പ്രധാന മെനു തുറക്കുക

ഉഷ്ണകാലാവസ്ഥയിൽ കൂടുതലായി കാണപ്പെടുന്ന ഒരു രോഗലക്ഷണമാണ്‌ മഞ്ഞപ്പിത്തം (ഇംഗ്ലീഷ്:Jaundice). ത്വക്കും കണ്ണും മഞ്ഞ നിറത്തിലാകുക എന്നതാണ്‌ ഇതിന്റെ പ്രകടമായ ലക്ഷണം. ഇത് കരളിനെ ബാധിക്കുന്ന അസുഖമാണ്‌. കരൾ സംബന്ധമായ മിക്കവാറും എല്ലാ രോഗങ്ങളുടേയും രോഗലക്ഷണം മഞ്ഞപ്പിത്തമാണ്‌. മഞ്ഞപ്പിത്തത്തിന്‌ കാരണമായേക്കാവുന്ന ഘടകങ്ങൾ നിരവധിയാണ്‌[1].

Jaundice
Jaundice08.jpg
Jaundice of the skin caused by hepatic failure.
വർഗീകരണവും ബാഹ്യ ഉറവിടങ്ങളും
സ്പെഷ്യാലിറ്റിinternal medicine
ICD-10R17
ICD-9-CM782.4
DiseasesDB7038
MedlinePlus003243
Patient UKമഞ്ഞപ്പിത്തം
MeSHD007565
മഞ്ഞപ്പിത്തം ബാധിച്ച രോഗി

പേരിനുപിന്നിൽതിരുത്തുക

കരളിനു വീക്കവും വേദനയുമുണ്ടായി തൊലിക്കും കണ്ണിനും മൂത്രത്തിനുമെല്ലാം മഞ്ഞനിറമുണ്ടാകുന്ന രോഗത്തെ മഞ്ഞപ്പിത്തം എന്ന് പേരിട്ട് വിളിക്കുന്നു.ഈ രോഗാവസ്ഥ ആയുർവേദത്തിൽ കാമല എന്ന പേരിലാണറിയപ്പെടുന്നത്.

കാരണംതിരുത്തുക

 
ബിലിറുബിൻ 31.2 രേഖപ്പെടുത്തിയ വ്യക്തിയുടെ കണ്ണുകൾ

മനുഷ്യശരീരത്തിലെ ദഹനപ്രക്രിയയ്ക്ക് ആവശ്യമായ പിത്തരസം കരൾ നിർമ്മിക്കുകയും അത് പിത്താശയത്തിൽ സംഭരിക്കുകയും ചെയ്യുന്നു. അവിടെനിന്നും അല്പാല്പമായി പിത്തനാളികവഴി ദഹനവ്യൂഹത്തിലെത്തുന്ന ഇത് ആഹാരം ദഹിപ്പിക്കുന്നതിന്‌ സഹായിക്കുന്നു. ഇങ്ങനെ പിത്തരസം നിർമ്മിക്കുകയോ വിതരണം നടത്തുകയോ‍ ചെയ്യുന്ന പ്രക്രിയയുടെ തകരാറുമൂലം മഞ്ഞപ്പിത്തം ഉണ്ടാകുന്നു[1]. പിത്തരസത്തിന്‌ നിറം നൽകുന്ന ബിലിറൂബിൻ എന്ന ഘടകത്തിന്റെ 100 മി.ലി. രക്തത്തിലെ അളവ് സാധാരണ സമയങ്ങളിൽ 0.2 മി.ലി മുതൽ 05 മി.ലി. വരെയാണ്‌. ഇതിൽ കൂടുതലായി ബിലിറൂബിൻ രക്തത്തിൽ കലർന്നാൽ കണ്ണ്, ത്വക്ക്, നഖം എന്നീ ശരീരഭാഗങ്ങളിലും മൂത്രത്തിലും‍ മഞ്ഞനിറം ഉണ്ടാകുന്നു[1].

