മുറജപം
പുരാതന തിരുവിതാംകൂർ രാജ്യത്തിൽ ആറു വർഷത്തിൽ ഒരിക്കൽ ശ്രീ പത്മനാഭ സ്വാമി പ്രീതിക്കായി നടത്തിവന്നിരുന്ന ഒരു യാഗമാണ് മുറജപം. ഇതിന്റെ ആരംഭം കുറിച്ച ത് ശ്രീ മാർത്താണ്ഡവർമ്മ മഹാരാജാവാണ്. രാജ്യ ഭരണത്തിൽ നീതി നടപ്പാക്കുമ്പോഴും, യുദ്ധക്കളങ്ങളിലും, രാജ്യ വിസ്തീർണ്ണം കൂട്ടേണ്ടി വരുമ്പോഴും മറ്റും മനഃപൂർവ്വമല്ലാതെ ഉണ്ടാകപ്പെടുന്ന പാപങ്ങളുടെ പരിഹാര ക്രിയയെന്ന നിലയിലാണ് മുറജപം നടത്തിയിരുന്നത്. ഇതിന്റെ കാർമ്മികത്വത്തിലേക്കായി കേരളത്തിലെ പ്രശസ്തരായ ഓത്തന്മാർ (വേദ പാണ്‌ഡ്യത്യമുള്ള ബ്രഹ്മണന്മാർ) ഒത്തു ചേരുന്നു. അൻപത്തിയാറ് ദിവസം നീണ്ടു നിൽക്കുന്ന മുറജപം സഹസ്ര നാമങ്ങളും ജലജപങ്ങളും വേദ മന്ത്രങ്ങളും കൊണ്ട് മുഖരിതമായിരിക്കും. വടക്കൻ കേരളത്തിൽ നിന്നും മദ്ധ്യകേരളത്തിൽ നിന്നും ധാരാളം ഓത്തന്മാർ ജപം വീക്ഷിക്കുന്നതിനും പങ്കെടുക്കുന്നതിനും വേണ്ടി എത്താറുണ്ട്, കൂട്ടത്തിൽ ആഴ്‌വാഞ്ചേരിത്തമ്പ്രാക്കൾ പോലുമുണ്ട് എന്നത് ഏറെ ശ്രദ്ധേയമാണ്. മുറജപ പര്യവാസനഘട്ടത്തിൽ തിരുവിതാംകൂർ മഹാരാജാവ് എഴുന്നള്ളി ശ്രീ പത്മനാഭ സ്വാമിക്ക് ഒരു ആനയെ നടക്കിരുത്തുന്നു. അവസാനമായി മുറജപം നടന്നത് 1936 ൽ ആണ്.
ചരിത്രം
തിരുത്തുകരാജ്യത്തിന്റെ അഭിവൃദ്ധിക്കും പ്രജകളുടെ ക്ഷേമത്തിനും വേണ്ടി 1744 ജൂലൈ 5 ന് മാർത്താണ്ഡവർമ്മ മഹാരാജാവ് തുടങ്ങിവച്ചതാണ് ഈ ചടങ്ങ്.
മുറജപത്തിന്റെ തുടക്കത്തെ കുറിച്ച് തിരുവിതാംകൂർ ദിവാൻ പേഷ്ക്കാർ ആയിരുന്ന ‘’’ശ്രീ ശങ്കുണ്ണി മേനോൻ’’’ എഴുതിയ ‘’ഹിസ്റ്ററി ഓഫ് ട്രാവൻകൂർ ഫ്രം ദി ഏർള്യസ്റ്റ് ടൈംസ്’’ എന്ന പുസ്തകത്തിൽ പറയുന്നുണ്ട്. [1]
ചടങ്ങുകൾ
തിരുത്തുകവേദജപം, മന്ത്രജപം, സഹസ്രനാമജപം, ജലജപം എന്നിങ്ങനെയുള്ള ഉപാസനകളാണ് മുറപോലെ നടക്കുന്നത്. അതുകൊണ്ടാണ് ചടങ്ങിനെ മുറജപം എന്നുപറയുന്നത്. മുറജപത്തിനായി വൈദികർ ഒത്തുകൂടുന്നതിനാൽ, അവിടെ വെച്ച് സാമുദായികമായി ഉണ്ടായിട്ടുള്ള തർക്കവിഷയങ്ങളിലും അഭിപ്രായ വ്യത്യാസങ്ങളിലും തമ്പ്രാക്കളുടെ നേതൃത്വത്തിൽ തീർപ്പുണ്ടാക്കും. തമ്പ്രാക്കളുടെ വിധിയാണ് അന്തിമമായി കണക്കാക്കുന്നത്. [2]
