പേർഷ്യൻ കുടുംബപാരമ്പര്യത്തിൽ പെടുന്ന ഇന്ത്യയിലെ ഒരു സംഗീതജ്ഞനും, പണ്ഡിതനും,കവിയുമായിരുന്നു അമീർ ഖുസ്രൊ ദഹ്‌ലവി(1253-1325 CE). അബുൽ ഹസ്സൻ യമീനുദ്ദീൻ ഖുസ്രു എന്നതാണ്‌ ശരിയായ നാമം(പേർഷ്യൻ: ابوالحسن یمین‌الدین خسر: ഹിന്ദി:अबुल हसन यमीनुद्दीन ख़ुसरो ). ഇന്ത്യൻ ഉപഭൂഖണ്ഡത്തിലെ സാംസ്കാരിക ചരിത്രത്തിൽ അമീർ ഖുസ്രുവിന്‌ അനശ്വര സ്ഥാനമാണുള്ളത്. ഡൽഹിയിലെ സൂഫിവര്യൻ നിസാമുദ്ദീൻ ഔലിയയുടെ ശിഷ്യനായ അദ്ദേഹം ഒരു കവി മാത്രമല്ല പ്രതിഭാസമ്പന്നനായ സംഗീതജ്ഞനും കൂടിയായിരുന്നു. പേർഷ്യനിലും ഹിന്ദവിയിലും അദ്ദേഹം കവിതകൾ എഴുതി. തബല എന്ന വാദ്യോപകരണം ഇന്ത്യൻ സംഗീത ശാഖക്കായി കണ്ടെത്തിയതും അതിന്റെ ബോൽസുകൾ രൂപപ്പെടുത്തിയതും സമ്മാനിച്ചതും ഖുസ്രു ആണെന്ന് പറയപ്പെടുന്നു. അതുപോലെ സിത്താർ എന്ന സ്ട്രിംഗ് സംഗീത ഉപകരണവും ഖുസ്രുവിൻ്റെ സംഭാവനയാണ്.

അമീർ ഖുസ്രൊ
Amir Khusrau teaching his disciples; miniature from a manuscript of Majlis al-Ushshaq by Husayn Bayqarah
പശ്ചാത്തല വിവരങ്ങൾ
ജന്മനാമംഅബുൽ ഹസ്സൻ യമീനുദ്ദീൻ അൽ ഖുസ്രോ
തൊഴിൽ(കൾ)സംഗീതജ്ഞൻ, കവി

ജീവിതരേഖ

തിരുത്തുക

ഉത്തർപ്രദേശിലെ എറ്റ ജില്ലയിലുള്ള പാട്യാലയാണ് ഇദ്ദേഹത്തിന്റെ ജന്മസ്ഥലം. ഇൽത്തുമിഷിന്റെ സേനാനായകരിലൊരാളായിരുന്ന സെയ്ഫുദ്ദീൻ ആണ് ഖുസ്രോയുടെ പിതാവ്. തുർക്കി വംശജനായിരുന്ന ഇദ്ദേഹം മംഗോൾ ആക്രമണത്തിനു മുമ്പ് ദൽഹിയിലേക്ക് പലാനം ചെയ്യുകയായിരുന്നു. ഖുസ്രോയുടെ മാതാവ് ഇന്ത്യക്കാരിയായ ഒരു മുസ്ലീം സ്ത്രീയായിരുന്നു. ഖുസ്രോയുടെ ഏഴാം വയസ്സിൽ അച്ഛൻ അന്തരിച്ചു. ചെറുപ്പകാലം മുതൽക്കേ ഖുസ്രോ കവിതയിലും തത്ത്വചിന്തയിലും താത്പര്യം പ്രകടിപ്പിച്ചിരുന്നു. സൂഫി സന്യാസിയായ ശേഖ് നിസാമുദ്ദീനാായിരുന്നു പേർഷ്യൻ കവിതയിൽ അദ്ദേഹത്തിന്റെ ഗുരു. പേർഷ്യൻ ക്ലാസിക്കൽ കവികളായ സനാഈ, ഖാക്കാനി, നിസാമി, സഅദി തുടങ്ങിയവരുടെ കൃതികളിൽ അമീറിന് തികഞ്ഞ അവഗാഹമുണ്ടായിരുന്നു.

