ജലാലുദ്ദീൻ ഫിറൂസ് ഖിൽജി

(ജലാലുദ്ദീൻ ഖിൽജി എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ദില്ലി സുൽത്താനേറ്റ് ഭരിച്ച ആദ്യത്തെ ഖിൽജി വംശ ഭരണാധികാരിയായിരുന്നു ജലാലുദ്ദീൻ ഫിറൂസ് ഖിൽജി. ഇദ്ദേഹമാണ് ഖിൽജി വംശ സ്ഥാപകൻ. 1290 ജൂൺ13 നു സ്ഥാനമേറ്റ ജലാലുദ്ദീൻ 1296 ജൂലൈ 19 വരെ അധികാരത്തിൽ തുടർന്നു. ജലാലുദ്ദീൻ ഡൽഹി നഗരത്തിൽ നിന്ന് ഏതാനും മൈൽ അകലെയുള്ള കിലുഘാരിയാണ് തന്റെ തലസ്ഥാനമാക്കിയത്. തുർക് വംശജരായ ജലാലുദ്ദീന്റെ പൂർവ്വികർ അഫ്ഗാനിസ്ഥാനിലെ ഹെൽമന്ദ്,ലാഖ്മൻ നദിയുടെ ഇരുതടങ്ങളിലുമായി വ്യാപരിച്ചിരുന്നു.[1]

ജലാലുദ്ദീൻ ഖിൽജി
സുൽത്താൻ
ചിത്രകാരന്റെ ഭാവനയിൽ (c. 1640)
ഭരണകാലം13 ജൂൺ 1290 – 19 മേയ് 1296
സ്ഥാനാരോഹണം13 ജൂൺ 1290
മരണം19 ജൂലൈ 1296
മരണസ്ഥലംഉത്തർപ്രദേശ്,ഇന്ത്യ
മുൻ‌ഗാമിഷംസുദ്ദീൻ കായുമാർസ്
പിൻ‌ഗാമിഅലാവുദ്ദീൻ ഖിൽജി
ജീവിതപങ്കാളിമാലിക ജഹാൻ
അനന്തരവകാശികൾഖാൻ-ഇ-ഖാൻ (മഹമൂദ്)
അർക്കലി ഖാൻ
ഖാദിർ ഖാൻ
രാജകൊട്ടാരംഖൽജി സാമ്രാജ്യം
മതവിശ്വാസംസുന്നി

മാമ്ലുക്ക് സാമ്രാജ്യത്തിന്റെ പ്രതാപകാലത്ത് മൊയ്സുദ്ദീൻ സുൽത്താന്റെ കീഴിൽ ഉദ്യോഗസ്ഥനായിരുന്നു ജലാലുദ്ദീൻ. സുൽത്താന്റെ രോഗാവസ്ഥയിൽ പുത്രനായ ഷംസുദ്ദീൻ കയുമാർ അധികാരത്തിലേയ്ക്ക് ഉയർത്തപ്പെട്ടു. ജലാലുദ്ദീന്റെ നിതാന്തവൈരികളായിരുന്ന ഒരു കൂട്ടം ഉദ്യോഗസ്ഥപ്രമാണിമാരായിരുന്നു ഇതിനുപിന്നിൽ. ജലാലുദ്ദീനെ വധിക്കാൻ ഷംസുദ്ദീനെ ഇവർ പ്രേരിപ്പിച്ചു. എന്നാൽ ഏതാനും മാസങ്ങൾക്കുള്ളിൽ ബാലനായ രാജകുമാരനെ സ്ഥാനഭ്രഷ്ടനാക്കി ജലാലുദ്ദീൻ അധികാരം പിടിച്ചെടുത്തു.[2]

മംഗോളിയൻ ആക്രമണത്തെ തടഞ്ഞത് ജലാലുദ്ദീൻ ആയിരുന്നു. ഇസ്ലാം മതത്തിലേക്ക് പരിവർത്തനം ചെയ്ത മംഗോളിയരെ ഇന്ത്യയിൽ തന്നെ തുടരാനും അദ്ദേഹം സമ്മതിച്ചു. ജലാലുദ്ദീൻ ഖിൽജി ശാന്തനും ദയാലുവുമായിരുന്നെന്ന് ചരിത്രകാരന്മാർ സൂചിപ്പിക്കുന്നുണ്ട്.[3] വിമതർക്ക് കടുത്ത ശിക്ഷയൊന്നും വിധിച്ചിരുന്നില്ല. എന്നാൽ ജലാലുദ്ദീനെ സ്ഥാനഭ്രഷ്ടനാക്കാൻ ഒത്താശ ചെയ്തെന്ന കുറ്റത്തിനു ദർവീഷ് വിഭാഗത്തിൽപ്പെടുന്ന സിദി മൗലയ്ക്ക് വധശിക്ഷ നൽകുകയും ചെയ്തു. അനന്തരവനായിരുന്ന അലി ഗുർഷാസ്പിനാൽ ജലാലുദ്ദീൻ വധിക്കപ്പെട്ടു.

