ആടുജീവിതം

ബെന്യാമിന്റെ നോവൽ
(ആടു ജീവിതം എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ബെന്യാമിൻ എഴുതിയ മലയാളനോവലാണ്‌ ആടുജീവിതം. വലിയ സ്വപ്നങ്ങളുമായി സൗദി അറേബ്യയിൽ ജോലിയ്ക്കായി പോയി വഞ്ചിക്കപ്പെട്ട്, മരുഭൂമിയിലെ ഒരു ആടുവളർത്തൽ കേന്ദ്രത്തിലെ ദാരുണസാഹചര്യങ്ങളിൽ മൂന്നിലേറെ വർഷം അടിമപ്പണി ചെയ്യേണ്ടി വന്ന നജീബ് എന്ന മലയാളി യുവാവിന്റെ കഥയാണ്‌ ഈ കൃതി[1]2008 ആഗസ്റ്റ് മാസം ആദ്യപതിപ്പിറങ്ങിയ ആടുജീവിതം, 2009-ൽ കേരള സാഹിത്യ അക്കാദമിയുടെ ഏറ്റവും നല്ല മലയാളം നൊവലിനുള്ള അവാർഡിനു തിരഞ്ഞെടുക്കപ്പെട്ടു.

ആടുജീവിതം
Cover
നോവലിന്റെ പുറംചട്ട
കർത്താവ്ബെന്യാമിൻ
രാജ്യംഇന്ത്യ
ഭാഷമലയാളം
പ്രസാധകർഗ്രീൻ ബുക്ക്സ്, തൃശൂർ
പ്രസിദ്ധീകരിച്ച തിയതി
2008 ആഗസ്റ്റ്

തൊഴിലാളിയായി ജോലി ചെയ്തിരുന്ന നജീബ്, ഒരു സുഹൃത്തിന്റെ ബന്ധു വഴി കിട്ടിയ തൊഴിൽ വിസയിലാണ്‌ സൗദി അറേബ്യയിലേക്കു പോയത്. കൂടെ, അതേ വഴിക്കു തന്നെ വിസ കിട്ടിയ ഹക്കീം എന്ന കൂട്ടുകാരനും ഉണ്ടായിരുന്നു. റിയാദിൽ വിമാനം ഇറങ്ങിയ അവർ വിമാനത്താവളത്തിൽ അവരുടെ സ്പോൺസറെ അന്വേഷിച്ചു നടക്കുന്നതായി തോന്നിയ ഒരു അറബിയെ കണ്ടു മുട്ടുകയും സ്പോൺസറാണെന്ന് (ആർബാബ്‌, അഥവാ മുതലാളി) തെറ്റിദ്ധരിച്ച് അയാളുടെ കൂടെ പോകുകയും ചെയ്തു. അവർ എത്തിപ്പെട്ടത് മസ്ര എന്നറിയപ്പെടുന്ന രണ്ട് വ്യത്യസ്തമായിട്ടുള്ള ആടുവളർത്തൽ കേന്ദ്രത്തിൽ ആയിരുന്നു .

