ആനിക്കാട് തിരുവുംപ്ലാവിൽ മഹാദേവ ക്ഷേത്രം

എറണാകുളം ജില്ലയുടെ കിഴക്കേ അറ്റത്ത് മുവാറ്റുപുഴ[1] നഗരത്തിന് സമീപം ആനിക്കാട് ഗ്രാമത്തിൽ സ്ഥിതി ചെയ്യുന്ന ചെറുതും അതേ സമയം അതിപ്രസിദ്ധവുമായ ക്ഷേത്രമാണ് തിരുവുംപ്ലാവിൽ മഹാദേവ ക്ഷേത്രം. മുവാറ്റുപുഴ നിന്ന് തൊടുപുഴയ്ക്കുള്ള സംസ്ഥാന പാതയ്ക്ക് സമീപമാണ് ക്ഷേത്രം. കേരള കാശി[2] എന്ന് ഈ ക്ഷേത്രം അറിയപ്പെടുന്നു. ക്ഷേത്രത്തിലെ പ്രധാനപ്രതിഷ്ഠ, പാർവ്വതി-സുബ്രഹ്മണ്യസമേതനായ മഹാദേവനാണ്. കൂടാതെ ഉപദേവതകളായി ഗണപതി, ഭുവനേശ്വരി, നാഗദൈവങ്ങൾ, രക്ഷസ്സ് എന്നിവർക്കും പ്രതിഷ്ഠകളുണ്ട്. പിതൃതർപ്പണത്തിന് വളരെയധികം പേരുകേട്ട ഒരു ക്ഷേത്രമാണിത്. ക്ഷേത്രത്തിന്റെ വടക്കുഭാഗത്തുള്ള ഒരു കുളത്തിലാണ് ബലിക്രിയകൾ നടത്തിപ്പോരുന്നത്. കുംഭമാസത്തിൽ ശിവരാത്രി, കർക്കടകവാവ്, തുലാമാസത്തിൽ ദീപാവലി തുടങ്ങിയ അവസരങ്ങളിൽ നിരവധി ഭക്തരാണ് ഇവിടെ ബലിതർപ്പണത്തിനെത്തുന്നത്. ആനിക്കാട്ടില്ലം കുടുംബാംഗങ്ങളാണ് ക്ഷേത്രഭരണവും പൂജകളും നിർവഹിയ്ക്കുന്നത്.

ഐതിഹ്യം തിരുത്തുക

ഏകദേശം അഞ്ഞൂറു വർഷങ്ങൾക്കുമുമ്പ് ആനിക്കാട് ദേശത്തുനിന്ന് രണ്ട് ബ്രാഹ്മണർ കാശീയാത്രയ്ക്ക് പുറപ്പെട്ടു. ഇന്ന് ക്ഷേത്രമിരിയ്ക്കുന്ന സ്ഥലത്തിന് അല്പം വടക്കുഭാഗത്തെത്തിയപ്പോൾ ഇരുവരും രോഗബാധിതയായ ഒരു പശുവിനെ കാണാനിടയായി. അപ്പോൾ ബ്രാഹ്മണരിലൊരാൾ ആ പശുവിനെ ശുശ്രൂഷിയ്ക്കാൻ യാത്ര അവസാനിപ്പിച്ചപ്പോൾ മറ്റേയാൾ കാശിയ്ക്ക് യാത്ര തുടർന്നു. ഏകദേശം ഒരു മാസത്തിനടുത്ത് പശുവിനെ ശ്രദ്ധയോടെ പരിചരിച്ച ബ്രാഹ്മണന്റെ ശുശ്രൂഷയുടെ ഫലം കാരണം പശു പൂർണ്ണമായും രോഗമുക്തയായി. ബ്രാഹ്മണന് പശുവിന്റെ ജീവൻ രക്ഷിയ്ക്കാൻ കഴിഞ്ഞതിന്റെ സന്തോഷമുണ്ടായെങ്കിലും കാശീയാത്ര നടക്കാതെ പോയതിന്റെ ദുഃഖവും അദ്ദേഹത്തിന് അനുഭവപ്പെട്ടു. അങ്ങനെയിരിയ്ക്കുന്ന സമയത്ത് അദ്ദേഹത്തിന് പാർവ്വതീപരമേശ്വരന്മാരുടെ ദർശനമുണ്ടായി. ഭഗവാൻ തന്റെ ഭക്തനോട് ഇങ്ങനെ അരുളി:

ഭക്താ, നിന്റെ ഭക്തിയിൽ ഞങ്ങൾ സമ്പ്രീതരായിരിയ്ക്കുന്നു. പശുവിന്റെ രൂപത്തിൽ നിന്റെ മുന്നിലെത്തിയത് ശ്രീപാർവ്വതീദേവി തന്നെയാണ്. അതിനാൽ, ഇത്രയും ദിവസം നീ നടത്തിയത് ദേവീപൂജയാകുന്നു. പശുവിന്റെ കുളമ്പ് നിന്നിരുന്ന സ്ഥലത്തുനിന്ന് ഒരു ജലപ്രവാഹം വരുന്നത് കാണുക. സാക്ഷാൽ ഗംഗാതീർത്ഥം തന്നെയാണിത്. കാശിയിൽ നടത്താൻ നിശ്ചയിച്ച കർമ്മങ്ങൾ നിനക്ക് ഇവിടെ നടത്താം. അവിടെ ചെയ്യുന്ന അതേ ഫലം തന്നെ ഇവിടെയും കിട്ടും. ഭാവിയിൽ ഈ സ്ഥലം, പിതൃക്രിയകൾക്ക് പ്രസിദ്ധമാകും. കാശിയിൽ നടത്തുന്ന ക്രിയകൾ തന്നെ ഇവിടെയും നടത്താം.

ഇത്രയും പറഞ്ഞശേഷം ഭഗവാനും ദേവിയും അപ്രത്യക്ഷരായി. സന്തുഷ്ടനായ ബ്രാഹ്മണൻ, കുളമ്പിൽ നിന്നുവരുന്ന ജലപ്രവാഹത്തിൽ കുളിച്ച് ബലിക്രിയകൾ നടത്തുകയും കാശീയാത്ര നടത്തിയ പുണ്യം നേടുകയും ചെയ്തു. കാലാന്തരത്തിൽ, കാശീതീർത്ഥത്തിന്റെ തെക്കുഭാഗത്ത് ഭഗവാൻ ദേവിയ്ക്കും സുബ്രഹ്മണ്യന്നുമൊപ്പം സ്വയംഭൂവായി അവതരിയ്ക്കുകയും അവിടെ ഒരു ക്ഷേത്രം പണിയുകയും ചെയ്തു. അതാണ് ഇപ്പോൾ പ്രസിദ്ധമായ തിരുവുംപ്ലാവിൽ ശ്രീമഹാദേവക്ഷേത്രം.

ചരിത്രം തിരുത്തുക

മേൽപ്പറഞ്ഞ ഐതിഹ്യം വച്ച് ഏകദേശം അഞ്ഞൂറുവർഷത്തെ പഴക്കമുണ്ടെങ്കിലും നിലവിൽ കിട്ടുന്ന രേഖകളനുസരിച്ച് തിരുവുംപ്ലാവിൽ ക്ഷേത്രം ആദ്യമായി പുതുക്കിപ്പണിതത് കൊല്ലവർഷം 1119-ലാണ് (1943-44 കാലം). ക്ഷേത്രം കാര്യദർശിയായിരുന്ന ആനിക്കാട്ടില്ലത്ത് വാസുദേവൻ ഇളയതിന്റെ നേതൃത്വത്തിലാണ് ക്ഷേത്രം പണിയുന്നത്. ഇതനുസരിച്ച് ശ്രീകോവിൽ, തിടപ്പള്ളി, വലിയമ്പലം, ബലിക്കൽപ്പുര തുടങ്ങിയ സൗകര്യങ്ങൾ നിർമ്മിയ്ക്കുകയും കൊല്ലവർഷം 1121 മേടം 21-ന് (1946 മേയ് 5) ദ്രവ്യകലശം നടക്കുകയും ചെയ്തു. പിന്നീട് 1130-ൽ (1954-55 കാലം) കിഴക്കേ നടയിൽ ഗോപുരവും ക്ഷേത്രം കാര്യാലയവും പണികഴിപ്പിയ്ക്കപ്പെടുകയും തീർത്ഥക്കുളം നവീകരിയ്ക്കുകയും ചെയ്തു.