 
മഞ്ഞപ്പിത്തം ബാധിച്ച പൂച്ച

ലക്ഷണങ്ങൾതിരുത്തുക

കണ്ണുകളിൽ വെളുത്ത ഭാഗത്ത് (നേത്രാവരണം, conjunctiva) ആദ്യമായി മഞ്ഞനിറം കാണപ്പെടുന്നു.ഗുരുതരാവസ്ഥയിൽ നഖങ്ങൾക്കടിയിലും മഞ്ഞനിറം കാണപ്പെടാം. ശരിയായ ചികിത്സാനിർണ്ണയവും ചികിത്സയും ആദ്യഘട്ടത്തിൽ തന്നെ ലഭിച്ചില്ല എങ്കിൽ രോഗം മൂർച്ഛിക്കുന്നതിനും രക്തത്തിൽ ബിലിറുബിൻ 4 മില്ലീഗ്രാം മുതൽ 8 മില്ലീഗ്രാമോ അതിൽ ക്കൂടുതലോ ഉണ്ടാകുന്നതിന്‌ ഇടവരുത്തുകയും ചെയ്യും[1]. ഇങ്ങനെ രക്തത്തിൽ ബിലിറുബിന്റെ അളവ് കൂടുമ്പോൾ അത് മൂത്രത്തിലൂടെ പുറത്തുപോകാൻ തുടങ്ങുന്നു. അതിന്റെ ഫലമായി മൂത്രം മഞ്ഞനിറത്തിലോ അളവ് കൂടുന്നതിനനുസരിച്ച് ചുവപ്പ് കലർന്ന നിറത്തിലോ കാണപ്പെടുന്നു.[1]. ക്ഷീണം, തലകറക്കം, ദഹനത്തിനുള്ള ബുദ്ധിമുട്ടുകൾ, ആഹാരത്തിന്‌ രുചിയില്ലായ്മ, ഛർദ്ദി, കരളിന്റെ ഭാഗത്തു വേദന എന്നിവ അനുഭവപ്പെടുന്നു.

വർഗ്ഗീകരണംതിരുത്തുക

ആധുനിക ഗവേഷണഫലമായി മഞ്ഞപ്പിത്തത്തെ മൂന്നായി തരം തിരിച്ചിരിക്കുന്നു[1].

ഒബ്സ്ട്രക്ടീവ് ഹെപ്പറ്റൈറ്റിസ്തിരുത്തുക

കരളിൽ നിന്നും ചെറുകുടലിലേക്കുള്ള പിത്തരസത്തിന്റെ പ്രവാഹത്തിന്‌ തടസ്സം ഉണ്ടാവുകയും അതിന്റെ ഫലമായി പിത്തരസം പിത്തവാഹിനിയിൽ കെട്ടിക്കിടന്ന് രക്തത്തിൽ വ്യാപിക്കുകയും ചെയ്യുന്നതാണ്‌ ഈ രോഗത്തിന്റെ കാരണം. സൾഫാഡൈയാസിൻ പോലെയുള്ള അലോപ്പതിമരുന്നുകളുടെ ഉപയോഗം ഈ അവസ്ഥയ്ക്ക് കാരണമാകാറുണ്ട്[1]. ഈ വിഭാഗത്തിലെ മഞ്ഞപ്പിത്തത്തിന്‌ രോഗലക്ഷണങ്ങൾ വളരെ സാവധാനം മാത്രമാണ്‌ പ്രകടമാകുന്നത്. പിത്തവാഹിനിയിൽ തടസ്സം ഗുരുതരാവസ്ഥയിലാണ്‌ എങ്കിൽ 30മില്ലീഗ്രാം/100മില്ലീഗ്രാം എന്ന തോതിൽ വരെ പിത്തരസ-രക്ത അനുപാതം ഉണ്ടാകാം[1]. ഇത്തരം മഞ്ഞപ്പിത്തത്തിൽ, പിത്തരസത്തിലെ ഘടകങ്ങൾ ത്വക്കിനടിയിൽ വരെ വ്യാപിക്കുന്നതിനാൽ ശരീരമാസകലം അസഹ്യമായ ചൊറിച്ചിൽ ഉണ്ടാകാറുണ്ട്. മലം വെളുത്തനിറത്തിലും മൂത്രം ചുവപ്പോ കറുപ്പോ നിറങ്ങളിലും ഉണ്ടാകാറുണ്ട്[1].