വൃത്തിഹീനമായ സാഹചര്യത്തിൽ ആടുകളേയും ഒട്ടകങ്ങളേയും പരിപാലിച്ചുകൊണ്ടുള്ള വിശ്രമമില്ലാത്ത ജീവിതമായിരുന്നു മസറയിൽ നജീബിനെ കാത്തിരുന്നത്. നജീബ് എത്തിയപ്പോൾ അവിടെ മറ്റൊരു വേലക്കാരൻ കൂടി ഉണ്ടായിരുന്നു. വർഷങ്ങൾ നീണ്ടു നിന്ന അടിമപ്പണി അയാളെ ഒരു "ഭീകരരൂപി" ആയി മാറ്റിയിരുന്നു. നജീബ് വന്ന് കുറച്ചുനാൾ കഴിഞ്ഞപ്പോൾ അദ്ദേഹത്തെ കാണാതായി. ഭീകര രൂപീ രക്ഷപ്പെട്ടതു പോലെ തനിക്കും ഒരു നാൾരക്ഷപ്പെടാമെന്ന് നജീബും ഓർമിച്ചു.... എന്നാൽ അധികം ദൂരത്തല്ലാതെ ഒരിടത്ത് നിന്ന് ഭീകര രൂപീയുടെ കൈപ്പത്തിയും കൂടെ അഴുകിയ നിലയിലുള്ള ശരീരവും കണ്ടപ്പോൾ നജീബ് രക്ഷപ്പെടാനുള്ള എല്ലാ മാർഗ്ഗങ്ങളും ഉപേക്ഷിച്ചു. തുടർന്ന് മസറയിലെ മുഴുവൻ ജോലികളും നജീബിനു തന്നെ ചെയ്യേണ്ടി വന്നു. പച്ചപ്പാലും, കുബൂസ് എന്ന അറബി റൊട്ടിയും, ചുരുങ്ങിയ അളവിൽ വെള്ളവും മാത്രമായിരുന്നു ആകെ കിട്ടിയിരുന്ന ഭക്ഷണം. നാട്ടിൽ പുഴവെള്ളത്തിൽ നിന്നും കരയ്ക്ക് കയറാതെ അധ്വാനിച്ചിരുന്ന നജീബിനു വെള്ളം കുടിക്കാൻ പോലും കിട്ടാത്തഅവസ്ഥയും, താമസിക്കാൻ ഒരു മുറിയോ , കിടക്കയോ, വസ്ത്രമോ, കുളിക്കുന്നതിനോ, മറ്റേതെങ്കിലും തരത്തിലുള്ള ശുചിത്വപാലനത്തിനോ ഉള്ള സാഹചര്യമോ ഉണ്ടായിരുന്നില്ല. മുഴുവൻ മണലാരണ്യം മാത്രം... നീണ്ടു നിവർന്ന മണൽകടൽ ഏറെ അകലെയല്ലാത്ത മറ്റൊരു മസറയിൽ അതേ സാഹചര്യങ്ങളിൽ ഒരു പക്ഷെ അതിനേക്കാൾ മോശം ജോലി ചെയ്തിരുന്ന ഹക്കീമിനെ നജീബ് വല്ലപ്പോഴും കാണുന്നതു അറബാബിനു ഇഷ്ടമായിരുന്നില്ല. കാരണം രണ്ടു പേരും ചേർന്നാൽ മസറ വിട്ടു പോകുമോ എന്ന അർബാബ്ന് സംശയം,അതിനാൽ അവർ കണ്ടു മുട്ടുന്ന വേളയിൽ മർദ്ദനം സ്ഥിരമായിരുന്നു.

ആടുകൾക്ക് നാട്ടിലെ കഥാപാത്രങ്ങളുടെയും സ്വന്തക്കാരുടെയും പേരുകൾ നൽകി അവരുമായി സംവദിച്ചാണ് തന്റെ ഏകാന്തതക്ക് നജീബ് ആശ്വാസം കണ്ടെത്തിയത്. ഇതിനിടെ ഹക്കീം ജോലി ചെയ്തിരുന്ന മസറയിൽ ഇബ്രാഹിം ഖാദരി എന്നൊരു സൊമാലിയക്കാരൻ കൂടി ജോലിക്കാരനായി വന്നു. ഒളിച്ചോടാനുള്ള അവസരം പാർത്തിരുന്ന ഹക്കീമും ഖാദരിയും നജീബും മസറകളിലേയും മുതലാളിമാർ, അവരിൽ ഒരാളുടെ മകളുടെ വിവാഹത്തിൽ സംബന്ധിക്കാൻ പോയ അവസരം ഉപയോഗിച്ച് ഒളിച്ചോടി. മരുഭൂമിയിലൂടെ ദിവസങ്ങൾ നീണ്ടു നിന്ന പലായനത്തിൽ ദിശനഷ്ടപ്പെട്ട അവർ ദാഹവും വിശപ്പും കൊണ്ടു വലഞ്ഞു. യാത്രയ്ക്കിടയിൽ ദാഹം സഹിക്കാതെ ഹക്കീം മരിച്ചു. പിന്നെയും പലായനം തുടർന്ന ഖാദരിയും നജീബും ഒടുവിൽ ഒരു മരുപ്പച്ച കണ്ടെത്തി. അവിടെ ദാഹം തീർത്ത് കുറച്ച് ദിവസം തങ്ങിയ ശേഷം അവർ വീണ്ടും യാത്ര തുടർന്നു. ഒടുവിൽ നജീബ് ഒരു ഹൈവേയിൽ എത്തുമ്പോഴേക്ക് ഖാദരിയെ കാണാതായിരുന്നു. അവിടെ നിന്നും, ഒരു അറബി അയാളെ തന്റെ കാറിൽ കയറ്റി, അടുത്ത പട്ടണമായ റിയാദിലെ ബത്‌ഹയിൽ എത്തിച്ചു.

