അശ്വതി (നക്ഷത്രം)

(അശ്വതി എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

മേടം നക്ഷത്രരാശിയിലെ ആൽഫ, ബീറ്റ, ഗാമ എന്നീ മൂന്നു നക്ഷത്രങ്ങളാണു് അശ്വതി. ഭാരതീയ ജ്യോതിശാസ്ത്രത്തിലും ജ്യോതിഷത്തിലും കുതിരയെപ്പോലെയുള്ളവൾ എന്ന അർ‌ഥത്തിൽ അശ്വിനി (സംസ്കൃതം: अश्विनी) എന്നാണു് ഇപ്പോൾ ഈ കൂട്ടം അറിയപ്പെടുന്നതു്.[1] അശ്വതി നക്ഷത്ര ദേവതയായ അശ്വിനി ദേവതകളുടെ കുതിരയുടെ ആകൃതിയാണ് നക്ഷത്ര സ്വരൂപം.[2]

അശ്വതീ (अश्विनी) നക്ഷത്രം ഉൾ‍പ്പെടുന്ന മേടം (Aries) നക്ഷത്രരാശിയുടെ രേഖാചിത്രം.

അശ്വാരൂഢന്മാരായ രണ്ടുപേർ എന്ന അർത്ഥത്തിൽ അശ്വിനൗ അഥവാ അശ്വായുജൗ എന്ന ദ്വന്ദനാമങ്ങളായിരുന്നു ഈ നക്ഷത്രകൂട്ടങ്ങൾക്കു് പ്രാചീനമായി ഉണ്ടായിരുന്നതു്. എന്നാൽ സൂര്യസിദ്ധാന്തത്തിലും മദ്ധ്യകാലഘട്ടത്തിനുശേഷമുള്ള ഗ്രന്ഥങ്ങളിലും ഈ പേർ അശ്വിനി എന്നായി മാറി. ഗ്രീക്കു പുരാണത്തിലെ കാസ്റ്റർ, പോളക്സ് എന്നീ ദേവന്മാർക്കു സമാനമായി ഹിന്ദുപുരാണങ്ങളിൽ കാണപ്പെടുന്ന അശ്വിനീദേവന്മാരെയാണു് ഈ പേർ പ്രതിനിധാനം ചെയ്തിരുന്നതു്. ശാകല്യസംഹിതയിലും ബ്രഹ്മഗുപ്തന്റെ ഖണ്ഡകാദ്യകത്തിലും മറ്റും രണ്ടു നക്ഷത്രങ്ങളെത്തന്നെയാണു് അശ്വതിയായി പരിഗണിച്ചിരുന്നതു്. എന്നാൽ സൂര്യസിദ്ധാന്തത്തിൽ ഇവയുടെ യോഗതാരകം (junction star) ആയി വടക്കുള്ള ആൽഫാ ഏരിയറ്റിസിനെക്കൂടി ഉൾപ്പെടുത്തിക്കാണാനുണ്ടു്.[1][3]

അറബിരീതിയിൽ അശ്വതി നക്ഷത്രത്തിൽ പരിഗണിക്കപ്പെടുന്നതു് ഏരിയറ്റിസിന്റെ ബീറ്റ, ഗാമ എന്നീ രണ്ടു നക്ഷത്രങ്ങളാണു്. ചിലർ ഇക്കൂട്ടത്തിൽ ആൽഫയേയും ഉൾപ്പെടുത്തുന്നുണ്ടു്.[1]

ചൈനീസ് ജ്യോതിശാസ്ത്രത്തിൽ ഒറ്റനക്ഷത്രങ്ങളെയാണു് പരിഗണിക്കുന്നതു്. അതിൽ 27-മത്തെ സ്യെയു (നക്ഷത്രസ്ഥാനം) ബീറ്റ ഏരിയറ്റിസിന്റേതാണു്.[1]


ഹിന്ദു ജ്യോതിഷത്തിലെ 27 നക്ഷത്രങ്ങൾ അഥവാ നാളുകളിൽ ആദ്യത്തേതാണിത്.[4] മേടക്കൂറിൽപ്പെടുന്ന ഈ നാളിന്റെ ദേവത കേതുവാണ്. കാഞ്ഞിരം ആണ് ഈ നക്ഷത്രത്തിന്റെ വൃക്ഷം.[1]

  1. 1.0 1.1 1.2 1.3 Translation of the Sûrya-Siddhânta: A text-book of Hindu astronomy, with notes and an appendix by Ebenezer Burgess Originally published: Journal of the American Oriental Society 6 (1860) 141–498
  2. "അശ്വതി നക്ഷത്രക്കാരുടെ സ്വഭാവ സവിശേഷതകൾ". Archived from the original on 2018-01-05.
  3. "അശ്വതി വർഷഫലം".
  4. "അശ്വതി നക്ഷത്രക്കാരുടെ പൊതുസ്വഭാവം". Retrieved 2021-02-17.
"https://ml.wikipedia.org/w/index.php?title=അശ്വതി_(നക്ഷത്രം)&oldid=4022880" എന്ന താളിൽനിന്ന് ശേഖരിച്ചത്