വിവിധ രാജവംശങ്ങളിലെ സദസ്യനായിട്ടാണ് ഖുസ്രോ തന്റെ ജീവിതകാലം കഴിച്ചുകൂട്ടിയത്. അക്കാലത്തുനടന്ന പല സംഭവങ്ങളും ഖുസ്രോ തന്റെ കൃതികളിൽ പ്രതിപാദിച്ചിട്ടുണ്ട്. കൃത്യമായിപ്പറഞ്ഞാൽ, അടിമവംശം, തുഗ്ലക്ക് വംശം, ഖിൽജിവംശം എന്നിവയിലെ പതിനൊന്ന് രാജാക്കന്മാരുടെ ആശ്രിതനായി അദ്ദേഹം കഴിഞ്ഞിട്ടുണ്ട്. ജലാലുദ്ദീൻ ഖിൽജിയാണ് ഖുസ്രോയ്ക്ക് അമീർ പദവി നല്കിയത്. 1284ലെ മംഗോൾ ആക്രമണത്തിൽ തടവിലായ ഖുസ്രോ തന്ത്രപരമായി രക്ഷപ്പെട്ട് ജലാലുദ്ദീൻ ഖിൽജിയുടെ കൊട്ടാരത്തിൽ അഭയം തേടുകയായിരുന്നു. മാത്രമല്ല ഖുസ്രോയ്ക്ക് 1200 തങ്കനാണയങ്ങൾ അടുത്തൂൺ നല്കുകയും ചെയ്തു.

ഖവ്വാലിയുടെ പിതാവായി ഖുസ്രുവിനെ പരിഗണിക്കപ്പെടുന്നു[1][2]. ഹിന്ദുസ്ഥാനി ക്ലാസിക്കൽ സംഗീതത്തെ പേർഷ്യൻ, അറബിക് ഘടകങ്ങൾ കൊണ്ട് സമ്പുഷ്ടമാക്കിയതിലുള്ള പ്രശസ്തിയും അദ്ദേഹത്തിനുള്ളതാണ്‌. "ഖയാന", "തരാന" തുടങ്ങിയ സംഗീത രീതികളുടെ ഉപജ്ഞാതാവും ഖുസ്രുവാണ്‌.[3]. തബലയുടെ കണ്ടുപിടിത്തവും പാരമ്പര്യമായി അമീർ ഖുസ്രുവിൽ ചാർത്തപ്പെടാറുണ്ട്.[4]. സിത്താർ രൂപകല്പന ചെയ്തതും അമീർ ഖുസ്രു ആണെന്ന് കരുതപ്പെടുന്നു.ഗസൽ, റൂബി, ദൊബേതി, തർ‍കിബൻദ് എന്നിവ അദ്ദേഹം എഴുതിയിട്ടുണ്ട്. ജലാലുദ്ദീൻ ഖിൽജിയാണ് ഖുസ്രൊവിന് അമീർ സ്ഥാനം നൽകിയതു്. അലാവുദ്ദീൻ ഖിൽജിയുടെ ആസ്ഥാന കവിയായ ഇദ്ദേഹത്തെയാണ് ഇന്ത്യയുടെ തത്ത എന്നു വിളിക്കുന്നത്.

  1. Latif, Syed Abdul (1979) [1958]. An Outline of the Cultural History of India. Institute of Indo-Middle East Cultural Studies (reprinted by Munshiram Manoharlal Publishers). p. 334. ISBN 8170690854.
  2. Regula Burckhardt Qureshi, Harold S. Powers. Sufi Music of India and Pakistan. Sound, Context and Meaning in Qawwali. Journal of the American Oriental Society, Vol. 109, No. 4 (Oct. - Dec., 1989), pp. 702-705. doi:10.2307/604123.
  3. Massey, Reginald. India's Dances. Abhinav Publications. p. 13. ISBN 8170174341.
  4. "Peyman Nasehpour, Encyclopedia of Persian Percussion Instruments, 2002, retrieved 5 April 2007". Archived from the original on 2008-11-22. Retrieved 2009-09-15.

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=അമീർ_ഖുസ്രൊ&oldid=4011786" എന്ന താളിൽനിന്ന് ശേഖരിച്ചത്