ബത്‌ഹയിൽ

ജീവിച്ചിരിക്കുന്ന ഒരു വ്യക്തിയുടെ അനുഭവങ്ങളെ ആധാരമാക്കിയുള്ളതെങ്കിലും ആടുജീവിതം വെറുമൊരു ജീവിതകഥയല്ലെന്ന് ഗ്രന്ഥകർത്താവ് ഓർമ്മിപ്പിക്കുന്നുണ്ട് ആദ്യമായി കണ്ടുമുട്ടിയപ്പോൾ അയാൾ കൂട്ടുകാരുമായി കമ്മ്യൂണിസം ചർച്ച ചെയ്യുകയായിരുന്നെന്നും അതിന്റെ അടിസ്ഥാനത്തിൽ നോവലിലെ മുഖ്യകഥാപാത്രത്തെ വേണമെങ്കിൽ യുക്തിവാദിയും ഈശ്വരവിരുദ്ധനും ആയി ചിത്രീകരിക്കാമായിരുന്നെന്നും എന്നാൽ ജീവിതത്തിന്റെ നിർണ്ണായകനിമിഷങ്ങളിൽ വിശ്വാസത്തിന്റെ കൂട്ടുപിടിക്കുന്നവനായാണ്‌ താൻ അയാളെ ചിത്രീകരിച്ചതെന്നും ബെന്യാമിൻ ചൂണ്ടിക്കാണിക്കുന്നു. നോവലിലെ നജീബ് ഏതു വിപരീതസാഹചര്യത്തിലും ജീവിതം തുടരാൻ ആഗ്രഹിച്ചയാളാണെങ്കിൽ യഥാർത്ഥ ജീവിതത്തിലെ നജീബ് മരുഭൂമിയിൽ പലവട്ടം ആത്മഹത്യയ്ക്കു ശ്രമിച്ചവനാണ്‌. നോവലിൽ നജീബിന്റേയും രചയിതാവിന്റെയും ജീവിതങ്ങൾ കെട്ടുപിണഞ്ഞുനിൽക്കുന്നു. നജീബ് റിയാദിൽ കാലുകുത്തുന്ന ദിവസമായി നോവലിൽ പറയുന്ന 1992 ഏപ്രിൽ 4-നു തന്നെയാണ്‌ താൻ പ്രവാസജീവിതത്തിലേയ്ക്കു തിരിച്ചതെന്നും നോവലിസ്റ്റ് വെളിപ്പെടുത്തുന്നുണ്ട്.[2]

