ആർനേ ടെസാലിയസ് നോബൽ സമ്മാനം നേടിയ (1948) സ്വീഡിഷ് രസതന്ത്രജ്ഞനായിരുന്നു. 1902 ഓഗസ്റ്റ് 10-ന് സ്റ്റോക്ക്ഹോമിൽ ജനിച്ചു.

ആർനേ വിൽഹെം കൌറിൻ ടെസാലിയസ്
Arne Wilhelm Kaurin Tiselius
ജനനം10 August 1902
മരണം29 ഒക്ടോബർ 1971(1971-10-29) (പ്രായം 69)
ദേശീയതSweden
കലാലയംUniversity of Uppsala
അറിയപ്പെടുന്നത്Electrophoresis
പുരസ്കാരങ്ങൾNobel Prize for Chemistry (1948)
Franklin Medal (1955)
ശാസ്ത്രീയ ജീവിതം
പ്രവർത്തനതലംChemistry
സ്ഥാപനങ്ങൾUniversity of Uppsala
ഡോക്ടർ ബിരുദ ഉപദേശകൻTheodor Svedberg

ജീവിതരേഖ

തിരുത്തുക

ഉപ്സല സർവ്വകലാശാലയിൽനിന്ന് രസതന്ത്രം, ഭൌതികം, ഗണിതം എന്നീ വിഷയങ്ങളിൽ എം.എ. ബിരുദം നേടി(1924)യ ശേഷം ഇലക്ട്രോഫോറെസിസ് പ്രക്രിയകളിൽ ഗവേഷണമാരംഭിച്ചു. സ്വീഡനിലെ ഏറ്റവും പ്രശസ്തി നേടിയ ഭൗതിക രസതന്ത്രജ്ഞനായ സ്വഡ്ബർഗു (Svedberg) മായി ചേർന്ന് ഇദ്ദേഹം തന്റെ ആദ്യത്തെ ശാസ്ത്രലേഖനം പ്രസിദ്ധീകരിച്ചു (1926).

പരീക്ഷണങ്ങൾ

തിരുത്തുക

വൈദ്യുതമണ്ഡലത്തിൽ പ്രോട്ടീൻ തന്മാത്രകളുടെ ചലനാത്മകത നിർണയിക്കുന്നതിനുള്ള ഒരു നൂതന മാർഗ്ഗം വിശദീകരിക്കുന്നതായിരുന്നു ഈ ലേഖനം. പ്രോട്ടീൻ തന്മാത്രകളെപ്പോലെയുള്ള ഉയർന്ന തന്മാത്രകൾ പ്ലവ രൂപത്തിൽ ഒരു വൈദ്യുതമണ്ഡലത്തിനു വിധേയമാക്കുമ്പോൾ തന്മാത്രകൾ വൈദ്യുതി വേശനം ചെയ്ത് തന്മാത്രാഭാരത്തിന് ആനുപാതികമായ വേഗതയിൽ വൈദ്യുതമണ്ഡലത്തിന്റെ ദിശയിൽ ചലിക്കുന്നു. ഇപ്രകാരം തന്മാത്രാഭാരമനുസരിച്ച് തന്മാത്രകളെ വേർതിരിക്കാനും ജൈവപ്രക്രിയകളുടെ ഉത്പന്നങ്ങളെ വളരെ കൃത്യമായി വേർതിരിച്ചു മനസ്സിലാക്കാനും സാധ്യമായി. പ്രോട്ടീൻ മിശ്രിതങ്ങളുടെ ഇലക്ട്രോഫോറെസിസ് വിശ്ലേഷണത്തിന് ടെസാലിയസ് ട്യൂബ് എന്ന ഒരു ഉപകരണവും ഇദ്ദേഹം രൂപകൽപന ചെയ്തു. ഈ ഗവേഷണങ്ങൾക്ക് 1930-ൽ ഇദ്ദേഹത്തിന് ഡോക്ടർ ബിരുദം ലഭിച്ചു. ഇലക്ട്രോഫോറെസിസ് പ്രക്രിയയോട് പ്രതികരിക്കാത്ത ജൈവതന്മാത്രകൾ വേർതിരിക്കുന്നതിനായി ക്രോമറ്റോഗ്രാഫിയെ നവീകരിച്ച് കൂടുതൽ സൂക്ഷ്മവും സവിശേഷവുമായ ഒരു വിശ്ലേഷണ പദ്ധതിയായി വികസിപ്പിക്കുന്നതിൽ ഇദ്ദേഹം വിജയിച്ചു.

രസതന്ത്രത്തിൽ നോബൽ സമ്മാനം

തിരുത്തുക

ഇലക്ട്രോഫോറെസിസ്, ക്രോമറ്റോഗ്രാഫി, വിശ്ലേഷണപ്രക്രിയകളിലൂടെ പ്രോട്ടീൻ മിശ്രിതങ്ങളുടെ, വിശേഷിച്ചും രക്തത്തിലെ പ്രോട്ടീനുകളുടെ, സങ്കീർണസ്വഭാവം വിശദമാക്കിയതിനും ശുദ്ധമായ അവസ്ഥയിൽ വേർതിരിക്കുന്നതിനായി നടത്തിയ പഠനങ്ങൾക്കുമാണ് 1948-ലെ രസതന്ത്രത്തിനുള്ള നോബൽ സമ്മാനം ഇദ്ദേഹത്തിനു ലഭിച്ചത്.

പന്ത്രണ്ട് വ്യത്യസ്ത സർവകലാശാലകളിൽനിന്ന് ഓണററി ഡോക്ടറേറ്റുകൾ ഇദ്ദേഹത്തിനു ലഭിച്ചിട്ടുണ്ട്.

  • നാഷണൽ അക്കാദമി ഒഫ് സയൻസസ്
  • റോയൽ സൊസൈറ്റി

തുടങ്ങിയ അതിപ്രശസ്തങ്ങളായ മുപ്പതോളം സൊസൈറ്റികളുടെ വിശിഷ്ട അംഗത്വം ടെസാലിയസിന് ലഭിച്ചിട്ടുണ്ട്.

  • നോബൽ കമ്മറ്റി അംഗം,
  • നോബൽ ഫൗണ്ടേഷൻ വൈസ് പ്രസിഡന്റ്,
  • ഇന്റർനാഷണൽ യൂണിയൻ ഒഫ് പ്യുവർ ആൻഡ് അപ്ലൈഡ് കെമിസ്ട്രി (IUPAC) വൈസ് പ്രസിഡന്റ്,
  • IUPAC പ്രസിഡന്റ് എന്നീ പദവികൾ ഇദ്ദേഹം അലങ്കരിച്ചിട്ടുണ്ട്.

1971 ഒക്ടോബർ 29-ന് ഉപ്സലയിൽ ഇദ്ദേഹം നിര്യാതനായി.

 കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർ‌വ്വവിജ്ഞാനകോശത്തിലെ ടെസാലിയസ്, ആർനേ വിൽഹെം കൌറിൻ (1902 - 71) എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം.
"https://ml.wikipedia.org/w/index.php?title=ആർനേ_ടെസാലിയസ്&oldid=2280750" എന്ന താളിൽനിന്ന് ശേഖരിച്ചത്