ഹിമോലിറ്റിക് ഹെപ്പറ്റൈറ്റിസതിരുത്തുക

ചില രോഗങ്ങൾ (മലമ്പനി, ഹീമോലൈസിസ് മൂലമുണ്ടാകുന്ന രക്തക്കുറവ്),വൈറസ്, രാസപദാർത്ഥങ്ങൾ (കാർബൺ ടെട്രാക്ലോറൈഡ്, ആൽക്കഹോൾ, ക്ലോറോഫോം, ഫോസ്‌ഫറസ്, ഫെറസ്, സൾഫേറ്റ് [1])എന്നിവ മൂലം രക്തത്തിലുള്ള അരുണരക്താണുക്കൾ കൂടുതലായി നശിക്കുകയും, തത്ഫലമായി സ്വതന്ത്രമാവുന്ന ഹീമോഗ്ലോബിൻ കരളിൽ വച്ച് വിഘടിപ്പിക്കപ്പെടുകയും അതിലൊരു ഭാഗം ബിലിരുബിൻ ആയി മാറുകയും ചെയ്യുന്നു. ഇങ്ങനെ കൂടുതലായി ഉത്പാദിപ്പിക്കപ്പെട്ട ബിലിറുബിൻ പിത്തരസത്തിലൂടെ വിസർജ്ജിക്കുന്നതിന്‌ കര‍ളിന്‌ കഴിയാതെ വരുന്നു.[1]. ആവശ്യത്തിൽക്കൂടുതലായി ഉത്പാദിപ്പിച്ച ബിലിറുബിൻ മൂത്രത്തിലൂടെ പുറത്തുകളയുന്നതിന്‌ വൃക്കകൾക്ക് കഴിയാതിരിക്കുകയും ചെയ്താൽ, ഇത് രക്തത്തിൽ കെട്ടിക്കിടക്കുന്നതിന്‌ ഇടയാവുകയും ചെയ്യും[1]. ഇങ്ങനെ രക്തത്തിൽ കെട്ടിക്കിടക്കുന്ന ബിലിറുബിൻ മഞ്ഞപ്പിത്തത്തിന് കാരണമാവുന്നു. ഇത്തരം മഞ്ഞപ്പിത്തത്തിൽ ചൊറിച്ചിൽ ഉണ്ടായിരിക്കില്ല. മലം തവിട്ട്, ഓറഞ്ച് എന്നീ നിറങ്ങളിൽ വിസർജ്ജിക്കപ്പെടുന്നു. [1].

ഇൻഫെക്റ്റീവ് ഹെപ്പറ്റൈറ്റിസ്തിരുത്തുക

പ്രധാനമായും ചില വൈറസുകളാണ് ഇത്തരം മഞ്ഞപ്പിത്ത ബാധയ്ക്കു കാരണം. ഹെപ്പറ്റൈറ്റിസ് എ വൈറസ് , ഹെപ്പറ്റൈറ്റിസ് ബി വൈറസ് , ഹെപ്പറ്റൈറ്റിസ് സി വൈറസ് , ഹെപ്പറ്റൈറ്റിസ് ഡി വൈറസ്,ഹെപ്പറ്റൈറ്റിസ് ഇ വൈറസ്,ഹെപ്പറ്റൈറ്റിസ് ജി. വൈറസ് എന്നിവയാണവ.