"മധുരമായ ഗദ്യം, അനുഭവതീവ്രമായ പ്രമേയം, മലയാളിത്തം എല്ലാം ഒത്തിണങ്ങിയ" നോവലെന്ന് ഈ കൃതിയെ പ്രശസ്ത സാഹിത്യകാരി പി. വത്സല പുകഴ്ത്തുന്നു. തന്നെ വിസ്മയിപ്പിച്ച നോവലെന്ന് എം.മുകുന്ദനും ഇതിനെ വിളിക്കുന്നു.[3] നിയമാനുസൃതമുള്ള തന്റെ അറബാബായി കരുതി നജീബ് സഹിച്ച മനുഷ്യൻ യഥാർത്ഥത്തിൽ അവന്റെ അറബാബായിരുന്നില്ല എന്ന നോവലിന്റെ അവസാനഭാഗത്തെ തിരിച്ചറിയൽ നോവലിന്‌ ദാർശനികമായ ആഴം നൽകുന്നതായി ജമാൽ കൊച്ചങ്ങാടി അഭിപ്രായപ്പെട്ടിട്ടുണ്ട്. മറ്റാർക്കോ കരുതി വച്ച വിധിയാണ്‌ നജീബിനു പേറേണ്ടി വന്നത്. യാതൊരു തെറ്റും ചെയ്യാത്തവന്റെ സഹനത്തെപ്പോലെ, അപാരമായ ദൈവകാരുണ്യത്തിന്റെ യുക്തിയെന്തെന്ന ചോദ്യമാണ്‌ ഇതുണർത്തുന്നത്. എല്ലാം പരീക്ഷണങ്ങളാണെന്നു വിചാരിക്കുന്ന വിശ്വാസിയായ നജീബ്, പരീക്ഷണങ്ങളെ സഹനബോധത്തോടെ നേരിട്ട് അതിജീവിക്കുന്നുണ്ടെങ്കിലും, ജീവിതത്തിന്റെ പ്രഹേളികാസ്വഭാവം ഉയർത്തുന്ന ചോദ്യങ്ങൾ അവശേഷിക്കുന്നു.[4]

ആലപ്പുഴ ജില്ലയിലെ കാർത്തികപ്പള്ളി താലൂക്കിൽ ഹരിപ്പാടിനടുത്ത് ആറാട്ടുപുഴ പഞ്ചായത്തിൽ 1962 മെയ്‌ 15-ന് ജനിച്ച നജീബ് എന്ന വ്യക്തിയുടെ യഥാർത്ഥ ജീവിതത്തെ ആസ്പദമാക്കിയാണ് ബെന്യാമിൻ ആടുജീവിതം എന്ന നോവൽ രചിച്ചത്[5].[6]

ഗൾഫിലെ ജോലിക്കാരുടെ വിജയകഥകളായിരുന്നു ബെന്യാമിൻ കൂടുതലും കേട്ടിരുന്നതെങ്കിലും ഒരു പരാജയകഥയെഴുതാൻ ഇദ്ദേഹത്തിന് താല്പര്യമുണ്ടായിരുന്നു. സുഹൃത്തായ സുനിൽ പറഞ്ഞ് [1][7]നജീബിന്റെ കഥ കേട്ടപ്പോൾ "ലോകത്തോടുപറയാൻ ഞാൻ കാത്തിരുന്ന കഥ ഇതായിരുന്നുവെന്നും എനിക്കീ കഥ പറഞ്ഞേ മതിയാകൂ എന്നും തോന്നി" എന്നാണ് ബെന്യാമിൻ അഭിപ്രായപ്പെട്ടത്[8]. നജീബ് ബെന്യാമിനെ ബഹ്റൈനിൽ വെച്ച് പിന്നീട് കണ്ടുമുട്ടുകയുമുണ്ടായി.[9]

മണിക്കൂറുകളോളം നജീബുമായി സംസാരിച്ചാണ് ബെന്യാമിൻ കഥ മെനഞ്ഞത്. നജീബിന്റെ ജീവചരിത്രം തേച്ചുമിനുക്കുകയോ മധുരമുള്ളതാക്കുകയോ ചെയ്യേണ്ടതുണ്ടെന്ന് തനിക്ക് തോന്നിയില്ല എന്നാണ് ബെന്യാമിൻ വിശദീകരിക്കുന്നത്.[10] . ആടുജീവിതത്തിന്റെ ആദ്യപ്രതി ഏറ്റുവാങ്ങിയതും കഥാപാത്രമായ നജീബാണ്. 2008 ൽ ബഹ്റൈനിൽ വച്ച് കവി കുഴൂർ വിൽസൺ പുസ്തകത്തിന്റെ ആദ്യകോപ്പി നജീബിനു നൽകി പ്രകാശനം നിർവ്വഹിച്ചു. [11]

തർജ്ജമകൾ

തിരുത്തുക
  • തമിഴ് -
  • ഹിന്ദി -
  • ഇംഗ്ലീഷ് - ഗോട്ട് ഡേയ്സ് - വിവ : ജോസഫ് കൊയ്പ്പള്ളി
  • അറബി - 'അയാമുൽ മാഇസ്' - വിവ : സുഹൈൽ വാഫി[12]

