വൈദ്യശാസ്ത്രരംഗത്ത് വളരെയേറെ പ്രാധാന്യമുള്ള ചികിത്സാ രീതിയാണ് ആവിക്കുളി. മഞ്ഞപ്പിത്തം, ആസ്മ, അലർജിയുമായി ബന്ധപ്പെട്ട രോഗങ്ങൾ തുടങ്ങിയവയ്ക്ക് ആവിക്കുളി ഏറ്റവും അനുയോജ്യമായ ചികിത്സാ രീതിയാണിത്. ശരീരം മുഴുവൻ നിശ്ചിത താപനിലയിലുള്ള ആവിയിൽ കുളിപ്പിച്ച് വിയർപ്പ് പുറംതള്ളുന്ന രീതിക്കാണ് ആവിക്കുളി അഥവാ സ്റ്റീം ബാത്തിങ് എന്ന് പറയുന്നത്.[1]

മരുന്ന് ആവിക്കുളി

തിരുത്തുക

തിരുവന്തപുരം ജില്ലയിലെ കാണി ഗോത്ര വർഗ്ഗക്കാർ തലമുറകളായി കൈമാറി വരുന്ന ചികിത്സാ രീതിയാണ്. സോറിയാസിസ്, ചൊറി, പൊണ്ണത്തടി, ശ്വാസ തകരാറുകൾ, അലർജി കൊണ്ടുണ്ടാകുന്ന തുമ്മൽ, മൂക്ക് ചീറ്റൽ, വാതം തുടങ്ങിയ രോഗാവസ്ഥകൾക്ക് ഫലപ്രദമായ ചികിത്സയാണ് മരുന്ന് ആവിക്കുളി. അറുപതിലേറെ ഔഷധകൂട്ടുകൾ ഉപയോഗിച്ചുകൊണ്ടുള്ള ആവിക്കുളി ചികിത്സ പ്രകൃതിയിലേക്ക് മടങ്ങുക എന്നസന്ദേശമാണ് ഉയർത്തിപ്പിടിക്കുന്നത്. പ്രത്യേകം തയ്യാറാക്കുന്ന ഔഷധക്കൂട്ടുകളിലുള്ള മരുന്ന് സത്ത് ആവിയിൽ ലയിപ്പിച്ച് രോഗി ഇരിക്കുന്ന അറയിൽ നിറയ്ക്കുന്നു. ഉച്ഛ്വാസ വായുവിലൂടെ ശ്വാസകോശത്തിലെത്തുന്ന ഈ ഔഷധമൂല്യമുള്ള ആവി രക്തശുദ്ധി വരുത്തും. അറയിലിരിക്കുന്ന വ്യക്തി ധാരാളമായി വിയർക്കുന്നത് ശരീരത്തിലെ ദുർമേദസ്സുകളെ അകറ്റുന്നതിന്റെ സൂചനയാണ്. മരുന്ന് ആവി തട്ടുന്നതുമൂലം രോമ കൂപങ്ങൾ വികസിക്കുകയും ത്വക്കിൽ അടിഞ്ഞുകൂടിയ കൊഴുപ്പും മറ്റും വിയർപ്പിൽ ലയിച്ച് പുറന്തള്ളപ്പെടുകയും ചെയ്യുന്നു. നല്ലത് പോലെ വിയർത്ത ശേഷം, തേച്ച് കുളിക്കുമ്പോൾ ത്വക്കിന് പുറമെയുള്ള ജീവനില്ലാത്ത പാളികൾ ഉരിഞ്ഞ് പോകുന്നത് മൂലം ത്വക്ക് കൂടുതൽ മാർദ്ദവപ്പെടുകയും ജീവസുറ്റതായി അനുഭവപ്പെടുകയും ചെയ്യുന്നു.[2]

രോഗാവസ്ഥക്കനുസരിച്ച് ആവിക്കുള്ള ഔഷധക്കൂട്ട് തയ്യാറാക്കും. അത് പോലെ മരുന്ന് ആവിക്കുളിക്കുള്ള എണ്ണവും തിട്ടപ്പെടുത്തിയിട്ടുണ്ട്. യുവത്വവും പ്രസരിപ്പും നിലനിർത്താൻ മരുന്ന് ആവിക്കുളി മാസത്തിൽ ഒന്ന് വീതം ചെയ്താൽ മതിയാവും എന്നാണ് പൊതുവേയുള്ള വിലയിരുത്തൽ. രോഗാവസ്ഥക്ക് അനുസരിച്ച് ദിനംപ്രതി ആവിക്കുളി ആവശ്യമായി വരുന്ന സാഹചര്യവുമുണ്ട്. ദേഹമാസകലം വിയർക്കുന്നത് കൊണ്ട് ആവിക്കുളിയുടെ പ്രയോജനം മാസങ്ങളോളം ത്വക്ക് സംരക്ഷണത്തിന് പ്രയോജനപ്പെടും. ഒരാൾക്ക് 20 മിനുറ്റാണ് സമയം.

രീതി ശാസ്ത്രം

തിരുത്തുക

പ്രത്യേകം തയ്യാറാക്കിയ ദീർഘചതുരാകൃതിയിലുള്ള പെട്ടിക്കുള്ളിൽനിന്നാണ് ആവിക്കുളി നടത്തേണ്ടത്. പെട്ടിക്ക്‌ പിറകുവശത്ത് ഒരു വലിയ പാത്രത്തിൽ മരുന്നുകൾ ചേർത്ത വെള്ളം തിളപ്പിക്കും. വെള്ളത്തിന്റെ നീരാവി പെട്ടിക്കുള്ളിലേക്ക് കടന്നുവരാൻ പ്രത്യേകം കുഴലുകൾ ബന്ധിപ്പിച്ചിരിക്കും. രോഗി 10 മുതൽ 15 മിനിറ്റുവരെ പെട്ടിക്കുള്ളിൽ ചെലവഴിക്കുമ്പോഴേക്കും പൂർണമായും വിയർത്തിരിക്കും. വൈദ്യന്റെ നിർദ്ദേശപ്രകാരമോ അല്ലാതെയോ ആവിക്കുളി നടത്താം.

  1. http://malayalam.webdunia.com/article/health-news-in-malayalam/health-118080800017_1.html
  2. http://prdlive.kerala.gov.in/news/40834
"https://ml.wikipedia.org/w/index.php?title=ആവിക്കുളി&oldid=3084707" എന്ന താളിൽനിന്ന് ശേഖരിച്ചത്