ഹെപ്പറ്റൈറ്റിസ് എതിരുത്തുക

പ്രധാന ലേഖനം: ഹെപ്പറ്റൈറ്റിസ്-എ

വെള്ളത്തിൽ കൂടി പകരുന്ന മഞ്ഞപ്പിത്തമാണ് ഹെപ്പറ്റൈറ്റിസ് എ.പൊതുസ്ഥലങ്ങളിലെ മലമൂത്രവിസർജ്ജനം,മനുഷ്യ വിസർജ്യത്താൽ മലിനമായ കുടിവെള്ളം എന്നിവ രോഗം നേരിട്ട് പകരുന്നതിന്‌ കാരണമാകുന്നു

ചികിത്സകൾതിരുത്തുക

ആധുനിക വൈദ്യ ശാസത്രത്തിൽ ഹെപ്പറ്റൈറ്റിസ് എ ക്ക് പ്രത്യേക മരുന്നുകൾ ഇല്ല. രോഗലക്ഷണങ്ങൾക്കൊത്തു ചികിത്സിക്കുകയാണ് ചെയ്യുന്നത്.

 • ആയുർവേദചികിത്സ
പ്രധാന ലേഖനം: ആയുർ‌വേദം

മഞ്ഞപ്പിത്തചികിത്സയ്ക്ക് ആയുർവേദം മറ്റേതു ചികിത്സാ ശാസ്ത്രം നൽന്നതിനെക്കാളും പ്രാധാന്യം നൽകുന്നു[1]. ത്രിദോഷങ്ങൾ അനുസരിച്ച് മഞ്ഞപ്പിത്തം പിത്തജന്യമായ ഒരു രോഗമാണ്‌. ആഹാരവും മരുന്നുകളും പിത്തഹരങ്ങളായവ ഉപയോഗിക്കണം എന്ന് ആയുർവേദം നിഷ്കർഷിക്കുന്നു[1].കീഴാർനെല്ലി മഞ്ഞപ്പിത്ത ചികിത്സയിൽ സുപ്രധാന പങ്കു വഹിക്കുന്നുണ്ട്.[2] കീഴാർനെല്ലി പാൽക്കഷായം വച്ചുസേവിക്കുന്നത് രോഗകാലത്തും രോഗം വന്നതിനുശേഷവും വളരെയധികം ഫലംനൽകുന്നു[1]. ഇതിന്‌ ശംഖുഭസ്മം ഏഴുദിവസം പ്രഭാതത്തിൽ സേവിക്കുന്നത് നല്ലതാണ്‌. കൂടാതെ അമൃതിന്റെ നീര്‌ തേൻ ചേർത്തുകഴിക്കാം[1]. ശംഖുപുഷ്പം മുലപ്പാലുചേർത്ത് അരച്ച് കണ്ണിൽ ഒഴിക്കുന്നതും നല്ലതാണ്‌.

ആയുർവേദഔഷധങ്ങൾ

 • അവിപത്തിചൂർണ്ണം മലശോധനയ്ക്ക് ഉപയോഗിക്കുന്നു [1].
 • ധാത്രി ലേഹം
 • ധാത്ര്യാരിഷ്ടം
 • കല്യാണഘൃതം
 • നിംബത്രിഫലാദിക്വാദം
 • പുനർവാദികഷായം
 • വാശനിംബാദികസ്ഹായം
 • ത്രിഫലാദികഷായം
 • നാഗരപാൽക്കഷായം
 • ചിത്രകാദി ചൂർണ്ണം
 • ത്രിവൃതാദിലേഹ്യം
 • പഥ്യമണ്ഡൂരവടിക
 • യകൃതരിവൗഹം
 • ചിത്രകാദിലൗഹം
 • പർപ്പടാദ്യരിഷ്ടം

ദഹനത്തിനനുസരണം മാത്രമേ ആഹാരം കഴിക്കാവൂ. ഉപ്പ് ആഹാരത്തിലോ അല്ലാതയോ ഉപയോഗിക്കരുത്. ഇളനീർ, നെല്ലിക്കാനീര്‌, കരിമ്പിൻ നീര്‌, മുന്തിരിനീര്‌, മധുരം, പാൽ, സൂചിഗോതമ്പ്, പഴവർഗ്ഗങ്ങൾ എന്നിവ ആഹാരത്തിൽ ഉൾപ്പെടുത്തുന്നത് നന്നായിരിക്കും. ഇറച്ചി, മീൻ, എണ്ണയുപയോഗിച്ചുകൊണ്ടുള്ള ആഹാരം മദ്യം ,പുകവലി തുടങ്ങിയവ നിർത്തേണ്ടതാണ്‌[1]. ഹോമിയോപ്പതിയിലും ചികിത്സ ലഭ്യമാണ്‌