നിരോധനം

തിരുത്തുക

ആടുജീവിതത്തിന്റെ അറബ് പതിപ്പ് യുഎഇയിലും സൗദി അറേബ്യയിലും 2014 ൽ നിരോധിച്ചു. 'അയാമുൽ മാഇസ്' എന്ന പേരിൽ നോവൽ അറബിയിലേക്ക് വിവർത്തനം ചെയ്തത് മലയാളിയായ ആദൃശ്ശേരി സ്വദേശി സുഹൈൽ വാഫിയായിരുന്നു. ആഫാഖ് ബുക്ക് സ്‌റ്റോറായിരുന്നു അറബ് തർജ്ജമയുടെ പ്രസാധകർ. [13]

  1. 1.0 1.1 "ആടുജീവിതം" (PDF). മലയാളം വാരിക. 2012 സെപ്റ്റംബർ 21. Archived from the original (PDF) on 2016-03-06. Retrieved 2013 ഫെബ്രുവരി 11. {{cite news}}: Check date values in: |accessdate= and |date= (help)
  2. "എഴുത്തിന്റെ നിയോഗവും വഴിയും" എന്ന ശീർഷകത്തിൽ ബെന്യാമിൻ 2010 മേയ് 30-ലെ മാതൃഭൂമി ആഴ്ചപ്പതിപ്പിൽ എഴുതിയ ലേഖനം.
  3. ആടുജീവിതം, ബെന്യാമിൻ, ഒക്ടോബർ, 2009-ലെ പതിപ്പ്(പ്രസാധകർ, ഗ്രീൻ ബുക്ക്സ്)
  4. ജമാൽ കൊച്ചങ്ങാടി, "മറ്റാരുടേയോ ജീവിതം" എന്ന ശീർഷകത്തിൽ 2010 ജൂൺ 13-ലെ മാതൃഭൂമി ആഴ്ചപ്പതിപ്പിൽ എഴുതിയ ലേഖനം
  5. http://www.storylane.com/stories/show/1104999504/goat-days-by-benyamin[പ്രവർത്തിക്കാത്ത കണ്ണി]
  6. "ആട് ജീവിത വിവാദം...ബിന്യാമിൻെറ മറുപടിയും ചില ചിന്തകളും". മാധ്യമം. 2013 ഒക്ടോബർ 24. Archived from the original on 2013-10-27. Retrieved 2013 ഒക്ടോബർ 28. {{cite news}}: Check date values in: |accessdate= and |date= (help)CS1 maint: bot: original URL status unknown (link)
  7. http://www.livemint.com/Leisure/DkOW73CxzNEZxYwxsP4z7K/Man-bites-goat.html?facet=print
  8. http://www.thehindu.com/arts/books/article3888796.ece
  9. "'ഇതിഹാസ' ജീവിതം; 'ആടുജീവിതം' റിവ്യു". Retrieved 2024-03-28.
  10. നായർ, നന്ദിനി (5 ഓഗസ്റ്റ് 2012). "എ ടേൽ ഓഫ് ഹാർഡ് ടൈംസ്". ഇൻഡ്യൻ എക്സ്പ്രസ്സ്. Archived from the original on 2013-05-09. Retrieved 9 മെയ് 2013. {{cite news}}: Check date values in: |accessdate= (help)
  11. "ആർക്കൈവ് പകർപ്പ്". Archived from the original on 2017-08-28. Retrieved 2018-08-01.
  12. "ആട് ജീവിതം അറബിയിലേക്ക്, ഏഷ്യാനെറ്റ്‌ ന്യൂസ്, ആർക്കൈവ് ചെയ്തത്, വേബാക്ക് മെഷീൻ". Archived from the original on 2014-06-21. Retrieved 2022-08-22.{{cite web}}: CS1 maint: bot: original URL status unknown (link)
  13. "Arabic Version of Aadujeevitham Banned in UAE, S Arabia". www.newindianexpress.com. Archived from the original on 2014-07-07. Retrieved 30 ജൂൺ 2014.
"https://ml.wikipedia.org/w/index.php?title=ആടുജീവിതം&oldid=4116152" എന്ന താളിൽനിന്ന് ശേഖരിച്ചത്