ആദ്യകാല ജീവിതം

തിരുത്തുക

പഴയ തുർക്കിസ്ഥാനിൽ നിന്നും കുടിയേറിയവരായിരുന്നു ജലാലുദ്ദന്റെ മുൻതലമുറക്കാർ. അഫ്ഗാൻ ആചാരങ്ങൾ പിന്തുടർന്ന ഇവരെ ദില്ലിയിലുള്ളവർ അഫ്ഗാനികൾ എന്നാണു കണക്കാക്കിയിരുന്നത്.[4] മാലിക് ഫിറോസ് എന്നായിരുന്നു ജലാലുദ്ദീന്റെ യഥാർത്ഥ പേര്. ജലാലുദ്ദീനും, സഹോദരനായിരുന്ന ഷിഹാബുദ്ദീനും ഡൽഹി സുൽത്താനായിരുന്ന ബൽബാന്റെ രാജസദസ്സിലെ ഉദ്യോഗസ്ഥരായിരുന്നു.[5] കൊട്ടാര സുരക്ഷാ ഉദ്യോഗസ്ഥരുടെ തലവൻ എന്ന ഉയർന്ന സ്ഥാനത്ത് ജലാലുദ്ദീൻ നിയമിതനായി. അധികം വൈകാതെ സമാന പ്രവിശ്യയുടെ ഗവർണറായി തീർന്നു. മംഗോളിയൻ ആക്രമണത്തിനെതിരേ മുന്നിൽ നിന്നു പട നയിച്ചു.

1287 ൽ ബൽബാൻ അന്തരിച്ചതോടുകൂടി അദ്ദേഹത്തിന്റ കൗമാരക്കാരനായ പൗത്രൻ മൊയിസുദ്ദീൻ ഖൊയ്ക്കാബാദ് സുൽത്താനായി മാറി. തീരെ ദുർബ്ബലനായിരുന്ന ഒരു ഭരണാധികാരിയായിരുന്നു മൊയിസുദ്ദീൻ, ഭരണകാര്യങ്ങൾ നടത്തിയിരുന്നത് ഉദ്യോഗസ്ഥനായിരുന്ന മാലിക് നിസാമുദ്ദീൻ ആയിരുന്നു.[6][7] കൊട്ടാരത്തിലെ തന്നെ ശത്രുക്കളാൽ നിസാമുദ്ദീൻ കൊല്ലപ്പെട്ടതോടുകൂടി, മൊയിസുദ്ദീൻ ജലാലുദ്ദിനോട് സമാനയിൽ നിന്നും ദില്ലിയിലേക്കു വരുവാൻ കൽപിച്ചു. രാജ്യത്തെ ഉന്നതപദവിയായ ഷെയ്സ്താ ഖാൻ എന്ന പദവികൊടുക്കുകയും ബരാൻ പ്രവിശ്യയുടെ ഗവർണറാക്കുകയും ചെയ്തു.[8]

മൊയിസുദ്ദീന്റെ ആരോഗ്യസ്ഥിതി വഷളായതോടെ, രാജ്യത്തിന്റെ അധികാരം കയ്യടക്കാൻ ജലാലുദ്ദീനും, മാലിക് ഐതമൂറുമായി മത്സരമായി.[9]