പ്രതിരോധ മാർഗ്ഗങ്ങൾതിരുത്തുക

 1. തിളപ്പിച്ചാറ്റിയ വെള്ളം മാത്രം കുടിക്കുക
 2. തുറസ്സായ സ്ഥലങ്ങളിലെ മലമൂത്ര വിസർജ്ജനം ഒഴിവാക്കുക
 3. കിണർ വെള്ളം നിശ്ചിത ഇടവേളകളിൽ ക്ലോരിനേറ്റ് ചെയ്യുക
 4. സെപ്ടിക് ടാങ്കും കിണറും തമ്മിൽ ശുപാർശ ചെയ്യപ്പെട്ടിരിക്കുന്ന അകലമുണ്ടെന്നു ഉറപ്പു വരുത്തുക

ഹെപ്പറ്റൈറ്റിസ് ബിതിരുത്തുക

പ്രധാന ലേഖനം: ഹെപ്പറ്റൈറ്റിസ്-ബി

രക്തത്തിലൂടെ പകരുന്ന മഞ്ഞപ്പിത്തമാണ്‌ ഹെപ്പറ്റൈറ്റിസ് ബി. രോഗബാധയുള്ളവരുമായുള്ള ലൈംഗിക ബന്ധം, ഒരേ സൂചിയുപയോഗിച്ച് പലർക്ക് കുത്തി വയ്ക്കുക,രോഗബാധയുള്ളവരുടെ രക്തം ദാനം സ്വീകരിക്കുക, പ്രസവസമയത്ത് രോഗബാധയുള്ള അമ്മയിൽ നിന്ന് കുഞ്ഞിലേക്ക് എന്നിവയാണ് സാധാരണ രോഗബാധ വരുത്തുന്ന മാർഗ്ഗങ്ങൾ.അസുഖം വന്നു കഴിഞ്ഞാൽ പൂർണ്ണമായും ചികിത്സിച്ചു ഭേദമാക്കാനാവില്ല. ഹെപ്പറ്റൈറ്റിസ് ബി പ്രതിരോധ കുത്തിവയ്പ്പിലൂടെ രോഗബാധ ഒരു പരിധി വരെ തടയാനാവും.മേൽപ്പറഞ്ഞ സാഹചര്യങ്ങളിൽ പ്രതിരോധ കുത്തിവയ്പ്പ് കൂടാതെ ഹെപ്പറ്റൈറ്റിസ് ബി ഇമ്മ്യുണോ ഗ്ലോബുലിൻ കുത്തിവയ്പ്പ് കൂടി എടുക്കേണ്ടതാണ്.

അവലംബംതിരുത്തുക

 1. 1.00 1.01 1.02 1.03 1.04 1.05 1.06 1.07 1.08 1.09 1.10 1.11 1.12 1.13 1.14 1.15 1.16 1.17 1.18 ഡോ.ഗോപാലകൃഷ്ണപിള്ള, വൈദ്യരത്നം വേലായുധൻ നായർ എന്നിവരുടെ "ആരോഗ്യവിജ്ഞാനകോശം". ആരാധന പബ്ലിക്കേഷൻസ്, ഷോർണൂർ. താൾ 195-197,345-347
 2. ഡോ. എസ്., നേശമണി (1985). ഔഷധസസ്യങ്ങൾ. കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട്. ISBN 81-7638-475-5. Unknown parameter |locat= ignored (help)
"https://ml.wikipedia.org/w/index.php?title=മഞ്ഞപ്പിത്തം&oldid=3178224" എന്ന താളിൽനിന്ന് ശേഖരിച്ചത്