ദക്ഷിണാഫ്രിക്കയിലെ വർണ്ണവിവേചനത്തിനെതിരേ പോരാടിയ ഒരു വനിതയായിരുന്നു ഹെലൻ ബിയാട്രീസ് ജോസഫ് എന്ന ഹെലൻ ജോസഫ്(ജനനം 8 ഏപ്രിൽ 1905 – മരണം 25 ഡിസംബർ 1992). ഇംഗ്ലണ്ടിൽ ജനിച്ച ഹെലൻ, ബിരുദം പൂർത്തിയാക്കിയ ശേഷം. ബ്രിട്ടീഷ് ഇന്ത്യയിലുള്ള ഹൈദരാബാദിൽ അധ്യാപികയായി ജോലി നോക്കിയിരുന്നു. 1930 ൽ ഹെലൻ ഇന്ത്യ വിടുകയും, ദക്ഷിണാഫ്രിക്കയിൽ സ്ഥിരതാമസമാക്കുകയും ചെയ്തു.

ഹെലൻ ബിയാട്രീസ് ജോസഫ്
Helen Joseph 1941
ഹെലൻ ജോസഫ് 1941 ൽ എടുത്ത ചിത്രം
ജനനം(1905-04-08)8 ഏപ്രിൽ 1905
മരണം25 ഡിസംബർ 1992(1992-12-25)(പ്രായം 87)
അന്ത്യ വിശ്രമംഅവലോൺ സെമിത്തേരി
ദേശീയതദക്ഷിണാഫ്രിക്കൻ
തൊഴിൽദക്ഷിണാഫ്രിക്കയിലെ വർണ്ണവിവേചനത്തിനെതിരേ പോരാടി

ആദ്യകാലജീവിതംതിരുത്തുക

1905 ഏപ്രിൽ എട്ടാം തീയതി ഇംഗ്ലണ്ടിലെ വെസ്റ്റ് സക്സസിലാണ് ഹെലൻ ജനിച്ചത്. പിതാവ് സാമുവൽ ഫെന്നൽ ഒരു കസ്റ്റംസ് ഉദ്യോഗസ്ഥനായിരുന്നു.[1] 1927 ൽ ലണ്ടനിലെ കിങ്സ് കോളേജിൽ നിന്നും ഹെലൻ ബിരുദം കരസ്ഥമാക്കി. ബ്രിട്ടീഷ് ഇന്ത്യയിലെ ഹൈദരാബാദിലുള്ള ഒരു സ്കൂളിൽ ഹെലൻ മൂന്നുകൊല്ലക്കാലം അധ്യാപികയായി ജോലിചെയ്തിരുന്നു.[2] 1930 ൽ ഹെലൻ ദക്ഷിണാഫ്രിക്കയിലേക്കു യാത്രയായി. 1931 ൽ ദക്ഷിണാഫ്രിക്കയിൽ വെച്ച് ഹെലൻ ഒരു ദന്തഡോക്ടറായ ബില്ലി ജോസഫിനെ വിവാഹം കഴിച്ചു.[3] 1939 ൽ രണ്ടാം ലോക മഹായുദ്ധകാലത്ത് ഹെലൻ വുമൺസ് ഓക്സിലറി എയർഫോഴ്സിൽ ഇൻഫർമേഷൻ, വെൽഫെയർ ഓഫീസറായി ജോലി ചെയ്തിരുന്നു.[4] വിവാഹമോചനത്തിനുശേഷം, കറുത്ത വർഗ്ഗക്കാർക്കുള്ള ഒരു കമ്യൂണിറ്റി സെന്ററിൽ ഹെലൻ സേവനം ആരംഭിച്ചു.

