടുത്തു. ഇതുമായി ബന്ധപ്പെട്ട് ഉണ്ടായ കേസിൽ ശിക്ഷിക്കപ്പെട്ട് ആൽബർട്ടിന മറ്റുള്ളവരോടൊപ്പം ഒരാഴ്ച ജയിൽവാസം അനുഭവിച്ചു. ഈ ദിവസമാണ് ദക്ഷിണാഫ്രിക്കയിൽ ഇന്നും വനിതാ ദിനമായി ആചരിക്കുന്നത്.[4] ബന്ദു വിദ്യാഭ്യാസത്തെ [൨] എതിർത്ത ആൽബർട്ടിന, വീടുകളിൽ സ്കൂളുകൾ നടത്തി ഈ നിയമത്തിനെതിരേ സമരം ചെയ്തു.

1963 ൽ വാൾട്ടർ സിസുലു പോലീസിനു പിടികൊടുക്കാതെ ഒളിവിൽ പോയപ്പോൾ, സർക്കാർ ആൽബർട്ടിനയെ അറസ്റ്റു ചെയ്തു ജയിലിലടച്ചു. 163 ലെ ജനറൽ ലോ അമന്റ്മെന്റ് ആക്ട് [൩]പ്രകാരം അറസ്റ്റു ചെയ്തു ശിക്ഷിക്കുന്ന ആദ്യ വനിതയായിരുന്നു ആൽബർട്ടിന. ഏതാണ്ട് രണ്ടുമാസത്തോളം, ആൽബർട്ടിനക്ക് ഏകാന്ത തടവ് അനുഭവിക്കേണ്ടി വന്നു.[5][6] വർണ്ണവിവേചനത്തിനെതിരേ ശക്തമായ രീതിയിൽ പോരാടിയിരുന്നതുകൊണ്ട്, തുടർച്ചയായി ജയിൽ വാസം അനുഭവിക്കേണ്ടി വന്നു.

കുറിപ്പുകൾ

തിരുത്തുക
  • ^ തങ്ങൾ ജീവിക്കുന്ന ഗ്രാമങ്ങളിൽ നിന്നും മറ്റുള്ള സ്ഥലങ്ങളിലേക്കു പോകണമെങ്കിൽ പാസ്പോർട്ട് പോലുള്ള ഒരു കാർ‍ഡ് എപ്പോഴും കറുത്ത വർഗ്ഗക്കാർ കരുതിയിരിക്കണം എന്നൊരു നിയമം നിലവിലുണ്ടായിരുന്നു. 1950 കളിൽ ഈ പുരുഷന്മാർക്കു മാത്രം ബാധകമായിരുന്ന ഈ നിയമം വനിതകൾക്കും ഏർപ്പെടുത്താൻ സർക്കാർ തീരുമാനിച്ചു.
  • ^ കറുത്ത വർഗ്ഗക്കാർക്കും വെള്ളക്കാർക്കും വ്യത്യസ്തരീതിയിൽ വിദ്യാഭ്യാസം നൽകാൻ ദക്ഷിണാഫ്രിക്കയിലെ സർക്കാർ വർണ്ണവിവേചനക്കാലത്തു രൂപം കൊടുത്ത ഒരു നിയമം. ബന്ദു എഡ്യുക്കേഷൻ ആക്ട്,1953.
  • ^ കുറ്റവാളികളെന്നു സംശയം തോന്നുന്നവരെ, യാതൊരു കേസും ചാർജ്ജുചെയ്യാതെ 90 ദിവസം വരെ കസ്റ്റഡിയിൽ സൂക്ഷിക്കാൻ പോലീസിനു അധികാരം നൽകുന്ന ഒരു നിയമം.
  1. സിസുലു, ‍ എല്ലിനോർ (2011). വാൾട്ടർ ആന്റ് ആൽബർട്ടിന സിസുലു. ന്യൂ ആഫ്രിക്ക ബുക്സ്. ISBN 9780864866394.
  1. വാൾട്ടർ & ആൽബർട്ടിന സിസുലു
  2. വാൾട്ടർ & ആൽബർട്ടിന സിസുലു
  3. വാൾട്ടർ & ആൽബർട്ടിന സിസുലു
  4. "വുമൺസ് ഡേ". ദക്ഷിണാഫ്രിക്കൻ സർക്കാർ. Archived from the original on 2016-03-15. Retrieved 2016-03-15.{{cite web}}: CS1 maint: bot: original URL status unknown (link)
  5. എലിനോർ സിസുലു (2003). വാൾട്ടർ & ആൽബർട്ടിന സിസുലു: ഇൻ ഔവർ ലൈഫ് ടൈം. ന്യൂ ആഫ്രിക്ക ബുക്സ്. p. 231. ISBN 0-86486-639-9.
  6. വാൾട്ടർ & ആൽബർട്ടിന സിസുലു പുറം 232
"https://ml.wikipedia.org/w/index.php?title=ആൽബർട്ടിന_സിസുലു&oldid=3777986" എന്ന താളിൽനിന്ന് ശേഖരിച്ചത്