പങ്കാളികൾ
തിരുത്തുകതെക്കൻ മലബാറിലെ വൈദിക ബ്രാഹ്മണരാണ് പ്രധാനമായും മുറജപത്തിൽ പങ്കെടുക്കുക. മുറജപത്തിനായി രാജാവ് നീട്ട് (ക്ഷണക്കത്ത്) അയക്കുന്നത് തിരുന്നാവായ, തൃശ്ശൂർ യോഗങ്ങളിലെ വാധ്യാന്മാർക്കും തൈക്കാട്, ചെറുമുക്ക്, കൈമുക്ക് മുതലായ വൈദികർക്കും തെക്കേടത്ത് ഭട്ടതിരിക്കും ആണ്. രാജാവിന്റെ പ്രതിനിധി നേരിട്ടു പോയി ക്ഷണിക്കേണ്ടുന്നത് ആഴ്‌വാഞ്ചേരി തമ്പ്രാക്കളെയാണ്.[2]
പടിത്തരം
തിരുത്തുകമുറജപത്തിന് വരുന്ന ബ്രാഹ്മണരുടെ ഭക്ഷണം മുതലായുള്ള നിത്യച്ചെലവുകളാണ് 'പടിത്തരം' എന്നു പറയുന്നത്. [2]
ബ്രാഹ്മണർ | പടിത്തരം |
---|---|
ആഢ്യൻ | ഏഴേകാലും കോപ്പും |
വാധ്യാൻ, വൈദികൻ, ഭട്ടതിരി | പണം പതിഗ്രഹം, 32 സാളഗ്രാമ കൂട്ടദാനം |
തമ്പ്രാക്കൾ | പതിനാറരയും കോപ്പും, സ്വർണമോതിരവും, മാലയും പതക്കവും സാൽവയും |
സമ്മാനം വെള്ളിത്തളികയിൽ വെച്ച് തമ്പ്രാന്റെ മുന്നിൽ രാജാവ് നമസ്‌കരിക്കുന്ന ചടങ്ങും നിലവിലുണ്ടായിരുന്നു.
പേരിനു പിന്നിൽ
തിരുത്തുകമുറ എന്നാൽ ആദ്യം മുതൽ അവസാനം വരെയുള്ള വേദം എന്നാണിവിടെ അർത്ഥമാക്കേണ്ടത്. വേദങ്ങൾ ആദ്യം മുതൽ അവസാനം വരെ തുടർച്ചയായി ജപിക്കുകയാണ് മുറജപം എന്ന വാക്കിന്റെ അർത്ഥം.
ഋഗ്വേദം, സാമവേദം, യജുർവേദം എന്നിവയാണ് മുറജപത്തിൽ ഉരുവിടുന്നത്. 56 ദിവസം നീളുന്ന ഈ യജ്ഞത്തെ 7 ആയി ഭാഗിച്ചിരിക്കുന്നു. അതിൽ ഒന്നാണ് ഒരു മുറ. [1]
സ്രോതസ്സുകൾ
തിരുത്തുക- ഹിസ്റ്ററി ഓഫ് ട്രാവൻകൂർ ഫ്രം ദി ഏർള്യസ്റ്റ് ടൈംസ്-ശ്രീ ശങ്കുണ്ണി മേനോൻ
- തിരുവിതാംകൂർ ചരിത്രം
അവലംബം
തിരുത്തുക- ↑ 1.0 1.1 ഏഴുമാവിൽ രവീന്ദ്രനാഥ്- മുറജപസ്മൃതികൾ, പേജ്28, ജനപഥം, ഫെബ്രുവരി1, 2014 ലക്കം
- ↑ 2.0 2.1 2.2 വി.കെ. ശ്രീരാമൻ (07 ജൂലൈ 2013). "ആഴ്‌വാഞ്ചേരി തമ്പ്രാക്കൾ (ദ ലാസ്റ്റ്?)". മാതൃഭൂമി. Archived from the original (പത്രലേഖനം) on 2013-07-14 00:18:57. Retrieved 16 ഏപ്രിൽ 2014.
{{cite news}}
: Check date values in:|date=
and|archivedate=
(help)