സാമൂഹികസേവനങ്ങൾതിരുത്തുക

ഇംഗ്ലീഷുകാരുടെ നേതൃത്വത്തിൽ വർണ്ണവിവേചനത്തിനെതിരേ പ്രവർത്തിച്ച ഒരു സംഘടനയായിരുന്ന സൗത്ത് ആഫ്രിക്കൻ കോൺഗ്രസ്സ് ഓഫ് ഡെമോക്രാറ്റ്സിന്റെ സ്ഥാപകാംഗമായിരുന്നു ഹെലൻ. ആഫ്രിക്കൻ നാഷണൽ കോൺഗ്രസ്സുമായി വളരെ അടുത്തു പ്രവർത്തിച്ചിരുന്ന തീവ്ര ഇടതുപക്ഷ സംഘടനയായിരുന്നു സൗത്ത് ആഫ്രിക്കൻ കോൺഗ്രസ്സ് ഓഫ് ഡെമോക്രാറ്റ്സ്. ദക്ഷിണാഫ്രിക്കയിലെ സ്ത്രീകളുടെ ഉന്നമനത്തിനായി ഫെഡറേഷൻ ഓഫ് സൗത്ത് ആഫ്രിക്കൻ വുമൺ എന്നൊരു സംഘടന ഹെലന്റെ നേതൃത്വത്തിൽ ആരംഭിച്ചു. ദക്ഷിണാഫ്രിക്കയിൽ നിലനിന്നിരുന്ന പാസ് ലോ [൧] നിയമത്തിനെതിരേ 1956 ഓഗസ്റ്റ് 9 ന് ഹെലന്റെ നേതൃത്വത്തിൽ ഏതാണ്ട് ഇരുപതിനായിരത്തോളം വരുന്ന വനിതകൾ പ്രിട്ടോറിയയിലെ യൂണിയൻ ബിൽഡിങ്ങിലേക്കു മാർച്ചു നടത്തി. ഈ ദിവസമാണ് ദക്ഷിണാഫ്രിക്കയിൽ ഇന്നും വനിതാ ദിനമായി ആചരിക്കുന്നത്.[5]

ട്രീസൺ വിചാരണ, വീട്ടുതടങ്കൽതിരുത്തുക

രാജ്യദ്രോഹക്കുറ്റം ആരോപിച്ച് കുപ്രസിദ്ധമായ ട്രീസൺ വിചാരണയിലൂടെ ഹെലൻ കുറ്റക്കാരിയെന്നു കോടതി കണ്ടെത്തി.[6] 1962 ൽ കോടതി ഹെലനെ വീട്ടുതടങ്കലിനു വിധിച്ചു. സബോട്ടേജ് നിയമം വന്നതിനുശേഷം ആദ്യമായി വീട്ടുതടങ്കലിനു വിധേയമാകുന്ന വ്യക്തികൂടിയാണ് ഹെലൻ. ഒന്നിൽ കൂടുതൽ തവണ ഹെലനു നേരെ വധശ്രമങ്ങളുണ്ടായി.

കുറിപ്പുകൾതിരുത്തുക

  • ^ തങ്ങൾ ജീവിക്കുന്ന ഗ്രാമങ്ങളിൽ നിന്നും മറ്റുള്ള സ്ഥലങ്ങളിലേക്കു പോകണമെങ്കിൽ പാസ്പോർട്ട് പോലുള്ള ഒരു കാർ‍ഡ് എപ്പോഴും കറുത്ത വർഗ്ഗക്കാർ കരുതിയിരിക്കണം എന്നൊരു നിയമം നിലവിലുണ്ടായിരുന്നു. 1950 കളിൽ ഈ പുരുഷന്മാർക്കു മാത്രം ബാധകമായിരുന്ന ഈ നിയമം വനിതകൾക്കും ഏർപ്പെടുത്താൻ സർക്കാർ തീരുമാനിച്ചു.

അവലംബംതിരുത്തുക

  • ക്രിസ്, വിക് (2003). ഹെലൻ ജോസഫ്. അവേർനെസ്സ് പബ്ലിഷിങ് ഗ്രൂപ്പ്. ISBN 1-919910-72-7.
  1. ഫ്രെഡറിക്സെ, ജൂലീ. ദ ഫോട്ട് ഫോർ ഫ്രീഡം: ഹെലൻ ജോസഫ്സ്. കേപ് ടൗൺ: മാസ്കൂ മില്ലർ ലോങ്മാൻ. p. 1. ISBN 0636022404.
  2. ഹെലൻ ജോസഫ് - ക്രിസ് വാൻ വിക് പുറം 5
  3. "ഒബിച്വറി ഹെലൻ". ഇൻഡിപെൻഡൻസ്. 1992-12-28. ശേഖരിച്ചത് 2016-03-15.
  4. ഹെലൻ ജോസഫ് - ക്രിസ് വാൻ വിക് പുറം 9
  5. "വുമൺസ് ഡേ". ദക്ഷിണാഫ്രിക്കൻ സർക്കാർ. ശേഖരിച്ചത് 2016-03-15.
  6. "1956 ട്രീസൺ ട്രയൽ". എസ്.എ.ഹിസ്റ്ററി. ശേഖരിച്ചത് 2016-03-15.
"https://ml.wikipedia.org/w/index.php?title=ഹെലൻ_ജോസഫ്&oldid=2324175" എന്ന താളിൽനിന്ന് ശേഖരിച്ചത്