40 വർഷങ്ങൾക്കുശേഷം 1994-ൽ തെക്കേ നടയിൽ ഒരു ഗോപുരം പണിതു. തൊട്ടടുത്ത വർഷം (1995) ക്ഷേത്രം തന്ത്രിയായിരുന്ന മനയത്താറ്റ് വാസുദേവൻ നമ്പൂതിരിയും ഭാഗവതഹംസം മള്ളിയൂർ ശങ്കരൻ നമ്പൂതിരിയും ചേർന്ന് ക്ഷേത്രത്തിൽ ധാരാളം ദേവപ്രശ്ന പരിഹാരക്രിയകൾ നടത്തുകയുണ്ടായി. അവയുടെ അനുബന്ധമായി 1996 മുതൽ 2001 വരെയുള്ള കാലഘട്ടത്തിൽ ശ്രീകോവിൽ, ചുറ്റമ്പലം തുടങ്ങിയവയുടെ പുനർനിർമ്മാണവും ഉപദേവതകളുടെ പുനഃപ്രതിഷ്ഠയും ബലിക്കല്ല് പ്രതിഷ്ഠയും ദ്രവ്യകലശവും അടക്കമുള്ള നിരവധി ക്രിയകൾ നടന്നു. 2001-ൽ തീർത്ഥക്കുളത്തിന് സമീപം കൂടുതൽ സൗകര്യങ്ങൾ ഏർപ്പെടുത്തുകയുണ്ടായി.

2007 ഒക്ടോബർ 21-ന് (വിജയദശമി ദിവസം) ക്ഷേത്രത്തിന് സമീപം ഒരു ഗ്രന്ഥശാലയും സനാതനധർമ്മ പാഠശാലയും നിലവിൽ വന്നു. പ്രശസ്ത സംസ്കൃതപണ്ഡിതനായിരുന്ന ഡി. ശ്രീമാൻ നമ്പൂതിരിയാണ് ഇവ ഉദ്ഘാടനം ചെയ്തത്. 2012 മേയ് മാസത്തിൽ ഇത് കൂടുതൽ സൗകര്യങ്ങളോടെ ഉയർത്തുകയുണ്ടായി. വേദങ്ങൾ, പുരാണങ്ങൾ, ഉപനിഷത്തുകൾ തുടങ്ങി ഹിന്ദുമതവുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളെക്കുറിച്ചും ഇവിടെ ക്ലാസുകളുണ്ട്. 2015-ൽ നടന്ന നവീകരണത്തിനുശേഷം ക്ഷേത്രപരിസരത്ത് ഒരു നക്ഷത്രവനവും നിലവിൽ വന്നിട്ടുണ്ട്. അശ്വതി മുതൽ രേവതി വരെയുള്ള 27 നക്ഷത്രങ്ങളുടെയും വൃക്ഷങ്ങൾ ഇവിടെ കാണാം. ഭക്തർക്ക് അവരവരുടെ നക്ഷത്രങ്ങൾ അനുസരിച്ച് ഇവിടെ പൂജകൾ നടത്താവുന്നതാണ്.

അവലംബം തിരുത്തുക