കായുമാർസ് റീജന്റ്

തിരുത്തുക

ഭരണകാര്യങ്ങൾ നോക്കാൻ പറ്റാത്ത രീതിയിൽ മൊയ്സുദ്ദീൻ കിടപ്പിലായതോടെ, മാലിക് ഐതമൂറും, സുഹൃത്തായ മാലിക് കച്ഛനും കൂടെ, മൊയ്സുദ്ദീന്റെ പ്രായപൂർത്തിയാകാത്ത മകനായ കായുമാറിനെ സുൽത്താനായി വാഴിച്ചു. ഇതോടെ, തങ്ങളുടെ ശത്രുക്കളെ വകവരുത്താൻ ഐതമൂറും, കച്ഛനും തീരുമാനിച്ചു. ഈ ഗൂഢാലോചനയെക്കുറിച്ചറിഞ്ഞ ജലാലുദ്ദീൻ ഇതിനെതിരേ തന്ത്രങ്ങൾ തയ്യാറാക്കി. ഐതമൂറിന്റെ ശത്രുക്കളിൽപ്പെട്ടവർ ജലാലുദ്ദീന്റെ കൂടേ ചേർന്നു.[10] ഏറെ വൈകാതെ, ജലാലുദ്ദീനോട് ദില്ലിയിൽ കൊട്ടാരത്തിൽ ഹാജരാകുവാൻ കല്പന വന്നു. തന്നെ വകവരുത്താനുള്ള മാർഗ്ഗമാണിതെന്നു മനസ്സിലായ ജലാലുദ്ദീൻ, മംഗോളിയൻ ആക്രമണത്തെ നേരിടാനുണ്ടെന്നു പറഞ്ഞ് കല്പനയെ നിരാകരിച്ചു. കച്ഛൻ നേരിട്ടു വന്ന് ജലാലുദ്ദീനോട് ദില്ലിയിൽ ഹാജരാകുവാനുള്ള നിർദ്ദേശം നൽകി. ഗൂഢാലോചനയെക്കുറിച്ച് ഒന്നും അറിയാത്ത പോലെ പെരുമാറിയിരുന്ന ജലാലുദ്ദീൻ കച്ഛനോട് കൂടാരത്തിൽ വിശ്രമിക്കാനാവശ്യപ്പെട്ടു. കൂടാരത്തിൽ വിശ്രമിക്കുകയായിരുന്ന കച്ഛനെ ജലാലുദ്ദീൻ കൊലപ്പെടുത്തുകയും, മൃതശരീരം യമുനയിൽ ഒഴുക്കുകയും ചെയ്തു. ഇതോടെ, ഐതമൂറിനോട് തുറന്ന യുദ്ധം പ്രഖ്യാപിച്ചു.[11]

പ്രധാന ഉദ്യോഗസ്ഥർ

തിരുത്തുക

പ്രധാന പദവികളിലെല്ലാം തന്നെ തന്റെ അടുത്ത ബന്ധുക്കളെയാണ് ജലാലുദ്ദീൻ നിയമിച്ചത്[12]

  • ഇഖ്ത്തിയാരുദ്ദീൻ ( പുത്രൻ)
  • നിസ്സാമുദ്ദീൻ ( പുത്രൻ)
  • ഖാദർഖാൻ ( പുത്രൻ)
  • മാലിക് ഹുസൈൻ
  • അലാവുദ്ദീൻ
  • ഖോജാ ഖത്വർ- പ്രധാനമന്ത്രി
  • മാലിക് ഖുറം- നിയമകാര്യം
  • മാലിക് അഹമ്മദ് ഛാപ്- മുഖ്യ ഉപദേഷ്ടാവ്
  • ഇമ്രാ-കൊത്തുവാൾ
  • അൽമാസ് ബേഗ്.
  1. The Sultanate of Delhi - A.L.Srivastava Page - 140
  2. K. A. Nizami 1992, p. 310.
  3. The Sultanate of Delhi - A.L.Srivastava Page - 141
  4. The Sultanate of Delhi - A.L.Srivastava Page - 140
  5. A Comprehensive history of India - Nizam Page - 308
  6. A Comprehensive history of India - Nizam Page - 304
  7. The Delhi Sultanate: A Political and Military History - Peter Jackson Page - 53
  8. A Comprehensive history of India - Nizam Page - 308
  9. A Comprehensive history of India - Nizam Page - 308
  10. A Comprehensive history of India - Nizam Page - 309
  11. A Comprehensive history of India - Nizam Page - 309
  12. A. B. M. Habibullah 1992, p. 311.
  • A. L., Srivastava (1964). The Sultanate of Delhi, 711-1526 A.D. Shiva Lal Agarwala. ASIN B007Q862WO.
  • K. A., NIZAMI (1993). A COMPREHENSIVE HISTORY OF INDIA, VOL. 5, PART. 2: THE DELHI SULTANAT (A.D. 1206-1526). ASIN B06XWG12CF.
  • Peter, Jackson (2003). The Delhi Sultanate: A Political and Military History. Cambridge University Press. ISBN 0521543290.