അറബി മുസ്ലിം സാമ്രാജ്യത്തിന്റെ പുനഃസ്ഥാപകനും അഞ്ചാമത്തെ ഉമയ്യാദു ഖലീഫയുമായിരുന്നു അബ്ദുൽ മാലിക്ക് (അറബി: عبد الملك بن مروان). മർവാൻ കന്റെയും ആയിഷയുടെയും പുത്രനായി 646-ൽ മദീനയിൽ ജനിച്ചു. 684 ജൂണിൽ ഡമാസ്കസിൽവച്ച് മർവാൻ I ഖലീഫയായി പ്രഖ്യാപിക്കപ്പെട്ടെങ്കിലും 685 ഏപ്രിൽ-ൽ അദ്ദേഹം വധിക്കപ്പെട്ടു. 685-ൽ ഇദ്ദേഹം ഖലീഫ ആയി.

അബ്ദുൽ മാലിക്ക്
Caliph of the Umayyad dynasty
Abd al-Malik depicted on a coin
ഭരണകാലം685–705
പൂർണ്ണനാമംAbd al-Malik ibn Marwan
ജനനം646 Mecca
മരണം705
മുൻ‌ഗാമിMarwan I
പിൻ‌ഗാമിAl-Walid I
അനന്തരവകാശികൾAl-Walid I, Hisham, Abdallah, Sulayman, Maslamah, Yazid II
രാജവംശംUmayyad
പിതാവ്Marwan I
അബ്ദുൽ മാലികിന്റെ സ്വർണ ദിനാർ

ആഭ്യന്തര വിപ്ലവും വിദേശാക്രമണവും

തിരുത്തുക

ആദ്യത്തെ രണ്ടുമൂന്നു വർഷങ്ങളിൽ ആഭ്യന്തര വിപ്ലവങ്ങളെയും അതിർത്തിയിലെ ഈജിപ്റ്റ്, സിറിയ എന്നീ വിദേശരാഷ്ട്രങ്ങളുടെ ആക്രമണത്തെയും നേരിടുന്നതിൽ അബ്ദുൽ മാലിക് വ്യാപൃതനായി. 691-ലാണ് ഇറാക്ക് പൂർണമായും അബ്ദുൽ മാലിക്കിന്റെ അധികാരത്തിൻകീഴിലായത്. 692-ൽ മക്കയിൽ ഖലീഫയായി പ്രഖ്യാപിക്കപ്പെട്ടിരുന്ന അബു അബ്ദുല്ല ഇബ്നു അൽസുബൈറിന്റെ പതനത്തിനുശേഷം, മക്കയും അബ്ദുൽ മാലിക്കിന്റെ ആധിപത്യത്തിലായി. ഖിലാഫത്തിന്റെ സുസ്ഥിരതയെ ഭീഷണിപ്പെടുത്തിക്കൊണ്ടിരുന്ന ഖവാരിജുകളെ നിർവീര്യമാക്കുന്നതിന് ഇദ്ദേഹത്തിന്റെ വിശ്വസ്ത ഗവർണറായ ഹജ്ജാജുബ്നു യൂസുഫിന്റെ സേവനം പ്രയോജനപ്പെട്ടു. പേർഷ്യയിലെ അസാരിഖ വിപ്ലവകാരികളെയും ഇദ്ദേഹം അടിച്ചമർത്തി. ഹജ്ജാജിന്റെ സുശക്തമായ ഭരണത്തിൻകീഴിൽ കലാപകാരികൾ നിശ്ശേഷം തുടച്ചുനീക്കപ്പട്ടു.

ആഭ്യന്തരക്കുഴപ്പങ്ങൾക്കും വിദേശീയരുമായുള്ള യുദ്ധങ്ങൾക്കുമിടയിലും അബ്ദുൽ മാലിക്ക് ഭരണപരമായ കാര്യക്ഷമത വർധിപ്പിക്കുന്നതിനുള്ള സമയം കണ്ടെത്തി. അധികാരകേന്ദ്രീകരണത്തിലൂടെ ഗോത്രങ്ങളുടെ ശക്തി ഇദ്ദേഹം ഇല്ലാതാക്കി. ഭരണപരമായ നിരവധി പരിഷ്കാരങ്ങൾ നടപ്പിലാക്കുകയും ചെയ്തു. സമ്പദ്വ്യവസ്ഥയെ ഭദ്രമാക്കുന്നതിനാവശ്യമായ പുതിയ നികുതി സമ്പ്രദായങ്ങളും നാണയ സമ്പ്രദായവും നടപ്പിലാക്കി. ആദ്യത്തെ സ്വർണദീനാറുകൾ ഇദ്ദേഹം പ്രചരിപ്പിച്ചു. ഈ നാണയം അംഗീകരിക്കാതിരുന്ന ബൈസാന്തിയൻ ചക്രവർത്തിയുമായി അബ്ദുൽ മാലിക്ക് യുദ്ധത്തിലേർപ്പെട്ട് പ്രാരംഭവിജയങ്ങൾ നേടി. ഇദ്ദേഹം ഗ്രീക് പേർഷ്യൻ ഭാഷകളുടെ സ്ഥാനത്ത് അറബിയെ ഔദ്യോഗികഭാഷയാക്കി. അബ്ദുൽ മാലിക്കിന്റെ ഭരണത്തിന്റെ അവസാനഘട്ടം സമാധാനപരമായ ഏകീകരണത്തിന്റെയും ഐശ്വര്യപൂർണമായ വികസനത്തിന്റെയും കാലമായിരുന്നു. ഇദ്ദേഹം ഡമാസ്കസിൽവച്ച് 705 ഒക്ടോബറിൽ അന്തരിച്ചു.

 കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർ‌വ്വവിജ്ഞാനകോശത്തിലെ അബ്ദുൽ മാലിക്ക് എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം.
"https://ml.wikipedia.org/w/index.php?title=അബ്ദുൽ_മാലിക്ക്&oldid=3942307" എന്ന താളിൽനിന്ന് ശേഖരിച്ചത്