ആർതർ ജെഫ്റി ഡെം‌പ്‌സ്റ്റെർ

ആർതർ ജെഫ്റി ഡെം‌പ്‌സ്റ്റെർ യു.എസ്. ഭൗതികശാസ്ത്രജ്ഞനായിരുന്നു. യുറേനിയം-235 എന്ന മൂലകം കണ്ടുപിടിച്ചതും മാസ്സ് സ്പെക്ട്രോമീറ്റർ എന്ന ഉപകരണം ആദ്യമായി നിർമിച്ചതും ഇദ്ദേഹമാണ്. ഡെം‌പ്‌സ്റ്റെർ 1886 ഓഗസ്റ്റ് 14-ന് ടൊറന്റോയിൽ ജനിച്ചു. ഷിക്കാഗോ സർവ്വകലാശാലയിൽനിന്ന് 1916-ൽ ഡോക്ടറേറ്റ് നേടി. തുടർന്ന് അവിടെത്തന്നെ അധ്യാപകനായി സേവനമനുഷ്ഠിച്ചു.

ആർതർ ജെഫ്റി ഡെം‌പ്‌സ്റ്റെർ
ജനനംആഗസ്റ്റ് 14, 1886
ടൊറോണ്ടോ, കാനഡ
മരണം1950
സ്റ്റുവാർട്ട്, ഫ്ലോറിഡ
ദേശീയതകനേഡിയൻ-അമേരിക്കൻ
കലാലയംB.S. University of Toronto
M.S. University of Toronto
Ph.D. University of Chicago
അറിയപ്പെടുന്നത്Developed the first modern mass spectrometer, discovered 235U (used in atomic bombs)
ശാസ്ത്രീയ ജീവിതം
പ്രവർത്തനതലംphysicist

മാസ്സ് സ്പെക്ട്രോമീറ്റർ തിരുത്തുക

ഡെംപ്‌സ്റ്റെർ വികസിപ്പിച്ചെടുത്ത മാസ്സ് സ്പെക്ട്രോമീറ്റർ ഉപയോഗിച്ച് ഒരു സാമ്പിൾ പദാർഥത്തിൽ അടങ്ങിയിട്ടുള്ള വ്യത്യസ്ത അണുകേന്ദ്രങ്ങളുടെ (atomic nuclei) അളവുകൾ തിട്ടപ്പെടുത്താൻ കഴിയുന്നു. വസ്തുക്കളുടെ രാസഘടന അപഗ്രഥിക്കുന്നതിനും ഒരു മൂലകത്തിന്റെ വ്യത്യസ്ത സമസ്ഥാനികങ്ങളുടെ (isotopes) താരതമ്യ അളവു നിർണയിക്കുന്നതിനും മാസ്സ് സ്പെക്ട്രോമീറ്റർ ഉപയോഗപ്പെടുത്തുന്നുണ്ട്. യുറേനിയം മൂലകത്തിൽ, U-238 നോടൊപ്പം ആയിരത്തിന് ഏഴ് എന്ന തോതിൽ U-235 എന്ന സമസ്ഥാനികം കൂടി അടങ്ങിയിരിക്കുന്നതായി 1935-ൽ ഡെംപ്‌സ്റ്റെർ കണ്ടെത്തി. U-235 ഉപയോഗപ്പെടുത്തി ശൃംഖലാ പ്രതിപ്രവർത്തനം (chain reaction) നിലനിറുത്തിക്കൊണ്ട് അറ്റോമിക ഫിഷൻ പ്രക്രിയയിലൂടെ വളരെ ഉയർന്ന അളവിൽ ഊർജം പുറപ്പെടുവിക്കാൻ കഴിയുമെന്ന് നീൽസ് ബോർ എന്ന ശാസ്ത്രജ്ഞൻ പ്രവചിച്ചു. ഇതോടെ അണുബോംബിന്റെ നിർമിതിക്ക് U-235 ഉപയോഗിക്കപ്പെട്ടു.

മാസ്സ് സ്പെക്ട്രോഗ്രാഫ് തിരുത്തുക

പിന്നീട് ഡെംപ്‌സ്റ്റർ, ഡബിൾ ഫോക്കസ്സിങ് ഇനത്തിൽപ്പെട്ട മാസ്സ് സ്പെക്ട്രോഗ്രാഫ് നിർമിച്ചു. ഈ ഉപകരണം കൊണ്ട് അണുകേന്ദ്രത്തിന്റെ പിണ്ഡം (mass) നിർണയിക്കാൻ കഴിയുന്നു. പിൽക്കാലത്ത് മാസ്സ് സ്പെക്ട്രോസ്കോപ്പിയിൽ വിവിധ സാങ്കേതിക വിദ്യകൾ വികസിപ്പിച്ചെടുത്തുകൊണ്ട് സ്ഥിരത കൂടിയ (stable) സമസ്ഥാനികങ്ങൾ കണ്ടുപിടിക്കാൻ ഇദ്ദേഹത്തിനു കഴിഞ്ഞു. 1950 മാർച്ച് 11-ന് ഫ്ലോറിഡയിൽ ഇദ്ദേഹം നിര്യാതനായി.

പുറത്തേക്കുള്ള കണ്ണികൾ തിരുത്തുക

 കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർ‌വ്വവിജ്ഞാനകോശത്തിലെ ഡെംപ്സ്റ്റർ, ആർതർ ജെഫ്റി (1886 - 1950) എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം.